ഒരു വിവാഹവാർഷികദിനത്തിന്റെ ” വർത്തമാനപ്പുസ്തകം|ഡോ. സിറിയക് തോമസ്

Share News

“വിവാഹത്തിന്റെ 50ാം വാർഷികം കഴിഞ്ഞ വർഷം മക്കളും ശിഷ്യരുമൊക്കെ കൂടി കാര്യമായി ആഘോഷിച്ചപ്പോൾ ഇനി ആഘോഷമൊക്കെ ദൈവം അനുവദിച്ചാൽ 60ാം വർഷത്തിലാകാമെന്നേ കരുതിയിരുന്നുള്ളു.

അതും അല്പമൊരു അതിരുകടന്ന അതിമോഹമാണെന്നൊന്നും അറിയാതെയല്ല ! എങ്കിലും മനുഷ്യരല്ലേ ? ആഗ്രഹങ്ങൾക്ക് അവസാനമില്ലല്ലോ. ഇനി കൊച്ചു മക്കളുടെ മനസ്സമ്മതത്തിനും കല്യാണത്തിനും അനുവിനും എനിക്കുംഅവരുടെയും സ്തുതി വാങ്ങണമല്ലോ! കുറച്ചു കാലം കൂടി ഒന്നു ശ്രമിച്ചു നോക്കാമെന്നു മാത്രം !!അത്രേയുള്ളു.

ജൂൺ 4 നു ഞങ്ങൾക്ക് അൻപത്തിയൊന്നാം വിവാഹ വാർഷികമായിരുന്നു.

ഇടദിവസങ്ങളിൽ വീടിനു തൊട്ടടുത്തുള്ള മൗണ്ടു കാർമ്മൽ ഒ.സി.ഡി. ആശ്രമത്തിലാണു പള്ളിയിൽപ്പോകുന്നത്. കേവലം പത്തു മിനിട്ടിന്റെ നടപ്പു മാത്രം.

പ്രാർത്ഥനയ്ക്കൊപ്പം ചെറിയൊരു പ്രഭാത വ്യായാമവുമാകും.

ഞായറാഴ്ച്ചകളിൽ രാവിലെ ഇടവകപ്പള്ളിയിൽത്തന്നെ (പാലാ ളാലം സെന്റ് ജോർജ് പുത്തൻ പള്ളി) യാവും. അനുജന്മാരിൽ ആരെങ്കിലുമാവും — തൊട്ടുള്ള ടോമിയോ തറവാട്ടിൽ നിന്നും മാണിച്ചനോ ആയിരിക്കും ഞങ്ങളെക്കൂടി കുർബ്ബാനയ്ക്കു കൊണ്ടുപോവുക (ഞങ്ങളുടെ സാരഥിക്കും ഞായറാഴ്ച ഒഴിവാണ്).

ഇന്നലെ മാണിച്ചന്റ ടേൺ ആയിരുന്ന തു കൊണ്ടു മാണിച്ചന്റെ തന്നെ വകയായിരുന്നു ഞങ്ങൾക്കുള്ള ആദ്യത്തെ Happy Anniversary ആശംസയും!.

അടുപ്പമുള്ളവരുടെ ആശംസകൾരാവിലെ ഫോണിലും വാട്സാപ്പിലുമായെത്തിത്തുടങ്ങിയതോടെ പ്രഭാത ഭക്ഷണം വൈകി.

ഭക്ഷണം താമസിച്ചാൽ മരുന്നുകളും വൈകും. ഞങ്ങൾ രണ്ടു പേർക്കും”മധുരം”. അല്പം മിച്ചവുമാണല്ലോ.

സാധാരണ പള്ളിയിൽ നിന്നും വന്നാൽആദ്യം പത്രവായനയാണ് .

ഒപ്പംഅനുവിന്റെ വക ചായയും .

അനു പക്ഷേ വാർത്തകൾ നോക്കുന്നതു പിന്നീടാണ്.

രാവിലെ ആദ്യം പത്രത്തിലെ പദപ്രശ്നംപൂരിപ്പിച്ചിട്ടേ അനുവിനു മറ്റെന്തുമുള്ളു!

വിവാഹ വാർഷിക വകയിൽ എന്റെ പത്രവായനയും വൈകി.

അനുവിന്റെ പദപ്രശ്നത്തിനും രാവിലെ പരിഹാരമായില്ല !

തിരുവിതാംകൂറിലെ അവസാനത്തെയും പിന്നീട് തിരു-ക്കൊച്ചിയിലെയും പോലീസ് മേധാവിയായിരുന്ന ഐ.ജി.എൻ.ചന്ദ്രശേഖരൻ നായരുടെ “ഐ.ജി .സ്മരണകൾ ” കുറച്ചു കാലത്തിനു ശേഷം അന്നു രാവിലെ ഒരു രണ്ടാം വായനയ്ക്കെടുത്തത് പണിപ്പുരയിലുള്ള എന്റെ “വിമോചന സമരത്തിന്റെ എഴുതാപ്പുറങ്ങൾ” എന്ന പുസ്തക രചനയ്ക്കു സഹായകരമാ യേക്കാവുന്ന പുതിയ സാധ്യതകളെക്കൂടി മുന്നിൽക്കണ്ടാണ്.

45 വർഷം മുൻപ് “The Church & Politics in Kerala ” എന്നതായിരുന്നു എന്റെ Ph.D പ്രബന്ധ വിഷയം.

എന്റെ ഗവേഷണ ഗുരുവും ഗൈഡുമായിരുന്ന ഡോ. വി.കെ സുകുമാരൻ നായർ സാർ (കേരള സർവ്വകലാശാലാ മുൻ വി.സി) നിർദ്ദേശിച്ച വിഷയമായിരുന്നത്.

” I think your equations with the Church will certainly help in finishing the Thesis ” എന്നായിരുന്നു ഗുരുമൊഴി.

എന്റെ പ്രബന്ധത്തിൽ വിമോചന സമരവും അതിനാൽത്തന്നെ ഒരു പ്രത്യേക അധ്യായമാവുകയും ചെയ്തു.

പാലാ ബിഷപ്പ് മാർ വയലിൽ, അന്നു തിരുവനന്തപുരം ആർച്ച് ബിഷപ്പായിരുന്ന അഭി. ബനഡിക്ട് മാർ ഗ്രീഗോറിയോസ്, കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ, തലശ്ശേരി ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി, ഡോ. ക്രിസോസ്തം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ, ഓർത്തഡോക്സ് സഭയിലെ പരിശുദ്ധ മാർ മാത്യൂസ് പ്രഥമൻ , മാർ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാമാർ, അന്നത്തെക്നാനായ വലിയ മെത്രാപ്പോലീത്താ ഡോ. ഏബ്രഹാം മാർ ക്ലീമീസ് (ചിങ്ങവനം ),മാർ ജോസഫ് പവ്വത്തിൽ, ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തുടങ്ങിയവരിൽ നിന്നും എനിക്കു വായ്മൊഴിയായി ലഭിച്ച വിലപ്പെട്ട ഒട്ടേറെ വിവരങ്ങൾ എന്റെ ഗവേഷണ പ്രബന്ധം പൂർത്തിയാക്കുന്നതിൽ എനിക്കു അന്നു കുറച്ചൊന്നുമല്ല സഹായമായത്.

സൗഹൃദത്തിന്റെ കരം പിടിക്കൽ: ദീർഘകാല സുഹൃത്ത് കേന്ദ്ര ഗവ: മുൻ സെക്രട്ടറി ശ്രീ. പോൾ ജോസഫ് IES ഉം പ്രിയ ശിഷ്യൻ ജോർജ് കുര്യൻ കുറ്റിയിലും.

അവരെല്ലാം തന്നെ ഒരു അക്കാദമിക് വിഷയമെന്ന നിലയിൽ വിമോചനസമരത്തിലേക്കു തിരിഞ്ഞു നോക്കാൻതയ്യാറായി എന്നത് എന്നെയും അത്ഭുതപ്പെടുത്തി.

മണിക്കൂറുകളാണ് അവരെല്ലാം സന്മനസ്സോടെ എനിക്കായി അവരുടെ മറ്റു തിരക്കുകൾക്കിടയിലും മാറ്റി വച്ചത്. വിഷയത്തിന്റെ പ്രാധാന്യം അവർ ഉൾക്കൊണ്ടു. ഞാൻ മന:പൂർവ്വമായി സഭയ്ക്കു അപകീർത്തികരമായതൊന്നും എഴുതി വയ്ക്കുകയില്ലെന്നും പിതാക്കന്മാർക്കു ഉറപ്പായിരുന്നു..

സർക്കാർ വിരുദ്ധ ചേരിയിലെ പ്രധാന പ്രതിപക്ഷമായിട്ടും അന്നു കോൺഗ്രസിലെ ചില ക്രിസ്ത്യൻ നേതാക്കൾ തന്നെ വിമോചന സമര കാര്യങ്ങളിൽ സഭയ്ക്കു ഒട്ടു വളരെ വല്ലായ്മകൾ സൃഷ്ടിച്ചുവെന്നത് സഭാ മേലദ്ധ്യക്ഷന്മാരെ ഒട്ടൊന്നുമല്ല മുറിപ്പെടുത്തിയത്.

അവരിൽ ചിലർ അക്കാര്യവും എന്നോട് സൂചിപ്പിച്ചിരുന്നു. അവർപറഞ്ഞതിൽ കാര്യമുണ്ടെന്ന് പ്രമുഖ കോൺഗ്രസ് നേതാക്കളായിരുന്ന കെ.സി. ഏബ്രഹാം മാസ്റ്ററും കെ.പി. മാധവൻ നായർ സാറും പില്ക്കാലത്ത് ശരിവയ്ക്കുകയും ചെയ്തു.

ആർ.വി. തോമസിന്റെ മകനെന്ന പരിഗണനയിൽ പില്ക്കാലത്തും തിരുമേനിമാർ സഭാവ്യത്യാസമില്ലാതെ തന്നെ എന്നെ അവരോടു ചേർത്തു പിടിക്കുവാൻ തയ്യാറായതും എന്റെ ജീവിതത്തിലെ തന്നെ വലിയ ഒരു അനുഗ്രഹവും അനുഭവവും ഭാഗ്യവും ദൈവാധീനവുമായിത്തന്നെയാണു ഞാൻ അന്നും ഇന്നും പരിഗണിക്കുന്നത്. പൂർവ്വിക പുണ്യം !

ഐ.ജി.ചന്ദ്രശേഖരൻ നായരുടെ സ്മരണകൾ പോലെ തന്നെ ഈ.എം.എസ്.മന്ത്രിസഭാക്കാലത്തും പിന്നീടും ഗവർണറുടെ സെക്രട്ടറിയായിരുന്ന വി.വി. ജോസഫ് ഐ ഏ.എസ്, മന്നത്തു പത്മനാഭൻ പ്രസിഡന്റായിരുന്ന വിമോചനസമര സമിതിയുടെ കൺവീനറായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി സാർ,, അന്നത്തെ ക്രിസ്റ്റഫർ സേനയുടെ ക്യാപ്റ്റനായിരുന്ന – പിന്നീടു എം.പി.യും — ചെറിയാൻ . ജെ. കാപ്പൻ തുടങ്ങിയവരിൽ നിന്നും കോൺഗ്രസിന്റെ അക്കാലത്തെ സമുന്നത നേതാക്കളായിരുന്ന കെ.പി. മാധവൻ നായർ, ഏ.പി.ഉദയഭാനു , ഏ എം.തോമസ് മുതലായവരിൽ നിന്നുമൊക്കെ ലഭിച്ച വിമോചനസമരത്തിന്റെ ഒട്ടേറെ രാഷ്ട്രീയ കഥകൾ ഞാൻ എന്റെ ഗവേഷണപഠന രഹസ്യങ്ങളായിത്തന്നെ സൂക്ഷിക്കുകയും ചെയ്തു.

ഒന്നിനും ആരും രേഖകളൊന്നും തന്നിരുന്നുമില്ലല്ലോ !!പറഞ്ഞു വന്നപ്പോൾ അറിയാതെ മുഖ്യധാരയിൽ നിന്നും അല്പം വഴിമാറിപ്പോയതാണ്.

ദൈവമനുവദിച്ചാൽ ബാക്കി കുറച്ചു കാര്യങ്ങൾ കൂടി വിശദമായിത്തന്നെ ഞാൻ എഴുതാനിരിക്കുന്ന “എഴുതാപ്പുറങ്ങളിൽ” ത്തന്നെയാവാമല്ലോ എന്നുമുണ്ട്… ഐ.ജി.സ്മരണകളിലും അത്യാവശ്യം രാഷ്ട്രീയമൊക്കെയുണ്ടല്ലോ!

ഒട്ടേറെ ശിഷ്യന്മാരും ബന്ധുക്കളും ചില കുടുംബ സുഹൃത്തുക്കളും ആശംസകളറിയിച്ചതു പഴയ കാലങ്ങളിലേക്ക് ഒരു ചെറിയ തിരിയെ നടത്തത്തിനും സഹായമായി എന്നും പറയേണ്ടതുണ്ട്.

പുസ്തക പ്രകാശന പ്രസംഗം.

നാലുമണിക്ക് അതിരമ്പുഴ L’s Park ൽഒരു പുസ്തകപ്രകാശനം സമ്മതിച്ചിരുന്നതു കൊണ്ടു അതിലും സംബന്ധിച്ചു.

40 വർഷം മുൻപ്‌ പാലാ കോളജിൽ എന്റെ പ്രിയശിഷ്യനായിരുന്നു കുറ്റിയിൽ ജോർജ് കുര്യൻ. ജോർജ് വ്യാപാരരംഗത്താണ് തന്റെ സാന്നിധ്യം അറിയിച്ചത്.

ഇപ്പോൾ ശിഷ്യന്റെ ഇളയ മകനാണ് വ്യത്യസ്തമായ ഒരു ഗ്രന്ഥംരചിച്ച് Sports Journalism രംഗത്ത്ഒരു പുതിയ ധാരയ്ക്കു തുടക്കം കുറിച്ചത്.

പുതിയ പുസ്തകത്തിന്റെ കവർപേജ്.

ക്രിക്കറ്റു മേഖലയിലെ 11 അതികായരെക്കുറിച്ചാണ് പുസ്തകം. “22യാർഡിലെ വിഖ്യാത നിഴലുകൾ “എന്നാണ് കേവലം 26 കാരനായ ജോസ് ജോർജ് എഴുതിയ പുസ്തകത്തിന്റെ പേര്. ശ്രീ ഏബ്രഹാം കുര്യന്റെ ലിവിംഗ് പബ്ളിഷേഴ്സ് (കോട്ടയം) ആണു ഗ്രന്ഥത്തിന്റെ പ്രസാധകർ.

കാഴ്ച്ചയിൽ മാത്രമല്ല ഉള്ളടക്കത്തിലും മനോഹരമായ പുസ്തകം. ക്രിക്കറ്റിലെ ചില മഹാനക്ഷത്രങ്ങൾ തങ്ങളുടെ പ്രകാശശോഭയിലെ വെളിച്ചത്തിൽ പിന്നിലെ നിഴലിലേക്ക് തള്ളി മാറ്റിയ പതിനൊന്നുപ്രഖ്യാത കളിക്കാരുടെ കഥയാണ്ജോസ് ജോർജ് തന്റെ “വിഖ്യാത നിഴലുകൾ ” എന്ന ഗ്രന്ഥത്തിലൂടെ വായനക്കാരോട് പങ്കുവയ്ക്കുന്നത്.

അതിൽഗൗതം ഗംഭീറും സഹീർ ഖാനും ഗ്രയിം സ്മിത്തും മൈക്കിൾ ക്ലാർക്കുമൊക്കെ ഉൾപ്പെടുന്നുണ്ട്. സിദ്ധി സമ്പന്നനായ ഒരു യുവ സ്പോർട്സ് ജർണലിസ്റ്റിന്റെ ആകർഷണീയമായ അരങ്ങേറ്റമാണ് അതിരമ്പുഴയിലെ L’s Park ൽ നടന്നതെന്നാണെന്റെ വിശ്വാസം. അങ്ങിനെയാവട്ടെയെന്നാണ് എന്റെപ്രാർത്ഥനയും!.

സദസ്സും പ്രൗഢ ഗംഭീരമായി. കുറ്റിയിൽകുടുംബത്തിലെ പ്രമുഖർക്കു പുറമേഒട്ടേറെ സുഹൃത്തുക്കളും ബന്ധുക്കളുംസദസ്സിനെ അവരുടെ സാന്നിധ്യം കൊണ്ടു സമ്പന്നമാക്കിയെന്നും പറയേണ്ടതുണ്ട്.

പുസ്തക പ്രകാശനം: പ്രസാധകൻ എബ്രഹാം കുര്യൻ, മുഖ്യാതിഥി ജോസഫ് സെബാസ്റ്റ്യൻ, അദ്ധ്യക്ഷൻ ശ്രീ. കുരുവിള കുറ്റിയിൽ, ശ്രീ. സനൽ.പി. തോമസ്, ജോസ് ജോർജ്ജ് എന്നിവർക്ക് ഒപ്പം.

കുറ്റിയിൽ കുടുംബയോഗത്തിനു വേണ്ടി ആദരണീയനായ ശ്രീ കെ.വി.കുരുവിള അധ്യക്ഷനായി.ഗ്രന്ഥകർത്താവ് ജോസിന്റെ ആത്മ മിത്രം അലക്സ് ബാബു പുസ്തക പരിചയം അതീവ ഭംഗിയാക്കി. പ്രശസ്ത സ്പോർട്സ് ലേഖകൻ സനൽ.പി.തോമസിനു ആദ്യ കോപ്പിനൽകിയായിരുന്നു ഞാൻ പുസ്തക പ്രകാശനം നിർവ്വഹിച്ചത്.

പുസ്തക പ്രകാശനം : സ്വീകർത്താവിനും, ഗ്രന്ഥകർത്താവിനുമൊപ്പം.

ഇന്ത്യൻ കളിക്കാരിൽ കപിൽ ദേവിനോടും രവി ശാസ്ത്രിയോടും സച്ചിനോടുംസൗരവ് ഗാംഗുലിയോടും ധോണി യോടുമൊക്കെയുള്ള എന്റെ ആഭിമുഖ്യവും ഞാൻ മറച്ചുവച്ചില്ല.

പക്ഷേ ഇൻഡ്യൻ കളിക്കാരിൽ എന്റെ മനസ്സിലുള്ള ക്യാപ്റ്റൻ അന്നും ഇന്നും യുവരാജ് സിംഗ് തന്നെ എന്നും ഞാൻ വെളിപ്പെടുത്തി.

രക്താർബുദം ബാധിച്ചു കൈകളിലെ രോമകൂപങ്ങളിലൂടെ രക്തം കിനിയുമ്പോഴും കപ്പിനായി ഇന്ത്യയ്ക്കു വേണ്ടി കളത്തിലിറങ്ങിക്കളിച്ച യുവരാജ് സിംഗിനപ്പുറം എന്റെ കണ്ണു നിറച്ച മറ്റൊരു കളിക്കാരനുമില്ലഎന്നു ഞാൻ സ്വരമിടറിത്തന്നെഏറ്റു പറയുകയും ചെയ്തു.

കോട്ടയത്തെ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ ചടങ്ങിൽമുഖ്യാതിഥിയായി.

അര ഡസനിലധികംപ്രമുഖരാണ് ആശംസ നൽകി ജോസ് ജോർജിനെ വാത്സല്യപൂർവം അനുഗ്രഹിച്ചത്. അടുത്ത കാലത്തൊന്നും ഇത്ര ഹൃദ്യമായ ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ എനിക്കു സംബന്ധിക്കുവാനിടയായിട്ടില്ല.

ഞങ്ങളുടെ വിവാഹ വാർഷികദിനം പ്രമാണിച്ചു ശിഷ്യനുംഭാര്യയും ചേർന്ന് ചടങ്ങിനൊടുവിൽ അനുവിനെയും എന്നേയും പൊന്നാട അണിയിച്ചാദരിക്കുക മാത്രമല്ല ഒപ്പം കീഴ്‌വഴക്കം പാലിച്ചു ഗുരു ദക്ഷിണ കൂടി നൽകിയാണു ഞങ്ങളെ തിരിയെ യാത്രയാക്കിയതും !!

ശിഷ്യന്റെയും, കുടുംബത്തിന്റെയും വക സ്നേഹാദരവ്.

അങ്ങോട്ടു പോയപ്പോഴും മടക്ക വഴിയിലും അതിരമ്പുഴയിലുള്ള എന്റെ ഇളയ സഹോദരി പ്രൊഫ. ആനിയേയും അളിയൻ ഡോ.ജോയി (പീടികേക്കൽ )യേയും സന്ദർശിച്ചു. “ആരേ പിണക്കിയാലും അളിയനെ പിണക്കരുതെന്ന് ” കേന്ദ്ര മന്ത്രിയായിരുന്ന ഡോ. ജോൺ മത്തായിയോടു (അച്ചാമ്മ മത്തായിയുടെ സഹോദരനായിരുന്ന മന്ത്രി ഈ ജോൺ ഫീലിപ്പോസിനെ പരാമർശിച്ചു ) പണ്ടു പറഞ്ഞത് കൊച്ചിയിലും പിന്നീട് തീരുക്കൊച്ചിയിലും മുഖ്യമന്ത്രിയായിരുന്ന പനമ്പള്ളി ഗോവിന്ദ മേനോനാണ്..

ആനി വക ആശംസ

.എന്റെ അളിയൻമാരേയാരേയും ഞാനൊരിക്കലും ഇന്നേവരെ പിണക്കിയിട്ടില്ല. ആനി വീട്ടിൽ ഞങ്ങൾക്കു വേണ്ടി സ്പെഷ്യൽ പുഡ്ഡിംഗും തയ്യാറാക്കി വച്ചിരുന്നു. അത്തരം പാചകങ്ങളിൽ ആനിക്കു ഒരു പ്രത്യേക കൈപ്പുണ്യമുണ്ട്.

എന്റെ മൂത്തമകൾ സീനയും (വനിത) കൊച്ചു മകൾ മീട്ടുവുമൊത്ത് അതിരമ്പുഴയിലെ പുസ്തക പ്രകാശന ചടങ്ങിനെത്തിയിരുന്നു.

കോട്ടയത്തു നിന്നും കൊണ്ടുവന്ന പ്രത്യേക കേക്കുമായി അവരും ഞങ്ങൾക്കൊപ്പം പാലായ്ക്കു വന്നു.സീനയുടെ മകൻ തങ്കുവും പാലായിലേയ്ക്കെത്തി.

രാത്രി വൈകിയാണെങ്കിലും ഞങ്ങളെക്കൊണ്ടു അവർ കേക്കും മുറിപ്പിച്ചു Happy Anniversary യും പാടിയ ശേഷമാണ് കോട്ടയത്തിനു മടങ്ങിയത്.

ദൈവം എല്ലാം എത്ര ഭംഗിയായാണുക്രമീകരിക്കുന്നത്. സഹോദരങ്ങളുംമക്കളും കൊച്ചുമക്കളും മുതിർന്നസുഹൃത്തുക്കളും ശിഷ്യന്മാരും അവരുടെ മക്കളുമൊക്കെയായി എത്രയോപേരേ കാണാനും സൗഹൃദം പങ്കിടാനുംഇടയായ ഒരു ധന്യദിവസം തന്നെയായിഞങ്ങളുടെ ഈ വർഷത്തെയും വിവാഹ വാർഷിക ദിനം.!

പ്രിയ ശിഷ്യൻജോർജ് കുറ്റിയിലിനും കുടുംബത്തിനുംപ്രത്യേക നന്ദി.

ഡോ. സിറിയക് തോമസ്

Share News