മയക്ക് മരുന്ന്: വണ്ടന്മേട്ടിൽ നിന്നും ചാലക്കുടിയിലേക്കുള്ള ദൂരം |സത്യത്തിൽ ഇവരൊന്നും ഇനി സർവ്വീസിൽ തിരിച്ചെത്തരുത്.|മുരളി തുമ്മാരുകുടി

Share News

ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന സ്ത്രീയെ ബാഗിൽ കണ്ടിരുന്ന സ്റ്റാമ്പുകൾ മയക്കു മരുന്ന് ആണെന്ന സംശയത്തിൽ അറസ്റ്റ് ചെയ്ത് അവർ എഴുപത്തി രണ്ടു ദിവസം ജയിലിൽ കിടന്ന കഥ വായിച്ചു ഞെട്ടി.

അവസാനം പരിശോധന ഫലം വന്നപ്പോൾ മയക്കുമില്ല, മരുന്നുമില്ല.എന്തൊരു കഷ്ടമാണ്.

മയക്കുമരുന്നിനോടുള്ള സമൂഹത്തിന്റെ പേടിയും എതിർപ്പും കാരണം ആരെ വേണമെങ്കിലും മയക്ക് മരുന്ന് വ്യാപാരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടാലും ആരും ചോദിക്കില്ല എന്ന രീതി ആയി.

മയക്കുമരുന്ന് കച്ചവടത്തിലോ മറ്റു കുറ്റകൃത്യങ്ങളിലോ യാതൊരു ട്രാക്ക് റെക്കോർഡും ഇല്ലെങ്കിലും “ഇപ്പോഴത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല” എന്ന തരത്തിലാണ് പൊതു സമൂഹം.

യാതൊരു എതിർപ്പുമില്ല.ഒരു കാലത്ത് ആളുകളെ “മാവോസിറ്റ്” ആക്കൽ ആയിരുന്നു രീതി.

മാവോയിസ്റ്റ് ആണെന്ന് മുദ്ര കുത്തിക്കഴിഞ്ഞാൽ എല്ലാവരും സാമൂഹിക അകലം പാലിക്കും.

ഈ കേസ് വായിച്ചപ്പോൾ കഴിഞ്ഞ വർഷം ഇടുക്കിയിൽ എവിടെയോ ഒരാളുടെ ബൈക്കിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ട് പോലും അയാളെ അറസ്റ്റ് ചെയ്യാതിരുന്ന ഒരു ഓഫിസറുടെ കഥ വായിച്ചിരുന്നല്ലോ എന്ന് ഓർത്തത്.

അവസാനം കേസ് അന്വേഷിച്ചു വന്നപ്പോൾ സ്‌കൂട്ടർ ഉടമയുടെ ഭാര്യ തന്നെയാണ് മയക്ക് മരുന്ന് സംഘടിപ്പിച്ച് ഭർത്താവിനെ കുടുക്കാൻ നോക്കിയത്.

ആലോചിച്ചു നോക്കണം ഒരിടത്ത് യഥാർത്ഥത്തിൽ മയക്ക് മരുന്ന് ഉണ്ടായിരുന്നു, എന്നിട്ടും ശരിയായ നീതി ബോധം ഉള്ള ഒരു ഓഫിസർ കേസ് അന്വേഷിച്ചു കഴിയുന്നത് വരെ “പ്രതിയെ” കസ്റ്റഡിയിൽ എടുക്കുന്നില്ല മറ്റൊരിടത്ത് യഥാർത്ഥത്തിൽ മയക്കു മരുന്നില്ല എന്നിട്ടും ഒരു സംരഭകയെ രണ്ടര മാസം ജയിലിൽ ഇടുന്നു.

സാധാരണ ഗതിയിൽ ജീവിച്ചിരുന്ന ഒരാൾക്ക് ഒരു കുറ്റവും ചെയ്യാതെ ഒരു മുന്നറിയിപ്പും ഇല്ലാതെ ജയിലിൽ പോകേണ്ടി വരുന്നത് എത്ര ക്രൂരമാണ്?

ജയിൽ വാസം തന്നെ കഠിനം മാനഹാനി സ്വന്തം കച്ചവടം തകരുന്നു ബന്ധുക്കളും നാട്ടുകാരും സംശയത്തോടെ കാണുന്നു നിയമം ഒക്കെ കർശനമായ നാടുകളിൽ ആയിരുന്നെങ്കിൽ ഒരാളെ ഇത്തരത്തിൽ കഷ്ടപ്പെടുത്തിയതിന് കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നേനെ.

ഇവിടെ ഇപ്പോൾ അതൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇപ്പോഴെങ്കിലും പുറത്തിറങ്ങിയത് ഭാഗ്യം എന്നും ഇനി കേസിനൊന്നും പോകേണ്ട എന്നുമായിരിക്കും അവരെ എല്ലാവരും ഉപദേശിക്കാൻ പോകുന്നത്.

ഈ നാട്ടിൽ തന്നെ ജീവിച്ചു പോകാനുള്ളതല്ലേ !”മയക്കു മരുന്ന്” കണ്ടെടുത്ത് അറസ്റ്റ് ചെയ്ത ഓഫീസറെ സസ്‌പെൻഡ് ചെയ്തു എന്നാണ് വായിച്ചത്. അത്രയും നല്ലത്.

സത്യത്തിൽ ഇവരൊന്നും ഇനി സർവ്വീസിൽ തിരിച്ചെത്തരുത്.

മറ്റുളളവരുടെ ജീവിതത്തെ ഇതുപോലെ മാറ്റിമറിക്കാൻ ഉള്ള ഉത്തരവാദിത്തം അവർക്ക് ലഭിക്കരുത്.

ഇങ്ങനെയുള്ളവർ ഇതിന് മുൻപ് ആരെയൊക്കെ ദ്രോഹിച്ചു എന്നാർക്കറിയാം, ഇനി സർവ്വീസിൽ തിരിച്ചെത്തിയാൽ ആരെയൊക്കെ ദ്രോഹിക്കും എന്നറിയാം?

അതിലും കൂടുതൽ, ഇത്ര കഠിനമായ തെറ്റ് ചെയ്താലും കുറച്ചു നാൾ സസ്‌പെൻഷനിൽ ഒക്കെ കഴിഞ്ഞിട്ട് തിരിച്ചു സർവ്വീസിൽ എത്താം എന്ന് വന്നാൽ മറ്റുള്ള ഉദ്യോഗസ്ഥർക്ക് എന്ത് സൂചനയാണ് അത് നൽകുന്നത്?

എന്താണെങ്കിലും വണ്ടന്മേട്ടിലെ സർക്കിൾ ഇൻസ്പെകർ നവാസിനെ ഒരിക്കൽ കൂടി സ്നേഹത്തോടെ ഓർക്കാൻ ഉള്ള അവസരം ആയി.

വണ്ടന്മേട്ടിലെ കഥ ഓർക്കാൻ ലിങ്ക് ഒന്നാമത്തെ കമന്റിൽ നിങ്ങളെ പോലുള്ളവർ ആണ് പ്രതീക്ഷ നൽകുന്നത്.

മുരളി തുമ്മാരുകുടി

https://indianexpress.com/article/india/kerala-sheela-sunny-72-days-in-jail-over-lsd-stamps-that-never-were-8748930/

https://www.onmanorama.com/news/kerala/2023/06/30/chalakudy-beauty-parlour-owner-sheela-sunny-lsd-stamps-case-chemical-analysis-report.html

https://english.mathrubhumi.com/news/kerala/lsd-stamps-case-probe-official-transferred-excise-minister-assures-strict-action-1.8691599

Share News