ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം. അതാണ് അയാളുടെ കരുത്തും പ്രചോദനവും. -പിണറായി വിജയൻ
ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം. അതാണ് അയാളുടെ കരുത്തും പ്രചോദനവും.
ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഏറ്റവും ഹൃദയസ്പർശിയായ രീതിയിൽ അതെന്നെത്തേടി വന്നത് പത്തനാപുരത്തെ ഗാന്ധി ഭവനിലെ അമ്മമാരിൽ നിന്നുമാണ്. തങ്ങൾ നിർമ്മിക്കുന്ന കരകൗശലവസ്തുക്കൾ വിറ്റു കിട്ടിയ പണത്തിൽ ഒരു പങ്ക് എനിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനായി അവർ തന്നിരിക്കുകയാണ്. എന്തെന്നില്ലാത്ത സന്തോഷമാണ് അവർ സമ്മാനിച്ചിരിക്കുന്നത്.
ഡോ.സോമരാജൻ്റെ മേൽനോട്ടത്തിൽ നടന്നു വരുന്ന പത്തനാപുരം ഗാന്ധി ഭവൻ ഏകദേശം 1300 പേരുടെ അഭയ കേന്ദ്രമാണ്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് പലതവണ അവിടം സന്ദർശിച്ചിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അവിടത്തെ അമ്മമാർ നേരിട്ട് എകെജി സെൻ്ററിൽ വന്നു കെട്ടിവയ്ക്കാനുള്ള പണം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കണ്ണൂരായതിനാൽ ഡോ.സോമരാജൻ്റെ സഹധർമ്മിണിയും മകനും അതേറ്റു വാങ്ങുകയും കണ്ണൂരിൽ വച്ച് കൈമാറുകയുമാണ് ചെയ്തത്.
ഈ സ്നേഹോപഹാരം ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ലഭിച്ച അവിസ്മരണീയമായ ബഹുമതിയായാണ് ഞാൻ കണക്കാക്കുന്നത്. സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന എൻ്റെ പാർട്ടിയുടെ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരം കൂടെയായാണ് ഇതു കാണുന്നത്. നമ്മൾ ആർക്കു വേണ്ടിയാണോ പ്രവർത്തിക്കുന്നത് അവർ അതു തിരിച്ചറിയുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ദൃശനിശ്ചയത്തോടെ ശരിയായ ദിശയിൽ മുന്നോട്ടു പോകാനുള്ള ഊർജമാണ് ഇടതുപക്ഷത്തിനതു നൽകുന്നത്. നമുക്ക് ഒറ്റക്കെട്ടായി സമാധാനപൂർണവും സമത്വസുന്ദരവുമായ നല്ല നാളേയ്ക്ക് വേണ്ടി ഇനിയും മുന്നോട്ടു പോകാം
–പിണറായി വിജയൻ