
‘അഴിമതി മുക്ത കേരള’വുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി തടയാന്‍ പദ്ധതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ അഴിമതിമുക്ത കേരളം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊതുരംഗത്തുണ്ടാകുന്ന അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാന്‍ പല രീതികളും പരീക്ഷിച്ചതാണ്. അഴിമതിയെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് പരാതിപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് അഴിമതിമുക്ത കേരളം നടപ്പാക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഈ പദ്ധതി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന അതോറിട്ടിക്ക് മുന്നില്‍ സോഫ്ട്‌വെയര്‍ വഴി പരാതി നല്‍കാം. വിവരം നല്‍കുന്നവര്‍ ഒരു സര്‍ക്കാരോഫീസിലും കയറേണ്ടി വരില്ല. പരാതിയുടെ നിജസ്ഥിതി മനസിലാക്കി അതോറിട്ടി അതത് വകുപ്പുകള്‍ക്ക് കൈമാറും. വിജിലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പരാതി നല്‍കും. രണ്ട് ഉദ്യോഗസ്ഥര്‍ കണ്ട ശേഷമാണ് ഈ പരാതി സംവിധാനത്തിലേക്ക് കൈമാറുക. കഴമ്ബില്ലാത്ത പരാതികള്‍ ഇത് വഴി ഫില്‍ട്ടര്‍ ചെയ്യാനാകും. കേരളത്തില്‍ നാഴികക്കല്ലാകുന്ന പരിപാടിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.