
കൗമാരക്കാരെ അഴിച്ചുവിടണമോ?|വിപ്ലവകാരികളുടെ തനിനിറം|ആത്മഹത്യാ സമരങ്ങൾ
തെറ്റ് ചെയ്യുന്നവർക്കിടയിൽ തെറ്റു ചെയ്യാതിരിക്കുന്നതാണ് തെറ്റെന്നു വിശ്വസിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയാണ് അമൽജേ്യാതി കോളജിലെ ആത്മഹത്യാവിവാദം.

കൗമാരമനസിന്റെ ചാപല്യങ്ങൾക്കനുസരിച്ച് മേയാൻ കുട്ടികളെ വിട്ടുകൊടുക്കാതെ പഠിപ്പിലും പരീക്ഷാവിജയത്തിലുമെല്ലാം ഏകാഗ്രമാക്കി വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ, അവിടത്തെ ഒരു വിദ്യാർഥിനിക്കുണ്ടായ ദാരുണമായ ദുരന്തം മൂലം അടിച്ചുതകർക്കാൻ രാഷ്ട്രീയ- വർഗീയ ശക്തികൾ ഒന്നുപോലെ സംഗമിക്കുന്നതാണ് അവിടെ കണ്ടത്.
ബിജെപിയും പോപ്പുലർ ഫ്രണ്ടും സിപിഎമ്മും ഒന്നിച്ചു പോരാടാനിറങ്ങിയ ദിനങ്ങൾ. ചേർത്തുവായിക്കേണ്ട ഒന്നുണ്ട്. കേരള പോലീസിന്റെ ഒരു കണ്ടെത്തലാണ്. തലസ്ഥാനത്തെ 40 സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവർത്തിക്കുന്നു. അവരുടെ ഏജന്റുമാർ പലയിടത്തും കുട്ടികൾ തന്നെയാണ്. വിദ്യാലയകവാടങ്ങൾ തുറന്നുകിട്ടാൻ കാത്തിരിക്കുന്ന വന്യമൃഗങ്ങൾ ഏറെയുണ്ടെന്ന് ഓർക്കുക.
ആത്മഹത്യാ സമരങ്ങൾ

എല്ലാ വിളക്കുകളും കെടുന്നുവെന്ന് കരുതിപ്പോകുന്ന നിമിഷത്തിൽ ഒരു വ്യക്തി ചെയ്തുപോയേക്കാവുന്ന, ജീവിതത്തിലെ ഏറ്റവും ദാരുണമായ, അവിവേകമായ ആത്മഹത്യകൾ 1980കൾ മുതലെങ്കിലും കേരളത്തിലെ രാഷ്ട്രീയ-വർഗീയ ശക്തികൾ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചുതുടങ്ങി. ഓരോ ആത്മഹത്യയും ആ വ്യക്തിക്കും അവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും മാത്രമല്ല അവരിലൂടെ കിട്ടേണ്ടിയിരുന്ന സേവനം നഷ്ടപ്പെടുന്ന സമൂഹത്തിനാകെയും എത്രയോ ദാരുണമായ ദുരന്തമാണ്. അതും ചിലർ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്ന അസുരകാലത്തിലാണ് നാമെന്ന് ഈ വിവാദം ഓർമിപ്പിക്കുന്നു.
ഓർമയിൽ വരുന്ന ആദ്യത്തെ ആത്മഹത്യാസമരം തലസ്ഥാനത്തെ ഒരു സ്വകാര്യ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥിനിയുടെ അമ്മ, മകൾ പരീക്ഷയിൽ തോറ്റതിന് എന്നപേരിൽ നടത്തിയ ആത്മഹത്യയെ തുടർന്നാകണം. 80 കളുടെ ആരംഭത്തിലായിരുന്നു തലസ്ഥാനത്ത് നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന, ഇന്നും പ്രവർത്തിക്കുന്ന, ആ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരേ ജനവികാരം തിരിച്ചുവിടാൻ ആ അമ്മയുടെ ആത്മഹത്യ ആയുധമാക്കി നോക്കിയത്. സഭയുടെയും സ്ഥാപനത്തിന്റെയുമൊക്കെ ശത്രുക്കളെല്ലാം ഒത്തുകൂടി. മാധ്യമങ്ങൾ അവർക്കു പിന്തുണയും കൊടുത്തു. കുട്ടി പരീക്ഷയ്ക്കു തോറ്റതിന് അമ്മ ആത്മഹത്യ ചെയ്യുകയോ? അതിനപ്പുറം ആ ആത്മഹത്യക്കു പിന്നിൽ കാരണങ്ങളുണ്ടോ? ആരും അന്വേഷിച്ചില്ല. സമരക്കാർ പറയുന്ന കാരണത്തിനു പിന്നിലെ സത്യം ആരും അന്പേഷിക്കാറില്ലല്ലോ? കുറേക്കാലം സമരം നടന്നു. എസ്എഫ്ഐക്കാരേക്കാൾ എഐഎസ്എഫുകാരായിരുന്നു മുന്നിൽ. വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം. ജേക്കബ് ഇടപെട്ട് സമരങ്ങൾ തീർത്തുവെന്നാണ് ഓർമ. നാട്ടുകാർക്ക് കുറേ ബുദ്ധിമുട്ടുണ്ടാക്കി. അല്ലാതെ ആ സ്ഥാപനം ഇല്ലതാക്കാനായില്ല. ആ സ്ഥാപനത്തിൽ ഒരു അഡ്മിഷൻ തരപ്പെടുത്താൻ ഇന്നും അന്നത്തെ സമരക്കാരിൽ പലരും സാധിക്കുന്ന സമ്മർദങ്ങളുടെ വഴികളൊക്കെ തേടാറുണ്ട്.
രജനിയും ജിഷ്ണുവും
അടുത്തത് 2004ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അടൂർ ഗവ. എൻജിനിയറിംഗ് കോളജിൽ പഠിച്ചിരുന്ന രജനി എസ്. ആനന്ദ് എന്ന വിദ്യാർഥിനി തലസ്ഥാനത്തുള്ള ഹൗസിംഗ് ബോർഡ് മന്ദിരത്തിന്റെ ഏഴാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്തതാണ്. 2004 ജൂലൈയിലായിരുന്നു സംഭവം. ഹൃദയസ്പർശിയാണ് രജനിയുടെ ദാരുണ കഥ. പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു അവൾ. അച്ഛൻ രോഗിയാണ്. അവളടക്കം മൂന്നു മക്കൾ. അമ്മ ജോലി ചെയ്താണു കുടുംബം പോറ്റുന്നത്. ഒന്നാം ക്ലാസിൽ എസ്എസ്എൽസി പാസായവളാണ് രജനി. ഡിസ്റ്റിംഗ്ഷനോടെ പ്ലസ് ടു പാസായി. ആന്റണിയുടെ സ്വാശ്രയ വിദ്യാഭ്യാസനയം ഇടതുപക്ഷം വല്ലാതെ എതിർക്കുന്ന കാലം. രജനിക്ക് അടൂരിലെ സർക്കാർ വക എൻജിനിയറിംഗ് കോളജിൽ കംപ്യൂട്ടർ എൻജിനിയറിംഗിന് പ്രവേശനം കിട്ടി. ആറുമാസം പഠിച്ചു. പഠനം തുടരണമെങ്കിൽ മാസം 1200 രൂപ വേണം. അവൾ ബാങ്കുകളെ സമീപിച്ചു. ആരും വായ്പ കൊടുത്തില്ല. ബാങ്കുകൾ ലോണ് സംബന്ധിച്ച് പറയുന്ന ഔദാര്യമൊന്നും അവളോടു കാണിച്ചില്ല. മുന്നോട്ടു പോകാൻ ഒരു വഴിയുമില്ലെന്ന് കണ്ട അവൾ ആത്മഹത്യ ചെയ്തു.
രജനിയുടെ കഥ കേട്ട് സങ്കടപ്പെടാത്തവരില്ല. വിദ്യാർഥിസംഘടനകളെല്ലാം രംഗത്തു വന്നു. വലിയ സമരവുമായി എസ്എഫ്ഐയും എഐഎസ്എഫും ഉണ്ടായിരുന്നു. ഭരിക്കുന്നത് കോണ്ഗ്രസുകാരനായ മുഖ്യമന്ത്രി ആന്റണിയല്ലേ? സമരക്കാർ ഏതാനും ദിവസത്തേക്ക് ജനജീവിതം ദുഃസഹമാക്കി. ബസുകൾ അടിച്ചുതകർത്തു. എന്തു നേടിയെന്ന് ആർക്കുമറിയില്ല. വിദ്യാർഥിസംഘടനകൾ കുറേക്കൂടി ഭാവാത്മകമായെങ്കിൽ എന്ന് പലരും ചിന്തിച്ച കാലമാണത്. ഓരോ കാന്പസിലുമുള്ള വിദ്യാർഥികളെ സഹായിക്കാൻ ഒരു സംവിധാനം. സമരത്തിനും കൊടിതോരണങ്ങൾക്കുമെല്ലാം സമാഹരിക്കുന്ന പണത്തിൽ ഇത്തിരി ഓരോ കാന്പസിലുമുള്ള സഹായം വേണ്ട കുട്ടികളെ കണ്ടുപിടിച്ച് സഹായിക്കുന്നതിനായി ഇവർ നീക്കിവച്ചെങ്കിൽ! രജനിയോട് എല്ലാ സ്നേഹവുമുണ്ടെങ്കിലും ഒരു ബാങ്ക് മാനേജർക്ക് അയാൾക്കു കിട്ടിയിരിക്കുന്ന നിബന്ധനകൾക്കനുസരിച്ചല്ലേ വായ്പ കൊടുക്കാനാകൂ. ഇങ്ങനെയൊന്നും ചിന്തിക്കേണ്ട കാര്യം സമരക്കാർക്കില്ലല്ലോ.
ഈ എസ്എഫ്ഐക്കാർക്ക് തൃശൂർ പാന്പാടിയിലുള്ള നെഹ്റു എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ 2017 ജനുവരി ആറിന് തൂങ്ങിമരിച്ച അവരുടെ സംഘടനക്കാരൻ ജിഷ്ണു പ്രണോയ്ക്കുവേണ്ടി ഒന്നും ചെയ്യാനായില്ല. അന്നു ഭരിച്ചതും പിണറായിയാണ്. സമരം പോലും ഉണ്ടായില്ല. കോപ്പിയടിച്ചതിനു പിടിച്ചതിലുള്ള സമ്മർദംകൊണ്ടാണ് ജിഷ്ണു കടുംകൈ ചെയ്തതെന്നാണ് കേസന്വേഷണം നടത്തിയ സിബിഐ കണ്ടെത്തിയത്.
ഓർമയിലെ അടുത്ത ദാരുണസംഭവം തിരുവല്ലയിലെ ഒരു കത്തോലിക്കാ സ്ഥാപനത്തിൽ 2007ൽ സംഭവിച്ചതാണ്. അവിടെ എംസിഎയ്ക്കു പഠിച്ചിരുന്ന ഒരു വിദ്യാർഥിനി വീട്ടിൽ ആത്മഹത്യ ചെയ്തു. കോളജിലെ ചില പ്രശ്നങ്ങളാണത്രെ കാരണം. അവൾ കുറിച്ചുവച്ചിരുന്നു എന്നാണ് പറയുന്നത്. അതു സത്യമാണോയെന്ന് ഒന്നും അന്വേഷിക്കാതെ ഇടതുവിദ്യാർഥി സംഘടനകൾ ഇളകി. സാമൂഹികവിരുദ്ധരെപ്പോലെ കോളജിലെ ഓഫീസും സംവിധാനങ്ങളുമെല്ലാം അടിച്ചുതകർത്തു. സർക്കാർ ഇടപെട്ടു. സമരം അവസാനിപ്പിച്ചു.
നാലു മരണം; ഒരിടത്തു മാത്രം സമരം

അടുത്തടുത്ത ദിനങ്ങളിൽ കേരളത്തെ വല്ലാതെ ആകുലപ്പെടുത്തിയ മൂന്നു ദാരുണമരണങ്ങളാണ് കാഞ്ഞിരപ്പള്ളി അമൽജേ്യാതി കോളജിലെ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധയുടെയും, ബാലരാമപുരം മദ്രസയിലെ 12-ാം ക്ലാസ് വിദ്യാർഥിനി അസ്മിയ മോളുടെയും, തൊടുപുഴ അൽ അസ്ഹർ കോളജിലെ വിദ്യാർഥി അരുണ്രാജിന്റെയും, പാലക്കാട് എംഇഎസ് കോളജിൽ പരീക്ഷാഫീസ് അടയ്ക്കാൻ കഴിയാതിരുന്നതുകൊണ്ട് ആത്മഹത്യ ചെയ്ത ബീനയുടെയും ദാരുണ മരണങ്ങൾ.
ശ്രദ്ധ കഴിഞ്ഞ ഒന്നിനും അരുണ് രാജ് കഴിഞ്ഞ ഏഴിനും ആസ്മിയ മേയ് 13 നും ബീന 2022 ജനുവരി 30 നുമാണ് ആത്മഹത്യ ചെയ്തത്. നാലു മരണങ്ങളോടും വിദ്യാർഥിസംഘടനകളും അവരെ നയിച്ച സമരക്കാരും പുലർത്തിയ സമീപനം തികച്ചും വർഗീയമായിരുന്നു. കത്തോലിക്കാസഭയുടെ സ്ഥാപനമായ അമൽജേ്യാതി കോളജിൽ നടന്ന ആത്മഹത്യക്കെതിരേ വല്ലാതെ സമരം നടത്തിയവരാരും മദ്രസയിലും അൽ അസ്ഹർ കോളജിലും എംഇഎസ് കോളജിലും നടന്ന ആത്മഹത്യകളോട് പ്രതികരിച്ചതേയില്ല. ആസ്മിയയുടെയും അരുണ് രാജിന്റെയും ബീനയുടെയും മരണത്തിൽ അവർക്കു സങ്കടം വന്നില്ല; എന്തുകൊണ്ട്?
ഇതാണ് മതേതരത്വം

സമകാലീന കേരളം നേരിടുന്ന വലിയ ഭീഷണിയാണ് ഈ സമീപനം. ഇതാണോ ആധുനിക മതേതരത്വം? പ്രശ്നങ്ങളെ ഇങ്ങനെ കൈകാര്യം ചെയ്യുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ എങ്ങനെ മാനിക്കും? അവരോട് ശത്രുക്കളോട് എന്ന മട്ടിലല്ലാതെ എങ്ങനെ പെരുമാറും? ചില സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു നടത്തുന്ന സമരാഭാസത്തെ എങ്ങനെ വിദ്യാർഥിസമരമായി കാണും? ക്രൈസ്തവ നേതാക്കൾക്കും സ്ഥാപനങ്ങൾക്കുമെതിരേ നടക്കുന്ന സമരങ്ങളിൽ കാണുന്ന ചില പ്രത്യേക വിഭാഗക്കാരുടെ അതിപ്രസരം ഈ സമരങ്ങൾക്കു പിന്നിൽ മറ്റുപല ലക്ഷ്യങ്ങളുമുണ്ടോയെന്ന ചിന്ത ശക്തമാക്കുകയാണ്.
അമൽജേ്യാതിയിലെ സമരം

ഈ പശ്ചാത്തലത്തിൽ വേണം അമൽജേ്യാതിയിലെ സമരത്തെയും സമരക്കാരെയും കാണാൻ. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച പത്തു കോളജുകളിൽ ഒന്നാണ് അമൽജേ്യാതി. കേരളത്തിൽ വിദ്യാർഥികളെ കിട്ടാതെ എത്രയോ എൻജിനിയറിംഗ് കോളജുകൾ പൂട്ടിയപ്പോഴും മാതാപിതാക്കൾ മക്കളുമായി തേടിവരുന്ന സ്ഥാപനമാണിത്. ഇവിടെ കുട്ടികളുടെ പഠനത്തിനും പുരോഗതിക്കും വേണ്ട അന്തരീക്ഷവും അതിനനുസരിച്ചുള്ള നിയമങ്ങളുമാണുള്ളത്. അതു തകർക്കുക വിദ്യാർഥികളുടെ മാത്രം ആവശ്യമല്ല. തങ്ങളുടെ കച്ചവടം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആഗ്രഹമുള്ള പലരുടെയും മോഹമാണ്.
വിപ്ലവകാരികളുടെ തനിനിറം
അമൽജേ്യാതിയിലെ സമരക്കാരുടെ തനിനിറം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിൽ ക്രൈസ്തവസ്ഥാപനങ്ങളിൽ നടക്കുന്ന ആത്മഹത്യകൾ മാത്രമാണ് ഇവർക്കു വിഷയമാകുന്നത് എന്നത് ഒരിക്കൽക്കൂടി വ്യക്തമാക്കപ്പെടുന്നു. ആരോടുമുള്ള ആത്മാർഥതയല്ല, വോട്ടുപെട്ടിയിലും മറ്റു പലതും നോക്കിയുള്ള കളികളാണ് എല്ലാം.
ക്രൈസ്തവസമൂഹത്തിലെ സ്ത്രീകൾക്കുവേണ്ടി വല്ലാതെ വാദിക്കുന്ന വിമൻ ഇന്ത്യാ മൂവ്മെന്റ്, മദ്രസയിലെ ആത്മഹത്യയുടെ കാര്യത്തിൽ മാത്രമല്ല ഒരു മതചടങ്ങിൽ അവാർഡ് വാങ്ങാനെത്തിയ പെണ്കുട്ടിക്ക് പരസ്യശകാരം കിട്ടിയപ്പോഴും മാളത്തിൽത്തന്നെ ആയിരുന്നു. പത്താം ക്ലാസ് വിദ്യാർഥിനിയെ വേദിയിൽ വച്ച് പ്രമുഖ മതനേതാവ് ശകാരിച്ചതിൽ കേരളത്തിലെ വിപ്ലവ വനിതാ പ്രവർത്തകർക്കാർക്കും ഒന്നും തോന്നിയില്ല.
2021 നവംബറിൽ അൽ അസർ കോളജിലെ നിയമവിദ്യാർഥിനിയായിരുന്ന മോഫിയ പർവിൻ ഭർത്താവ് മുഹമ്മദ് ഷൂഹൈലിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലും ആരും സമരമുഖത്ത് വന്നില്ല.
സോളാർ കമ്മീഷൻ
സോളാർ കമ്മീഷന്റെ റിപ്പോർട്ടിനെക്കുറിച്ച് സിപിഐ നേതാവ് സി. ദിവാകരനും തെളിവെടുപ്പിനെക്കുറിച്ച് മുൻ ഡിജിപി ഹേമചന്ദ്രനും ആത്മകഥകളിൽ നടത്തുന്ന വെളിപ്പെടുത്തലുകൾ എത്രയോ അപമാനകരമാണ്. അവർ ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് ജഡ്ജിയുടെ ഭാഗം വരുമോയെന്നാണ് ജനം കാത്തിരിക്കുന്നത്. പാവം ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന് നീതി ലഭിക്കുന്നതുപോലെ തോന്നിപ്പോകുന്നു. പിന്നിൽനിന്നു കുത്തിയവരും തെറ്റ് ഏറ്റുപറയുകയെങ്കിലും വേണം. മാണിയുടെയും ഉമ്മൻചാണ്ടിയുടെയും കണ്ണീരല്ലേ ജനാധിപത്യമുന്നണിയെ വിട്ടുമാറാത്ത ശാപം.

അനന്തപുരി /ദ്വിജന്