വാക്സിനേഷൻ സർട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോർജ് കേന്ദ്ര മന്ത്രിക്ക് കത്തെഴുതി
August 1, 2021
കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രവസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതി. കോവിഡ് സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങൾ കാരണം സംസ്ഥാനത്തെ ധാരാളം വിദ്യാർത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പല വിദേശ രാജ്യങ്ങൾ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പല വിവരങ്ങളാണ് ചോദിക്കുന്നത്. അതിനാൽ നിലവിലെ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് ആസ്ട്രാസെനെക്ക/ ഓക്സ്ഫോർഡ് നാമകരണവും ജനന തീയതിയുമുള്ള സർട്ടിഫിക്കറ്റ് കോവിൻ പോർട്ടലിലൂടെ ലഭ്യമാക്കേണ്ടതാണ്. ഈ സർട്ടിഫിക്കറ്റിന് മതിയായ വിവരങ്ങൾ നൽകുന്നതിനുള്ള എഡിറ്റ് ഓപ്ഷൻ സംസ്ഥാന തലത്തിൽ നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പരും ഓക്സ്ഫോർഡ്/ ആസ്ട്രാസെനെക്ക എന്നും രേഖപ്പെടുത്താൻ ചില രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുള്ള സൗകര്യം കോവിൻ പോർട്ടലിൽ നേരത്തെ ഇല്ലായിരുന്നു. കൂടാതെ വാക്സിൻ രണ്ട് ഡോസുകൾക്കിടയിലുള്ള കാലയളവ് കൂടുതലായതിനാൽ പല പ്രവാസികളേയും ബാധിച്ചിരുന്നു. അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വേണ്ടി 2021 മേയ് 21 മുതൽ, വിദേശത്തേക്ക് പോകുന്ന ആളുകൾക്ക് സംസ്ഥാനം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ അതേ വ്യവസ്ഥകൾ സ്വീകരിച്ച് ചില മാറ്റങ്ങൾ കോവിൻ പോർട്ടലിൽ ഉൾപ്പെടുത്തി. ഈ കാലയളവിൽ കോവിൻ പോർട്ടലിൽ രേഖപ്പെടുത്താൻ കഴിയാത്ത ഡേറ്റ രേഖപ്പെടുത്താൻ കോവിൻ പോർട്ടലിൽ സൗകര്യമൊരുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.