ശ്രീ. എം സി.ശ്രീകുമാറെന്ന മനുഷ്യ സ്നേഹിയായ ചെറുപ്പക്കാരൻ.ആർക്കും പരാതികൾക്കും പരിഭവങ്ങൾക്കും ഇട കൊടുക്കാതെസഹായ സന്നദ്ധതയുടെ കൈത്താങ്ങുമായി , നിശബ്ദനായി നമുക്കിടയിൽ ജീവിക്കുന്നു.

Share News

ആരാണെനിക്ക് സോദരർ?ഹൃദയരക്തമിറ്റിച്ചും പിന്നെയാചങ്കോടു ചേർത്ത് പുൽകിടും…

.അവരാണെനിക്ക് സോദരർ

രക്തത്തിന് ജീവനോളം വിലയുള്ള മനുഷ്യ ശരീരത്തിന്റെ ആകസ്മികതയിൽ ആ ജീവ വസ്തുവിന്റെ കൂടുമായി സാകൂതം ശ്രദ്ധയൂന്നി കാത്തു നിൽക്കുന്നൊരു കൂട്ടമായി, വരാപ്പുഴ രക്ത ദാന കൂട്ടായ്മ അഥവാ വരാപ്പുഴ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മഹത്തായ ഒരു വർഷം.

ഒരിക്കലൊരു ആശുപത്രി വരാന്തയിൽ, തന്റെ ബന്ധുവിനാവശ്യമായ രക്തം സംഘടിപ്പിക്കാൻ നെട്ടോട്ടമോടിയ എം.സി ശ്രീകുമാറെന്ന കൂലിപ്പണിക്കാരന്റെ ചിന്തയിൽ വിരിഞ്ഞ ആശയം. അന്ന് ആ ബന്ധുവിനാവശ്യമായ രക്തം ഒരു വിധത്തിൽ സംഘടിപ്പിച്ചെങ്കിലും, അശരണരും ആലംബഹീനരും, അനാഥരും സനാതരുമായ നിരവധി മനുഷ്യരുടെ ജീവനെ ശരീരങ്ങളിൽ രക്തക്കോട്ട കെട്ടി തടഞ്ഞു നിറുത്താനുള്ള നിയോഗമായി ആ അനുഭവത്തെ ശ്രീകുമാർ ഹൃദയത്തിലേറ്റി.

നീണ്ട അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ, ബോധവൽക്കരണം, രക്ത ഗ്രൂപ്പു നിർണ്ണയ ക്യാമ്പുകൾ, രക്തദാനങ്ങൾ .അനുദിന ജീവിതത്തിന്റെ അന്നം തേടിയുള്ള തിരക്കിട്ടയാത്രയിൽ ശ്രീകുമാറിന്റെ ഫോൺ ഒരിക്കൽ പോലും ഓഫാക്കിയിട്ടില്ല. ഏതു നിമിഷവും മുഴങ്ങിയേക്കാവുന്നൊരു ജീവന്റെ മണിയടിയൊച്ചക്കായി കാതോർത്തു. അങ്ങിനെ ചെയ്യണമെന്ന് ഗ്രൂപ്പിലെ സഹപ്രവർത്തകരോട് പറയാതെ പറഞ്ഞു കാണിച്ചു കൊടുത്തു.ബാലാരിഷ്ടതകളുടെ ചെങ്കൂട്ടിൽ ഇഛ്ചാ ശക്തിയുടെ പിൻബലത്തോടെ നടന്നു തുടങ്ങിയ ഗ്രൂപ്പിന്റെ ഒന്നാം വർഷീകത്തിൽ പക്ഷേ, എത്തിപ്പിടിച്ച നേട്ടങ്ങൾ വലുതാണ്.സേവനത്വരയുടെ ആത്മസമർപ്പണമൊന്നു കൊണ്ടു മാത്രം ഈ ഒരു വർഷം കൊണ്ടു മാത്രം , 300ലധികം മനുഷ്യർക്കാണ് ജീവൻ രക്ത കൂട്ടായ്മ രക്തം ദാനം ചെയ്തത്.

മൊത്തം അംഗങ്ങളായ 600ലധികം രക്തദാതാക്കളെ ഒരു വനിതാ ഗ്രൂപ്പടക്കം നാലു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. രക്തദാനം ആവശ്യമായി വരുമ്പോൾ ആ സന്ദേശം ഗ്രൂപ്പിലിടും. ഇന്നയാൾ പോകണമെന്നോ, പോകാമോ എന്നൊന്നും ചോദിക്കാറില്ല. അല്ലാതെ തന്നെ അവരിലാരെങ്കിലും ആശുപത്രിയിൽ ചെന്ന് രക്തം നൽകും.തികച്ചും മാതൃകാപരമായ ഒരു സംരംഭത്തെ നഗരത്തിലെ ചെറുതും വലുതുമായ ആശുപത്രികളും സ്വാഗതം ചെയ്തു. പ്രോൽസാഹിപ്പിച്ചു. ഏതു നേരത്തും വിശ്വാസപൂർവ്വം പൂർണ്ണമായും സൗജന്യമോടെ ആശ്രയിക്കാവുന്ന ഒരു പ്രസ്ഥാനമായി മാറി വരാപ്പുഴ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ്.

ഈ മഹത്തായ മാതൃകയെ പിൻപറ്റിക്കൊണ്ട് വേറെയും ഗ്രൂപ്പുകാർ സഹകരിച്ചപ്പോൾ , രക്തദാന സംരംഭം വീണ്ടും വിശാലമായി. അതിന്റെ കീർത്തിയും വിശേഷങ്ങളും ദേശാന്തരങ്ങളിലെത്തി. ജീവൻ രക്ത ദാന ഗ്രൂപ്പ് പിന്നെയും വളർന്നു. രക്ത ദാനത്തിന്റെ ആവശ്യകതയും അനിവാര്യതയും ഒരു ആത്മനിഷ്ഠ പോലേ ഏവരും നെഞ്ചേറ്റി.ഇപ്പോഴും ബ്ലഡ് ഗ്രൂപ്പിന്റെ അമരക്കാരനാണ് ശ്രീ. എം സി.ശ്രീകുമാറെന്ന മനുഷ്യ സ്നേഹിയായ ചെറുപ്പക്കാരൻ.ആർക്കും പരാതികൾക്കും പരിഭവങ്ങൾക്കും ഇട കൊടുക്കാതെസഹായ സന്നദ്ധതയുടെ കൈത്താങ്ങുമായി , നിശബ്ദനായി നമുക്കിടയിൽ ജീവിക്കുന്നു.

രക്തദാനമൊന്നു കൊണ്ടു മാത്രം തീരുന്നതല്ല അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവൃത്തി. സ്വന്തം അദ്ധ്വാന വരുമാനത്തിൽ നിന്നുള്ള ഒരു വിഹിതം മാറ്റിവച്ചും അതില്ലാത്തപ്പോൾ കടം വാങ്ങിയുംആഴ്ച്ചയിലൊരിക്കൽ അദ്ദേഹം തെരുവിലെ കുറെ മനുഷ്യർക്ക് ഒരു നേരത്തെ ഭക്ഷണമെത്തിച്ചു നൽകും .

ചെറിയൊരുജീവിതം കൊണ്ട് വലിയൊരു നന്മഗോപുരം പണിയാൻ കഴിയുമെന്ന സന്ദേശത്തിന്റെ ഉത്തമമായ ദൃഷ്ടാന്തമണ് ശ്രീകുമാർ .ജീവൻ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിനും അതിലെ മെംബർമാർക്കും അഭിനന്ദനങ്ങൾ.❤️

Boban Varapuzha

Share News