“കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത്” മദ്യവർജ്ജന സമിതിക്ക് ജാഥയിൽ വിളിക്കാൻ പറഞ്ഞുകൊടുത്ത മുദ്രാവാക്യമല്ലായിരുന്നു അത്. |കേരളത്തിന്റെ ഒരു നവോത്ഥാന നായകനാണ് ആദരണീയനായ ശ്രീനാരായണഗുരു.

Share News

സ്‌നേഹമാണ് തന്റെ മതം എന്ന് പ്രഖ്യാപിക്കുകയും ജീവിച്ചുകാണിക്കുകയും ചെയ്‌ത കേരളത്തിന്റെ ഒരു നവോത്ഥാന നായകനാണ് ആദരണീയനായ ശ്രീനാരായണഗുരു. ദേവാലയങ്ങളെക്കാള്‍ സാമൂഹികപുരോഗതിക്കാവശ്യം വിദ്യാലയങ്ങളാണെന്ന് ഉദ്‌ബോധിപ്പിച്ച ഗുരു വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനും മുന്‍കൈയെടുത്തിരുന്നു.

2020 ഒക്ടോബര്‍ രണ്ടിനാണ് കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല കൊല്ലത്ത് സ്ഥാപിതമായത്. ഡോ. പി.എം. മുബാറക് പാഷയെ ആദ്യ വൈസ് ചാന്‍സലറായി നിയമിച്ചുകൊണ്ടുള്ള പുതിയ സര്‍വകലാശാല അന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിച്ചത്.

വിദ്യ പോലെതന്നെ സമൂഹ നന്മയ്ക്കായി ഗുരു മറ്റു നിരവധി മാർഗനിർദേശങ്ങളും നൽകിയിരുന്നു. അതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്: “കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത്” മദ്യവർജ്ജന സമിതിക്ക് ജാഥയിൽ വിളിക്കാൻ പറഞ്ഞുകൊടുത്ത മുദ്രാവാക്യമല്ലായിരുന്നു അത്. കള്ളിന്റെ അടിമത്വത്തിൽപ്പെട്ടു നശിച്ചുപോകുന്ന അന്നത്തെ നിരവധി കുടുംബങ്ങളുടെ ദുരവസ്ഥ നേരിൽക്കണ്ട് മനസ്സിലാക്കി ഹൃദയത്തിൽനിന്നു വിളിച്ചുപറഞ്ഞ ഉപദേശവും ശാസനയുമായിരുന്നു അത്.

ഇന്നിവിടെ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക്‌ അവയുടെ സ്ഥലത്തുള്ള തെങ്ങുകൾ ചെത്തി ഇടപാടുകാർക്ക് കള്ള്‌ വിൽക്കാമെന്നാണ്‌ 2020ൽ സർവകലാശാല ഉദ്‌ഘാടനം ചെയ്‌ത ഇതേ പിണറായിയുടെ സർക്കാർ പറയുന്നത്. യാഥാർത്ഥ്യബോധത്തോടെയുള്ള സന്തുലിതമായ ഒരു മദ്യനയമാണ്‌ ആവിഷ്‌കരിച്ചിട്ടുള്ളത്‌ എന്നാണ് ഇതിനെക്കുറിച്ചുള്ള സർക്കാർ വിശദീകരണം. ‘കള്ള് ഒരു പോഷക പാനീയമാണ്’ എന്ന് മുഖ്യമന്ത്രിതന്നെ പരസ്യ പ്രസ്‌താവന നടത്തുന്നു.

പഴം, പച്ചക്കറി എന്നിവയിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള മറ്റൊരു സാധ്യതയും സർക്കാർ തുറന്നുവച്ചിട്ടുണ്ട്. ഉത്പാദനത്തിനും വിപണനത്തിനും നാളിതുവരെയില്ലാത്തവിധം നിരവധി വാതായനങ്ങൾ ഇങ്ങനെ തുറന്നുകൊടുക്കുമ്പോഴും ഇടയ്ക്കിടെ പറയുന്ന ഒരു വൈരുധ്യമാണ്: “മദ്യവർജനം എന്നതാണ്‌ സർക്കാരിന്റെ നയം”

പോഷക പാനീയം സേവിച്ചും ഇവിടെ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.കഴിഞ്ഞ കുറേ നാളുകളായി കേരളത്തിൽ നടക്കുന്ന അപകടമരണങ്ങളിലും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങളിലും, കൊലപാതകങ്ങളിലും പ്രതിസ്ഥാനത്തുള്ളവരിൽ ഒട്ടുമിക്കവരും മയക്കുമരുന്നിന്റെ അടിമകളാണ് എന്നാണ് പോലീസ് റിപ്പോർട്ട്.

ഒരു അമ്പത് വർഷങ്ങൾക്കു മുമ്പ് എന്റെ നാട്ടിൽ ഒരു കള്ളുഷാപ്പ് മാത്രമായിരുന്നു മദ്യസേവയ്ക്കുള്ള ഏക ആശ്രയം.

പ്രദേശവാസികളും അയൽപ്രദേശവാസികളും അവിടെ പതിവുകാരും പറ്റുകാരുമായി ഉണ്ടായിരുന്നു. തോളിൽ കൈയിട്ട്, വയലാറിന്റെ സിനിമാപ്പാട്ടും ചങ്ങമ്പുഴയുടെ കവിതയുമൊക്കെ പാടിക്കൊണ്ട് സന്തോഷത്തോടെ ഷാപ്പിലേക്കുപോകുന്ന ചങ്ങാതികളിൽ പലരും ആടിയുലഞ്ഞും തെറിപറഞ്ഞും പോർവിളിച്ചും അടികൂടിയും ‘അന്തപ്പൻ വേറെ തുണിവേറെ’ എന്ന നിലയിലാണ് തിരിച്ചുപോകുന്നത്.

ചിലർ വഴിയിൽ വീണുകിടക്കും.ആ കാലത്ത് നടന്ന രണ്ട് കൊലപാതകങ്ങളിൽ ഒന്ന്, ഒരുമിച്ചുപോയി കള്ളുകുടിച്ച ചങ്ങാതിമാർ തമ്മിലടിച്ചു ഒരാൾ ഒരാളെ കത്തിക്ക് കുത്തി കൊന്നതായിരുന്നു.

മറ്റൊന്ന്, ഒരു ഗൃഹനാഥന്റെ കൊലപാതകം. ഈ സാദനത്തെയാണ് ഇപ്പോൾ പിണറായി സർക്കാർ ജനത്തിന്റെ ആരോഗ്യകരമായ ജീവിതത്തിനുവേണ്ടി പോഷക പാനീയമായി അവതരിപ്പിച്ചിരിക്കുന്നത്.

Shaji Joseph Arakkal

Share News