
പ്രതികൾ കുറ്റക്കാർ!-ഫാ .വർഗീസ് വള്ളിക്കാട്ട്
പ്രതികൾ കുറ്റക്കാർ!
സിസ്റ്റർ അഭയക്കേസിൽ പ്രതികൾ കുറ്റക്കാർ: ഫാദർ തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാർ എന്നു കോടതി കണ്ടെത്തിയിരിക്കുന്നു. ശിക്ഷ നാളെ വിധിക്കും. സത്യം വെളിപ്പെട്ടു എന്നു കരുതാം. 92 ൽ, ‘ഒരു കന്യാസ്ത്രീ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’ എന്നതായിരുന്നു ഉത്തമമായ ബോധ്യം. കൊലപാതകം നടത്തിയത് ആര് എന്ന അന്വേഷണത്തിനാണ് ഇപ്പോൾ കോടതി തീർപ്പു കല്പിച്ചിരിക്കുന്നത്.
കെസിബിസി യുടെ മുൻ വക്താവും പി ഓ സി ഡിറക്ടറുമായ ഫാ വർഗീസ് വള്ളിക്കാട്ടിൻെറ ഫേസ്ബുക്കിലെ വിവരങ്ങൾ താഴെ ചേർക്കുന്നു .

ഒരു വൈദികനും കന്യസ്ത്രീയും കൂടി മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. കന്യാസ്ത്രീ ആത്മഹത്യ ചെയ്യില്ല എന്ന അതേ സ്വരം ഒരു വൈദികനും കന്യാസ്ത്രീയും കൊലപാതകം ചെയ്യില്ല എന്ന കാര്യത്തിലും മനസാക്ഷിയിൽ മുഴങ്ങുന്നുണ്ടെങ്കിലും, ഇതിൽ ഇപ്പോൾ നിയമപരമായി വെളിപ്പെട്ടകാര്യം അംഗീകരിക്കുകയാണ് ഏറ്റവും കരണീയമായിട്ടുള്ളത്.
സത്യം മെനഞ്ഞുണ്ടാക്കേണ്ട ഒന്നല്ല. വെളിപ്പെടേണ്ടതും കണ്ടെത്തപ്പെടേണ്ടതുമാണ്.
അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഇന്ത്യയുടെ നീതിന്യായ സംവിധാനങ്ങളിലൂടെ ഉത്തരങ്ങൾ തേടാൻ ബന്ധപ്പെട്ടവർക്കുള്ള അവകാശങ്ങൾ അംഗീകരിക്കപ്പെടണം.
കുറ്റവും ശിക്ഷയും പ്രഹേളികയായി അവശേഷിക്കുമ്പോഴും, സത്യത്തിന്റെ മുഖം, അത് എത്ര നടുക്കമുണ്ടാക്കുന്നതായാലും നിയമസംവിധാനങ്ങളിലൂടെത്തന്നെ വെളിപ്പെട്ടു വരേണ്ടതാണ്.
സഭ സമ്മർദം ചെലുത്തി, ആട്ടിമറിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളിൽ കഴമ്പുള്ളതായി ഇതുവരെ തോന്നിയിട്ടില്ല. സമ്മർദം നടത്തരുത് എന്ന സമൂഹത്തിന്റെ ഒരു മുന്നറിയിപ്പായി മാത്രമേ അതിനെ കണ്ടിട്ടുള്ളു. അങ്ങനെ ആശങ്കപ്പെടാൻ സമൂഹത്തിന് അവകാശമുണ്ട്.
സമ്മർദങ്ങളോ ഇടപെടലുകളോ ഇല്ലാതെ നിയമപരമായ മാർഗത്തിലൂടെ തുടർന്നുള്ള നടപടികളും പൂർത്തിയാകട്ടെ!
നീതി ജലംപോലെ ഒഴുകട്ടെ!

Varghese Vallikkatt