
മാധ്യമം, മധ്യമം, മൗഢ്യമം..
”Everything we hear is an opinion, not a fact. Everything we see is a perspective, not the truth.”
//Marcus Aurelius//
മാധ്യമം, മധ്യമം, മൗഢ്യമം..
മെയ് 3, ലോക മാധ്യമ സ്വാതന്ത്ര്യ ദിനമാണ് എന്നാണ് വയ്പ്.

365 ദിവസങ്ങൾക്കും ആചരണ സാധ്യത കൽപ്പിച്ച് കൊണ്ടാടുന്ന ഫലിതാചാരം ഉള്ളത് കൊണ്ട് മെയ് 3 മാധ്യമ സ്വാതന്ത്ര്യാചാരമായി ആരോ നിശ്ചയിച്ചു. കുറേ പേർ അത് ഏറ്റെടുത്തു. പലരും കൊണ്ടാടുന്നു, ചിലർ കൊണ്ടോണ്ടോടുന്നു.
മാധ്യമ പ്രവർത്തനം വലിയ ഒരു സംഭവം ആണെന്നും സത്യം നീതി ധർമം തുടങ്ങിയ കടിച്ചു പൊട്ടിക്കാൻ മാത്രം കഴിയുന്ന കടുത്ത പ്രതിബദ്ധതകളുടെ പ്രവൃത്തി പഥമാണെന്നും ഒക്കെ കണക്കാക്കപ്പെട്ടിരുന്ന കാലത്ത് നിന്ന് ആദ്യം നിഷ്പക്ഷതയെന്ന വാക്കിനെ കടമെടുത്തതിൻ മറവിലും നിഴലിലും ജീവിക്കുകയും ഇന്ന് നേരോടെ നിർഭയം നിരന്തരം നിഷേധാത്മകത ചെയ്യുമെന്ന് പരസ്യവാചകം ചാർത്തി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലാണ് ഉള്ളത്.

പോരാടി, പീഢനമേറ്റ് ദരിദ്രരായി മരിച്ച് മണ്ണടിയാൻ വേണ്ടി മാധ്യമ പ്രവർത്തനം നടത്തുന്ന ചിലർ ഇനിയും എവിടെയൊക്കെയോ അവശേഷിക്കുന്നുണ്ട്. അവരെ നമിക്കുന്നു. പിന്നെ നിഷ്പക്ഷത, നേര് നിർഭയം നിരന്തരം എന്നൊക്കെ ചാർത്തി മൈക്കും കോലും പേനായും (പേനയുടെ പടം മാത്രമേ ബാക്കിയുള്ള്, ബാക്കിയൊക്കെ ‘e ‘ മോഡിലാണ് ) ചുമന്ന് നടക്കുന്നവരെ കാണുമ്പോൾ ഒരു ദൈന്യതയാണ് മനസ്സിൽ.
യഥാർത്ഥത്തിൽ ഫ്രഞ്ച് വിപ്ലവത്തിൻ്റെ സുവിശേഷകനെന്നറിയപ്പെടുന്ന വിക്ടർ യുഗോയുടെ പുസ്തകമായ പാവങ്ങളിലെ ഴാൽ വാൽ ഴാങ്ങ് ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന മട്ടിലാണ് ആ ദൈന്യ ജന്മങ്ങളിൽ പലരും ജീവിക്കുന്നതെന്ന് തോന്നുന്നു.

പരിഷ്കൃത ലോകത്ത് ആദർശാശയങ്ങൾക്ക് ആമാശയ പ്രതിബദ്ധത മാത്രമാണ് ഉള്ളതെന്ന് ചിന്തിക്കുകയും ആക്കമുള്ളവൻ അതിജീവിക്കുമെന്ന (Survival of the fittest) തിയറിക്കായി പോരാടുകയും ചെയ്യുന്ന ‘ഒരു ലില്ലിപ്പുട്ട് ലോകമായി മാധ്യമ പ്രവർത്തനം രൂപ മാറ്റത്തിലാണ് ഉള്ളത്.
സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ സമൂഹത്തിലെ സംഭവങ്ങളും വിഷയങ്ങളും കൃത്യമായും വ്യക്തമായും സത്യസന്ധമായും യോജിച്ച മാധ്യമത്തിലുടെ പുറത്ത് കൊണ്ടുവരാൻ ഇന്നത്തെ മാധ്യമ പ്രവർത്തനത്തിന് കഴിയുന്നുണ്ടോ എന്ന് ചോദിച്ച് അഭിപ്രായ വോട്ടിങ് നടത്തിയാൽ എത്ര വോട്ട് കിട്ടും ഓരോ മാധ്യമത്തിനുമെന്ന് കണ്ടറിയണം.
മാധ്യമ പ്രവർത്തനത്തിൻ്റെ കഴിഞ്ഞ 150 വർഷത്തെ ചരിത്രമെടുത്താൽ പാരിസിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ല് എക്കോദുമ കാസ യായിരിക്കും കൂടുതൽ വിശ്വസ്തമെന്ന് വോട്ടിങ്ങിൽ കണ്ടെത്തിയാലും അതിശയിലേക്കണ്ടതാ വന്നേക്കാം.
അമിതമായ രാഷ്ട്രീയവൽക്കരണം കയറി കാട് മൂടിയ ഒരു മാധ്യമ പ്രവർത്തനമാണ് ഇന്ന് ഇന്ത്യയിലുള്ളത്. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പത്രങ്ങളുടെ വിശ്വാസ്യത നിഷ്പക്ഷ സത്യസന്ധതയാണെന്ന് അവകാശപ്പെടുന്നത് കേട്ട് ചിരിക്കുന്നവരുടെ എണ്ണം വല്ലാതെ കുറഞ്ഞിട്ടുണ്ട്. കാരണം ആ തരം സത്യസന്ധതയില്ല എന്ന് തിരിച്ചറിയാൻ കഴിവുള്ളവരുടെ എണ്ണത്തിലും കുറവ് ഗണ്യമായി തന്നെയുണ്ട്. മധ്യമൻമാർ മാത്രം ഉള്ള സമൂഹത്തിൽ മാധ്യമവും മധ്യമമാകുന്നത് സ്വാഭാവിക പരിണാമമാണ്.

കുനിഞ്ഞ ശിരസും വളഞ്ഞ നട്ടെല്ലും വച്ച് മധ്യമനായി അവതരിക്കുന്ന മാധ്യമത്തിന് നേരോടെ നിർഭയം നിരന്തരം ചെയ്യാവുന്ന ഒരേയൊരു തൊഴിൽ, വിഷയങ്ങളിൽ നിന്ന് ജന ദൃഷ്ടി അകറ്റുക എന്നത് മാത്രമാണ്.
ഇതോടെ മാധ്യമവും മധ്യമവും മുഖം മാറി വെറും മൗഡ്യമമാകും.
ജനാധിപത്യത്തിൻ്റെ ഫോർത്ത് എസ്റ്റേറ്റും നാലാം തൂണും ഒക്കെയാണ് മാധ്യമങ്ങൾ എന്നൊക്കെ ഒരു രസത്തിന് തള്ളാൻ പറ്റുമെങ്കിലും ഉരഗജീവിത ധന്യതയാണ് ഓരോ മാധ്യമ പ്രവർത്തകനും ലഭിക്കുന്നത്.

ഇവിടെ ഒട്ടും ചെയ്തില്ല സുകൃതം, ഒട്ടേറെ ചെയ്തു ദുഷ്കൃതം എന്ന കുഞ്ഞി കുട്ടൻ തമ്പുരാൻ്റെ വാചകം ഓർത്തു പോകും. എന്നാലുംആശയങ്ങളെ സ്വതന്ത്രമാക്കാനും ആദർശം വ്യക്തമാക്കാനും തുറന്ന ജാലകം പോലെ ഒരു മാധ്യമമെങ്കിലും നിഷ്പക്ഷതയുടെ മൂടുപടം തകർത്ത് സ്വതന്ത്ര ശുദ്ധസത്യസന്ധതയുടെ പക്ഷപാതവുമായി അവശേഷിച്ചിരിക്കും. ആ ഒരുറപ്പ് വിശ്വാസമായി നില നിൽക്കും.എൻ്റെ ചിന്തഎൻ്റെ വചനംഎൻ്റെ പ്രവൃത്തി.
ജോയ് ജോസഫ്