“വിശ്വസിക്കുന്ന പ്രസ്ഥാനവും ഉൾക്കൊള്ളുന്ന ആശയവും നീ മറന്നു പോകരുത്.” |അപ്പച്ചന്റെ ആ വാക്കുകളിലൂടെയാണ് ഞാൻ ഇന്നും ജീവിക്കുന്നത്

Share News

എന്റെ അപ്പച്ചൻ ഞങ്ങളിൽ നിന്ന് വിട്ട് പിരിഞ്ഞിട്ടു 25 വർഷം തികയുന്നു.

കൊച്ചി നഗരസഭ Deputy മേയർ ആയിരുന്ന സമയത്താണ് അപ്പച്ചൻ മരിച്ചത്. 1998 മേയ് 26 , ആ ദിവസം ഞാൻ ഇന്നും ഓർക്കുകയാണ്.

മേയർ Somasundara Panicker പങ്കെടുക്കേണ്ട തിരുവനന്തപുരത്തെ ഒരു മീറ്റിങ്ങിൽ ഞാനാണ് പോയത്. ആ ദിവസം വെളുപ്പിനെ അപ്പച്ചൻ ആണ് എന്നെ യാത്ര അയച്ചത്. ആ സമയം എന്നോട് ഒരു കാര്യം പറഞ്ഞു ‘ തിരുവനന്തപുരത്തെ അപ്പച്ചന്റെ അടുത്ത സുഹൃത്ത് കുമാറിന്റെ വീട്ടിൽ പോയി നീ ഭക്ഷണം കഴിക്കണം’. ഞാൻ പുറപ്പെട്ടു.

കാറിൽ ഡ്രൈവറും ഞാനും മാത്രം ഉണ്ടായിരുന്നുള്ളു.

11 മണി ആയപ്പോൾ എനിക്ക് വല്ലാത്തോരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. വണ്ടി നിർത്തി ഞാനോരു നാരങ്ങ വെള്ളം മേടിച്ചു കുടിച്ചു. Secretariat – ൽ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ ഓഫീസിൽ ആയിരുന്നു മീറ്റിംഗ് .

ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ചെന്നപ്പോൾ ബഹുമാനപ്പെട്ട മന്ത്രി ഫോൺ വിളിച്ചിരുന്ന Receiver എനിക്ക് തന്നു. അത് മേയറുടെ ഫോൺ ആയിരുന്നു. എന്നോട് ഉടനെ കൊച്ചിയിലോട്ടു മടങ്ങാൻ ആവശ്യപെട്ടു. കൂടുതൽ ഒന്നും പറഞ്ഞില്ല.

ബഹുമാനപ്പെട്ട മന്ത്രിയും അത് തന്നെ പറഞ്ഞു. ഒന്നും മനസ്സിലാകാതെ അപ്പോൾ തന്നെ ഞാൻ കൊച്ചിയിലോട്ട് പുറപ്പെട്ട് .

എന്റെ അന്നത്തെ ഡ്രൈവർ ലെനിൻ കാറിന്റെ രണ്ട് ലൈറ്റും ഇട്ട് കൊണ്ടാണ് വണ്ടി ഓടിച്ചത്. ഇടക്ക് വണ്ടി നിർത്തി ഞാൻ വീട്ടിലെക്ക് ഫോൺ ചെയ്തു. ഫോൺ ആരും എടുത്തില്ല. അന്നു മൊബൈൽ ഫോൺ ഇല്ലല്ലോ.

വൈകിട്ടോടെ ഞാൻ വീടിന് മുമ്പിൽ എത്തിയപ്പോൾ കാണുന്നത് ആംബുലൻസിൽ നിന്ന് എന്റെ അപ്പച്ചന്റെ മൃതശരീരം ഇറക്കുന്നതാണ്. ആ കാഴ്ചയുടെ ഓർമ്മകൾ ഇന്നും എന്നെ നൊമ്പരപ്പെടുത്തുന്നു. ആ ദിവസം രാവിലെ 11 മണിക്ക് അപ്പച്ചന് ഒരു നെഞ്ചുവേദന വരുകയും അത് severe അറ്റാക്ക് ആയി മാറുകയും ചെയ്തു.

എന്റെ അപ്പച്ചൻ ഒരു പാവം ആയിരുന്നു. ഒരു വാടക വീട്ടിൽ കിടന്നാണ് അപ്പച്ചൻ മരിച്ചത്. എന്നും അപ്പച്ചൻ ഒരു കാര്യം മാത്രമെ പറയുവായിരുന്നുള്ളു.

വിശ്വസിക്കുന്ന പ്രസ്ഥാനവും ഉൾക്കൊള്ളുന്ന ആശയവും നീ മറന്നു പോകരുത്.

അപ്പച്ചന്റെ ആ വാക്കുകളിലൂടെയാണ് ഞാൻ ഇന്നും ജീവിക്കുന്നത്.

നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ അപ്പച്ചനെ ഓർക്കണമേ.

സാബു ജോർജ്

Share News