ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്

Share News

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം.

ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കണം.

വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്.

മഴവെള്ളം ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല മാനേജ്മെൻറിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.

ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്

2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല.

അറബിക്കടലിലെ ന്യൂനമർദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാൽ മതി.

പശ്ചിമഘട്ട നിരയിലെ മനുഷ്യൻ്റെ ബലാൽക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾപൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവർ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നു.

ചെറിയാൻ ഫിലിപ്പ്

Share News