
അമ്മച്ചി അന്ന് പറഞ്ഞ “പുണ്യാളനെ”യാണ് ഞാൻ നീലത്തുണിയിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്
ഞാൻ രണ്ടാമത് ഗർഭിണി ആയിരിക്കുന്ന സമയം ആറാം മാസത്തെ ചെക്കപ്പിന് വേണ്ടി വൈറ്റിലയിൽ ഉള്ള ജോയ്സ് ഹോസ്പിറ്റലിലേക്ക് പോകാൻ വേണ്ടി മൂത്ത മകനെ അമ്മയുടെ അടുത്തേല്പിച്ച ശേഷം ഒരു യൂബർ ബുക്ക് ചെയ്തു, അങ്ങനെ അവിടെ ചെന്ന ശേഷം ചെക്കപ്പും ഡോക്ട്ടറിന്റെ വക അപ്രതീക്ഷിത സ്കാനിങ്ങും കഴിഞ്ഞു തിരിച്ചു ബസിൽ കയറി വീട്ടിലേക്ക് പോരുകയാണ്.
ബസ് ഏതാണ്ട് SN ജംഗ്ഷൻ എത്തി കാണും ഏതോ ഒരു ഹോട്ടലിൽ നിന്നും നല്ല ബിരിയാണിയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി,ഒന്നാമത് ഗർഭിണിയാണ് എനിക്കാണെങ്കിൽ അതിന്റെ മണം കാരണം കൊതി കയറിയിട്ട് ഇരിക്കാനും വയ്യ നിക്കാനും വയ്യാത്ത അവസ്ഥ.എനിക്ക് വന്ന പരവേശം
വയറ്റിൽ കിടന്ന കൊച്ചിനും കിട്ടിയെന്നു തോന്നുന്നു അതും എന്റെ വയറ്റിൽ കിടന്നുരുളുകയും ചവിട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്.
അവസാനം കൊതി സഹിക്കവയ്യാതെ എരുവേലിക്ക് ടിക്കറ്റെടുത്ത ഞാൻ തിരുവാങ്കുളത്തിറങ്ങി അവിടെയുള്ള ചെമ്പരത്തി ഹോട്ടലിൽ നിന്നും പാർസൽ ഒരു ബിരിയാണി മേടിച്ചു.എനിക്കവരുടെ ബിരിയാണി നല്ല ഇഷ്ടമാണ്.ഇനി എത്രയും പെട്ടെന്ന് വീട്ടിൽ ചെന്ന് ഇതൊന്നു കഴിക്കണം..അതായിരുന്നു എന്റെ മനസ്സിൽ.
അങ്ങനെ ബിരിയാണി വാങ്ങി റോഡ് ക്രോസ്സ് ചെയ്തു ബസ് കാത്തു ഞാൻ നിൽക്കുമ്പോഴാണ് വളരെ പ്രായം ചെന്ന ഒരമ്മച്ചി എന്റെ അടുക്കലേക്ക് വന്നത്.
മക്കളെ കാശുണ്ടെങ്കിൽ എനിക്ക് കഴിക്കാൻ വല്ലോo വാങ്ങിച്ചു തരാമോ?വിശന്നിട്ട് വയ്യാ രണ്ടു ദിവസമായി വല്ലോം കഴിച്ചിട്ട്.
എനിക്കവരെ കണ്ടപ്പോ എന്റെ അമ്മുമ്മയെ ഓർമ വന്നു..
അമ്മച്ചി ഇറച്ചി ഒക്കെ കഴിക്കോ?
ഞാൻ ചോദിച്ചു.
ഉവ്വ് മക്കളെ കഴിക്കും..
അങ്ങനെ ആണെങ്കിൽ എന്റെ കയ്യിലീ ബിരിയാണി ഉണ്ട്, ഇത് ഞാൻ തരാം.
അയ്യോ മക്കളെ,അമ്മച്ചിക്ക് കഴിക്കുന്നതിനു കുഴപ്പമൊന്നുമില്ല പക്ഷെ ഇത് മക്കൾക്ക് കഴിക്കാൻ മേടിച്ചതല്ലേ….ഇതെനിക്ക് തന്നാൽ എങ്ങനാ ശരിയാവാ?
ഓ അത് സാരമില്ലന്നെ,അമ്മച്ചിയിത് കഴിച്ചോ ഞാൻ വേറെ മേടിച്ചോളാം.
അവർക്കു ഞാനത് കൊടുത്ത ശേഷം അടുത്തുള്ള കടയിൽ കയറി ഒരു കുപ്പി മിനറൽ വാട്ടർ കൂടി മേടിച്ചു,ബാക്കി ഉള്ള ഉള്ള കാശിൽ നിന്നും എന്റെ ടിക്കറ്റിനുള്ളത് എടുത്ത ശേഷം കയ്യിൽ ഉണ്ടായിരുന്ന നാല്പത് രൂപയും വെള്ളവും അമ്മച്ചിയുടെ നേരെ നീട്ടി.
അമ്മച്ചിയിത് വച്ചോട്ടോ,
ഇപ്പൊ ഇതേ എന്റെ കയ്യിലുള്ളു…
വളരെ ഉപകാരം മക്കളെ,അമ്മച്ചി അടുത്തുള്ള കുരിശു പള്ളിയിലേക്ക് നോക്കിയ ശേഷം മോളെ ഗീവർഗീസ് പുണ്യാളൻ അനുഗ്രഹിക്കട്ടെ എന്നും പറഞ്ഞെന്റെ വയറ്റിൽ കൈ വച്ചൊരുമ്മയും തന്നു.
മോൾക്ക് പുണ്യാളനെ പോലെ ഒരു കൊച്ചെർക്കൻ ഉണ്ടാവും, അമ്മച്ചീടെ പ്രാർത്ഥന എപ്പഴും ഉണ്ടാവും.
അതും പറഞ്ഞ ശേഷം അവരവിടെ നിന്നും പോയി.
അമ്മച്ചി പോകുന്നതും നോക്കി ഞാൻ കുറച്ച് നേരം അവിടെ തന്നെ നിന്നു.അവരെന്റെ കാഴ്ച്ചയിൽ നിന്നും മറഞ്ഞു,എന്താണെന്നറിയില്ല എന്റെ കണ്ണുകളന്നേരം നിറഞ്ഞിരുന്നു.
ആ അമ്മച്ചിക്കെന്നും നല്ല ഭക്ഷണം കൊടുക്കണേ പുണ്യാളാ……..
ഞാനവർക്ക് വേണ്ടി മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.
അപ്രതീക്ഷിത സ്കാനിoങ്ങ് ഉണ്ടായത് കൊണ്ട് ബിരിയാണി മേടിക്കാനൊന്നും ഇനി കാശില്ല,ഇനി പിന്നെ എപ്പോഴെങ്കിലും കഴിക്കാമെന്ന് കരുതി ഞാൻ പിറവത്തിനു വന്ന ബസിലേക്കു വലിഞ്ഞു കയറി.അങ്ങനെ ബസ് എരുവേലി എത്തിയപ്പോൾ ഞാൻ അതിൽ നിന്നും ഇറങ്ങി ഓട്ടോ വിളിക്കാനായി നടക്കുമ്പോഴാണ് ഒരു ചേട്ടൻ മോളെ എന്ന് വിളിച്ചുകൊണ്ടെന്റെ അടുത്തേക്ക് ഓടി വരുന്നത്.
എന്താ ചേട്ടാ.
മോളാ സേതുചേട്ടന്റെ മോളല്ലേ…
അതെ ചേട്ടാ…
എന്തേലും കാര്യം ഉണ്ടോ?
ഏയ് ഒന്നൂല്ല മോളെ, ഇവിടെ വയോജനത്തിന്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ഇതവിടെ ബാക്കി വന്ന ചിക്കൻ ബിരിയാണിയാണ്,മോള് കഴിക്കുമെങ്കിൽ ഇതൊരെണ്ണം എടുത്തോ.
എന്ത് പറയണം എന്നറിയാതെ ഞാൻ ഒരു നിമിഷം അനങ്ങാതവിടെ നിന്നു പോയി കാരണം കാണുന്നത് സ്വപ്നം ആണോ സത്യമാണോ എന്നറിയാത്ത ഒരവസ്ഥയിലാണ് ഞാൻ, ഒടുക്കം അതിൽ നിന്നും മോചിതയാകാൻ അല്പം സമയമെടുത്തു.
എന്തായാലും ആ ചേട്ടൻ സന്തോഷത്തോടെ നൽകിയ ബിരിയാണിയും മേടിച്ച ശേഷം ജംങ്ങ്ഷനിൽ നിന്നും വിളിച്ച ഓട്ടോയിൽ കയറി ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ മനസ്സ് നിറയെ ആ അമ്മച്ചിയുടെ മുഖമായിരുന്നു.
NB:നന്മ ചെയ്യുന്നതിൽ നമുക്ക് മടുപ്പ് തോന്നാതെയിരിക്കട്ടെ, എന്തെന്നാൽ നമുക്ക് മടുപ്പു തോന്നാതെയിരുന്നാൽ യഥാകാലം വിളവെടുക്കാം(ഗലാത്തിയ 6:9).
(അമ്മച്ചി അന്ന് പറഞ്ഞ “പുണ്യാളനെ”യാണ് ഞാൻ നീലത്തുണിയിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്
)
അച്ചു വിപിൻ (Vipin Gopi)
