
പുസ്തകവും വായനയും നിരോധിക്കപ്പെടുമ്പോള്‍ ചിന്തയും ഭാഷയും അപ്രത്യക്ഷമാവുന്നു.
കോവിഡ് കാലം ലോകമെങ്ങും വായന തളിര്‍ത്ത് പൂത്ത ദിവസങ്ങളാണ്.പുസ്തകം വാങ്ങി,വായിച്ച്,സൂക്ഷിച്ചു വയ്ക്കുന്നതിന്റെ സന്തോഷം ഇപ്പോഴും ആഗ്രഹിക്കുന്ന ധാരാളം മനുഷ്യരുണ്ട് നമുക്ക് ചുറ്റും.ജീവിതത്തിന്റെ ഈ പ്രതിസന്ധികൾക്കിടയിലും പുസ്തകങ്ങളെയും വായനയെയും ചേർത്തുപിടിക്കുന്നവരാണിവർ.

നിർബന്ധിതവും ആരും ആഗ്രഹിക്കാത്തതുമായ ഒരു നീണ്ട അവധിയിലാണ് നാമെല്ലാം.ജീവിക്കുന്നതിനേക്കാള്‍ അതിജീവിക്കാന്‍ പാടുപെടുന്ന കാലമാണിത്.മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആന്തരികപ്രതിരോധമെന്ന നിലയിൽ വായനയുടെ പ്രയാണം തുടരുകയാണ്.വായനയും പുസ്തകവും നമുക്ക് മറ്റൊരു പുതു ജീവിതം നൽകുമെന്ന് മനുഷ്യർ മനസിലാക്കിയ ദിനങ്ങളാണ് ലോക്ക് ഡൗൺ കാലമെന്ന് നിസംശ്ശയം പറയാം.

അപരനിലേക്കുള്ള നോട്ടം പൊഴിക്കാന്‍ പ്രേരണ നല്‍കിയത് പുസ്തകങ്ങളാണ്.കോവിഡ് കാലത്തെ അതികഠിനമായ മരണദുഃഖങ്ങളെയും,ദുസ്സഹമായ ഏകാന്തതകളെയും, ഉത്കണ്ഠകകളെയും,നൈരാശ്യങ്ങളെയും ബൈബിൾ,ഭഗവത്ഗീത,ഖുറാൻ എന്നീ വിശുദ്ധ ഗ്രന്ഥങ്ങൾ കൊണ്ട് നാം അതിജീവിക്കുന്നുവെന്നുള്ളത് ഏറെ സന്തോഷകരമാണ്.
ലോകത്തെ ചില പ്രശസ്ത വ്യക്തികളുടെ വായനശീലം നോക്കാം.വാറൻ ബഫറ്റ് ഒരു ഇൻവെസ്റ്ററായി പേരെടുക്കുന്നതിനു മുമ്പ് ദിവസവും 500 പേജ് വായിച്ചു തീർക്കുമായിരുന്നു.ബിൽ ഗേറ്റ്സ് വർഷത്തിൽ 50 പുസ്തകങ്ങൾ വീതം വായിക്കുമായിരുന്നു.എലോൺ മസ്ക് റോക്കറ്റുണ്ടാക്കാൻ പഠിച്ചത് വായനയിലൂടെയാണ്.2015 ൽ ഉടനീളം ഓരോ 2 ആഴ്ചയിലും ഒരു പുസ്തകം എങ്കിലും വായിക്കാൻ മാർക്ക് സക്കർബർഗിന് കഴിഞ്ഞിരുന്നു.
തങ്ങളുടെ ജീവിതത്തിൽ വിജയിച്ച ഇത്തരം ആളുകൾ വിദ്യാഭ്യാസ പുസ്തകങ്ങളും,അറിവുകൾ തരുന്ന പ്രസിദ്ധീകരണങ്ങളുമാണ് വായിക്കാൻ തിരഞ്ഞെടുത്തത്.മാർഗ്ഗനിർദ്ദേശത്തിനും പ്രചോദനത്തിനുമായി ജീവിതവിജയം നേടിയ ആളുകളുടെ ജീവചരിത്രങ്ങളും ആത്മകഥകളും അവർ നിരീക്ഷിച്ചിരുന്നു.ഒരുപാട് വായിക്കുന്ന ആളുകൾ വിജയിക്കാൻ കൂടുതൽ സാധ്യതയുള്ളത് എന്തുകൊണ്ടാണ്?അവർക്ക് ഏകാഗ്രത ലഭിക്കുന്നു,അവർ ജീവിതത്തിൽ ലക്ഷ്യങ്ങൾ വെയ്ക്കുന്നു,അവർ വിവേകപൂർവ്വം സമയം ചെലവഴിക്കുന്നു,അവർക്ക് അവിശ്വസനീയമായ രീതിയിൽ എഴുതാനും സംസാരിക്കാനും ശേഷിയുണ്ട്,അവർ എപ്പോഴും പുതുമയുള്ള വ്യക്തികളുമായിരിക്കുന്നു എന്നുള്ളതാണ്.
നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ എക്കാലവും പ്രോത്സാഹിപ്പിക്കുന്നത് വായിക്കുന്ന മനുഷ്യനെയല്ല,വായിക്കാത്ത മനുഷ്യനെയാണ്.കാരണം പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്നത് അധികാരത്തിന്റെ പ്രശ്നങ്ങളാണ്.ഒരു മേയ് പത്തിനാണ് നാസി ജര്‍മനിയില്‍ പുസ്തകങ്ങള്‍ കൂട്ടത്തോടെ അഗ്നിക്ക് ഇരയാക്കിയ ദിനം.മേയ് പത്തുകള്‍ പലവിധത്തില്‍ ഇപ്പോഴും നമ്മുടെ ലോകത്ത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
പുസ്തകവും വായനയും നിരോധിക്കപ്പെടുമ്പോള്‍ ചിന്തയും ഭാഷയും അപ്രത്യക്ഷമാവുന്നു.ചിന്തയും ഭാഷയും ഇല്ലാതാവുമ്പോള്‍ നമുക്ക് ശബ്ദവും നഷ്ടമാവുന്നു.കാലത്തിന്റെ വിഹ്വലതകളുടെയും അടിസ്ഥാന ചോദ്യങ്ങളുടെയും സന്ദേഹങ്ങളുടെയും അടയാളപ്പലകകളായി മാറാന്‍ പലപ്പോഴും അതതു കാലത്തെ പുസ്തകങ്ങള്‍ക്ക് കഴിയാറുണ്ട്.അധികാരത്തിന്റെയും അര്‍ത്ഥത്തിന്റെയും പുതിയ മേഖലകള്‍ വെട്ടിപ്പിടിക്കുമ്പോള്‍ സ്വന്തം വേരുകള്‍ മുറിഞ്ഞുപോകുന്നത് പുതിയ കാലത്തെ മനുഷ്യര്‍ അറിയുന്നില്ല.
ഡാറ്റായിസത്തെയും ഡിജിറ്റല്‍ ടെക്നോളജിയുടെ അതിരുകളില്ലാത്ത മുന്നേറ്റത്തേയും മനുഷ്യ കേന്ദ്രീകൃതമാക്കി മാറ്റാന്‍ ഇന്നത്തെ പുതു തലമുറയ്ക്ക് കഴിയുമോ?ഇതാണ് ഇന്നത്തെ പുതിയ പുസ്തകങ്ങളും വായനയും നേരിടുന്ന വെല്ലുവിളികൾ.നമ്മുടെ അലസ വായനയുടെ ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
കോവിഡ് കാലത്തെ ഇന്ത്യക്കാരുടെ വായനാ സമയത്തെക്കുറിച്ചുള്ള നീൽസന്റെ സർവ്വേ റിപ്പോർട്ട് അനുസരിച്ച് ആഴ്ചയിൽ ഒമ്പത് മണിക്കൂറിൽ നിന്ന് 16 മണിക്കൂറായി ഉയർന്നിട്ടുണ്ട്.എൻ.ഒ.പി വേൾഡ് കൾച്ചർ സ്കോർ ഇൻഡെക്സ് അനുസരിച്ച്,ഏറ്റവും കൂടുതൽ വായിക്കുന്ന രാജ്യമാണ് ഇന്ത്യ.ആഴ്ചയിൽ 10 മണിക്കൂറിലധികം മുതിർന്നവരായ ഇന്ത്യക്കാർ വായനക്കായി ചെലവഴിക്കുന്നു.പക്ഷെ,ഇന്ത്യയിലെ വിദ്യാർത്ഥികളുടെ വായനാശീലങ്ങളെപ്പറ്റി നടന്ന ഒരു പഠനം പറയുന്നത് പത്തിൽ മൂന്നു കുട്ടികൾക്ക് മാത്രമേ സിലബസിനു പുറത്തുള്ള പുസ്തകങ്ങൾ വായിക്കുന്ന ശീലമുള്ളൂ എന്നാണ്.

തൻ്റെ മനസ്സിനകത്ത് ദൈവരാജ്യം സൃഷ്ടിക്കാൻ പുസ്തകത്തിനാകുമെന്ന് മഹാത്മാഗാന്ധിജി മനസ്സിലാക്കിയത് ലിയോ ടോൾസ്റ്റോയിടെ ‘ദി കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്ത് യു’എന്ന പുസ്തകം വായിച്ചപ്പോഴാണ്.ഗാന്ധിജിയുടെ വായനയെ ചിന്തയെ ആകാശത്തോളം വളർത്തിയ നിരവധി പുസ്തകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജോൺ റസ്കിൻ്റെ അൺ ടു ദി ലാസ്റ്റും.ഇങ്ങനെ വായനക്ക് മാതൃകയായി നമുക്ക് മുൻപിൽ എത്രയെത്ര ആളുകളാണുള്ളത്.

അതെ,പൊടിഞ്ഞു തീരുന്ന പുസ്തകങ്ങളുടെ കാലം അവസാനിക്കുകയാണ്.ഒരു വിരൽ സ്പർശത്തിൽ ഒരായിരം പുസ്തകങ്ങൾ കൺമുന്നിൽ തെളിയുന്ന കാലമാണിത്.എല്ലാം ഇങ്ങനെ മാറുമ്പോഴും,മാറാതെയുള്ളത് വായന മാത്രം.
ടോണി ചിറ്റിലപ്പിള്ളി