മരണത്തിനു തൊട്ടുമുൻപെങ്കിലും ഉമ്മൻ ചാണ്ടിക്കു നീതി ലഭിച്ചിരുന്നോ? |ആൾക്കൂട്ടത്തിനു നടുവിൽ ശ്വാസം കിട്ടാതെ നിൽക്കുമ്പോൾ ഉത്തരവുകൾ ഒപ്പിടുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്.

Share News

മരണത്തിനു തൊട്ടുമുൻപെങ്കിലും ഉമ്മൻ ചാണ്ടിക്കു നീതി ലഭിച്ചിരുന്നോ? അവസാന നാളുകളിൽ സി.ബി.ഐ നൽകിയ ക്ലീൻ ചിറ്റ് പോലും ആ മനുഷ്യനുള്ള നീതിയായിരുന്നില്ല.

ഇങ്ങനെയായിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടേണ്ടിയിരുന്നത്.ആൾക്കൂട്ടത്തിനിടയിൽ തുടങ്ങി ആൾക്കൂട്ടത്തിനിടയിൽ തന്നെ അവസാനിക്കാൻ ഇഷ്ടപ്പെട്ട നേതാവ് ഏതെങ്കിലും കാലത്തു സ്വകാര്യത എന്തെന്നറിഞ്ഞിരുന്നോ എന്നറിയില്ല. ആൾക്കൂട്ടത്തെ ആ മനുഷ്യൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ഒന്നാം നമ്പർ സ്റ്റേറ്റ് കാർ ഉപയോഗിച്ചിരുന്ന കാലത്തു പോലും ഉമ്മൻ ചാണ്ടിക്ക് ഒഴിച്ച് ഏവർക്കും കാറിൽ സ്ഥലമുണ്ടായിരുന്നു. അത്ര തിക്കും തിരക്കും അയാൾക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു.

സ്വകാര്യ ജീവിതത്തിൽ ഒരു നിമിഷം പോലും സ്വകാര്യതയെന്തെന്ന് അറിഞ്ഞിട്ടില്ലാത്തൊരു മനുഷ്യനെയാണ് കേട്ടാലറയ്ക്കുന്ന വെർബൽ അബ്യൂസുകൾ കൊണ്ടും അയാളുടെ കുടുംബത്തിനൊയൊന്നാകെ അശ്ലീലച്ചുവയുള്ള രാഷ്ട്രീയ ‘വാക്ധോരണികൾ’ കൊണ്ടും അവഹേളിച്ചത്. അങ്ങനെയുണ്ടായിരുന്നില്ലെങ്കിൽ ഊർജസ്വലനായി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ച അയാളെ കേരളം ഇന്നും കണ്ടേനെ, ഉറപ്പ്.

എത്രയോ വട്ടം ഉമ്മൻ ചാണ്ടിയിലെ രാഷ്ട്രീയ നേതാവ് പതറിപ്പോകാൻ സാധ്യതയുള്ള നിമിഷങ്ങൾ ഇങ്ങനെ ഉണ്ടായിരുന്നിരിക്കണം. സ്വതസിദ്ധമായ ഒരു ചിരിക്കപ്പുറം മനോഹാരിതയോടെ അയാൾ അതിനെയൊന്നും നേരിടുന്നത് കണ്ടിട്ടുമില്ല. ഒരുപാടു തവണ പരിഹാസം കേട്ട തന്റെ മനസ്സാക്ഷിയുടെ കോടതിക്ക് ഒരു നീതിന്യായ സംവിധാനത്തിന്റെ പരിശുദ്ധിയുണ്ടായിരുന്നുവെന്നു മറ്റാരേക്കാളും നന്നായി അയാൾക്ക് അറിയാമായിരുന്നതാവും ആ ചിരിയുടെ പിന്നിലെ കരുത്തിന്റെ കാരണം. എത്ര ചിരിയുണ്ടെങ്കിലും മാനസികമായി ആ മനുഷ്യൻ എത്രത്തോളം തകർന്നിട്ടുണ്ടായിരുന്നിരിക്കണം എന്നൂഹിക്കാൻ കഴിയില്ല. ഒരുപരിധി വരെ ആ ശരീരത്തിനുണ്ടായ അസുഖങ്ങളുടെയും പങ്ക് ഈ ആരോപണങ്ങൾ വഹിക്കുന്നുണ്ട്. സ്വന്തം പേരിനൊപ്പം ചേർന്നുകേൾക്കുന്ന അശ്ലീലതയൊന്നുമായിരുന്നില്ല അയാളെ അലട്ടിയിരുന്നത്. സ്വന്തം കുടുംബാംഗങ്ങളെപ്പോലും കേട്ടാൽ അറയ്ക്കുന്ന വാക്കുകളിൽ അപമാനിച്ചിരുന്ന സൈബർ സംഘങ്ങളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയമൊന്നും അയാൾ പഠിച്ചിരുന്നില്ല.

അപ്പോഴും ഉമ്മൻ ചാണ്ടിയിലെ രാഷ്ട്രീയ നേതാവ് നിയമസംവിധാനങ്ങളെ ഭയപ്പെട്ടിരുന്നില്ല. തൈക്കാട് ഗസ്റ്റ് ഹൗസിലും കൊച്ചിയിലെ സോളാർ കമ്മീഷന്റെ ഓഫീസിലും ദിവസം 14 മണിക്കൂർ വരെ നീണ്ട ചോദ്യം ചെയ്യലിന് ഇരുന്നുകൊടുത്തപ്പോൾ മുഖ്യമന്ത്രിക്കസേരയുണ്ടായിരുന്നു പ്രിവിലേജിന്റെ രൂപത്തിൽ ഉമ്മൻ ചാണ്ടിക്ക്. അതൊന്നുമയാളെ ബാധിച്ചതു കണ്ടിട്ടില്ല. ഒന്നാം നമ്പർ സ്റ്റേറ്റ് കാർ ഉപേക്ഷിച്ചു സ്വകാര്യ വാഹനത്തിൽ ചോദ്യം ചെയ്യലിനായി വരവ്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി പുറത്തിറങ്ങുമ്പോഴൊക്കെ ചിരിച്ച മുഖവുമായി മാധ്യമങ്ങളെക്കാണൽ. സങ്കൽപ്പിക്കാൻ കഴിയാത്ത വണ്ണം ഒരു സംസ്ഥാന മുഖ്യമന്ത്രി അന്വേഷണത്തോടു സഹകരിച്ചു.

ആൾക്കൂട്ടത്തിനു നടുവിൽ ശ്വാസം കിട്ടാതെ നിൽക്കുമ്പോൾ ഉത്തരവുകൾ ഒപ്പിടുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്. ഒടുവിൽ കുറ്റവാളിയായി നിയമം വിധിയെഴുതാത്ത കാലത്ത്, അന്വേഷണം ഒരിടത്തുമെത്താതിരുന്ന കാലത്ത്, ആ മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ലു പൊട്ടിത്തെറിച്ചതും ആ മനുഷ്യന്റെ നെറ്റിയിൽ ചോരപ്പാടുകൾ വീണതും കേരളം മറന്നുകാണില്ല.

ഓരോ മനുഷ്യന്റെയും ഓർമയിൽ ഇങ്ങനെ ഓരോ ഉമ്മൻ ചാണ്ടിയാണ്. മരിക്കാത്ത ഓർമകളുള്ള ഉമ്മൻ ചാണ്ടി.

Hari Mohan

Share News