പഞ്ചാബിൽ ആം ആദ്മി തരംഗം: ഭഗവന്ത് സിങ് മന്‍ മുഖ്യമന്ത്രിയാകും

Share News

ചണ്ഡീഗഡ്: പഞ്ചാബില്‍ എഎപി നേതാവ് ഭഗവന്ത് സിങ് മന്‍ മുഖ്യമന്ത്രിയാകും. പഞ്ചാബില്‍ മന്‍ ഭരിക്കുമെന്ന് എഎപി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. ദൂരി മണ്ഡലത്തില്‍ മത്സരിക്കുന്ന ഭഗവന്ത് സിങ് മന്‍ 16,000 ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്.

പഞ്ചാബില്‍ 89 സീറ്റുകളിലാണ് എഎപി ലീഡ് തുടരുന്നത്. 117 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭഗവന്ത് മന്നിനെ മുന്നില്‍ നിര്‍ത്തിയാണ് എഎപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സി എം എന്നാല്‍ കോമണ്‍ മാന്‍ ആണെന്നും, മുഖ്യമന്ത്രി എന്ന തലക്കനം ഉണ്ടാകില്ലെന്നും മന്‍ അഭിപ്രായപ്പെട്ടിരുന്നു.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. എഎപി തരംഗത്തില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും, മുന്‍ മുഖ്യമന്ത്രിമാരും വിയര്‍ക്കുകയാണ്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്. 17 മന്ത്രിമാരില്‍ 14 പേരും പിന്നിട്ടു നില്‍ക്കുന്നു.

മുന്‍ മുഖ്യമന്ത്രിമാരായ ക്യാപ്ടന്‍ അമരീന്ദര്‍ സിങ്, പ്രകാശ് സിങ് ബാദല്‍ എന്നിവരും പിന്നിലാണ്. അമരീന്ദര്‍ പട്യാല സീറ്റില്‍ നാലാമതാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിധു മൂന്നാം സ്ഥാനത്താണ്. ഡല്‍ഹിക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്തു കൂടി എഎപി സര്‍ക്കാര്‍ ഭരണത്തിലേറുകയാണ്.

ഫലസൂചനകള്‍ പുറത്തു വന്നതിന് പിന്നാലെ ഭഗവന്ത് സിങ് മന്‍ന്റെ വീടിന് പുറത്ത് എഎപി പ്രവര്‍ത്തകരുടെ ആഘോഷം തുടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ മധുരപലഹാര വിതരണവും നടത്തി.

Share News