ഒരു നേഴ്‌സിന് ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേയും ആത്മാവിന്റേയും ഹൃദയത്തിന്റേയും മുറിവുണക്കുവാൻ സാധിക്കൂം

Share News

ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും… നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്

ജിജോ വാളിപ്ലാക്കിയില്‍

Story Dated: 2023-05-12

ഭൂമിയിലെ മാലാഖമാർ എന്നൂ വിശേഷണമുള്ള നമ്മുടെ നേഴ്‌സുമാരുടെ ദിവസമാണ് ഇന്ന്. ലോകം മുഴുവനൂമുള്ള നേഴ്‌സുമാർ ഇന്ന് മെയ് 12 ാം തീയതി നേഴ്‌സസ് ഡേ ദിനമായി ആഘോഷിക്കുന്നൂ. ക്രിസ്റ്റീൻ ബെൽ എന്ന മനുഷ്യാവകാശ പ്രവർത്തക പറഞ്ഞതുപോലെ ഒരു കുഞ്ഞ് ആദ്യ ശ്വാസമെടുക്കുമ്പോഴും മരണസമയത്ത് ഒരാൾ അന്ത്യശ്വാസമെടുക്കുമ്പോഴും ഒരു നേഴ്‌സുണ്ടാകൂം കൂടെ. ജനനം ആഘോഷിക്കും പൊലെ തന്നെ പ്രധാനമാണ് ഓരാൾ അന്ത്യശ്വാസം വലിക്കുമ്പോഴും ഉണ്ടാകുന്ന നേഴ്‌സിന്റെ ആശ്വാസമേകൽ. സമീപകാലത്ത് യുകെയിൽ എത്തിച്ചേർന്ന മലയാളി നേഴ്‌സുമാർക്ക് മാതൃക ആകേണ്ട നിരവധി നേഴ്‌സുമാർ നമുക്കിടയിലുണ്ട്. അവരിൽ ഒരാളായ ലണ്ടനിലെ കിങ്ങ്‌സ് കോളേജ് ഹോസ്പിറ്റൽ തിയറ്റർ ലീഡ് നേഴ്‌സായ മിനിജ ജോസഫുമായിട്ടാണ് ഈ നേഴ്‌സ് ദിനത്തിൽ ബ്രിട്ടീഷ് പത്രം അഭിമുഖം നടത്തുന്നത്.

യുകെ മലയാളികൾക്കിടയിൽ മുഖവരയുടെ ആവശ്യമില്ലാത്ത നേഴ്‌സാണ് മിനിജ. ഇരുപതിലധികം
 ഓപ്പറേഷൻ തിയയറ്ററുകളുള്ള കിങ്ങ്‌സ് ഹോസ്പറ്റലിൽ മിനിജയുടെ കീഴിൽ നൂറിലേറെ തിയറ്റർ നേഴ്‌സുമാർ ജോലി ചെയ്യുന്നൂ. യുകെ സർക്കാരിന്റെയും നിരവധി മലയാളി സംഘടനകളുടെയും അവാർഡുകൾ മിനിജയ്ക്ക് ലഭിച്ചിട്ടുണ്ട്. മിനിജയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം…

മിനിജയുടെ നേഴ്‌സിങ്ങ് കരിയറിന്റെ തുടക്കം ഒന്ന് വിശദീകരിക്കാമോ?

എന്റെ നേഴ്‌സിങ്ങ് കരിയർ ആരംഭിക്കുന്നത് 1989 ലാണ്. നേഴ്‌സിങ്ങ് പഠനത്തിന് ശേഷം ഇൻഡ്യയിലും ബംഗ്ലാദേശിലുമായി ജോലി ചെയ്തു. അതിന് ശേഷം 2000 ത്തിലാണ് ഞാൻ യുകെയിൽ എത്തുന്നത്. യുകെയിലേക്ക് ഇൻഡ്യയിൽ നിന്നൂള്ള മലയാളി നേഴ്‌സുമാരുടെ കുടിയേറ്റത്തിന്റെ പ്രാരഭ ഘട്ടമായിരുന്നൂ. അന്ന് കിങ്ങ്‌സിൽ ഞാനൂൾപ്പെടുന്ന ഏഴ് വിദേശ നേഴ്‌സുമാരായിരുന്നൂ ആദ്യം ഉണ്ടായിരുന്നത് അതിൽ മലയാളി ഞാൻ മാത്രം. എല്ലാം കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെനിക്ക്. പുതിയ ആളുകൾ, പുതിയ ജോലി സംസ്‌കാരംവും ഇംഗ്ലീഷ് ജീവിത രീതിയും അതിനേക്കാളുപരി ഫ്രൊഫഷണൽ ലൈഫിൽ അവരുടെ നിലപാടുകളും കൃത്യനിഷ്ടതയും എന്നെ അത്ഭുതപ്പെടുത്തിയിരുന്നൂ. 

ലണ്ടനിലെ കിംങ്ങ്‌സ് ആശുപത്രിയിലെ ആദ്യത്തെ ഇൻഡ്യൻ നേഴ്‌സ് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നൂ. നേഴ്‌സിങ്ങിന്റെ ഓരോ പടവുകൾ നടന്നൂ കയറുമ്പോഴും ഞാൻ കാത്തുസൂക്ഷിക്കുന്ന എന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും ഞാൻ ഇന്നൂം മുറകെ പിടിക്കുകയും ചെയ്യുന്നൂ. കിങ്ങ്‌സ് ഹോസ്പറ്റലിൽ ജോലി തുടങ്ങിയ സമയത്ത് ജോലി സംബന്ധമായ നിരവധി പ്രതിസന്ധിയിലൂടെ ഞാൻ കടന്നൂപോയിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം തരണം ചെയ്ത് പ്രതിസന്ധികളെയെല്ലാം അവസരങ്ങളായി കാണാൽ ശ്രമിച്ച് മുന്നോട്ട് നീങ്ങാൻ സാധിച്ചത് ഇനിക്ക്  പ്രഫഷണൽ ലൈഫിൽ വലിയ അനൂഗ്രഹമായി. ഈ അടുത്ത കാലയളവിൽ യുകെയിൽ എത്തിച്ചേർന്ന നേഴ്‌സുമാരോട് എനിക്ക് പറയുവാനൂള്ളത് നിങ്ങൾക്ക് കിട്ടുന്ന അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ചാൽ എൻ എച്ച് എസിൽ നിങ്ങൾക്ക് നിരവധി അവസരങ്ങളുണ്ട്. ജോലിയോടൊപ്പമുള്ള പഠനവും നിങ്ങളൂടെ സ്‌പെഷ്യലിറ്റിയിൽ നേടാവുന്ന എല്ലാ പുതിയ അറിവുകളും സ്വന്തം അപ്‌ഡേറ്റ് ചെയ്യുക. അങ്ങനെയെങ്കിൽ അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുമെന്നാണ് എന്റെ അനൂഭവം.


കരിയറിലെ ആദ്യ ചുവടുവെപ്പ് എങ്ങനെയായിരുന്നൂ?

നാടുമായി താരതമ്മ്യപ്പെടുത്തുമ്പോൾ നേഴ്‌സിങ്ങ് പ്രാക്ടീസിലെ വ്യത്യസ്ഥത എന്നെ കുറച്ചൊന്നുമല്ല ആദ്യകാലങ്ങളിൽ നിരാശപ്പെടുത്തിയത് എന്നാൽ അധിക സമയം കണ്ടെത്തി എൻ എച്ച് എസ് പോളിസികളും രോഗികളെ പരിചരിക്കേണ്ട ഗൈഡ് ലൈൻസുമെല്ലാം റഫർ ചെയ്തു മനസ്സിലാക്കി. ഇതിലൂടെ എന്റെ ആത്മവിശ്വാസം വാനോളം വർദ്ധിച്ചു. രണ്ടായിരത്തിന്റെ ആദ്യ നാളുകളിൽ വിദേശത്ത് പ്രാക്ടീസ് ചെയ്ത നേഴ്മാർ ഉയർന്ന ഗ്രേഡുകളിൽ അപേക്ഷിക്കുവാൻ വിമുഖത പ്രകടിച്ച് നിന്നപ്പോൾ ഞാൻ രണ്ടും കല്പിച്ച് സീനിയർ നേഴ്‌സിങ്ങ് ഗ്രേഡിനായുള്ള അഭിമുഖത്തിൽ സധൈര്യം അപേക്ഷിച്ചു. ആദ്യ അവസരത്തിൽ തന്നെ ആദ്യ കടമ്പ കടന്ന് സീനിയർ നേഴ്‌സായി. ഈ സമയങ്ങളിലെല്ലാം ജോലി സമയത്തിന് പുറമേ കിട്ടാവുന്ന അവസരങ്ങളിലെല്ലാം സ്റ്റഡി ദിനങ്ങളിൽ പങ്കെടുത്ത് സ്വന്തമായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നൂ. എല്ലാ നേഴ്‌സിങ്ങ് സംബന്ധമായ മാഗസിനൂകളും വായിച്ച് യുകെ നേഴ്‌സിങ്ങ് പ്രാക്ടീസിനെകുറിച്ച് പ്രത്യേകിച്ച് എൻ എച്ച് എസ് മാനേജ്‌മെന്റിൽ വൈദഗ്ധ്യം നേടി.

കിങ്ങ്‌സിൽ സീനിയർ നേഴ്‌സായി ജോലി ചെയ്തപ്പോൾ ലഭിച്ച ആത്മ വിശ്വാസം എന്നെ എഫ് ഗ്രേഡ് റോളിലേയ്ക്ക് അപേക്ഷിക്കുവാൻ നിർബന്ധിതയാക്കി. തുടർന്ന് തൊഴിൽ അവസരത്തിനായി എല്ലാ എൻ എച്ച് എസ് ആശുപത്രികളിലും അപേക്ഷിച്ചു അങ്ങനെ ന്യൂകാസിൽ ഫ്രീമാൻ ആശുപത്രിയിൽ കാർഡിയാക് തിയറ്ററിലെ എഫ് ഗ്രേഡ് നേഴ്‌സായി ജോലി ലഭിച്ചു. ഇവിടെ നിന്ന് കാർഡിയാക് ലങ്ങ്‌സ് സർജറിയിൽ പ്രത്യേക പരിശീലനം നേടി ഏകദേശം മൂന്നൂ വർഷത്തോളം അവിടെ ജോലി ചെയ്തു. 

ഫ്രീമാൻ ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച അനുഭവ പരിഞ്ജാനം ഏതു റോളുകൾ ഏറ്റെടുക്കുന്നതിനും എന്നെ പ്രാപ്തയാക്കി. ഞാൻ ആദ്യം ജോലി ചെയ്തിരുന്ന കിങ്ങ്‌സ് കോളേജിൽ കാർഡിയാക് തിയറ്റർ കോർഡിനേറ്ററെന്ന ഒഴിവ് (ഇപ്പോഴത്തെ ബാൻഡ് 7) കാണൂവാൻ ഇടയായി. തുടർന്ന് ഈ ജോലിക്കായി അപേക്ഷിക്കുകയും അതിശയമെന്ന് പറയട്ടെ ജോലി ലഭിക്കുകയും ചെയ്തു. അങ്ങനെ 2007 ൽ ബാൻഡ് 7 റോളിൽ കിങ്ങ്‌സ് ഹോസ്പിറ്റലിൽ ഞാൻ തിരിച്ചെത്തി. കിങ്ങ്‌സിൽ എത്തിയ ശേഷം കാർഡിയാക് തിയറ്ററിൽ നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. പേഷ്യന്റ് സേഫ്റ്റിക്ക് മുൻഗണന നല്കി പോളിസികൾ അപ്‌ഡേറ്റ് ചെയ്തു. ഓപ്പറേഷൻ തിയറ്റർ നേഴ്‌സുമാക്ക് വേണ്ടി പ്രത്യേക പരിശീലന പദ്ധതികൾ തയ്യാറാക്കി. ഞാൻ അപ്‌ഡേറ്റ് ആകുന്നതൊടൊപ്പം എന്റെ ടീമിനെയും അപ്‌ഡേറ്റ് ചെയ്ത് ഒരു പുതിയ വർക്കിങ്ങ് കൾച്ചർ ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചത് നിരവധി അംഗീകാരങ്ങൾക്ക് എന്നെ അർഹയാക്കി.

എന്തെല്ലാം അവാർഡുകൾ ലഭിച്ചിട്ടുണ്ട് ?

പെരി ഓപ്പറേറ്റീവ് പ്രാക്ടീഷണർ ഓഫ് ദി ഇയർ രണ്ടു പ്രാവശ്യം

നേഴ്‌സസ് ഓഫ് ദ ഡെക്കേഡ് 

മോസ്റ്റ് ഇൻഫ്ൽളുവൻഷ്യൽ യുകെ മലയാളിഅംഗീകാരം

നേഴ്‌സിങ്ങ് റെക്കങ്ങ്‌നീഷ്യൻ അവാർഡ്

ഏഞ്ചൽ യുക്മ അവാർഡ്

ന്യുസ് പേർസൺ ഓഫ് ദി ഇയർ

ബെസ്റ്റ് ഫിമെയിൽ നേഴ്‌സ് ഓഫ് ദി ഇയർ യുക്മ അവാർഡ്

കൂടാതെ കിംഗ് ചാൾസ് നടത്തിയ ഗാർഡൻ പാർട്ടിയിൽ പ്രത്യേക ക്ഷണിതാവാകാനൂള്ള അവസരവും ലഭിച്ചു.

ഇപ്പോൾ കിങ്ങ്‌സ് ഹോസ്പിറ്റലിനെ തിയറ്റർ ലീഡ്‌ നേഴ്‌സായി ജോലി ചെയ്യുന്നൂ, ഈ പോസ്റ്റിലേയ്ക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്?

2012 ൽ കിങ്ങ്‌സ് കേളേജ് ഹോസ്പിറ്റലിൽ ആക്ട്ങ്ങ് മേറ്ററൻ ആയി നിയമിതയായി തുടർന്ന് കിങ്ങ്‌സിന്റെ തന്നെ ഹോസ്പിറ്റലായ പ്രിൻസസ് റോയൽ ഹോസ്പിറ്റലിൽ തിയറ്റർ മേറ്ററൻ ആയി പ്രമോഷൻ ലഭിച്ചു. ഈ ജോലിയിൽ കിങ്ങ്‌സിലെ ഉയർന്ന തസ്ഥികയിലുള്ള മാനേജ്‌മെന്റ് റോളിലുള്ളവരുമായി ജോലി ചെയ്യുവാൻ സാധിച്ചത് എന്റെ ആത്മവിശ്വസം വീണ്ടും വർദ്ധിപ്പിച്ചു. തുടർന്ന് 2019 ൽ അമേരിക്കൻ മെഡിക്കൽ രംഗത്തെ ഭീമനായ ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ ലണ്ടൻ ശാഖയുടെ കാർഡിയാക് തിയറ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിച്ച് 2019 ഞാൻ കിങ്ങ്‌സ് വിടുകയും രണ്ടു വർഷത്തോളം ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ കാർഡിയാക് തിയറ്റർ മാനേജരായി ജോലി നോക്കുകയും ചെയ്തു. 2022 ൽ ക്ലെവിലാൻഡ് കാർഡിയാക് ഒപ്പാറേഷൻ തിയറ്റർ തുറക്കുവാനൂള്ള നടപടികൾ ആരംഭിച്ച ശേഷം എന്റെ സ്വന്തം തട്ടകമായ കിങ്ങ്‌സ് ആശുപത്രിയിലേയ്ക്ക് തിരിച്ചെത്തുകയുമായിരുന്നൂ. കിങ്ങ്‌സിൽ തിരിച്ചെത്തിയ എന്നെ കിങ്ങ്‌സ് ആശുപത്രിയുടെ എല്ലാ തിയറ്ററുകളും ഉൾപ്പെടുന്ന വിഭാഗത്തിന്റെ നേഴ്‌സ് ലീഡായി നിയമിച്ചു.

ഈ നേഴ്‌സസ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടൂം പറയുവാനൂള്ള നേഴ്‌സസ് സന്ദേശമെന്താണ് ?

പാലായ്ക്കടുത്തുള്ള ഉരളികുന്നത്തെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പടിച്ച് എനിക്ക് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയിലെ തിയറ്റർ ലീഡാകാൻ സാധിച്ചെങ്കിൽ അത് എന്റെ മാത്രം കഴിവല്ല.

ദൈവ കൃപയും ഞാൻ വിശ്വസിക്കുന്ന നേഴ്‌സ് എന്ന എന്റെ പ്രഫഷനോടുള്ള എന്റെ കലർപ്പില്ലാത്ത ആരാധനയും കഠിനദ്ധ്യ്വാനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നൂ. ഈ നേഴ്‌സ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടും എനിക്ക് പറയുവാനൂള്ളത് നിങ്ങളുടെ ജോലിക്കൊരു മഹത്വമുണ്ട് അത് നിരാലംബരായ രോഗികൾക്ക് കലർപ്പില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സ്പർശനം നൽകുവാൻ സാധിക്കുക എന്നൂള്ളതാണ്. ഒരു നേഴ്‌സിന് ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേയും ആത്മാവിന്റേയും ഹൃദയത്തിന്റേയും മുറിവുണക്കുവാൻ സാധിക്കൂം അതുകൊണ്ടു തന്നെയാണ് ഭൂമിയിലെ മാലാഖമാരെന്ന് മനുഷ്യ സമൂഹം നമ്മെ വിശേഷിപ്പിക്കുന്നത്.

ആ വിശ്വാസം കാത്തു സൂക്ഷിച്ച് അനൂകമ്പയുടെയും സ്‌നേഹത്തിന്റെയും നിങ്ങളൂടെ കരങ്ങൾ ഓരോ രോഗിക്കൂം ആശ്വാസം പകരട്ടെ….

യുകെയിലും നാട്ടിലുമുള്ള എന്റെ എല്ലാ നേഴ്‌സസ് സുഹൃത്തുക്കൾക്കൂം നേഴ്‌സസ് ദിനാശംസകൾ…

Minija Joseph

കടപ്പാട്

Share News