മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ….”|തിരുവോണാശംസകൾ!

Share News

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ….”സങ്കല്പമോ സത്യമോ എന്നതിലുപരി, സത്യമെന്ത് എന്നു ചിന്തിപ്പിക്കുന്ന ഈരടികൾ!

മഹാബലിക്കഥയിൽ സത്യമുണ്ട്, കാരണം ആ കഥയിൽ ഞാനുമുണ്ട്! കഥ എന്നെ പുറത്തുനിർത്തുന്നില്ല എന്നതിലാണ് സത്യമിരിക്കുന്നത്. എന്നെ പുറത്തുനിർത്തുന്ന ഒരു കഥയിലും സത്യമുണ്ട് എന്നു ഞാൻ കരുതുന്നില്ല. അല്ലെങ്കിൽ, എന്നേക്കൂടി ഉൾക്കൊള്ളാൻകഴിയാത്ത ഒരു കഥക്കും സത്യമാകാനുള്ള ത്രാണിയില്ല എന്നു നന്നായി അറിയുന്നവനാണ് ഞാൻ.

എന്നെ നടുക്കുനിർത്തിവേണം കഥയുണ്ടാക്കാൻ എന്നു ഞാൻ പറയുന്നില്ല, പക്ഷേ, കഥയിൽ ഞാനുമുണ്ടാവണം. ഇക്കാര്യം എല്ലാ കഥപറച്ചിൽകാർക്കും നന്നായി അറിയുന്നതാണ്. എന്നെ പുറത്തുനിർത്താൻവേണ്ടി ചിലർ മെനഞ്ഞുണ്ടാക്കിയ കഥകളെല്ലാം കാലത്തിന്റെ കാറ്റിൽ പറന്നു പറന്നു മറഞ്ഞുപോയിട്ടുണ്ട്… എന്നെ ചേർത്തു പിടിച്ച കൈകൾ കോർത്തെടുത്ത കഥകളൊന്നും കടലെടുത്തു പോയിട്ടില്ല… ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി അവയെല്ലാം മാനവരാശിയുടെ മഹാസാഗരത്തിലെ മുത്തും പവിഴവും രത്നങ്ങളുമായി ഓരോരോ ദേശങ്ങളിൽ അടിഞ്ഞുകിടപ്പുണ്ട്, മലയാളിയുടെ സ്വന്തം മഹാബലിക്കഥപോലെ! വർഷത്തിലൊരിക്കൽ അതിനെ പൊടിതട്ടി മിനുക്കി ഞാൻ എന്റെ സത്യം അറിയാൻ ശ്രമിക്കുന്നു.

ഇതുപോലെ എത്രയെത്ര കഥകൾ, പുരാണങ്ങൾ, വേദേദിഹാസങ്ങൾ! എല്ലാം എന്റെ കഥ പറയാൻ ശ്രമിക്കുകയാണ്. എന്നെ പുറത്തുനിർത്താത്ത കഥകളെല്ലാം സത്യമാണ്, കേട്ടോ.

എല്ലാവർക്കും തിരുവോണാശംസകൾ!

Fr Varghese Vallikkatt

Share News