
പക്ഷേ ഈ “വിഗതം” മലയാളി എന്നും സൂക്ഷിക്കും.
മുറ്റത്ത് കിടന്ന പത്രങ്ങളുടെ കൂട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കണ്ടപ്പോൾ ഇന്ന് തിങ്കളോ ചൊവ്വയോ എന്ന ദിവസങ്ങളെക്കുറിച്ചുള്ള ഒരു ശങ്ക മനസ്സിലുണ്ടായി. പിന്നെ പത്രത്തിലെ തീയതി നോക്കി 28 തിങ്കൾ എന്നു തന്നെ ഉറപ്പാക്കി. സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി ആഴ്ചപ്പതിപ്പ് ഒരുക്കിയ “LOST – വിഗതം” വിശേഷാൽ ലക്കം ഹൃദ്യമാണ്.
താനെഴുതിയ ഏതാണ്ട് മുഴുവൻ അക്ഷരങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിനു സമർപ്പിച്ച ആ മഹാപ്രതിഭയെക്കുനേർക്കുള്ള ഞങ്ങളുടെ, നമ്മുടെ നമസ്ക്കാരമാണ് ഈ ലക്കം എന്ന വരികളോടെയാണ് സുഭാഷ് ചന്ദ്രന്റെ പത്രാധിപക്കുറിപ്പ് വാക്ക് IN അവസാനിക്കുന്നത്. അമ്പലമണിയുടെ മുഴക്കത്തെ കുറിച്ച് 1984ൽ ലീലാവതി ടീച്ചർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലീലാവതി ടീച്ചറിന്റെ ലേഖനമാണ് ആദ്യം വായിച്ചത്. തുടർന്ന് ചുള്ളിക്കാടിന്റെ ലോകാനുരാഗത്തിന്റെ അഭിജ്ഞാനം. അതും പുന: പ്രകാശനമാണ്. സുഗതകുമാരി ടീച്ചറിന്റെ പൂവഴി, മരുവഴി എന്ന കവിതാ സമാഹാരത്തിന് എഴുതിയ പഠനം. സ്പൊണ്ടേനിറ്റി എന്ന് കാല്പനികതയുടെ പദകോശത്തിൽ രേഖപ്പെടുന്ന നൈസർഗികത, സുഗതകുമാരിയുടെ സഹജ സിദ്ധിയായിരുന്നുവെന്ന് എഴുതിയ സജയ് കെ.വി മലയാള കവിതയിലെ യൂറിഡിസി എന്ന വിശേഷമാണ് വീടവാങ്ങിയ കവിയത്രിയിൽ ചാർത്തുന്നത്.
സച്ചിദാനന്ദൻ,പ്രൊഫ.എം.കെ.പ്രസാദ്. അനിതാ തമ്പി, എം പി. സുരേന്ദ്രനുമായി നടത്തിയ പൂർത്തികരിക്കാത്ത അഭിമുഖം …വായിക്കാൻ ഇനിയും ഏറെയുണ്ട്.അപൂർവ്വചിത്രങ്ങളും കവിതകളും ഈ ലക്കത്തെ സമ്പന്നമാക്കുന്നു. പത്രാധിപർ സുഭാഷ് ചന്ദ്രനയച്ച കത്തും ആക്കൂട്ടത്തിലുണ്ട്. അതിലെ അവസാന വരികൾ ഇങ്ങനെയാണ് : തീരെ വയ്യ, ശ്വാസം പിണങ്ങുന്നു. ഇനിയും എഴുതാനാവുമോ! അറിഞ്ഞു കൂടാ.സുഗതത്തിന്റെ വിപരീതം വിഗതം.പക്ഷേ ഈ “വിഗതം” മലയാളി എന്നും സൂക്ഷിക്കും.

ഷാജി ജോർജ്