കള്ള് ഔഷധ ഗുണമുള്ളതാണോ എന്നാണ് ഇന്നത്തെ ചോദ്യം.|…അതുകൊണ്ട് തന്നെ മദ്യത്തെ ഞാൻ എതിർക്കും. ഇന്നത്തെ മദ്യ സംസ്കാരത്തെയും.
കള്ള് ഔഷധ ഗുണമുള്ളതാണോ എന്നാണ് ഇന്നത്തെ ചോദ്യം.
വീഞ്ഞ് ഔഷധ ഗുണമുള്ളതാണോ എന്നതായിരുന്നു പഴയകാല ചോദ്യം.
ബൈബിളിൽ 1 തിമോത്തിയാസ് 5:23 ൽ വയറ്റിലെ അസുഖങ്ങൾ മാറുവാൻ വീഞ്ഞ് കുടിക്കുവാൻ പൗലോസ് തിമോത്തിയോട് പറയുന്നതായി കാണുന്നുണ്ട്.
ഇന്നും മരുന്നുകളിൽ ആൽക്കഹോളും മറ്റു ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്.അതുപയോഗിക്കുന്നതിൽ വിശ്വാസിക്ക് വിലക്കും കൽപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ വീഞ്ഞ് കുടിച്ചു മത്തരാകാൻ പാടില്ല എന്ന് തന്നെയാണ് ഒരു മുൻകാല മദ്യപാനിയായ എന്റെ വിശ്വാസവും ബൈബിൾ പഠിപ്പിക്കുന്നതും. 1 കൊറിന്തോസ് 6:9 ൽ സ്വർഗ്ഗരാജ്യത്ത് പ്രവേശനമില്ലാത്ത പാപങ്ങളിൽ ഒരെണ്ണം മദ്യപാനമാണ് .
കള്ള് ഔഷധഗുണമുള്ളതാണ് എന്ന് പറഞ്ഞിരിക്കുന്നത് മരുന്നിനു വേണ്ടി ഉപയോഗിക്കാനല്ല, അത് ബിസിനസ് തന്ത്രമാണ്.
കള്ള് കച്ചവടത്തെ ന്യായീകരിക്കാനുള്ള ബിസിനസ് തന്ത്രം. ഇതിനെയാണ് അംഗീകരിക്കാൻ കഴിയാത്തത്.മദ്യം വിറ്റില്ലെങ്കിൽ ലഹരി വ്യാപനം കൂടുമെന്ന് പറഞ്ഞു കേരളത്തെ മദ്യത്തിന്റെ നാടാക്കി. ഇപ്പോഴോ മദ്യപാനവും കൂടി മറ്റു ലഹരി വ്യാപനവും കൂടി. കുടുംബങ്ങൾ തകർന്നു. പുതിയ തലമുറ നശിച്ചു.എന്നിട്ടും മദ്യ വ്യാപാരത്തോടുള്ള ഭ്രാന്ത് അവസാനിച്ചിട്ടില്ല കാരണം മദ്യവ്യാപാരത്തിന്റെ പിന്നിലുള്ള കോടിക്കണക്കിനു പണം അധികാരികളുടെ കയ്യിലെത്തുമെന്നുള്ളതുതന്നെ.
മദ്യത്തിലൂടെ ലഭിക്കുന്നതിൽ കൂടുതൽ ചിലവ് അതിലൂടെ വരുന്ന രോഗങ്ങളുടെ ചികിത്സക്ക് ചിലവാക്കുന്ന ഈ നാട്ടിൽ എൽ ഡി എഫ് സർക്കാരിന്റെ മദ്യനയം തെറ്റാണെന്നു ഒരു കമ്മ്യൂണിസ്റ്റ്കാരനായിത്തന്നെ പറയുന്നു. അതിനെതിരെ പ്രതിഷേധിക്കുന്നു.ജോലി കൊടുക്കാനാണെന്നുള്ള ന്യായീകരണമുൾപ്പെടെ ന്യായങ്ങൾ പറഞ്ഞു ഇവിടാരും വരേണ്ട. വ്യഭിചാരശാലകൾ നാളെ തൊഴിലിനായി തുറക്കപ്പെടുന്നതും ഇതേ ന്യായത്തിലാവും.
കുറേപ്പേർക്ക് കാശുണ്ടാക്കാൻ ഈ നാടിനെ കുടുംബങ്ങളെ വ്യക്തികളെ പ്രത്യേകിച്ച് പുതുതലമുറയെ നശിപ്പിക്കുവാൻ ഉള്ളതാണ് മദ്യക്കച്ചവടം.
NB :- മദ്യപാനം മൂലം തൊഴിൽ നഷ്ടപ്പെട്ട ഒരു കോടതി ഉദ്യോഗസ്ഥന്റെ മകനാണ് ഞാൻ. കയറിക്കിടക്കാൻ ഒരു തുണ്ട് ഭൂമിപോലുമില്ലാതെ ഞാനുമെന്റെ അമ്മയും സഹോദരങ്ങളും അനുഭവിച്ച ദുരിതങ്ങൾ ഒരു സിനിമാക്കഥപോലെ ഭീകരമാണ്. ഇന്നുമോർക്കുമ്പോൾ ഭയം തരുന്ന ദുരിതകാലങ്ങൾ.എന്നിട്ടും മദ്യത്തിന് അടിമപ്പെട്ടുപോയ കാലങ്ങൾ. എന്റെ തമ്പുരാൻ ചേർത്തുപിടിച്ചപ്പോൾ എല്ലാം വലിച്ചെറിഞ്ഞു സ്വാതന്ത്രനായവൻ.അതുകൊണ്ട് തന്നെ മദ്യത്തെ ഞാൻ എതിർക്കും. ഇന്നത്തെ മദ്യ സംസ്കാരത്തെയും.തെറ്റ് കണ്ടാൽ ചോദ്യം ചെയ്യും.
കാരണം ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്. ഒരു രാഷ്ട്രീയ അടിമയും ചൊറിയാൻ വരേണ്ട
George F Xavier Valiyaveedu