
പ്രതിസന്ധികളെ, മരണത്തിൻ്റെ കാലൊച്ചകളെ ഇത്രയും ചിരിയോടെ നേരിട്ട ഒരാൾ വേറെയില്ല.മനസ്സിനെ ബലപ്പെടുത്തുക..മരണത്തെ പേടിക്കാതിരിക്കുക..ജീവിതത്തെ സ്നേഹിക്കുക.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജി ചേർന്ന 1995ലെ പ്രി-ഡിഗ്രീക്കാരൻ്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇന്നസെൻ്റ് എന്ന അഭിനേതാവിനെ കാണുക എന്നത്..ശ്രമം വിജയിച്ചത് രണ്ട് മാസത്തിന് ശേഷം..

പാർപ്പിടം എന്ന വീടിൻ്റെ മുമ്പിൽ പമ്മി പമ്മി നടന്ന് ആ കൊതി തീർത്തു.അന്ന് മുതൽ മകൻ സോണറ്റുമായി ബന്ധം..പിന്നീട് കോളേജ് യൂണിയൻ ഭാരവാഹിയായി മാറിയപ്പോൾ അഥിതിക്ക് വേണ്ടി ചെല്ലൽ സ്ഥിരമായി.ചെല്ലുമ്പോൾ ഒരു ചോദ്യം നീ എസ്.എഫ്.ഐ അല്ലേ.പിന്നീട് 2014ൽ എം.പി.യായി മത്സരിക്കുമ്പോൾ ഇന്നസെൻ്റിന് വേണ്ടി മനോരമ, മാതൃഭൂമി, മീഡിയവൺ ചാനലുകളിൽ പാർട്ടി പ്രതിനിധിയായി ചർച്ചകളിൽ.കലക്കിയിട്ടാ നീ എന്ന് നേരിട്ട് കണ്ടപ്പോൾ അഭിനന്ദനം.. പിന്നീട് ആ ബന്ധം വളർന്നു.
ഞാൻ കണ്ട മനുഷ്യരിൽ പ്രതിസന്ധികളെ, മരണത്തിൻ്റെ കാലൊച്ചകളെ ഇത്രയും ചിരിയോടെ നേരിട്ട ഒരാൾ വേറെയില്ല.മനസ്സിനെ ബലപ്പെടുത്തുക..മരണത്തെ പേടിക്കാതിരിക്കുക..ജീവിതത്തെ സ്നേഹിക്കുക.
ഇതായിരുന്നു ഇന്നസെൻ്റ് നമ്മുക്ക് നൽകിയ പാഠം.
അഡ്വ.കെ.ആർ.സുമേഷ്

‘ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾശകുന്തളേ നിന്നെ ഓർമ്മ വരും’….
ഇന്നസെന്റ് പാടുകയാണ് ഗൗരവമുഖഭാവത്തോടെ, ഏതോ ഒരു ഗൾഫ് പ്രോഗ്രാമിൽ. അവസാനം ശകുന്തളേ… ശകുന്തളേ …എന്നൊരു നീട്ടലുണ്ട്. പാട്ട് കഴിഞ്ഞപ്പോൾ ആലീസേ, ആലീസേ എന്ന് രണ്ട് വട്ടം പാടി. അപ്പുറത്തെ വീട്ടിൽ ഒരു ശകുന്തളയുണ്ട്. ഇനീപ്പോ ആലീസിന്റെ പേര് പറഞ്ഞില്ലെങ്കിൽ അവള് അടിയുണ്ടാക്കിയാലോ എന്നും പറഞ്ഞ്.
കുട്ടിക്കാലത്തു കണ്ട ആ വീഡിയോ കാസറ്റിലെ രംഗം ഇപ്പോഴും ഓർമ്മിണ്ട്. ഒരു തമാശയുമില്ലാത്ത ആ പാട്ടിലും കൂടി ചിരി കൊണ്ടുവരുന്ന ‘ഇന്നസെന്റ് ‘ ടച്ച്. ഓരോ സിനിമയുടെ പേര് ഓർക്കുമ്പോഴും അതിലെ ഇന്നസെന്റിന്റെ രംഗങ്ങളാണ് ആദ്യം ഓർമ്മയിൽ തെളിയുക. റാംജി റാവു സ്പീക്കിങ് ലെ നെഞ്ചിൽ തേങ്ങ വീഴുന്ന, മുണ്ട് തപ്പുന്ന രംഗം…
മഴവിൽക്കാവടിയിൽ, അത്താഴം കഴിഞ്ഞു വാ കഴുകി തുപ്പാൻ വരുന്ന അച്ഛൻ മകളുടെ ജനാലക്കരികിൽ അവളുടെ കാമുകനെ കണ്ട്, വെള്ളം തുപ്പാൻ മറന്ന് അത് ഇറക്കുന്ന രംഗം… ഓരോ സിനിമയിലും ആ ‘ഇന്നസെന്റ് ‘ ഭാവാദികൾ കണ്ട് എത്രയോ ചിരിച്ചു മറിഞ്ഞു..ആരോ എഴുതിയത് വായിച്ച പോലെ, ആദരാഞ്ജലികൾ എഴുതാൻ തോന്നുന്നില്ല. അവിടെ എവിടെയോ ഒക്കെ ജീവിച്ചിരിപ്പുണ്ട് എന്ന പോലെ ഞങ്ങൾ അങ്ങ് പൊയ്ക്കോളാം.

ഇനിയും ഇടക്കൊക്കെ ആ സിനിമകൾ കണ്ട് ചിരിച്ചു ചിരിച്ച്, ഞങ്ങളും മറയുന്ന വരെ . നന്ദി
Jilsa Joy

Kochouseph Chittilappilly
സ്വയം ചിരിക്കുകയും മറ്റുള്ളവരെ പൊട്ടി ചിരിപ്പിക്കുകയും ചെയ്തിരുന്ന ഇന്നസെന്റ് നമ്മോടൊപ്പം ഇനിയില്ല.2014 മുതൽ അദ്ദേഹം പാർലമെന്റ് അംഗമായ സന്ദർഭത്തിലാണ് ഞങ്ങൾ കൂടുതൽ അടുത്തത്.കൊച്ചിയിൽ നിന്ന് ഡൽഹിക്ക്, ഇന്നസെന്റും ഭാര്യ ആലിസും ഞാനും ഭാര്യ ഷേർലിയും മിക്കവാറും ഒന്നിച്ചാണ് യാത്ര ചെയ്തിരുന്നത്.കൊച്ചിയിൽ നിന്ന് ഡൽഹി വരെയുള്ള ഇന്നസെന്റിന്റ നിർത്താതെയുള്ള സംഭാഷണങ്ങൾ മൂന്നര മണിക്കൂർ യാത്ര സന്തോഷകരമായി മാറ്റിയിരുന്നു. ചില സന്ദർഭങ്ങളിൽ ഷേർലി മാത്രം യാത്ര ചെയ്തിരുന്നു. അപ്പോഴും ഇന്നസെന്റും ഭാര്യയും നിർത്താതെ സംസാരിച്ചിരുന്നു. എല്ലാവരുടേയും പ്രിയങ്കരനായ ഇന്നസെന്റിന്റെ വേർപാടിൽ കുടുംബത്തോടൊപ്പം ദുഃഖം പങ്കിടുന്നു.

ആത്‍മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.
KV Thomas
അരപ്പട്ടിണിക്കാരനെയും വയറുനിറയെ കുടുകുടെ ചിരിപ്പിച്ച മലയാളനാടിന്റെ ഹാസ്യ ഇതിഹാസം ആയിരുന്നു ഇന്നച്ചൻ എന്ന ഇന്നസെന്റ്..

മരണം പടിവാതുക്കക്കൽ കാലങ്ങൾക്ക് മുൻപ് നിലയുറപ്പിച്ചപ്പോളും പോയി പണിനോക്ക് എന്ന് പറഞ്ഞു വീണ്ടും നമ്മളെ ചിരിയുടെ ലോകത്തേക്ക് നടത്താൻ തിരികെ വന്ന ഇന്നച്ചന്റെ വിയോഗം കേരളക്കരക്ക് ഒരിക്കലും നികത്താനാവാത്ത വിടവാണ്..എംപീ ആയിരുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ അളിയനും സുഹൃത്തുമായ ഡേവിസ് ചേട്ടന്റെ വീട്ടിൽ വെച്ച് ഒരിക്കൽ അദ്ദേഹവുമായി കുറച്ചു സമയം ചിലവഴിക്കാൻ എനിക്കും സുഹൃത്തുക്കൾക്കും സാധിച്ച നല്ല നിമിഷങ്ങളെ ഓർക്കുന്നു..
Antony Philip

ആദരാഞ്ജലികൾ..
ശ്രീ. ഇന്നസെൻ്റ് എനിക്കൊരു സുഹൃത്ത് മാത്രമായിരുന്നില്ല. 33 വർഷങ്ങൾക്ക് മുമ്പ് ആദ്യമായി പരിചയപ്പെട്ട നാൾ മുതൽ എൻ്റെ ജ്യേഷ്ഠസ്ഥാനത്തായിരുന്ന അദ്ദേഹം ബേബി ജോൺ ഫൗണ്ടേഷൻ്റെ സ്ഥാപകാംഗങ്ങളിൽ ഒരാൾകൂടിയായിരുന്നു . ജീവിതത്തിൻ്റെ പരീക്ഷണഘട്ടങ്ങളെയെല്ലാം പോരാട്ടമായി കണ്ട് മുന്നേറിയ വ്യക്തിയായിരുന്നു അദ്ദേഹം.അത് ബാല്യകാലത്തെ കഷ്ടപ്പാടുകളിലാകട്ടെ, കഴിഞ്ഞ കുറേ വർഷങ്ങളായി വേട്ടയാടുന്ന രോഗാവസ്ഥയിലാകട്ടെ.ക്യാൻസർ എന്ന മഹാമാരിയെ ചിരിയുടെ നിറങ്ങളും, വെളിച്ചവും കൊണ്ട് തോൽപ്പിച്ച ജീവിത വിപ്ലവം..!! അത്തരത്തിൽ ഒരു വ്യാഖ്യാനം കൂടി ഉണ്ട് ആ കലാകാരന്റെ ജീവിതത്തിന്.അപാരമായ മനശക്തിയും പോരാട്ടവീര്യവും നർമ്മബോധവും ഈ ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന് തുണയായി.

അദ്ദേഹവുമായി പങ്കിട്ട ഓരോ നിമിഷവും ഓരോ ഓർമ്മകളാണ്. അദ്ദേഹത്തിന് ക്യാൻസർ സ്ഥിരീകരിച്ചശേഷം, അന്ന് മന്ത്രിയായിരുന്ന ഞാൻ അദ്ദേഹത്തെ കാണാനെത്തുമ്പോൾ , എങ്ങനെ അദ്ദേഹത്തെ ആശ്വസിപ്പിക്കും എന്ന ആശങ്കയും ഉള്ളിൽ പേറിയിരുന്നു .10 നിമിഷത്തെ സന്ദർശനം കഴിഞ്ഞ് ഇറങ്ങാം എന്ന ചിന്തയോടെ ആയിരുന്നു ഞാൻ അദ്ദേഹത്തിന്റെ അടുത്ത് എത്തിയത്.എന്നാൽ 2 മണിക്കൂർ നേരം ആ സൗഹൃദ സംഭാഷണം തുടരുകയാണ് ഉണ്ടായത്. ചിരിച്ചും, ചിരിപ്പിച്ചും എന്നെ ഏറെ ആശ്വസിപ്പിച്ചുകൊണ്ടുമായിരുന്നു അദ്ദേഹം യാത്രയാക്കിയത്.അതായിരുന്നു ഇന്നസെൻ്റ്.ഉന്നതസ്ഥാനങ്ങളിലെത്തുമ്പോഴും പഴയ ബന്ധങ്ങളെ മുറുകെപിടിക്കുന്നതിൽ ഒരു ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹം.
ഇന്നസെന്റ് എന്ന പച്ചമനുഷ്യന്റെ ആദർശബോധവും ഈ സ്നേഹവാത്സല്യങ്ങൾ തന്നെ ആയിരുന്നു.ആർ.എസ്.പിയുടെ മുൻ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കൂടിയായിരുന്ന പ്രിയ ഇന്നച്ചായന്, ഈ അനുജൻ്റെയും റെവല്യൂഷണറി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.


Shibu Babyjohn



