
പോസ്റ്റുകാർഡും പൊന്നാടയും|ഹൃദയപരാമാർഥതയോടെ ചെയ്യുന്ന ഏതു ചെറിയ കാര്യവും വൃഥാവിലാവുന്നില്ല.
ദിനാചരണങ്ങളുടെ കേളീരംഗമാണിപ്പോൾ ഓരോ വിദ്യാലയവും. സ്വാതന്ത്ര്യദിനവും ഗാന്ധിജയന്തിയും ശിശുദിനവും മാത്രമായിരുന്നു പണ്ടൊക്കെ സ്കൂളുകളിലെ ആഘോഷദിനങ്ങൾ.
ഇന്നത്തെ ചിത്രമതല്ല. സ്കൂൾവർഷാരംഭത്തിലെ പ്രവേശനോത്സവത്തിൽ തുടങ്ങുന്ന ആഘോഷങ്ങൾക്ക് തിരശീല വീഴുന്നത് വാർഷികപരീക്ഷകളോടു ചേർന്ന് നടത്തുന്ന പഠനോത്സവത്തിലാണ്.
ഓരോ മാസവും ഏതൊക്കെ ദിനാചരണങ്ങൾ ഉണ്ട്? അവയിൽ ഏതെല്ലാം സ്കൂളിൽ ആചരിക്കണം? അതിന്റെ ചുമതല ഏതേതു ക്ലബുകൾക്കും സമിതികൾക്കും ആയിരിക്കണം? എന്നിത്യാദി കാര്യങ്ങൾ സ്കൂൾ തുറക്കുംമുമ്പേ ആസൂത്രണം ചെയ്ത്, തീരുമാനങ്ങൾ എഴുതി തയ്യാറാക്കി വാർഷികപദ്ധതിയിൽ രേഖപ്പെടുത്തി പ്രദർശിപ്പിക്കണം എന്നാണ് നിർദേശം.
ഏതൊരു ചെറിയ സ്കൂളിന്റെ ഓഫീസ്ചുവരിൽ പോലും ഇപ്പറഞ്ഞ മട്ടിലൊരു കുറിമാനം സന്ദർശകർക്കു കണ്ണിനു കാഴ്ചയേകാൻ കാത്തുകിടക്കുന്നുണ്ടാകും. അവയിൽ ചിലതൊക്കെ ശരിയാകും. ചിലതു ശരിയാകില്ല. ശരിയാ യാലും ഇല്ലെങ്കിലും ആർക്കും പരാതിയുമില്ല.
ഇതിനിടയിലും മനസ്സിനു കുളിർമ്മ നൽകുന്ന ചില കാര്യങ്ങൾ സംഭവിക്കും. നാളെത്ര കഴിഞ്ഞാലും അവയൊന്നും വിസ്മൃതിയിൽ മറയുകയുമില്ല. തേവര സെന്റ് മേരീസ് യു. പി. സ്കൂളിനെ സംബന്ധിച്ച് അത്തരം പല പരിപാടികളും ഓർമ്മിക്കാനുണ്ട്.

അതിലൊന്നാണ് 2014 ഒക്ടോബർ 9-നു നടന്ന തപാൽദിനാചരണം. കുട്ടികളുടെ പോസ്റ്റോഫീസ് സന്ദർശനം, പോസ്റ്റ് കാർഡിൽ കത്തെഴുതിയയ്ക്കൽ, സ്റ്റാമ്പുശേഖരണവും പ്രദർശനവും, ഫിലാറ്റിക് ക്ലബിൽ അംഗത്വമെടുക്കൽ, തുടങ്ങിയവയൊക്കെ തപാൽദിനാചരണത്തിൽ പതിവുള്ളതാണ്. എന്നാൽ അതിനുമപ്പുറം സുവർണ്ണശോഭയോടെ തിളങ്ങിനിൽക്കുന്നൊരു ആഘോഷമാണ് അന്ന് സ്കൂളിൽ നടന്നത്- പോസ്റ്റുമാനെ ആദരിക്കൽ ചടങ്ങ്.

മഞ്ഞുമ്മൽ സ്വദേശിയായ ചന്ദ്രൻചേട്ടൻ പതിറ്റാണ്ടുകളായി തേവരയിലെ പോസ്റ്റുമാനാണ്. സ്കൂളിനു തൊട്ടടുത്തുള്ള പോസ്റ്റോഫീസിൽനിന്ന് തപാൽ ഉരുപ്പിടികളുമായി അദ്ദേഹം എന്നും സ്കൂളിലെത്തും. എന്നുമെന്നുപറഞ്ഞാൽ സ്കൂൾ തുറക്കുന്ന എല്ലാദിവസവും. കമ്പ്യൂട്ടറും ഇന്റർനെറ്റും മൊബൈൽഫോണുമൊന്നുമില്ലാതിരുന്ന കാലങ്ങളിൽ നിത്യേന സ്കൂളിലേക്ക് തരാൻ എന്തെങ്കിലുമൊക്കെയുണ്ടാകും.
ഞാൻ 1992 – ൽ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ചന്ദ്രൻചേട്ടന്റെ സേവനം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നതാണ്. അക്കാലം ഞാൻ സൈറോ ഹോസ്റ്റലിലാണ് താമസം ജോജച്ചൻസാറിനൊപ്പം. എനിക്കുള്ള മാസികകളും പുസ്തകങ്ങളുമൊക്കെ സ്കൂൾവിലാസത്തിലാണ് അക്കാലങ്ങളിൽ വന്നുകൊണ്ടിരുന്നത്. ബാലപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നതിന്റെ പ്രതിഫലമായി കൊച്ചുതുകകൾ മണിയോർഡർ വഴിയാണ് ലഭിക്കാറ്. അവ ക്ലാസിൽ കൊണ്ടുവന്നുതരുന്നതും ചന്ദ്രൻചേട്ടൻ തന്നെ. അതിനൊരു ടിപ്പ് കൊടുക്കാമെന്നു വച്ചാലും അദ്ദേഹം സ്വീകരിക്കുകയില്ല. സൈക്കിളോ സ്കൂട്ടറോ ഒന്നുമില്ലാതെ കാൽനടയായി സഞ്ചരിച്ച്, സമയം തെറ്റാതെ ആ മനുഷ്യൻ വീടുകളിലും സ്ഥാപനങ്ങളിലും തപാൽവിതരണം നടത്തിപ്പോന്നു.
2014 ഒക്ടോബർ 31-ന് ചന്ദ്രൻചേട്ടൻ സർവീസിൽനിന്ന് വിരമിക്കുകയാണ്. തപാൽദിനത്തോടനുബന്ധിച്ച് എന്തെങ്കിലുമൊന്നു വിശേഷവിധിയായി ചെയ്താലോ? ദീപിക ബാലജനസഖ്യത്തിന്റെ ആ വർഷത്തെ ചുമതല ആലീസ് ടീച്ചറിനാണ്. ഡിസിഎല്ലിന്റെ ആഭിമുഖ്യത്തിൽ തപാൽദിനാചരണം നടത്താൻ തീരുമാനമായത് പെട്ടെന്നാണ്. പുതിയൊരു കാര്യം ഏറ്റെടുത്തുചെയ്യുന്നതിലെ സാഹസികത ആലീസ്ടീച്ചറിന് ആവോളമുണ്ടെന്ന് നേരത്തെ അറിഞ്ഞിട്ടുള്ളതാണ്. “നമുക്കതു ചെയ്യാം സാറേ” – ടീച്ചറിന്റെ വാക്കുകളിലെ ഉറപ്പ്, ഒപ്പം നിന്ന് ചെയ്യാനുള്ള പ്രചോദനമാണ്. ഹെഡ്മിസ്ട്രസ് പൗളിൻടീച്ചർ പച്ചക്കൊടി കാട്ടി. ഒരുക്കങ്ങൾ തകൃതിയായി നടന്നു.
സ്കൂളിലൊരു മീറ്റിംഗ് സംഘടിപ്പിക്കുക, അതിൽവച്ച് ചന്ദ്രൻചേട്ടനെ പൊന്നാടയണിയിച്ച് ആദരിക്കുക – ഇതാണ് പ്രധാനചടങ്ങ്. മാനേജർ ജോസ് കുറിയേടത്തച്ചൻ ക്രിയാത്മകപ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നയാളാണ്. അച്ചനെ വിവരമറിയിച്ചു. പോസ്റ്റോഫീസിൽ പോയി വിവരം പറഞ്ഞു. പോസ്റ്റുമിസ്ട്രസ്സിനെ ചടങ്ങിൽ സംബന്ധിക്കാൻ ക്ഷണിച്ചു. “ഞാൻ വരുന്നതിൽ കുഴപ്പമില്ല, പക്ഷേ ഹെഡ്ഓഫീസിൽനിന്ന് ആരെങ്കിലും വരുന്നതാണ് നല്ലത്, അതിനു ശ്രമിക്കാ” മെന്നായിരുന്നു മറുപടി. അക്കാര്യം അവരുടെ ഇഷ്ടത്തിനു വിട്ടു.

ഒക്ടോബർ ആദ്യവാരം ഒരുച്ചനേരത്ത് അപരിചിതനായൊരാൾ സ്കൂളിലെത്തി. പോസ്റ്റൽവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തി. അന്നദ്ദേഹം കേരളത്തിലെ മധ്യമേഖല പോസ്റ്റുമാസ്റ്റർ ജനറൽ ആണ്. “നിങ്ങൾ പോസ്റ്റുമാനെ ആദരിക്കുന്നെന്ന് കേട്ടു. വിശദവിവരങ്ങൾ അറിയാൻ വന്നതാണ്. ” – കനത്ത സ്വരത്തിൽ ഗൗരവം വിടാതെയുള്ള വാക്കുകൾ. ഓഫീസിലിരുന്ന് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞപ്പോൾ ആൾ ആവേശത്തിലായി. “ഒരു സ്കൂൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് സാധാരണമല്ല, ഏതായാലും പരിപാടിക്ക് ഞാനുമുണ്ടാകും.” അതോടെ ചടങ്ങിന്റെ കളറാകെ മാറി. പൊന്നാടയൊരെണ്ണം കാലേകൂട്ടി വാങ്ങിവച്ചു. ഒരു മെമന്റോ കൊടുക്കണം. അതു തയ്യാറാക്കാൻ ഹരികുമാർസാറിനെ ഏല്പിച്ചു. പോസ്റ്റുമാനല്ലേ അതിനാൽ വെറൈറ്റിയാകണം. പോസ്റ്റുകാർഡിന്റെ ആകൃതിയിലുള്ള ഭംഗിയുള്ളൊരു ഫലകം അദ്ദേഹം തയ്യാറാക്കി. താഴെ മുറ്റത്തുവച്ച് നടത്തുന്ന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ നെൽസൺസാർ ഭംഗിയായി ചെയ്തു.
അതിരാവിലെ ആരംഭിച്ച് ഉച്ചവരെയുള്ള നേരംകൊണ്ട് അന്നും ജോലി തീർത്തിട്ടാണ് ചന്ദ്രൻചേട്ടൻ ചടങ്ങിനെത്തിയത്. ലളിതസുന്ദരമായ മീറ്റിംഗിൽ പോസ്റ്റുമാസ്റ്റർ ജനറൽ ഹൃദ്യമായി സംസാരിച്ചു. നേരത്തെ ഡൽഹിയിലായിരുന്നപ്പോൾ അൽഫോൻസാമ്മയുടെ സ്മാരകസ്റ്റാമ്പിന്റെ ചുമതല നിർവഹിച്ച കാര്യമൊക്കെ അദ്ദേഹം എടുത്തു പറഞ്ഞു. കുറിയേടത്തച്ചൻ ചന്ദ്രൻചേട്ടനെ പൊന്നാടയണിയിച്ചു. മെമന്റോ സമർപ്പിച്ചു. ലാളിത്യവും സന്തോഷവും തുളുമ്പിനിന്ന ആ ചടങ്ങ് സമാപിച്ചു. അതുപക്ഷേ ചിലതിന്റെ തുടക്കമായിരുന്നു. വൈകാതെ ഒരു ദിവസം കുറിയേടത്തച്ചന്റെ ഉത്സാഹത്തിൽ ചന്ദ്രൻചേട്ടന് തേവര കൊവേന്തയിൽവച്ച് ഒരു അത്താഴവിരുന്നു നൽകി. ഒട്ടും മോശമല്ലാത്ത ഒരു ഉപഹാരവും അന്നു നൽകി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തേവര പൗരാവലിയും അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ആ ചടങ്ങിന്റെ പോസ്റ്ററുകളിൽ നാം സ്കൂളിൽനിന്നു നൽകിയ മെമന്റോയുടെ ചിത്രവും പ്രാധാന്യത്തോടെ ചേർത്തിരുന്നതായി ഓർക്കുന്നു.
ഹൃദയപരാമാർഥതയോടെ ചെയ്യുന്ന ഏതു ചെറിയ കാര്യവും വൃഥാവിലാവുന്നില്ല. നാം വിചാരിക്കാത്ത വഴികളിലൂടെ അതിനു തുടർച്ചയും വളർച്ചയുമുണ്ടാകും. തുടങ്ങിവയ്ക്കാൻ ഒരാളുണ്ടാവുക എന്നത് നിസ്സാരകാര്യമല്ല. പിന്നെ പലരും അതിനോടു ചേർന്നു പ്രവർത്തിക്കാൻ കൂടെ വരും.

ഒത്തിരിക്കാര്യങ്ങൾ തുടങ്ങാനും തുടരാനുമൊക്കെ അവസരം കിട്ടിയ ആളാണ് ആലീസ് ടീച്ചർ. മൂന്നു പതിറ്റാണ്ടിനപ്പുറം നീളുന്ന അധ്യാപനജീവിതം ഇന്നു പൂർത്തിയാക്കുമ്പോൾ ഉപരിനന്മകൾ നേരട്ടെ!

ഷാജി മാലിപ്പാറ


സമൂഹത്തിലെ എല്ലാ ജോലികളും/ സേവനങ്ങളും മഹത്വമുള്ളതും ആദരവ് അർഹിക്കുന്നതുമാണ് .
അധികം ശ്രദ്ധിക്കപെടാത്ത വ്യക്തികളെ ആദരിക്കുവാൻ നന്മകൾ നിറഞ്ഞ വ്യക്തികളും പ്രസ്ഥാനങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളു .മുകളിൽ സൂചിപ്പിക്കപ്പെട്ട എല്ലാവർക്കും അനുമോദനങ്ങൾ .
നമ്മുടെ നാട്ടിൽ ഇത്തരം ആദരവുകൾ ഏറെ ഉണ്ടാകട്ടെ .മനുഷ്യമഹത്വം പ്രൊ ലൈഫ് ദർശനമാണ് .
അഭിനന്ദനങ്ങൾ .
ഇത്തരം സംഭവങ്ങൾ 9446329343 -ൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു .
