കോടതിയിൽ കാണാമെന്ന് പറയുമ്പോൾ!|കോടതി കയറണോ എന്ന് ആയിരം വട്ടം ആലോചിക്കണം.|ജുഡീഷ്യറിയെ സഹായിക്കുന്ന ശക്തമായ കരങ്ങളാണ് വക്കീലന്മാർ!

Share News

കോടതികളിൽ ജയിക്കുന്നത് പണവും ബുദ്ധിയും തന്ത്രങ്ങളും മാത്രമാണ് എന്ന് തോന്നിപ്പോകുന്നു. ബുദ്ധിപൂർവമായ നീക്കങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും എതിരാളിയുടെ വായടപ്പിക്കാനും നിലപാടുകളെ തകർക്കാനും കഴിവുള്ള വക്കീലന്മാണ് വ്യവഹാരങ്ങളിൽ ജയിക്കുന്നത്.

മത്സരം വക്കീലന്മാർ തമ്മിലാണ്. വാദിയും പ്രതിയും തമ്മിലല്ല. വാദിയുടെയും പ്രതിയുടെയും പേരിൽ വക്കീലന്മാർ ഏറ്റുമുട്ടുന്നു. ന്യായങ്ങൾ നിരത്തുന്നു. അതിൽ സത്യവും നുനയും ഒക്കെ കാണും. വിധികർത്താവ് ജഡ്ജിയോ ജഡ്ജിമാരോ ആകും.

ജയിക്കാൻ പ്രാപ്തിയുള്ള വക്കീൽ കൂടുതൽ പണം ആവശ്യപ്പെടും. കൂടുതൽ പണം കൊടുക്കാൻ കഴിവുള്ളവർ ഏറ്റവും ബുദ്ധിമാനും ഏറ്റവും തന്ത്രശാലിയുമായ വക്കീലിനെ വക്കാലത്ത് ഏൽപ്പിയ്ക്കും. അതുകൊണ്ടു ഒരർത്ഥത്തിൽ രണ്ടു പക്ഷത്തുമുള്ള പണത്തിന്റെ ഒഴുക്കിന്റെ ശക്തി പരീക്ഷിച്ചു ജയിക്കാനാണ് കോടതിയിലെ മൽസരം.ജഡ്ജിമാർ ഒരിക്കൽ വക്കീലോ വക്കീലാൻമാരുടെ സഹപാഠികളോ സഹപ്രവർത്തകരോ ആയിരുന്നതുകൊണ്ട് അവർ തമ്മിലുള്ള ബന്ധങ്ങളും മത്സരങ്ങളും പരോക്ഷമായെങ്കിലും വിധിയെ സ്വാധീനിച്ചു എന്ന് വരാം. അതിനെല്ലാം പുറമെയാണ് കൊടുക്കുന്നുവെന്നും വാങ്ങുന്നുവെന്നും പറയപ്പെടുന്ന പല തലങ്ങളിലെ കൈക്കൂലിയുടെ കാര്യം; അതൊന്നും സത്യമല്ലെന്ന് കരുതിയാൽ പോലും സത്യം കോടതിയിൽ ജയിക്കുമെന്ന് പൂർണ്ണ ഉറപ്പൊന്നും ഇല്ല. കോടതിയിലെ മത്സരത്തിൽ ജയിക്കയോ തോൽക്കയോ ചെയ്തു എന്നെ പറയാനാകൂ.

അതുകൊണ്ട് വ്യവഹരവുമായി കോടതി കയറുന്നത് പണം കൊടുത്തു ജയം ഉറപ്പിക്കാമെന്ന് ഉറപ്പുള്ളവർ മാത്രം. കോടതിയിൽ കാണാമെന്നു പറയുന്നവർ കൂടുതൽ പണവും സ്വാധീനവും ഉള്ളതുകൊണ്ട് തങ്കളെ ഞാൻ തകർത്തിരിക്കുമെന്ന് വെല്ലുവിളി നടത്തുന്നവർ. പണം ചിലവാക്കി ജയം നേടാനുള്ള മറ്റൊരു സംവിധാനമാണ് കോടതി എന്ന് പറയാതെ പറയുകയും പണം കൊടുത്തു ജയിക്കുമെന്ന് പരോക്ഷമായി പ്രഖ്യാപിക്കയും ചെയ്യുന്നവർ.

സത്യസന്ധരായ ജഡ്ജിമാർ പോലും സാധാരണ ഗതിയിൽ നോക്കുന്നത് പ്രധാനമായും ഏത് വക്കീലാണ് ഫൗൾ കാണിക്കാതെ ഗോളടിച്ചത് എന്നത് മാത്രമാണ്.

ക്രമചട്ടങ്ങളും നിയമങ്ങളും കൃത്യമായി പാലിച്ചു വിജയത്തിന്റെ ഓരോ പൊയ്‌ന്റിം കൃത്യമായി കടക്കുന്ന വക്കീലിനെ ജഡ്ജി വിജയി ആയി പ്രഖ്യാപിക്കും. ഏതു ടീമാണ് സത്യം പറഞ്ഞത്; ഏത് ടീമിനാണ് നീതിബോധമുള്ളത്; ഏത് ടീമിന്റെ ഉടമസ്ഥനാണ് നന്മയുള്ളത്; ആരാണ് യഥാർത്ഥത്തിൽ കുറ്റക്കാരൻ എന്നതിനതീതമായി കോടതിയുടെയും നിയമത്തിന്റെയും ക്രമചട്ടങ്ങളും വകുപ്പുകളും കൃത്യമായി പാലിച്ചു വാദിക്കുന്നതിൽ ആരു ജയിച്ചു എന്നതാകും കാര്യം.

അതുകൊണ്ടു സത്യം ജയിക്കാനും നീതി ലഭിക്കാനും കോടതി കയറണോ എന്ന് ആയിരം വട്ടം ആലോചിക്കണം. ഒഴിവാക്കുന്നതാണ് ബുദ്ധി. പണവും ലാഭിക്കാം; മാനവും കാക്കാം.

ജോസഫ് പാണ്ടിയപ്പള്ളിൽ

സിനിമാ തിരക്കഥയിൽ കാണുന്ന കാര്യങ്ങൾ എല്ലാം സത്യമാണെന്ന് കരുതി, തങ്ങളുടെ ജീവിതം മാറ്റിമറിച്ച് നിരാശയുടെ പടുകുഴിയിൽ പതിക്കുന്ന നിരവധി ജന്മങ്ങളുണ്ട്.

ജുഡിഷ്യറിയെക്കുറിച്ചും അത്തരം ഇക്കിളി കഥകൾ പ്രചരിപ്പിച്ച് കയ്യടി വാങ്ങുന്ന ബുദ്ധിശാലികളായ എഴുത്തുകാരുമുണ്ട്.

പക്ഷെ അത്തരം കഥകൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ ഒന്നിനും കൊള്ളാത്ത ഒരു പ്രസ്ഥാനമായി തരംതാഴ്ത്തി കാണിക്കുന്നത് ആശാവഹമല്ല എന്ന് ഓർക്കുക.

നീതിയും, ന്യായവും, നിയമങ്ങളും ചട്ടങ്ങളും പ്രകാരമാണ് കേസുകളിൽ വിധി പറയുന്നത്.

കക്ഷികൾക്ക് കോടതിയിൽ നേരിട്ട് വന്ന് തൻ്റെ ഭാഗം വാദിക്കാൻ ഒരു തടസ്സവുമില്ല. എന്നാൽ നിയമത്തിൻ്റെ എല്ലാ വശങ്ങളും അദ്ദേഹത്തിന് അറിയണമെന്നില്ല.

തൻ്റെ പരാതി പോലുള്ള മുൻ കേസുകളിൽ കോടതിയുടെ വിധികൾ എന്തൊക്കെയാണെന്ന് അറിയണമെന്നില്ല.
സിവിൽ / ക്രമിനൽ പ്രൊസീജിയറൽ കോഡോ അറിയണമെന്നില്ല.

അങ്ങിനെയുള്ള അവസരങ്ങളിലാണ് ഒരു വക്കാലത്താമാ വഴി അദ്ദേഹം തൻ്റെ കേസ് നടത്തുവാൻ ഒരു വക്കീലിനെ ചുമതലപ്പെടുത്തുന്നത്.

വക്കീലിൻ്റെ പ്രധാന ചുമതല തൻ്റെ കക്ഷിയുടെ കേസ് ബഹുമാനപ്പെട്ട ജഡ്ജിയുടെ മുന്നിൽ അവതരിപ്പിച്ച് – അതിൻ്റെ സത്യാവസ്ഥ അദ്ദേഹത്തെ ധരിപ്പിക്കുക എന്നതാണ്.

വാസ്തവത്തിൽ ബഹുമാനപ്പെട്ട ജഡ്ജി നടത്തുന്നത് ഒരു സത്യാന്വേഷണമാണ്. ഈ സത്യാന്വേഷണത്തിൻ ബഹുമാനപ്പെട്ട ജഡ്ജിയെ സഹായിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്യമാണ് വക്കീൽ ഏറ്റെടുക്കുന്നത്.

കാരണം ഒരു വക്കീൽ തൻ്റെ കക്ഷിക്കുവേണ്ടി മാത്രം സംസാരിക്കുന്ന ഒരാളായിട്ടല്ല, പ്രത്യുത അദ്ദേഹം ഒരു കോർട്ട് ഓഫീസർ കൂടിയാണ്. കോടതിയെ സഹായിക്കുന്ന ഒരു ഓഫിസർ. ഒരു കേസിൻ്റെ വിചാരണയിൽ എന്തെങ്കിലും അബരേഷൻസ് കടന്നു വന്നാൻ അത് ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ചുമതലപ്പെട്ടവനും കൂടിയാണ് ഒരു വക്കീൽ.

ഇവിടെയും പല സിനിമാകളിലും സീരിയലുകളിലും ഒരു ഹാസ്യ കഥാപാത്രത്തെപ്പോലെയാണ് വക്കീലിനെ അവതരിപ്പിക്കുന്നത്. തിരക്കഥയ്ക്ക് മൂർച്ച കൂടുവാനും പലപ്പോഴും ഹാസ്യ രംഗങ്ങൾക്ക് കുടപിടിക്കാനും വക്കീലിനെ കഥാകൃത്തുക്കൾ ഉപയോഗിക്കാറുണ്ട്.

എന്നാൽ കഥയല്ല ജീവിതം എന്നും ഓർക്കുക.

ഒരു കാര്യം പറയാതെ വയ്യ,

ലജിസ്ലേച്ചർ, എക്സിക്യൂട്ടിവ് എന്നീ ശക്തമായ സംവിധാനങ്ങളിലൂടെ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന അടിസ്ഥാന സ്വാതന്ത്യത്തിൻ്റെയും അവകാശത്തിൻ്റെയും സംരക്ഷണം ജൂഡീഷ്യറിക്കു മാത്രമേ നൽകുവാൻ കഴിയൂ. ഇതിന് വേണ്ടി ജുഡീഷ്യറിയെ സഹായിക്കുന്ന ശക്തമായ കരങ്ങളാണ് വക്കീലന്മാർ!

അഡ്വ .ജോസി സേവ്യർ
.

Share News