ഡ്രഡ്ജ് റിപ്പോർട്ട്, |സാമ്പത്തിക, സ്വാധീന സാദ്ധ്യതകൾ, |മറുനാടൻ മലയാളി. | മറയില്ലാത്ത വാർത്തകൾക്ക് വളരെ അധികം ആവശ്യക്കാരുണ്ട്

Share News

മാറ്റ് ഡ്രഡ്ജ്, ഡ്രഡ്ജ് റിപ്പോർട്ട് എന്ന അമേരിക്കൻ വാർത്താ അഗ്ഗ്രിഗേഷൻ പോർട്ടലിന്റെ സ്ഥാപകൻ. വർഷങ്ങളോളം റേഡിയോ, ടിവി ടോക്ക് ഷോ ഹോസ്റ്റ് ആയിരുന്നെങ്കിലും ഇദ്ദേഹം മുൻനിരയിലേക്ക് വരുന്നത് ദി ഡ്രഡ്ജ് റിപ്പോർട്ട് വഴിയാണ്. ഗൂഗിളിനും ഫേസ്ബുക്കിനും മുൻപ് ഇന്റർനെറ്റ് ട്രാഫിക്കിന്റെ ആദ്യകാല പ്രധാന ഡ്രൈവർ ഡ്രഡ്ജ് റിപ്പോർട്ട് ആയിരുന്നു. ഡ്രഡ്ജ് റിപ്പോർട്ട് ഇന്നും നിലവിൽ ഉണ്ട്, പക്ഷെ സ്വന്തമായി വാർത്താ റിപ്പോർട്ട് കൊടുക്കാതെ മറ്റു മാധ്യമങ്ങളിലേക്ക് ക്ലിക്ക് ബെയിറ്റ് ലിങ്ക് കൊടുക്കുകയാണ് ഇപ്പോൾ മിക്കവാറും.

തൊണ്ണൂറുകളുടെ ആദ്യം ഓൺലൈൻ വാർത്തകൾക്ക് മുഖ്യധാരാ മാധ്യമങ്ങളുടെ ഇന്റർനെറ്റ് സൈറ്റ് മാത്രം ആശ്രയമായിരുന്ന കാലം, ഒരു ഇമെയിൽ ന്യൂസ് ലെറ്റർ ആയി തുടങ്ങി, ഗോസ്സിപ്പിന് പ്രാധാന്യം കൊടുത്ത്, ഡ്രഡ്ജ് റിപ്പോർട്ട് തുടങ്ങി. സൈൻഫെൽഡ് എന്ന ഹിറ്റ് സിറ്റ്‌കോമിന്റെ ഒരു എപ്പിസോഡിന് ജെറി സീൻഫെൽഡ് $1 മില്യൺ ആവശ്യപ്പെടുന്നതായി ഡ്രഡ്ജ് പ്രസിദ്ധീകരിച്ചു. മുൻ ബഫല്ലോ ബിൽസ് ക്വാർട്ടർബാക്ക് ജാക്ക് കെംപ് ബോബ് ഡോളിന്റെ വൈസ് പ്രസിഡന്റ് ക്യാൻഡിഡേറ്റ് ആയി ക്ലിണും, ഗോറിനും എതിരെ മത്സരിക്കുന്നു എന്ന വാർത്ത ഇദ്ദേഹമാണ് ആദ്യം പുറത്തു കൊണ്ടുവന്നത്. ബിൽ ക്ലിന്റൺ – മോണിക്കാ ലെവിൻസ്‌കി അപവാദം ന്യൂസ് വീക്ക് ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ മൈക്കിൾ ഐസീക്കോവ് അന്വേഷിച്ചു കണ്ടുപിടിച്ചത്. എന്നാൽ അവസാന നിമിഷം ന്യൂസ് വീക്ക് ഈ വാർത്ത കൊടുക്കാൻ വിസമ്മതിന്റച്ചു. പക്ഷെ ആ സമയം കൊണ്ട് മാറ്റ് ഡ്രഡ്ജ് ന്യൂസ് വീക്ക് വൈമുഖ്യം കാണിക്കുന്നു എന്നുൾപ്പെടെ ആ വാർത്ത പുറത്തു വിട്ടു. ഇതൊക്കെ കൊണ്ട് മാറ്റ് ഡ്രഡ്ജ് പൂർണ്ണ പ്രശസ്തിയിലേക്ക് ഉയർന്നു. എന്റെ അറിവിൽ ഇന്നുവരെ തന്റെ ക്ലിന്റൺ-ലെവിൻസ്‌കി വാർത്തയുടെ ഉറവിടം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഹിറ്റ് ഓർ മിസ്സ് രീതിയിൽ വാർത്തകൾ ബ്രേക്ക് ചെയ്തിരുന്ന ഡ്രഡ്ജ്ന് ധാരാളം പിശകുകളും പറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് മൈക്രോസോഫ്റ്റ് നെറ്റ്‌സ്‌കേപ്പ് വാങ്ങുകയാണെന്നും, ബ്ലോക്ക് ബസ്റ്റർ ആയി തീർന്ന ഇൻഡിപെൻഡൻസ് ഡേ പൊളിയുമെന്നും ഒക്കെ ഡ്രഡ്ജ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിവാദങ്ങൾ ധാരാളം ഡ്രഡ്ജിനെ ചുറ്റി എന്നും ഉണ്ടായിരുന്നു. മാസ്സച്ചുസെറ്റ്സ് US അറ്റോർണി ഓഫീസിലെ ജീവനക്കാരോട് ഡ്രഡ്ജ് റിപ്പോർട്ട് ഉപയോഗിക്കരുത് എന്ന് ഒരിക്കൽ നിർദേശിച്ചിരുന്നു. പിന്നീടത് കമ്പ്യൂട്ടർ വൈറസ് വരാതിരിക്കാനെന്ന് പറഞ്ഞു തടിയൂരി. ബിൽ ക്ലിന്റന്റെസഹായി സിഡ്നി ബ്ലൂമിന്തൽ അദ്ദേഹത്തിന്റെ ഭാര്യയെ ഉപദ്രവിച്ചു എന്ന് കള്ള വാർത്ത കൊടുത്തുവെന്നാരോപിച്ച് മുപ്പതു മില്യൺ ഡോളറിന്റെ ഒരു കേസ് ഉണ്ടായിരുന്നു. അത് പിന്നീട് പിൻവലിച്ചു. ഡെൻവർ പോസ്റ്റിന്റെ എയർപോർട്ട് സെക്യൂരിറ്റി ചെക്കിനെപ്പറ്റിയുള്ള വാർത്തയിലെ ചിത്രം കോപ്പിറൈറ്റ് ലംഘിച്ചു ഉപയോഗിച്ചതുകൊണ്ട് ഡ്രഡ്ജ് റിപ്പോർട്ട് വെബ്സൈറ്റ് പൂട്ടണം എന്ന് ഒരു കേസുണ്ടായിരുന്നത് നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീർപ്പാക്കി.

രണ്ടു പാർട്ടിയിലും ഉള്ള മിക്കവാറും എല്ലാ രാഷ്ട്രീയ നേതാക്കളും, പ്രസിഡന്റ് സ്ഥാനാർത്ഥികൾ ഉൾപ്പെടെ മാറ്റ് ഡ്രഡ്ജ്നെ സ്വാധീനിക്കാൻ ശ്രദ്ധിച്ചിരുന്നു. ആദ്യം മുതൽ തന്നെ റിപ്പബ്ലിക്കൻ ചായ്‌വ് വളരെ വ്യക്തമായിരുന്നു, എന്നാൽ ഇദ്ദേഹം ഒടുവിൽ ഡൊണാൾഡ് ട്രമ്പിനെതിരെ തിരിയുകയും ചെയ്തു.

സത്യസന്ധമായ, ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനത്തിന് ഡ്രഡ്ജ് ഒരു ഭീഷണിയാണ്. ആളുകൾ അവനെ വായിക്കുകയും, വായിക്കുന്നത് വിശ്വസിക്കുകയും ചെയ്യുന്നിടത്തോളം, അവൻ അപകടകാരിയാണ് എന്നാണ് ഡ്രഡ്ജിനെ പറ്റി ന്യൂസ് വീക്കിലെ മൈക്കിൾ ഐസീക്കോവ് പറഞ്ഞത്. അമേരിക്കയിലെ വാഴുന്ന കുഴപ്പം സൃഷ്ടിക്കുന്നവൻ എന്നാണ് ഡ്രഡ്ജിനെ പറ്റി ന്യൂ യോർക്ക് ടൈംസിലെ ടോഡ് സ്റ്റാൻലി പുർഡം വിശേഷിപ്പിച്ചത്.

എന്നാൽ ഇതേ മാറ്റ് ഡ്രഡ്ജിനെ അമേരിക്കയിലെ എക്കാലത്തെയും ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമ പ്രവർത്തകനായ എബിസി ന്യൂസിലെ വാൾട്ടർ ക്രോൺകൈറ്റ് പോലെയാണ് എന്നാണ് എബിസി ന്യൂസിലെ തന്നെ മൈക്ക് ഹാൽപെണും, പൊളിറ്റിക്കോയിലെ ജോൺ ഹാരിസും വിശേഷിപ്പിച്ചത്. ധൈര്യശാലിയും, ആരെയും കൂസാത്ത, സ്വയം ചിന്തിക്കുന്ന വിവരാധിഷ്ഠിത, നാടിന് ഏറ്റവും ആവശ്യമായ ഒറ്റയാനായിട്ടാണ് കാമിൽ പഗില്ല എന്ന അമേരിക്കൻ സാമൂഹ്യ പരിഷ്കർത്താവ് വിശേഷിപ്പിച്ചത്.

യു ക്യാൻ ലവ് ഹിം, യു ക്യാൻ ഹേറ്റ് ഹിം, ബട്ട് യു ക്യാന്നോട്ട് ഇഗ്നോർ ഹിം എന്ന ചൊല്ല് കൃത്യമായും ഡ്രഡ്ജിനെ വിശേഷിപ്പിക്കാം. മുഖ്യധാരാ മാധ്യമങ്ങൾ പുറത്തു കൊണ്ടുവരാൻ വൈമുഖ്യം കാണിച്ച പല വാർത്തകളും അദ്ദേഹമാണ് പലപ്പോഴും ബ്രേക്ക് ചെയ്തത്.

ഉറക്കെ പറയാൻ ധൈര്യം കാട്ടാതെ, മുഖ്യധാരാ ലേഖകർ അങ്ങോട്ടും ഇങ്ങോട്ടും അടക്കം പറഞ്ഞ അങ്ങാടി രഹസ്യങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. വിവാദങ്ങളും, ഉറവിടങ്ങളെ പറ്റിയുള്ള ചോദ്യങ്ങളും, പക്ഷപാതവും ഉള്ളതിനാൽ, പലരും ഡ്രഡ്ജ് റിപ്പോർട്ടിനെ തുറന്ന് അംഗീകരിക്കാറില്ല. ഉറക്കെ അംഗീകരിക്കാൻ മടിക്കുന്നുണ്ടെങ്കിലും ഡ്രഡ്ജിന് നല്ല രീതിയിൽ വാർത്താ അവബോധം ഉണ്ടെന്ന് മുഖ്യധാരാ മാധ്യമ സ്ഥാപനത്തിലുള്ളവർക്കും, നവമാധ്യമങ്ങളുടെ നടത്തിപ്പുകാർക്കും അറിയാമായിരുന്നു. അത് കൊണ്ട്, പലരുടെയും നാളത്തെ വാർത്ത ഇന്നത്തെ ഡ്രഡ്ജ് റിപ്പോർട്ടിലെ വ്യംഗ്യോക്തികളും, പരോക്ഷ സൂചനകളുമായിരുന്നു.

ഒരു പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യാൻ കാരണമാകുകയും, തിരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്തുകയും, പല പ്രമുഖരെയും തോൽപിക്കാൻ സഹകരിക്കുയായും ചെയ്ത, പല ഉന്നതർക്കും അനഭിമതനായ മാറ്റ് ഡ്രഡ്ജ് ഇന്നും സ്വതന്ത്രനായി അമേരിക്കയിൽ ജീവിക്കുന്നു.

ഡ്രഡ്ജ് റിപ്പോർട്ടും നിലവിൽ ഉണ്ട്, പക്ഷെ സ്വന്തമായി വാർത്താ റിപ്പോർട്ട് കൊടുക്കാതെ മറ്റു മാധ്യമങ്ങളിലേക്ക് ക്ലിക്ക് ബെയിറ്റ് ലിങ്ക് കൊടുക്കുകയാണ് ഇപ്പോൾ മിക്കവാറും എല്ലാം തന്നെ.

ഡ്രഡ്ജ് റിപ്പോർട്ട് ഇന്നും പ്രവർത്തിക്കുന്നു, ആ സ്ഥാപനത്തെയോ, അമേരിക്കൻ അതിലെ തൊഴിലാളികളെയോ പോലീസൊ, ഭരണകൂടമോ വേട്ടയാടുന്നില്ല. ഡ്രഡ്ജ് റിപ്പോർട്ട് അമേരിക്കയിലെ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചാരത്തിൽ ഉന്നതിയിൽ, ദി ന്യൂയോർക്ക് ടൈംസിനെ ഉൾപ്പെടെ പിന്നിലാക്കി ദീർഘനാൾ വാണു.

ഡ്രഡ്ജ് റിപ്പോർട്ടിൽ ഒരു ലിങ്ക് കിട്ടിയാൽ ഏതു വാർത്തയും ആഗോള നിലയിൽ വൈറൽ ആവും. അതുകൊണ്ട് മിക്ക മുഖ്യധാര മാധ്യമ റിപ്പോർട്ടർമാർ ഡ്രഡ്ജ്ന്റെ ശ്രദ്ധയിൽ പെടാൻ ശ്രമിച്ചു. വാഷിംഗ്‌ടൺ പോസ്റ്റ് ഉൾപ്പെടെ മുഖ്യധാരാ മാധ്യമങ്ങളുടെ ഏറ്റവും വലിയ ഓൺലൈൻ ട്രാഫിക്ക് സോഴ്സും ഇതുവഴിയാണ്. ഉദാഹരണത്തിന് ബ്രിട്ടീഷ് ഡെയിലി മെയിലിന്റെ 30% വെബ് ട്രാഫിക്, ന്യൂയോർക്ക് പോസ്റ്റിന്റെ 19% വെബ് ട്രാഫിക് ,വാഷിംഗ്‌ടൺ പോസ്റ്റിലേക്ക് 15%, ഫോക്സ് ന്യൂസിലേക് 11%വെബ് ട്രാഫികും ഡ്രഡ്ജ് റിപ്പോർട്ട് വഴിയാണ്. ഓർക്കുക ഫെസ്ബുക് ഒരിക്കലും ഒരു സൈറ്റിലേക്ക് വെബ് ട്രാഫിക്കിന്റെ 8%-ൽ കൂടുതൽ നൽകിയിട്ടില്ല. അതാണ് ഡ്രഡ്ജ് റിപ്പോർട്ടിന്റെ ശക്തി.

കേരളത്തിൽ ഷാജൻ സ്കറിയ നടത്തുന്ന മറുനാടൻ മലയാളിയുടെ വിഡിയോകൾ പൊതുവെ കാണാറില്ലെങ്കിലും അവരുടെ ഓൺലൈൻ പോർട്ടൽ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഡ്രഡ്ജ് റിപ്പോർട്ടിന്റെ ആദ്യകാല രീതികൾ പോലെയാണ് എനിക്ക് മറുനാടന്റെ ഓൺലൈൻ പോർട്ടൽ തോന്നിയത്. പല മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഏകദേശം അതുപോലെ തന്നെ വരാറുണ്ട് എന്നത് ശ്രദ്ധേയമാണ്. കൂടാതെ അവർ പറയാൻ മടിക്കുന്ന ചില വിവരങ്ങളും.

ഡ്രഡ്ജ് റിപ്പോർട്ടിന്റെ കാര്യത്തിൽ നമ്മൾ കണ്ടത് പോലെ,ഇങ്ങനെ മറയില്ലാത്ത വാർത്തകൾക്ക് വളരെ അധികം ആവശ്യക്കാരുണ്ട്, അതിന്റെ സാമ്പത്തിക, സ്വാധീന സാദ്ധ്യതകൾ വളരെ വലുതാണ്.

ഷാജൻ സ്കറിയ അകത്തായാൽ, മറുനാടൻ മലയാളി ഓൺലൈൻ പോർട്ടൽ പൂട്ടിയാൽ അത് കേരളത്തിലെ പല മാധ്യമങ്ങൾക്കും, വളരാൻ ശ്രമിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾക്കും സഹായകരമാവും. വിഡിയോ ബ്ലോഗ്സ് നിർത്തിയാൽ, ആ രീതിയിലുള്ള മറ്റു വ്ലോഗേഴ്സിന് ഗുണമാകുമല്ലോ. അതാവും അവരിൽ പലരും മൗനം പാലിക്കുന്നത്, ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകുമല്ലോ.

ടോണി തോമസ്

Share News