‘ഒന്നല്ല, രണ്ടു കഴുകൻമാരായിരുന്നു അവിടെ ഉണ്ടായിരുന്നത്, അതിലൊരാൾ ഒരു ഫോട്ടോഗ്രാഫറായിരുന്നു’, എന്നുള്ള കുറ്റപ്പെടുത്തലുകൾ എല്ലാവരിലും നിന്നും സ്വന്തക്കാരിൽ നിന്നുപോലും ഉണ്ടായി.

Share News

നമ്മൾ എടുക്കുന്ന ചില നിലപാടുകൾ ഭാവിജീവിതത്തെ മുഴുവൻ സ്വാധീനിക്കാൻ പോകുന്നതായിരിക്കും എന്ന് പലപ്പോഴും നമ്മൾ ഓർക്കാറില്ല.

ടൈറ്റൻ അന്തർവാഹിനി ദുരന്തം തരുന്ന വലിയൊരു പാഠമുണ്ട്…

2015ൽ ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് ജോലിക്കെടുത്ത, സബ്മെറിൻ പൈലറ്റും വിസിൽബ്ളോവർ എഞ്ചിനീയറുമായ ഡേവിഡ് ലോക്ക്റിഡ്ജിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.

ഓഷ്യൻഗേറ്റിന്റെ ജലപേടകം സമുദ്രാന്തർഭാഗത്തും ഉപരിതലത്തിലുമുള്ള പര്യവേക്ഷണങ്ങൾക്ക് സുരക്ഷിതമാണോ എന്നാണ് അയാൾക്ക് പരിശോധിക്കേണ്ടിയിരുന്നത്.

അന്തർവാഹിനിയുടെ ക്വാളിറ്റിയിലും , സമുദ്രത്തിലെ പരീക്ഷണങ്ങൾക്കിടയിൽ സംഭവിക്കാനിടയുള്ള അപകടങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച ഡേവിഡ് ലോക്ക്റിഡ്ജിനെ ഓഷ്യൻഗേറ്റ് അപ്പോൾ തന്നെ പിരിച്ചുവിട്ടു.

പത്ത് മിനിട്ടാണ് തന്റെ സാധനങ്ങൾ പാക്ക് ചെയ്ത് സ്ഥലം വിടാനായി കമ്പനി ലോക്ക്റിഡ്ജിന് നൽകിയത്. തീർന്നില്ല, അവരുമായുള്ള കോൺട്രാക്റ്റിന് വിരുദ്ധമായി അവരുടെ ട്രേഡ് സീക്രറ്റ്സ് Occupational Health and Safety Adminidtration ന് വെളിപ്പെടുത്തി എന്നാരോപിച്ച് ഒരു കേസും ഫയൽ ചെയ്തു. തിരിച്ചൊരു കേസ് കൊടുത്ത ലോക്ക്റിഡ്ജ് നിർണ്ണായകമായ വിവരങ്ങളാണ് ജനുവരി 2018ൽ നടന്ന മീറ്റിങ്ങിൽ അതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ്സിന് കൈമാറിയത്.

അതിങ്ങനെയായിരുന്നു. 1300 മീറ്റർ ആഴത്തിൽ നിന്നുള്ള മർദ്ദം ആണ് മാക്സിമം ഈ അന്തർവാഹിനിക്ക് താങ്ങാൻ കഴിയുക. പക്ഷേ ഇവർ യാത്രക്കാരെ കൊണ്ടുപോകാൻ പോകുന്നത് 4000 മീറ്റർ ആഴത്തിലേക്കാണ്, ടൈറ്റാനിക് കപ്പൽ കിടക്കുന്ന അത്ര ആഴത്തിലേക്ക്. അതിന്റെ പുറന്തോടിന് താങ്ങാൻ കഴിയാത്ത മർദ്ദം ആണതെന്ന് ലോക്ക്റിഡ്ജ് വാദിച്ചു. പിന്നെയും വേറെ കുറേ പ്രശ്നങ്ങൾ അതിന്റെ ഡിസൈനിൽ ഉണ്ടായിരുന്നു.

പക്ഷേ ഈ പ്രശ്നങ്ങളെ ശരിയായി പഠിക്കുകയോ തെറ്റുകൾ തിരുത്താനുള്ള തീരുമാനമെടുക്കുകയോ ചെയ്യാതെ ലോക്ക്റിഡ്ജിനെ പുറത്താക്കുകയാണ്, അപകടത്തിൽ മരിച്ച സ്റ്റോക്ക്ടൺ റഷ് CEO ആയിട്ടുള്ള ഓഷ്യൻഗേറ്റ് കമ്പനി ചെയ്തത്. ഓഷ്യൻഗേറ്റിലെ ജീവനക്കാരും ഒരുപക്ഷേ Occupational Health and Safety Adminidtration ലെ ഉദ്യോഗസ്ഥരും കണ്ണടച്ചു ഇരുട്ടാക്കിയിരുന്നില്ലെങ്കിൽ ഇപ്പോൾ നടന്ന ആ ദുരന്തം സംഭവിക്കില്ലായിരുന്നു.

നമ്മുടെ ചില നിലപാടുകളും തീരുമാനങ്ങളും അശ്രദ്ധകളും, ജീവിതകാലം മുഴുവൻ നീറി നീറി ഉറക്കം പോകുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുമെങ്കിലോ?

ഡേവിഡ് ലോക്ക്റിഡ്ജ്, പേടകം യാത്രക്ക് സുരക്ഷിതമാണെന്ന ക്‌ളീൻ ചിറ്റ് കൊടുത്ത് തന്റെ ജോലി സുരക്ഷിതമാക്കിയിരുന്നെങ്കിൽ അയാൾക്ക് ഇനിയുള്ള കാലം സമാധാനം കിട്ടുമായിരുന്നോ?

292 പേർ മരിച്ച ഒഡീഷ ട്രെയിൻ അപകടം, ആരുടെയെങ്കിലും അശ്രദ്ധ മൂലം പറ്റിയ സിഗ്നൽ പിഴവാണെങ്കിലോ?

നമ്മുടെ ജോലിയിൽ അറിഞ്ഞുകൊണ്ട് വരുത്തുന്ന ചില കണ്ണടക്കലുകൾ , അധികാരസ്ഥാനങ്ങളിലുള്ളവർ വരുത്തുന്ന വീഴ്ചകൾ, ഭരണത്തിലെ അഴിമതികൾ, ഭക്ഷണസാധനങ്ങളിൽ കലർത്തുന്ന മായം, നമ്മുടെ നിലപാടുകൾ..ഒക്കെ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുകൊണ്ട് ജീവിതകാലം മുഴുവൻ നമ്മുടെ സമാധാനം പോകുമെങ്കിൽ പിന്നെ, അതിന് നിക്കണോ?

തങ്ങൾ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയപാർട്ടികൾ, തെറ്റാണ് ചെയ്തതെന്ന് വ്യക്തമായി അറിയാമെങ്കിലും അതിനായി ന്യായം പറഞ്ഞു വാദിക്കുന്നവർ..തെറ്റായ ചില ആസക്തികൾ കുടുംബം കലക്കുമെന്ന് അറിയാമെങ്കിലും പിന്തിരിയാത്തവർ…ചിന്തിക്കണം.

കെവിൻ കാർട്ടർ എന്ന ഫോട്ടോ ജേർണലിസ്റ്റിനെ അറിയാമല്ലോ അല്ലേ ?

കടുത്ത ദാരിദ്ര്യവും വരൾച്ചയും ബാധിച്ചിരുന്ന സുഡാനിൽ, ഐക്യരാഷ്ട്രസഭയുടെ സഹായവുമായി പോയ വിമാനത്തിൽ ചെന്നിറങ്ങിയ കെവിൻ, എല്ലും തോലുമായി ചാവാറായി ഇരിക്കുന്ന ഒരു കൊച്ചുകുട്ടിയേയും അതിന്റെ മരണം കാത്ത് അടുത്ത് തന്നെ ഇരിക്കുന്ന കഴുകന്റെയും ഫോട്ടോ എടുത്ത കാര്യവും ആ ഫോട്ടോയും നമുക്ക് പരിചിതമാണ്.

ആ ഫോട്ടോ കാരണം പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്ന കെവിനെ തകർത്തു കളഞ്ഞ ചോദ്യമായിരുന്നു, “ആ കുട്ടി ഇപ്പോൾ എവിടെ? അതിന് വേണ്ടി നിങ്ങൾ എന്ത് ചെയ്തു? ” എന്നുള്ളത്.

തിരക്കിട്ട് ഓടിയ കെവിൻ ആ കുട്ടിക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല. ‘ഒന്നല്ല, രണ്ടു കഴുകൻമാരായിരുന്നു അവിടെ ഉണ്ടായിരുന്നത്, അതിലൊരാൾ ഒരു ഫോട്ടോഗ്രാഫറായിരുന്നു’, എന്നുള്ള കുറ്റപ്പെടുത്തലുകൾ എല്ലാവരിലും നിന്നും സ്വന്തക്കാരിൽ നിന്നുപോലും ഉണ്ടായി. അതുതന്നെ ചിന്തിച്ചു വിഷാദരോഗത്തിലേക്ക് വീണ കെവിൻ കാർട്ടറിനെ സന്തോഷിപ്പിക്കാൻ പുലിറ്റ്സർ പുരസ്കാരത്തിനു പോലും കഴിഞ്ഞില്ല. അവസാനം ഒരു ആത്മഹത്യയിൽ അയാൾ ജീവിതം അവസാനിപ്പിച്ചു.

അതുകൊണ്ട് ഓരോ വിഷയത്തിലുമുള്ള നമ്മുടെ തിരഞ്ഞെടുപ്പുകൾ ആലോചിച്ചു വേണം. എന്തൊക്കെ നഷ്ടങ്ങൾ വന്നാലും സത്യത്തിന്റെയും നീതിയുടെയും ഭാഗത്തുനിന്നാൽ പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ സമാധാനവും സന്തോഷവുമുണ്ടാകും.

ദൈവത്തിന് നിരക്കാത്തത് ചെയ്യാതിരിക്കുക. അത്ര തന്നെ.

“Wrong is wrong even if everybody is wrong. Right is right even if nobody is right”..

Bishop Fulton J Sheen.

ജിൽസ ജോയ് ✍️

Share News