
ഒഡീഷയിലെ ട്രെയിൻ അപകടം ഏറെ വേദനാജനകം .| മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
കാക്കനാട്: ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും അനേകം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഒഡീഷയിലെ ട്രെയിൻ അപകടത്തെക്കുറിച്ച് ഏറെ വേദനയോടെയാണ് അറിയാൻ ഇടയായതെന്ന് സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

കേട്ടുകേൾവിയില്ലാത്ത വിധം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കുകയും പാളം തെറ്റുകയും തത്ഫലമായി രാജ്യത്തെ മുഴുവൻ വേദനയിലാഴ്ത്തുകയും ചെയ്ത ദുരന്തത്തിൽ കർദിനാൾ ദുഃഖം രേഖപെടുത്തി. ഈ ദുരന്തത്തിൽ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും അതോടൊപ്പം പരിക്കേറ്റവർക്കും ആശ്വസവും സഹായവുമെത്തിച്ചു കൊടുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാരിനോടും റെയിൽവേ ഡിപ്പാർട്മെന്റിനോടും ബന്ധപ്പെട്ട അധികാരികളോടും ചേർന്ന് കത്തോലിക്കാസഭയും ആശ്വസനടപടികളിൽ പങ്കുചേരുന്നതാണെന്ന് കർദിനാൾ അറിയിച്ചു. മരണപ്പെട്ടവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരുടെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിക്കുകയും ചെയ്‌ത കർദിനാൾ പരിക്കുകളേറ്റ് ആശുപത്രികളിൽ ചികിത്സയിലായിരിക്കുന്ന എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു

കൊച്ചി. മുന്ന് ട്രെയിനുകൾ കുട്ടിയിടിച് 288 വ്യക്തികൾ മരണപ്പെടുകയും ആയിരത്തിലധികം പേർ മാരകമായ പരിക്കുകൾ പറ്റിആശുപത്രിയിൽ ചികിത്സയിലുമായ ദുരന്തത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
മരണത്തിൽ വേർപെട്ടവരുടെ മൃതശരീരം ആദരവോടെ സൂക്ഷിക്കുവാനും സംസ്കരിക്കുവാനും സർക്കാർ ശ്രദ്ധിക്കണമെന്നും പ്രൊ ലൈഫ് അഭ്യർത്ഥിച്ചു.
സുരക്ഷിതയാത്ര ഉറപ്പുവരുത്തേണ്ട കേന്ദ്രങ്ങളിൽ വരുന്ന വീഴ്ചകളെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കുകയും,
യാത്രക്കാർക്ക് പ്രത്യാശപകരുകയും ചെയ്യണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
