
ട്രെയിനിൽ നിന്നും ഇറങ്ങും മുമ്പ് ആ ഉപ്പയുടെ കൈകളിൽ പിടിച്ചു ഞാനെൻ്റെ ശിരസിൽ വച്ചു.|ഈസ്റ്റർ- റംസാൻ നാളുകളിലെ ഹൃദയസ്പർശിയായ അനുഭവം|സിസ്റ്റർ മേരി ലില്ലി പഴമ്പിള്ളി
ആന്ധ്രാപ്രദേശിലെ റായലസീമ യൂണിവേഴ്സിറ്റിയിൽ പോയി വരുന്ന വഴിയാണ് ഹൈദരാബാദിൽ നിന്നും ട്രെയിനിൽ കയറിയ കോഴിക്കോട്ടുകാരനായ മുഹമ്മദ് കോയ എന്ന വന്ദ്യവയോധികനെയും അദ്ദേഹത്തിൻ്റെ മകൻ ഫൈജാസിനെയും മരുമകൻ നൂഹിനെയും ട്രെയിൻ ക്യാബിനിൽ കണ്ടുമുട്ടിയത് (19/4/2022).

ഞാൻ ആന്ധ്രയിലെ കർണൂളിൽ നിന്നും ട്രെയിനിൽ കയറുമ്പോൾ അദ്ദേഹം ഞാൻ ബുക്ക് ചെയ്ത സീറ്റിൽ കിടക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ എഴുന്നേൽക്കാൻ തുടങ്ങിയ അദ്ദേഹത്തിനോട് ഞാൻ വേണ്ട എന്ന് പറഞ്ഞു എതിർ സീറ്റിലിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റിരുന്ന് ഒത്തിരി വാത്സല്യത്തോടെ എന്നോട് സംസാരിക്കാൻ തുടങ്ങി. ഒത്തിരി പോസിറ്റീവ് എനർജിയുള്ള വ്യക്തിയാണ് അദ്ദേഹം. അതെനിക്ക് നല്ലതു പോലെ അനുഭവപ്പെടുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മകനായ ഫൈജാസിനെയും മരുമകൻ നൂഹിനെയും കണ്ടാൽ ജ്യേഷ്ഠാനുജന്മാരാണെന്നെ തോന്നു. അത്രയ്ക്കു മുഖസാമ്യം മാത്രമല്ല, സ്നേഹവും കരുതലും അവരുടെ പ്രവൃത്തികളിലുണ്ടായിരുന്നു.
സംസാരിച്ചുകൊണ്ടിരിക്കേ ഒരു നല്ല സ്നേഹാന്തരീക്ഷം അവിടെ രൂപം കൊള്ളുന്നുണ്ടായിരുന്നു. മറ്റു ക്യാബിനുകളിൽ നിന്നും അവരുടെ സുഹൃത്തുക്കളും വന്നു ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയിൽ പങ്കുചേർന്നു. പിന്നീട് ഞങ്ങളുടെ ക്യാബിൻ തമാശകൾ കൊണ്ട് നിറഞ്ഞു. എല്ലാവരും നല്ല കാര്യങ്ങൾ മാത്രം പങ്കുവെയ്ക്കുന്നു. അങ്ങനെ വൈകുന്നേരമായപ്പോൾ നോമ്പുതുറയ്ക്കലും പ്രാർത്ഥനകളും ആഹാരം പങ്കുവെയ്ക്കലുമായി നല്ല കുറെ നിമിഷങ്ങൾ.

അവരെല്ലാം പ്രാർത്ഥിക്കാൻ പോകുന്നതു കണ്ടപ്പോൾ ഞാൻ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണേയെന്നു ആ വന്ദ്യവയോധികനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് എന്തു നിയോഗമാണു പ്രാർത്ഥിക്കേണ്ടതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘നന്മയ്ക്കു വേണ്ടി.’ ആ നിമിഷം ‘യാ അള്ളാ’ എന്നു പറഞ്ഞു അദ്ദേഹം നെഞ്ചിൽ കൈവെച്ചു. എന്നിട്ടു പറഞ്ഞു. “മോളെക്കൊണ്ട് ഇത് പറയിച്ചത് ദൈവമാണ്. സാധാരണ ഒരു മനുഷ്യൻ്റെ വായിൽ നിന്നു വരുന്നതല്ല ഇത്. മോളല്ല ഇതു പറഞ്ഞത്. ഇതു ദൈവത്തിൻ്റെ വാക്കാണ്.”സത്യത്തിൽ അവിടെ കൂടിയിരുന്നവർ മാത്രമല്ല, ഞാനും അത്ഭുതപ്പെട്ടു പോയി ഒരു പ്രവാചകനെപ്പോലെ ആ ഉപ്പ അങ്ങനെ പറഞ്ഞപ്പോൾ.

ഇതിനിടയിലാണ് മുഹമ്മദു കോയ എന്ന ആ വന്ദ്യവയോധികൻ ഒരു വലിയ പണ്ഡിതനും ഉസ്താദും നേതാവുമൊക്കെയാണെന്ന് എനിക്കു മനസിലായത്. അവിടെ കൂടിയിരുന്ന ഒരുപാടു സഹോദരൻമാരോടു അദ്ദേഹം എന്നെപ്പറ്റി നന്മകൾ മാത്രം പറഞ്ഞപ്പോൾ എൻ്റെയും ഉള്ളു നിറഞ്ഞു പോയി. അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ സേവന മനോഭാവം കണ്ടാലറിയാം സന്യസ്തരായ നിങ്ങൾ ജീവിക്കുന്നത് മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണെന്ന്. ചെറുപ്പം മുതലേ നിങ്ങളുടെയെല്ലാവരുടെയും ഉള്ളിൽ ഈ സേവന സന്നദ്ധത ഉണ്ട്. എത്രയോ ധന്യമാണ് നിങ്ങളുടെ ജീവിതം! മറ്റുളളവർക്കായി സ്വന്തം കാര്യങ്ങൾ പോലും ത്യജിക്കുന്ന ജീവിതം.”ആ യാത്രയിലുടനീളം അദ്ദേഹം ഇങ്ങനെ പുകഴ്ത്തിപ്പറഞ്ഞ് ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്നു.
വളരെ നാളായി അടുത്ത പരിചയം ഉള്ളതുപോലെ തോന്നി ആ ഉപ്പായോടും മക്കളോടും. എൻ്റെ സീറ്റിൽ കോയമ്പത്തൂരുകാരായ ഒരു അച്ഛനും അമ്മയും ഇരിക്കുന്നതു കൊണ്ട് ഞാൻ രാത്രിയായിട്ടും ഉറങ്ങാതിരിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം ഒത്തിരി വിഷമിച്ചു, ഞാൻ കുഴപ്പമില്ല എന്നു പറഞ്ഞിട്ടും.
വെളുപ്പിന് രണ്ടരയ്ക്കാണ് എനിക്ക് പാലക്കാട് ഇറങ്ങേണ്ടിയിരുന്നത്. ഞാൻ ഒന്നരയ്ക്ക് ഉണർന്നു നോക്കുമ്പോൾ ആ പാവം ഉപ്പ ഉണർന്നിരുന്ന് എനിക്കിറങ്ങേണ്ട സ്റ്റേഷൻ ആയോയെന്ന് നോക്കിയിരിക്കുകയായിരുന്നു. വെളുപ്പിന് രണ്ടര മണിക്ക് പാലക്കാട് ഇറങ്ങാൻ ഞാൻ പെട്ടിയെടുക്കാൻ തുനിഞ്ഞപ്പോൾ നൂഹ് ഇക്ക പെട്ടിയുമെടുത്ത് പുറത്തേക്കു നടന്നു. ഉപ്പയും ഫൈജാസിക്കായും എൻ്റെ കൂടെ വന്നു. ട്രെയിനിൽ നിന്നും ഇറങ്ങും മുമ്പ് ആ ഉപ്പയുടെ കൈകളിൽ പിടിച്ചു ഞാനെൻ്റെ ശിരസിൽ വച്ചു. ആ വന്ദ്യനായ പിതാവിൻ്റെ ഹൃദയത്തിലെ പുത്രീ വാത്സല്യം എൻ്റെ കണ്ണുകളെ നിറച്ചു. യാത്ര പറഞ്ഞ് ഞാൻ പാലക്കാട് ഇറങ്ങി നിന്നപ്പോൾ അവർ മൂന്നു പേരും ഒപ്പം വന്നു. പിന്നീട് ട്രെയിൻ അകന്നുപോകുമ്പോൾ ഒരു നൊമ്പരം ഉള്ളിലുണർന്നു. എൻ്റെ പ്രിയപ്പെട്ടവരായി മാറിയ സ്നേഹവാനായ ആ ഉപ്പയേയും മക്കളേയും ഹൃദയത്തിലേറ്റിക്കൊണ്ട് ഞാൻ അടുത്ത ട്രെയിനിനായി കാത്തു നിന്നു. എനിക്കറിയാം, ആ പിതാവിൻ്റെ ഉള്ളിലും ഈ മകൾക്കായി ഒരു പ്രാർത്ഥനയുണ്ടെന്ന്, സംരക്ഷണമായി ആ ഇക്കമാരുടെ കരുതലുണ്ടെന്ന്.

വിഷുവും ഈസ്റ്ററും റംസാനുമൊക്കെ വിളിച്ചോതുന്നതും ഈ സ്‌നേഹം തന്നെയല്ലേ? കരുണയും കരുതലും സൗഹാർദ്ദവും തന്നെയല്ലേ എല്ലാ മതങ്ങളുടെയും കാതൽ? ഇനിയും ആ സുമനസുകളെ വീണ്ടും കാണാൻ ദൈവമേ, ഭാഗ്യം തരണേ എന്ന പ്രാർത്ഥനയോടെ,ആ വന്ദ്യ വയോധികനും മക്കൾക്കും എല്ലാ മുസ്ലീം സഹോദരങ്ങൾക്കും സ്നേഹത്തിൻ്റെ റംസാൻ ആശംസകൾ നേരുന്നു.

സിസ്റ്റർ മേരി ലില്ലി പഴമ്പിള്ളി