
അരിക്കൊമ്പനും, രോമാഞ്ചവും 🐘|ആനക്ക് പിടിപ്പിച്ച കോളറിന്റെ സിഗ്നൽ വനം വകുപ്പിന് കിട്ടുന്നതിനേക്കാൾ വേഗത്തിൽ നിങ്ങൾക്കും, ഇവിടത്തെ പല രാഷ്ട്രീയ പാർട്ടികൾക്കുമാണോ ലഭിക്കുന്നത്?
ഈ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ ചെറുകഥ, നോവൽ, മഹാകാവ്യ രൂപങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ‘അരിക്കൊമ്പ സാഹിത്യം’ കണ്ട് ഈയുള്ളവന് ചെറുതല്ലാത്ത രോമാഞ്ചം ഉണ്ടാകുന്നു എന്ന വിവരം സഹൃദയരെ പ്രത്യേകം അറിയിക്കുന്നു. ഇവയെല്ലാം വായിച്ച ശേഷം അടിയന്റെ മനസ്സിൽ തോന്നുന്ന ചില സംശയങ്ങൾ ഉന്നയിക്കുകയാണ്. ഈ രംഗത്ത് ഗവേഷണം നടത്തുന്ന പാപ്പാന്മാർ, പാപ്പിമാർ എന്നിവരിൽ നിന്ന് സംശയനിവാരണ സംബന്ധിയായ കുറിപ്പടികൾ പ്രതീക്ഷിക്കുന്നു.

(മാതംഗലീല വേണ്ട).
1. അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്തുമോ?2.അരിക്കൊമ്പൻ തമിഴ്‌നാട്ടിലേക്ക് പോകുമോ?
3. അവിടെ അവൻ ചിന്നവീട് ഉണ്ടാക്കുമോ?
4. ഇവിടെയുള്ള ഭാര്യയും മക്കളും അത് സഹിക്കുമോ?
5. തന്റെ അമ്മ വീണ് മരിച്ച സ്ഥലം കാണാൻ അടുത്ത വർഷം അവൻ എത്തുമോ?
6. നാട്ടിൽ നിന്ന് പോയ അവന് അരി കിട്ടാതെ വരുമോ? പുതിയ സ്ഥലത്ത് റേഷൻ കട ഉണ്ടാകുമോ?
7. ഇനി ചക്കക്കൊമ്പന് ആര് ചക്ക പറിച്ചു കൊടുക്കും?
8. ഒരു ദിവസം ഏറ്റവും കൂടുതൽ നടന്ന ചൈനയിലെ ആനയുടെ റെക്കോഡ് അരിക്കൊമ്പൻ തകർക്കുമോ?
9. മയക്കുവെടി വച്ച കേരള സർക്കാരിനോടും വനം വകുപ്പിനോടും അരിക്കൊമ്പൻ പകരം വീട്ടുമോ?
10. ചിന്നക്കനാലിൽ അരിക്കൊമ്പന് പകരം ആര്?
അല്ല മാധ്യമ സൂർത്തുക്കളെ, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ! നിങ്ങൾക്കൊക്കെ ഇതെന്തിന്റെ കേടാ?
ആനക്ക് പിടിപ്പിച്ച കോളറിന്റെ സിഗ്നൽ വനം വകുപ്പിന് കിട്ടുന്നതിനേക്കാൾ വേഗത്തിൽ നിങ്ങൾക്കും, ഇവിടത്തെ പല രാഷ്ട്രീയ പാർട്ടികൾക്കുമാണോ ലഭിക്കുന്നത്?
‘അരി’ അങ്ങോട്ട് പോയി എന്ന് ചിലർ, തിരിച്ചു ചിന്നക്കനാലിൽ എത്തി എന്ന് വേറെ ചിലർ, വനം വകുപ്പ് മൂഞ്ചി എന്ന് വേറെ ചിലർ, പോയ വഴി ആരുടെ എന്ന് വേറെ ചിലർ, അരിക്കൊമ്പന്റെ ‘അമ്മ, കാമുകി, ഭാര്യ, മക്കൾ, കൂട്ടുകാരൻ അങ്ങനെ പൈങ്കിളിയും ഇക്കിളിയുമായി വേറെ ചിലർ, ആനക്ക് വേദനിക്കുന്നു എന്ന് പറഞ്ഞു കുറെ ആന/പരിസ്ഥിതി പ്രേമികൾ വേറെയും.
ഇന്നാട്ടിൽ വന്യജീവി ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ട, നഷ്ടപ്പെടുന്ന ഒരു സഹജീവിയെപ്പറ്റിപ്പോലും നിങ്ങളുടെ ഈ വ്യാകുലത കണ്ടിട്ടില്ലല്ലോ എന്ന ദുഃഖം മാത്രം. കാട് കയ്യേറിയിട്ടല്ലേ?
എന്ന പതിവ് ചോദ്യവുമായി വരുന്നവർക്ക് താവഴിയായി ഒന്നും കയ്യേറിയിട്ടില്ല എന്ന ഉറപ്പുണ്ടായിരിക്കണം.

എന്താടോ ശേഖരാ നന്നാവാത്തെ!!!

Sudeep Sebastian
