
“V4 കൊച്ചിക്കു പിന്നിൽ പ്രൊഫഷണൽ ക്രിമിനൽ മാഫിയ”
ഈ വാക്കുകൾ ചായക്കടയിലോ വഴിക്കവലയിലോ ഇരുന്ന് ആരോ പറഞ്ഞതല്ല. കേരള പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരന്റേതാണ്.
വൈറ്റില മേൽപ്പാലത്തിലേക്കുള്ള പ്രവേശന കവാടത്തിലെ ബാരിക്കേഡുകൾ വലിച്ചുമാറ്റി ഗതാഗതത്തിനു തുറന്നുകൊടുത്തു എന്ന ചെയ്യാത്ത കാര്യത്തിന്റെ പേരിൽ കുറ്റമാരോപിച്ച് V4 കൊച്ചിയുടെ കാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാനെ അമ്പതോളം പോലീസുകാർ അർദ്ധരാത്രിയിൽ വീടുവളഞ്ഞു ഒരു രാജ്യാന്തര ഭീകരനെപ്പോലെ വലിച്ചിഴച്ചു കൊണ്ടുപോയി പിന്നീട് അറസ്റ്റു രേഖപ്പെടുത്തിയത് ഈ മന്ത്രിയുടെ കല്പന മൂലമാണെന്നത് വ്യക്തം.
ഉദ്‌ഘാടനമെന്ന അസംബന്ധവും അബദ്ധജടിലവുമായ കാര്യത്തിനു മുഖ്യമന്ത്രിയുടെ സമയവുംകാത്ത് പണി പൂർത്തിയായ പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കാതെ അനിശ്ചിതമായി നീളുന്നതിനെതിരെ V4 കൊച്ചി/V4 കേരള പ്രവർത്തകർ 31/12/2020-ൽ പാലം തുറക്കുമെന്ന പ്രഖ്യാപനത്തോടെ അണിനിരന്നപ്പോൾ മതിലുപോലെ പോലീസിനെ വ്യന്യസിച്ച് ആ സമരക്കാരെ തടഞ്ഞു. ആ സാഹചര്യത്തിൽ യാതൊരു ബലപ്രയോഗത്തിനോ അക്രമത്തിനോ മുതിരാതെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധമറിയിച്ചു സ്ത്രീകളുൾപ്പെടെയുള്ള പ്രവർത്തകർ സമാധാനമായി മടങ്ങുകയാണുണ്ടായത്. കേരളത്തിലെ എല്ലാ മാധ്യമ പ്രവർത്തകരും അതിനു സാക്ഷികളുമാണ്. അന്നുതന്നെ വൈകിട്ടോടെ എറണാകുളം ഡിസ്‌ട്രിക്‌ട് ഇൻഫോർമേഷൻ ഓഫിസറുടെ വെബ്‌സൈറ്റിൽ നിന്നും ജനുവരി 9-ന് പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് അറിയിപ്പും വന്നു. സമരം ഫലം കണ്ടതിൽ V4 കൊച്ചി/V4 കേരള പ്രവർത്തകർ സന്തോഷിക്കുകയും ആ വിവരം എല്ലാവരിലേക്കും എത്തിക്കുകയും ചെയ്തു.
വാസ്‌തവം ഇതായിരിക്കെ നിപുൺ ചെറിയാനെയും മറ്റും ഭീകരമായി അറസ്റ്റു ചെയ്തത് ജനാധിപത്യ കേരളത്തിനും കേരളം ഭരിക്കുന്ന വിപ്ലവ പാർട്ടിക്കും ഭൂഷണമല്ല.കേരള പോലിസും അതിന്റെ രഹസ്യാന്വേഷണ വിഭാഗവുമൊക്കെ തീരെ കഴിവുകെട്ടവരും ഭരണകർത്താക്കളുടെ കല്പന ശിരസാവഹിക്കുന്ന വെറും അടിമകളുമാണെന്നാണ് ഈ സംഭവത്തിലൂടെ കേരളത്തിലെയും കേരളത്തെ വീക്ഷിക്കുന്ന ലോകജനതയും മനസ്സിലാക്കുന്നത്.
തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കൊച്ചി കോർപറേഷന്റെ 59 ഡിവിഷനുകളിൽ സ്ത്രീകളെയുൾപ്പെടെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച ഒരു ജനകീയ മുന്നേറ്റമാണ് V4 കൊച്ചി. അതിലെ പ്രവർത്തകരെല്ലാവരും തന്നെ വ്യത്യസ്ത മേഖലകളിൽ തൊഴിലും ബിസിനസും ചെയ്‌തു അന്തസായി ജീവിക്കുന്നവരാണ്. രാഷ്ട്രീയം ഉപജീവനമാക്കിയവർ അതിലാരുമില്ല. തുടക്കം മുതലേ പണമിടപാട് മുതൽ എല്ലാ കാര്യങ്ങളും സുതാര്യവുമാണ്
ഒരു റോബോട്ടിക് കമ്പനിയുടെ മാനേജിങ് ഡയറക്ടറായ നിപുൺ ആധുനിക റോബോട്ടിക് വെപ്പൺസും ഗ്രനേടുകളുമായി പോലിസിനെ ആക്രമിച്ചാലോ എന്നു കരുതിക്കാണും മന്ത്രിയുടെ വാക്കുകേട്ട പോലിസ്. ഈ മന്ത്രി ഒരിക്കൽ ജഡ്‌ജിയെ ശുംഭൻ എന്നു വിളിച്ചപ്പോൾ കോടതികളിൽ ശുംഭൻമാരുമുണ്ടോ എന്നു സംശയിച്ചിരുന്നു. ഇന്നിപ്പോൾ മന്ത്രിയേയും പോലിസിനേയും കേരളത്തിലെ ജനങ്ങൾ ശുംഭൻമാർ എന്നു വിളിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.

ഷാജി ജോസഫ് അറയ്‌ക്കൽ