പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണയ്ക്ക് 76 വയസ്സ്.
ദിവാൻ ഭരണത്തിനും ജന്മിത്തത്തിന്റെ നിർദ്ദയമായ അടിച്ചമർത്തലുകൾക്കും മുതലാളിത്തചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ നടന്ന ഐതിഹാസികമായ ചെറുത്തുനിൽപ്പാണ് പുന്നപ്ര-വയലാർ സമരം.
ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കർഷകർ ജന്മിമാരുടെ രൂക്ഷമായ ചൂഷണത്തിനുവിധേയരായിരുന്നു. ദിവാൻ സിപി രാമസ്വാമി അയ്യരുടെയും അദ്ദേഹത്തിന്റെ പോലീസ് സേനയുടെയും പിന്തുണയിലായിരുന്നു ജന്മിമാരുടെ ചൂഷണം.
തിരുവതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ കമ്യൂണിസ്റ്റ് പാർട്ടി കർഷകരെ അണിനിരത്തി പോരാടാൻ തീരുമാനിച്ചു. തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്ന അമേരിക്കൻ മോഡൽ ഭരണക്രമത്തിനെതിരെയും പ്രായപൂർത്തി വോട്ടവകാശം അംഗീകരിച്ച് നടപ്പിലാക്കുന്നതിനുവേണ്ടിയും തൊഴിലാളിവർഗം ശബ്ദമുയർത്തി.1946 ഒക്ടോബർ 24 മുതൽ 27 വരെ ദിവാൻ പട്ടാളത്തിന്റെ യന്ത്രത്തോക്കുകളോട് സഖാക്കൾ പോരാടി. നിരവധി സഖാക്കൾ പുന്നപ്ര – വയലാറിൽ രക്തസാക്ഷികളായി.
പുന്നപ്ര വയലാറിലെ സംഘടിത തൊഴിലാളിവർഗ്ഗ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. മർദ്ദിത ജനവിഭാഗങ്ങളുടെ പിൽക്കാല പോരാട്ടങ്ങൾക്ക് പുന്നപ്ര വയലാർ സമരം എന്നും പ്രചോദനമായിട്ടുണ്ട്.
രാജ്യത്ത് നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഫലമായി കർഷകരും തൊഴിലാളികളും വർഗ്ഗപരമായ ചൂഷണത്തിന് ഇന്നും വിധേയരാവുകയാണ്. ഇത്തരം ചൂഷണങ്ങൾക്കെതിരെ തൊഴിലാളികളെയും കർഷകരെയും അണിനിരത്തിയാണ് കമ്മ്യൂണിസ്റ്റ് പാർടികൾ മുന്നോട്ടുപോവുന്നത്. വർഗ്ഗീയത ഇളക്കിവിട്ട് അടിസ്ഥാന വർഗ്ഗത്തിന്റെ ഐക്യത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാനാനുള്ള ആസൂത്രിത ശ്രമങ്ങളെ ഈ കാലഘട്ടത്തിൽ കൂടുതലായി തിരിച്ചറിയേണ്ടതുണ്ട്. വർഗ്ഗ ഐക്യത്തിന്റെ പാഠമുൾകൊണ്ടുകൊണ്ട് മുന്നോട്ടുപോവാനുള്ള ഊർജ്ജമാണ് പുന്നപ്ര വയലാർ നൽകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ