നിങ്ങൾ ജനകീയ റിപ്പോർട്ടിംഗ് നടത്തി.ഈ റിപ്പോർട്ടിംഗിനു മലയാളത്തിൽ “വില്പന സാഹചര്യം” മാത്രമല്ല വിമോചനസാഹചര്യവുമുണ്ട്.

Share News

ഈ രാത്രിയുടെ വാർത്താസൂചന ഏറെ പ്രത്യാശാഭരിതമാണ്

🌿🌿വില്ലേജ് ഓഫീസറുടെയും തഹസീൽദാരുടെയും സപ്ളൈ ഓഫീസറുടെയും മുന്നിൽ നിവർന്നുനിന്ന്, തങ്ങൾക്കവകാശപ്പെട്ടതു ചോദിക്കാൻ ഓരോ ജില്ലയിലും പാവപ്പെട്ടവരോ സാധാരണക്കാരോ ആയ ലക്ഷത്തിനുമേൽ സ്ത്രീകളെ ശാക്തീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ.

മരിച്ച് മൂന്നാം നാൾ 20:12-ന് ആ ജഡം മതാചാരപ്രകാരം അദ്ദേഹത്തിന്റെ പണി തീരാത്ത വീട്ടിൽനിന്ന് എടുത്തുയർത്തുമ്പോൾ, അലർച്ചകളില്ലാതെ ആദരവോടെ ആ നിമിഷങ്ങളുടെ solemnity -യോടെ അതു റിപ്പോർട്ട് ചെയ്യുന്ന ഒരു ചാനൽ. വേൾഡ് വൈഡ് വെബ്ബിൽ തത്സമയം അവരെ പിന്തുടരുന്ന മനുഷ്യരുടെ – വെറും മനുഷ്യരുടെ – എണ്ണം 99.9 K എന്നത് 1lakh ആയി ടച്ച് സ്ക്രീനിൽ തെളിയുന്നു. മൃതദേഹം മണ്ണിൽ മുട്ടിയ രാത്രി 12.03-ന് അത് ഒരുലക്ഷത്തി ഇരുപതിനായിരം).

(രണ്ടാമത്തെ ചാനലിൽ 56K

.മൂന്നാമത്തേതിൽ 44K.മൊത്തം അഞ്ചു ചാനലുകളുടെ വെബ് ടിവിയിലായി രണ്ടര ലക്ഷം മലയാളികൾ, ഭൂമിയെ പൊതിഞ്ഞ വിനിമയവലയിൽ ആ മനുഷ്യന്റെ മൃതസംസ്കാരത്തിൽ കണ്ണിചേർക്കപ്പെടുന്നു. വെബ്ബിലല്ലാതെ നേരേ ടിവിയുടെ മുന്നിൽ ഇരുന്ന് കണ്ണി ചേർന്ന ലക്ഷങ്ങളുടെ എസ്റ്റിമേറ്റ് കൈയിൽ ഇല്ല).

24 News ചാനൽ ഈ നട്ടപ്പാതിരയ്ക്ക് മലയാള വാർത്താവ്യവസായത്തിൽ ഒരു തിരുത്തിയെഴുത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.ഞാൻ നേരിൽ പരിചയപ്പെട്ടില്ലാത്ത ശ്രീകണ്ഠൻ നായർ എന്ന ‘എസ്കെഎൻ’, ദിനപത്രപ്രവർത്തനകാലത്തെ എന്റെ സഹപ്രവർത്തകൻ പി.പി. ജയിംസ്, ഇവരുടെ ടീം24 -ലെ എല്ലാ പ്രവർത്തകരുമേ,ഈ രാത്രി എഴുന്നേറ്റുനിന്ന് ഞാൻ ഈ വരി ടൈപ് ചെയ്യുന്നു:

SALUTE TO TEAM 24.You are making a new benchmark.

ഇതൊരു ട്രെൻഡ് സെറ്റ് ചെയ്യുമോ എന്നു ഗണിക്കുവാൻ ഞാൻ ആളല്ല. 1990-കളിൽ ദീപികയും മംഗളവും കൗമുദിയുമൊക്കെ ചേർന്നു മലയാളത്തിലെ തോംസൺ ഫൗണ്ടേഷൻ ജർണലിസത്തിന് ഒരു തിരുത്ത് ഉണ്ടാക്കുമെന്നു പ്രതീക്ഷിച്ച ഒരാളാണു ഞാൻ. തിരുത്തൽ ജേണലിസത്തിനു പറ്റിയ ഒരു യുവനിര ഉയർന്നുവരുമോ എന്ന് അന്വേഷിച്ച് ഒരു (ചെറുകിട – ഇടത്തരം മൂലധന) പത്രത്തിന്റെ ഹെഡ് ക്വാർട്ടേഴ്സിലെ ന്യൂസ് റൂമിൽ യൗവനത്തിന്റെ പതിനഞ്ചു വർഷം ജോലി ചെയ്ത ഒരാൾ.

കാലമൊത്തിരി മാറീ, എസ്കെഎൻ. ഇത് വെബ് കാലമാണ്. ബഹുസ്വരത്തിൽ ഒരേ മനസ്സോടെ റിപ്പോർട്ടിംഗും എഡിറ്റിംഗും നടത്താൻ കഴിയുന്ന നിങ്ങളുടെ ടീമിന് വേണമെന്നു വച്ചാൽ കഴിഞ്ഞ 44 മണിക്കൂറിന്റെ അഖണ്ഡ തത്സമയത്തിനു ലോജിക്കൽ തുടർച്ച നൽകുവാൻ കഴിയും. എങ്കിൽ എല്ലാ കൊമേഴ്സ്യൽ ചാനലുകളും നിങ്ങളുടെ ഈ ജേർണലിസത്തിനു പിന്നാലെ വരും. നിങ്ങളുടെ പതിവു ബുള്ളറ്റിനുകൾക്ക് ഇടയിലേക്ക് പരസ്യദാതാക്കൾ ഓടിവന്നു കാത്തുകിടക്കും.

അഞ്ചു ജില്ലകളിലെ പച്ചമനുഷ്യരുടെ വികാരവിചാരങ്ങളെയാണ് 44 മണിക്കൂർ നീളമുള്ള ഒരു ഡോക്യുമെന്ററിയിൽ എന്നപോലെ നിങ്ങളുടെ സൗമ്യാർദ്രമായ വാക്കുകളും ദൃശ്യങ്ങളും ശ്രാവ്യങ്ങളും പ്രഫഷണൽ ആയി റിപ്പോർട് ചെയ്തത്.

നിങ്ങൾ പക്കാ രാഷ്ട്രീയം ആണ് റിപ്പോർട്ട് ചെയ്തത്.പച്ചമനുഷ്യരുടെ രാഷ്ട്രീയം.അതു പഴയ പുരുഷാധീശ രാഷ്ട്രീയം അല്ല.ആ പൊളിറ്റിക്കൽ റിപ്പോർട്ടിംഗ് കൊണ്ട് പുതിയ കാലത്തിന്റെ പുതിയ ജേണലിസത്തിലേക്ക് ആണു നിങ്ങൾ നടന്നുകയറിയത്.

ഞാൻ ടിവി ജേണലിസം പരിശീലിച്ചിട്ടില്ല. ഇലക്ഷൻ റിസൾട്ടുകൾ വരുന്ന പകൽ കുറച്ചു സമയം ടിവി/വെബ് ടിവി (ചാനലുകൾ മാറിമാറി) കണ്ടിരുന്നു എന്നേയുള്ളൂ. പക്ഷേ ഇപ്പോൾ രണ്ടു പകലും രണ്ടു രാവും ഞാൻ ടിവി കണ്ടു.

നിങ്ങൾ ജനകീയ റിപ്പോർട്ടിംഗ് നടത്തി.ഈ റിപ്പോർട്ടിംഗിനു മലയാളത്തിൽ “വില്പന സാഹചര്യം” മാത്രമല്ല വിമോചനസാഹചര്യവുമുണ്ട്.നിങ്ങൾക്കു ജൂലൈ 20, 20:12-ന്റെ 100K-യിൽനിന്ന് പുതിയൊരു മലയാള മാധ്യമചരിത്രം തുടങ്ങാൻ ശേഷിയുണ്ട്.തീരുമാനം നിങ്ങളുടേത്.

ജോസ് ടി

2023 ജൂലൈ 21, 01:30

Indie editorial researcher and author

Share News