യൂറോപ്പില്‍ ആയിരക്കണക്കിന് പള്ളികള്‍ഡാന്‍സ് ബാറുകളാകുന്നുണ്ടോ?

Share News

.ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേശത്തോടെ 2019 -ല്‍ വിവിധ ഭാഷകളില്‍ വൈറലായ ഒരു വീഡിയോയുണ്ട്. അതില്‍ പറയുന്നത് “2001 മുതല്‍ ലണ്ടനില്‍ 500 ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും 423 പുതിയ മോസ്കുകള്‍ തുറക്കുകയും ചെയ്തു” എന്നാണ്. കോടിക്കണക്കിന് ആളുകള്‍ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ വല്ല യാഥാര്‍ത്ഥ്യവും ഉണ്ടായിരുന്നു? റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വെയേഴ്സിനെ ഉദ്ധരിച്ചുകൊണ്ട് 2012ല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തല്‍ ഇപ്രകാരം പറയുന്നു “2001 മുതല്‍ ലണ്ടന്‍ നഗരപരിധിക്കുള്ളിലെ 500 ഓളം ചര്‍ച്ചുകള്‍ വീടുകളാക്കിമാറ്റി” ഈ വാര്‍ത്ത വളച്ചൊടിച്ചാണ് ഇപ്രകാരമൊരു വീഡിയോ ചിലര്‍ മന:പൂർവ്വം പ്രചരിപ്പിച്ചത്.

ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭകളെക്കുറിച്ചും ദേവാലയങ്ങളെക്കുറിച്ചുമുള്ള ഏറ്റവും വിശ്വസനീയമായ സര്‍വ്വെകള്‍ നടത്താറുള്ള “ബ്രീലി കണ്‍സള്‍ട്ടന്‍സി” (Brierley Consultancy) പറയുന്ന ചില വസ്തുതകൾ നോക്കുക “1989 നും 2015നും ഇടയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി പുതുതായി 1,306 ദേവാലയങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1989ല്‍ 3,559 ദേവാലയങ്ങള്‍ നിലനിന്നിടത്ത് 2015 ആയപ്പോഴേക്കും ദേവാലയങ്ങളുടെ എണ്ണം 4,865 ആയി വര്‍ദ്ധിച്ചിരിക്കുന്നു! 2005നും 2015നും ഇടയില്‍ തന്നെ 800 ഓളം ദേവാലയങ്ങള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി പുതുതായി നിര്‍മിച്ചിട്ടുണ്ട്”. പുതുതായി നിര്‍മിച്ച ഈ ദേവാലയങ്ങളെല്ലാം പാരമ്പര്യ ഇംഗ്ലീഷ് ഗോത്തിക് ശൈലിയിലുള്ള ബ്രഹ്മാണ്ഡ കത്തീഡ്രലുകളാണ് എന്ന അര്‍ത്ഥമില്ല, മാസത്തില്‍ ഒരിക്കലെങ്കിലും ആരാധനയ്ക്കായി ഒത്തുകൂടുന്ന കെട്ടിടങ്ങള്‍ എല്ലാം ഈ സംഖ്യയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വ്യാജം പ്രചരിപ്പിച്ചുകൊണ്ടിരുന്ന പ്രസ്തുത വീഡിയോയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ മറ്റൊരു കാര്യവുമുണ്ട്; ലണ്ടനില്‍ “423 പുതിയ മോസ്കുകള്‍” നിര്‍മിച്ചു എന്നുള്ള പച്ചക്കള്ളം. വാസ്തവത്തില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആകെ 478 മോസ്കുകളാണ് നിലവിലുള്ളത്. ഇവയില്‍ ഭൂരിപക്ഷവും പതിറ്റാണ്ടുള്‍ക്കു മുമ്പുമുതലേ ഉള്ളവയുമാണ്. “പുതുതായി 423 മോസ്കുകള്‍ നിര്‍മിച്ചു” എന്നത് തികച്ചും വാസ്തവവിരുദ്ധമാണ് എന്നാണ് യഥാര്‍ത്ഥ രേഖകള്‍ വ്യക്തമാക്കുന്നത്. ഒരുപക്ഷേ വിവിധ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററുകളെയും ചെറിയ കൂട്ടങ്ങളായി മതപഠനം നടത്തുന്ന ഹാളുകളെയും മത ആവശ്യങ്ങള്‍ക്കായി വാടകയ്ക്കെടുക്കുന്ന കെട്ടിടങ്ങളെയും എല്ലാം ഉള്‍പ്പെടുത്തിയായിരിക്കും ഈ സംഖ്യ ഒപ്പിച്ചതെന്നാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

“സത്യം അരമുറുക്കുംമുമ്പ് അസത്യം പകുതിദൂരം പിന്നിട്ടിരിക്കും” എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ശ്രദ്ധേയമായ നിരീക്ഷണത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ ഇന്ന് ലോകത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് നുണകളുണ്ട്. ഇപ്രകാരം ലോകംചുറ്റി സഞ്ചരിക്കുന്ന ഒരു നുണയാണ് ചാണ്ടി ഉമ്മന്‍ രാഷ്ട്രീയ അരങ്ങേറ്റംകുറിച്ച് നടത്തിയ “മലപ്പുറം പ്രസംഗ”ത്തിലും ആവേശംമൂത്ത് വിളിച്ചുപറഞ്ഞത് – “ആയിരക്കണക്കിന് പള്ളികളാണ് വെസ്റ്റില്‍, സ്പെയിനില്‍, ഇംഗ്ലണ്ടില്‍ ഡാന്‍സ് ബാറുകളായി മാറുന്നത്, യാതൊരു ബുദ്ധിമുട്ടും ഇവര്‍ക്ക് ഇല്ലല്ലോ, പിന്നെ എന്തിനാണ് ഹാഗിയാ സോഫിയാ വിഷയത്തില്‍ മാത്രം ഇത്രമാത്രം പ്രശ്നം?”

ഹാഗിയാ സോഫിയാ ദേവാലയത്തെക്കുറിച്ച് ഈ ലേഖനത്തില്‍ കൂടുതലൊന്നും പരാമര്‍ശിക്കുന്നില്ല. എന്നാല്‍ മിസ്റ്റര്‍ ഉമ്മന്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരുവൻ തൻ്റെ സ്വത്ത് ധൂർത്തടിച്ചു കളയുന്നതും വേറൊരുവൻ അവൻ്റെ സമ്പാദ്യം പിടിച്ചുപറിച്ച് കൊണ്ടു പോകുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ദേവാലയങ്ങൾ വിറ്റു കളയുന്നതിനേ പിടിച്ചുപറിക്കുന്നതിനോട് താരതമ്യം ചെയ്യരുത്. ഹാഗിയാസോഫിയ ദേവാലയം പിടിച്ചുപറിച്ച് മോസ്ക് ആക്കുകയായിരുന്നു എന്നത് പച്ചയായ ചരിത്രമാണ്. ഇത് വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നവർ സ്വയം പരിഹാസ്യരാവുകയേയുള്ളൂ.

“യൂറോപ്പിലുള്ള ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങൾ ഡാന്‍സ് ബാറുകളും മോസ്കുകളും ആയി മാറുന്നു” എന്ന നട്ടാല്‍ കുരുക്കാത്ത നുണ ലോകത്ത് പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായി. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? യൂറോപ്പിന്‍റെ ഒരു പരിഛേദമായി ഇംഗ്ലണ്ടിനെ കണ്ടുകൊണ്ടാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. ആധുനിക ലോകക്രമങ്ങള്‍ യൂറോപ്യന്‍ വന്‍കരയില്‍ ഏറ്റവുമാദ്യം സ്വാധീനം ചെലുത്തന്നതും ചലനങ്ങള്‍ സൃഷ്ടിക്കുന്നതും ഇംഗ്ലണ്ടിലാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ഈ മാറ്റങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമേ എത്തിച്ചേരുകയുള്ളൂ. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍തന്നെ ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംഭവിക്കുന്ന പല മത, സാംസ്കാരിക മേഖലകളിലെയും മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്നതു തന്നെ ഇംഗ്ലണ്ടിലാണ്. ആയതിനാല്‍ യൂറോപ്പില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മത -വിശ്വാസ മേഖലയിലെ മാറ്റങ്ങളുടെയെല്ലാം തുടക്കം ഇംഗ്ലണ്ടിൽ ആരംഭിക്കുന്നതിനാൽ ഇംഗ്ലണ്ടിലെ സഭകളെയും ദേവാലയങ്ങളെയും അടിസ്ഥാനമാക്കിയാണ് ശ്രീ ചാണ്ടി ഉമ്മന്‍റെ പ്രസ്താവനയെ പരിശോധിക്കുന്നത്.

ആംഗ്ലിക്കന്‍ സഭ നല്‍കുന്ന കൃത്യമായ കണക്കുകള്‍ പറയുന്നത് “ശരാശരി 30 പള്ളികള്‍ ഇംഗ്ലണ്ടില്‍ മാത്രം വര്‍ഷംതോറും അടച്ചുപൂട്ടുന്നു” എന്നാണ്. ഇതൊരു യാഥാര്‍ത്ഥ്യമാകയാല്‍ അതിന് കാരണമെന്താണ് എന്നതും എന്തുകൊണ്ടാണ് പള്ളികൾ അടച്ചുപൂട്ടുന്നത് എന്നും അടച്ചുപൂട്ടുന്ന പള്ളികള്‍ക്ക് തുടര്‍ന്ന് എന്തു സംഭവിക്കുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്.

ഒന്നാമതായി കാലപ്പഴക്കമാണ് ഒരു പള്ളി അടച്ചുപൂട്ടാനുള്ള പ്രധാന കാരണം. ഇംഗ്ലണ്ടിലെ പള്ളികള്‍ ശരാശരി 100 മുതല്‍ 200 വര്‍ഷം വരെയും അതിലേറെയും പ്രായമുള്ളവയാണ്. അതിനാല്‍ പള്ളിക്കെട്ടിടത്തിന്‍റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രധാനമായും പള്ളികള്‍ അടച്ചുപൂട്ടുന്നത്. ചില പള്ളികള്‍ 400 വര്‍ഷം പഴക്കമുള്ളതും ഏതാനും പള്ളികൾ ആയിരം വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ളതുമാണ്. ഇംഗ്ലണ്ടിലെ പ്രസിദ്ധമായ “യോര്‍ക്ക് മിനിസ്റ്റര്‍” ദേവാലയത്തിന് എഡി 627 മുതല്‍ ചരിത്രം ആരംഭിക്കുന്നു. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള നിരവധി ദേവാലയങ്ങള്‍ ഇതര യൂറോപ്യന്‍ രാജ്യങ്ങളിലെന്നപോലെ ഇംഗ്ലണ്ടിലുമുണ്ട്. ഇവയെല്ലാം ആരാധനാലയങ്ങള്‍ എന്ന നിലയില്‍ അല്ല, ചരിത്രസ്മാരകങ്ങള്‍ എന്ന നിലയില്‍ ഇന്ന് സംരക്ഷിക്കപ്പെടുന്നവയാണ്.

രണ്ടാമതായി അടച്ചുപൂട്ടുന്ന ദേവാലയങ്ങളില്‍ മഹാഭൂരിപക്ഷവും ഇംഗ്ലീഷ് വില്ലേജുകളില്‍ സ്ഥിതിചെയ്യുന്നവയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. പ്രധാനമായുള്ള കാരണം, വിക്ടോറിയന്‍ കാലഘട്ടത്തില്‍ ശക്തിപ്രാപിച്ച വ്യവസായ വിപ്ലവത്തോട് അനുബന്ധിച്ച് കുടില്‍വ്യവസായങ്ങള്‍കൊണ്ടും ചെറുകിട തൊഴിലുകള്‍കൊണ്ടും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ജനലക്ഷങ്ങളാണ് ജോലിക്കും ഉയര്‍ന്ന ജീവിതസൗകര്യങ്ങള്‍ക്കുമായി നഗരങ്ങളിലേക്ക് കുടിയേറിയത്. ഖനികള്‍ അടച്ചുപൂട്ടിയതും ഗ്രാമങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലാക്കി. നഗരത്തിലേക്ക് പലായനം ചെയ്യാതെ ഗ്രാമങ്ങളില്‍ അവശേഷിച്ച കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നു പുതിയ തലമുറകള്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം വിദ്യാഭ്യാസവും ഉദ്യോഗവും തേടി നഗരങ്ങളിലോ വിദേശങ്ങളിലേക്കോ കുടിയേറി. ഇതുമൂലം ഗ്രാമങ്ങള്‍ പോലും വിജനമായി; നിരവധി ഗ്രാമങ്ങള്‍ ജനവാസമില്ലാതെ പൂര്‍ണ്ണമായും നശിച്ചുപോയിട്ടുമുണ്ട്. ഇതിന്‍റെയെല്ലാം ഫലമായി ഗ്രാമങ്ങളിലുള്ള ദേവാലയങ്ങള്‍ എല്ലാം സ്വാഭാവികമായി അടഞ്ഞുപോവുകുയും ചെയ്തു. വ്യവസായ വിപ്ലവം ഇംഗ്ലണ്ടില്‍ മാത്രം ഒതുങ്ങിനിന്നില്ല, യൂറോപ്പില്‍ മുഴുവന്‍ ഈ സ്ഥിതി സംജാതമാവുകയും ഇംഗ്ലീഷ് ഗ്രാമങ്ങളെപ്പോലെ യൂറോപ്യന്‍ ഗ്രാമങ്ങളും വിജനമാവുകയും ചെയ്തു; അതോടൊപ്പം അവിടെയുള്ള പള്ളികളും.

ഗ്രാമങ്ങളിലെ വീടുകള്‍ ഇടിച്ചുകളയാം, എന്നാല്‍ അവിടെയുള്ള ദേവാലയങ്ങളെ ഇടിച്ചുകളഞ്ഞ്, അതിനു ചുറ്റുമുള്ള സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ഇതരമതസ്ഥര്‍ക്ക് കൈമാറുവാനോ കഴിയില്ല. കാരണം, ഇംഗ്ലീഷ് ദേവാലയങ്ങള്‍ക്കു ചുറ്റുമായി അന്ത്യവിശ്രമംകൊള്ളുന്നവരുടെ ശവക്കല്ലറകള്‍ ഇത്തരം നീക്കങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നു. ഇതിന്‍റെയെല്ലാം ഫലമായി ഇടിഞ്ഞുപൊളിഞ്ഞ നിരവധി പള്ളികളും കാടുപിടിച്ചുകിടക്കുന്ന ശവക്കോട്ടകളും എല്ലാ ഗ്രാമങ്ങളിലും കാണാന്‍ കഴിയുന്നു.

നഗരങ്ങളില്‍ സ്ഥിതിചെയ്തിരുന്ന ദേവാലയങ്ങളില്‍ വിരലിലെണ്ണാവുന്ന മാത്രം ഹോട്ടലുകളോ സൂപ്പര്‍മാര്‍ക്കറ്റുകളോ ബാറുകളോ ആയിട്ടുണ്ട്. അതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്, വ്യവസായ വിപ്ലവത്തിന്‍റെ ഫലമായി ജനങ്ങള്‍ നഗരത്തിനു ചുറ്റും താമസമാക്കിയതോടെ നഗരങ്ങളിലെ ദേവാലയങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാൾ ആള്‍ക്കൂട്ടങ്ങള്‍ ദേവാലയത്തില്‍ വന്നു ചേർന്നു. ഈ ഘട്ടത്തില്‍ നഗരങ്ങളിലെ പള്ളികള്‍ വിറ്റ്, നഗരത്തിനു വെളിയില്‍ പുതിയ ദേവാലയങ്ങള്‍ നിര്‍മിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. നഗരങ്ങളിലെ പളളികൾക്ക് സ്വന്തമായി കാര്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതു വലിയൊരു അപര്യാപ്തതയായി ബോധ്യപ്പെട്ടതിനാല്‍ കാര്‍പാര്‍ക്കുകള്‍ ഉള്‍പ്പെടെ നഗരത്തിന് വെളിയില്‍ പുതിയ പള്ളികള്‍ നിര്‍മിക്കുന്നതിന്‍റെ ഭാഗമായി കുറെ പള്ളികളെങ്കിലും വില്‍ക്കുകയോ സിറ്റി കൗണ്‍സിലുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കുകയോ ചെയ്തിട്ടുണ്ട്. നഗരസഭകൾ ഏറ്റെടുത്ത പള്ളിക്കെട്ടിടങ്ങളെ പിന്നീട് ഹോട്ടല്‍ ഉടമകള്‍ക്കോ ഹൗസിംഗ് ഏജന്‍സികള്‍ക്കോ കൈമാറിയിട്ടുമുണ്ടാകാം. അങ്ങനെയാണ് ഇവ ഹോട്ടലുകളോ കടകളോ ഒക്കെയായി മാറിയത്.

പ്രൊട്ടസ്റ്റന്‍റ് നവീകരണം വന്നതോടെ കത്തോലിക്കാ ദേവാലയങ്ങളില്‍നിന്നും വിശ്വാസികള്‍ കൂട്ടമായി ആംഗ്ലിക്കന്മാരായിപ്പോയതോടെ വിശ്വാസികളുടെ എണ്ണം കുറഞ്ഞ് കാലക്രമത്തിൽ അടഞ്ഞുപോയ പല കത്തോലിക്കാ ദേവാലയങ്ങളുമുണ്ട്. കാലാന്തരത്തില്‍ അത്തരം ദേവാലയങ്ങള്‍ അടച്ചുകളഞ്ഞിട്ടുമുണ്ട്. പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിന്‍റെ ഫലമായി യൂറോപ്പിലാകെ ഈ പ്രശ്നം ഉടലെടുക്കുകയും അതിന്‍റെ ഫലമായി പല ദേവാലയങ്ങള്‍ക്കും യൂറോപ്പില്‍ അടച്ചുപൂട്ടല്‍ എന്ന ഗതികേട് നേരിടുകയും ചെയ്തിട്ടുണ്ട്.

പള്ളികള്‍ തങ്ങള്‍ക്ക് നിലനിത്താന്‍ താല്‍പര്യമില്ലെങ്കില്‍ അവയെ കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ വെബ്സൈറ്റില്‍ പറയുന്നത് നോക്കുക: 1. മറ്റ് ക്രിസ്റ്റ്യന്‍ സഭകള്‍ക്ക് ആരാധനയ്ക്കായി നല്‍കുകയോ 2. മ്യൂസിയം, ലൈബ്രറി തുടങ്ങിയ കള്‍ച്ചറല്‍/ കമ്യൂണിറ്റി ഉപയോഗത്തിന് വിട്ടുകൊടുക്കുകയോ, 3. വീടുകളില്ലാത്തവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും താമസസൗകര്യത്തിന് നല്‍കുകയോ 4. ആര്‍ട്സ് സെന്‍റര്‍/ തീയറ്റര്‍, ഓഫീസ്, സ്മാരകം എന്നിവയാക്കി മാറ്റുകയോ ഒക്കെ ചെയ്യുക എന്നാണ്. ചരിത്രപ്രസിദ്ധമായ ദേവാലയങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. അല്ലാതെയുള്ളവയെ പൊതുജനങ്ങള്‍ തന്നെ ചാരിറ്റി സംഘടനകള്‍ക്കു കീഴില്‍ കൊണ്ടുവന്ന് ചരിത്രസ്മാരകമായി നിലനിര്‍ത്തുന്നു.

എന്തുകൊണ്ടാണ് പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ വിശ്വാസം ഉപേക്ഷിച്ചുപോകുന്നത്?”

“ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റ്യൂഡ് സര്‍വ്വേ” 2018 പ്രകാരം 18-നും 24നും ഇടയില്‍ പ്രായമുള്ളവര്‍ 1% മാത്രമാണ് തങ്ങള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ ഭാഗമാണെന്ന് പറയുന്നത്. 75 വയസുള്ളവരില്‍തന്നെ മൂന്നില്‍ ഒന്നു മാത്രമേ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ ഭാഗമായി ഇന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ. അതോടൊപ്പം 52 ശതമാനം ആളുകള്‍ തങ്ങള്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നു പറയുന്നു. ക്രിസ്ത്യാനികളാണ് എന്നു പറയുന്നവര്‍ തന്നെ 38 ശതമാനമായി കുറഞ്ഞിരിക്കുന്നു. നാലില്‍ ഒന്നു ജനങ്ങള്‍ ഇംഗ്ലണ്ടില്‍ നിരീശ്വരവാദികളുമാണ്. അതോടൊപ്പം, ഒരു മതത്തിലും ഉള്‍പ്പെടുന്നില്ലെങ്കിലും ദൈവവിശ്വാസമുള്ളവരും വര്‍ദ്ധിക്കുന്നുണ്ട്.

ഇന്ന് പള്ളികളില്‍ വരുന്നവരില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. ഇപ്രകാരമൊരു പ്രവണത ക്രൈസ്തവരില്‍ സംജാതമായിട്ട് അമ്പത് വര്‍ഷംപോലും ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ട് ലോകമഹായുദ്ധങ്ങള്‍ നാമാവശേഷമാക്കിയ യൂറോപ്പിന് യുദ്ധക്കെടുതിയില്‍നിന്ന് എങ്ങനെയും പുറത്തുവരേണ്ടതിന് ഏറെ അധ്വാനിക്കേണ്ടി വന്നു. കുറഞ്ഞ വേതനവും നഗരങ്ങളിലെ കഷ്ടതനിറഞ്ഞ ജീവിതവും ആഴ്ചയില്‍ എന്നും പ്രവര്‍ത്തിക്കുന്ന ഫാക്ടറികളും ആഴ്ചയിലെ എല്ലാ ദിവസവും ജോലിചെയ്യേണ്ട തൊഴിലാളികളും… ഇവയെല്ലാം പതിവായി പള്ളികളില്‍ പോകാന്‍ കഴിയാതെ ജനങ്ങളുടെ വിശ്വാസജീവിതത്തെ ആകെ തകിടംമറിച്ച സംഗതികളാണ്. ലോകയുദ്ധങ്ങളില്‍ മരിച്ചുപോയ നൂറുകണക്കിന് കുടുംബനാഥന്മാര്‍, അമ്മയുടെ രണ്ടാം ഭര്‍ത്താവിനോടൊത്തു ജീവിക്കുന്ന മക്കള്‍ നേരിട്ട നിരവധി പ്രയാസങ്ങള്‍, മാതാപിതാക്കളുടെ കരുതലോടെയുള്ള പരിചരണത്തില്‍ വളരാന്‍ കഴിയാതെപോയ തലമുറ, മിക്സഡ് റെയ്സ് (mixed race)ബന്ധത്തിൽ ഉണ്ടായ മക്കള്‍… എന്നീ സാമൂഹിക പ്രതിസന്ധികളും, മാറിമറിഞ്ഞുവന്ന രാഷ്ട്രീയ സാംസ്കാരിക പരിസ്ഥിതികളും പള്ളികളില്‍ ഇല്ലാതെയായ സണ്‍ടേസ്കൂള്‍ സംസ്കാരവും എല്ലാം ക്രൈസ്തവ യൂറോപ്പിനെ വിശ്വാസത്തില്‍നിന്ന് അകറ്റിയ സംഗതികളാണ്.

മത, വിശ്വാസ കാര്യങ്ങളില്‍ ഇപ്രകാരമൊരു ഇടിവ് സംഭവിക്കാനുള്ള കാരണത്തില്‍ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്, തലമുറകളായി സംഭവിക്കുന്ന ഒരു സ്വാഭാവിക പരിണാമമാണ് ഇതിനു പിന്നില്‍ എന്നാണ്. മാതാപിതാക്കളേക്കാള്‍ കുറഞ്ഞ മതവിശ്വാസമേ മക്കളിലേക്ക് കൈമാറ്റപ്പെടുന്നുള്ളൂ. ഇപ്രകാരം ഏതാനും തലമുറകള്‍ കഴിയുമ്പോള്‍ വിശ്വാസം ഇല്ലാത്ത ഒരു തലമുറ സമൂഹത്തിന്‍റെ മുമ്പന്തിയില്‍ നിലയുറപ്പിക്കുന്നു. ഇത് കാലാന്തരത്തില്‍ ലോകത്ത് എല്ലായിടത്തും സംഭവിക്കാന്‍ പോകുന്ന കാര്യമാണ് എന്നതും ഇവിടെ എടുത്തു പറയട്ടെ.

രാജഭരണം നിലനിന്നിരുന്ന കാലങ്ങളില്‍ യൂറോപ്പില്‍ പൗരന്‍റെ ഉത്തരവാദിത്വമായിരുന്നു എല്ലാ ആഴ്ചകളിലും പള്ളിയില്‍ പോയിരിക്കണം എന്നത്. ഇതില്‍ വീഴ്ചവരുത്തന്നവര്‍ക്ക് ശിക്ഷ ഉറപ്പായിരുന്ന കാലഘട്ടമുണ്ട്. എന്നാല്‍ ജനാധിപത്യവും തുടര്‍ന്ന് മതേതരത്വവും ശക്തമായതോടെ ഈ സ്ഥിതിക്ക് മാറ്റം വരികയും മനുഷ്യന്‍ സ്വന്തഇഷ്ടപ്രകാരം മത-ഈശ്വരവിശ്വാസങ്ങളെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന സ്ഥിതി സംജാതമാവുകയും ചെയ്തു. വിശ്വാസസംബന്ധിയായ വിഷയങ്ങള്‍ എവിടെയെല്ലാം നിയമബന്ധിതമായി നിലനില്‍ക്കുന്നുവോ അവിടെയെല്ലാം ജനങ്ങള്‍ ഭയംകൊണ്ട് മതവിഷയങ്ങളില്‍ പങ്കാളികളായി എന്നു വരും. നിയമബന്ധിതമായി പിടിച്ചുനിര്‍ത്തി ജനങ്ങളെ മതവിശ്വാസികളായി അധികനാൾ നിലനിര്‍ത്താന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യവും ഇവിടെ ഓർമിക്കേണ്ടതുണ്ട്.

ഇംഗ്ലണ്ടിലും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവികത തകരുന്നു എന്ന പ്രചാരണം ശക്തമാകുമ്പോഴും ഇവിടെ തിരിച്ചറിയേണ്ട മറ്റൊരു വസ്തുതയുമുണ്ട്. 1980നും 2012നും ഇടയിലുള്ള കാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭ യൂറോപ്പില്‍ 6% വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആംഗ്ലിക്കന്‍/ പ്രൊട്ടസ്റ്റൻ്റ് ചര്‍ച്ചുകൾക്ക് ഗുരുതരമായ തകര്‍ച്ച നേരിടുമ്പോഴും ബ്രിട്ടിഷ് ജനസംഖ്യയില്‍ 12ല്‍ ഒരാളും ലോകജനസംഖ്യയില്‍ ആറില്‍ ഒരാളും കത്തോലിക്കനാണ്. നാഷണല്‍ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസേര്‍ച്ച് നല്‍കുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ മുപ്പതു വര്‍ഷത്തിനുള്ളില്‍ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം ഏതാണ്ട് ഒരേ നിലയില്‍ തുടരുന്നു. 1983 മുതലുള്ള റിപ്പോര്‍ട്ടുകളിന്‍ പ്രകാരം ഇംഗ്ലണ്ടിൽ ജനസംഖ്യയില്‍ 10 ശതമാനമായിരുന്ന കത്തോലിക്കര്‍ ഇപ്പോള്‍ 9 ശതമാനമായി – ഒരു ശതമാനത്തിന്‍റെ കുറവു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ല്‍ മാത്രം രൂപവല്‍ക്കരിക്കപ്പെട്ട “ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയില്‍” തന്നെ കേരളത്തിൽ നിന്നും കുടിയേറിയ പതിനായിരം കുടുംബങ്ങളിലായി നാല്‍പതിനായിരം വിശ്വാസികളും ഉണ്ട് എന്നതും ശ്രദ്ധേയമായ സംഗതിയാണ്.

എപ്പിസ്കോപ്പല്‍ ചര്‍ച്ചുകളുടെ അംഗങ്ങള്‍ക്ക് ഇടിവു നേരിടുന്നുവെങ്കിലും ഇവിടെ തഴച്ചുവളരുന്ന പെന്‍റക്കൊസ്റ്റലിസം വിസ്മരിക്കാവുന്ന കാര്യമല്ല. വിവിധ രാജ്യങ്ങളില്‍നിന്നും കുടിയേറ്റക്കാരായി വന്നിരിക്കുന്നവരും അഭയാര്‍ത്ഥികളായി വന്നിരിക്കുന്നവരും ഉള്‍പ്പെടുന്ന ആയിരക്കണക്കിന് പെന്‍റക്കൊസ്റ്റല്‍ കൂട്ടായ്മകള്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും സ്പെയിനിലും പോര്‍ച്ചുഗലിലും എല്ലാം വളരെ ശക്തമാണ്. ഒരു ദേവാലയം വില്‍പ്പനയ്ക്ക് മാര്‍ക്കറ്റില്‍ വന്നാല്‍ അത് വാങ്ങുന്നതിന് ഇപ്പോള്‍ മത്സരിക്കുന്നത് ക്രൈസ്തവസഭകൾ തന്നെയാണ്. കൂടാതെ ഗോഡൗണുകളും ഹോട്ടലുകളും വിലയ്ക്കു വാങ്ങി ആരാധനാലയങ്ങളാക്കി മാറ്റിയ നിരവധി ക്രൈസ്തവ സഭകളും ഇംഗ്ലണ്ടിലുണ്ട്.

ചുരക്കത്തില്‍, ചാണ്ടി ഉമ്മന്‍ കരുതുന്നതുപോലെയല്ല കാര്യങ്ങള്‍. ആരും വിശ്വസിക്കുന്നില്ലെങ്കിലും സത്യം സത്യമാണ്, സംഘടിതമായി പ്രചരിപ്പിക്കുകയും എല്ലാവരും വിശ്വസിക്കുന്നുണ്ട് എങ്കിലുംനുണ നുണതന്നെയാണ്; ഈ യഥാർത്ഥ്യം ചാണ്ടി ഉമ്മനും അദ്ദേഹത്തെ പിന്താങ്ങുന്നവരും മനസ്സിലാക്കുന്നത് നന്നായിരിക്കും.(ചിത്രം: ഇംഗ്ലണ്ടിൽ യോർക്ഷിയറിൽ സ്കിപ്പടൻമലനിരകൾക്കിടയിൽ 13-ാം നൂറ്റാണ്ടിൽ നിർമിക്കുകയും 16-ാം നൂറ്റാണ്ടു മുതൽ അടച്ചിടുകയും ചെയ്ത അഗസ്റ്റിനിയൻ മൊണാസ്ട്രി ദേവാലയം)

മാത്യൂ ചെമ്പുകണ്ടത്തില്‍.

Share News