ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ?|ഇത്തരക്കാരെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം

Share News

ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ?

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു തുലനം ചെയ്യാനാകാത്ത സംഭാവനകൾ നൽകിയ ചരിത്രമാണ് ക്രൈസ്തവ മാനേജ്മെന്റുകൾ ഉൾപ്പേറുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്. ഒരു കാലത്ത് സർക്കാരിന് നല്കാൻ സാധിക്കാതിരുന്ന പൊതുവിദ്യാഭ്യാസം ഏറ്റെടുത്തു സകലർക്കും വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാർഥ്യമാക്കി ഇന്നുകാണുന്ന സാക്ഷര കേരളത്തെ സൃഷ്ടിച്ചത് സ്വകാര്യ മാനേജ്മെന്റുകളുടെ പ്രവർത്തന ഫലമായിട്ടുകൂടെയാണ്. എന്നാൽ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു നാളിതുവരെ നൽകിയ എല്ലാ സംഭാവനകളെയും സൗകര്യപൂർവം തമസ്കരിച്ചു നിയമങ്ങൾക്കുമേൽ നിയമങ്ങൾ ചുമത്തിയും സാങ്കേതികതയുടെ ചുവപ്പുനാടയിൽ കോർത്ത് നിശ്ചലമാക്കിയും എയ്ഡഡ് മേഖലയെത്തന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സഹിക്കാനാവാത്തവിധം ദുസ്സഹവും അനീതിനിറഞ്ഞതുമാണ് ഇപ്പോൾ സർക്കാർ സ്കൂളുകളിലെ അധ്യാപകരുമായി തുലനം ചെയ്യുമ്പോൾ എയ്ഡഡ് മേഖലയിലെ അധ്യാപകരോട് കാണിക്കുന്ന വിവേചനം.

ക്രൈസ്ത ന്യൂനപക്ഷത്തിന്റേതുൾപ്പെടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവ ഉയർത്തിപ്പിടിക്കുന്ന. മൂല്യസംഹിതകളെയും മികച്ച വിദ്യാഭ്യാസ ശൈലിയെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ ഉത്തരവാദിത്വപെട്ടവരുടെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച്, ബഹു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഭാഗത്തുനിന്നുൾപ്പെടെ ആവർത്തിച്ച് ഉണ്ടാകുന്നതു ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. മധ്യവേനൽ അവധിയുടെ പുനഃക്രമീകരണത്തെക്കുറിച്ചും, സ്കൂളുകളിലെ പ്രാർത്ഥനയെക്കുറിച്ചും അദ്ദേഹം മുൻപ് നടത്തിയ പ്രസ്താവനകൾ വേണ്ടത്ര ജാഗ്രതയും പഠനവും ഇല്ലാത്തവയായിരുന്നു. ഈ ഗണത്തിൽപെടുന്നതും വിവേകവും ജാഗ്രതയും വേണ്ടത്ര കാണിക്കാത്തതുമായ മറ്റൊരു നാവുപിഴ അദ്ദേഹം അവർത്തിച്ചിരിക്കുകയാണ്.

എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് പ്രത്യേകമായ മറ്റൊരു യോഗ്യതപരീക്ഷ വേണമെന്ന വിചിത്ര വാദമാണ് ഇപ്പോൾ ബഹു. മന്ത്രി ഉന്നയിച്ചിരിക്കുന്നത്. സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന എല്ലാ യോഗ്യത മാനദണ്ഡനങ്ങളും പൂർത്തീകരിച്ചു, സെറ്റ്, നെറ്റ്, കെ ടെറ്റ് തുടങ്ങിയ പരീക്ഷകളും സർക്കാർ മേഖലയിലെ അധ്യാപകരെപ്പോലെതന്നെ പാസ്സായി നിയമിതരാകുന്നവരായിരിക്കെ എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് മാത്രമായി മറ്റൊരു പരീക്ഷ എന്ന ബഹു. മന്ത്രിയുടെ പരാമർശം വിവേചനനപരവും തുല്യതയ്ക്കു നിരക്കാത്തതുമാണ്. മാത്രമല്ല എയ്ഡഡ് മേഖലയെത്തന്നെയും അവിടെ ജോലിചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരെയും അപമാനിക്കുന്നതിനു തുല്യമാണ് ഈ പരാമർശം. തന്റെ പ്രസ്താവന വിവാദമാകുമെന്നുകണ്ടു ശ്രീ ശിവൻകുട്ടി അത് തിരുത്തിപ്പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആയിരക്കണക്കിന് അധ്യാപകരെ ആശങ്കയിലാഴ്ത്തുന്ന വിവാദ പ്രസ്താവനകൾ ഇടയ്ക്കിടെ നടത്തിയിട്ടു തികഞ്ഞ ലാഘവത്തോടെ അത് മാറ്റിപ്പറയുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ പദവിക്ക് ചേർന്നതാണോ?

ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ ആവർത്തിക്കപ്പെടുന്ന ഇത്തരം നാവുപിഴകൾ യാദൃശ്ചികമാണോ അതോ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കാൻ ലക്ഷ്യമിട്ടു ബോധപൂര്വ്വം മുന്നേ എറിയുന്നതാണോ എന്നതിൽ കൃത്യത വരേണ്ടതുണ്ട്. ഉത്തരവാദിത്വപെട്ട സ്ഥാനത്തിരുന്നു

ആശങ്കയും ആശയക്കുഴപ്പവും നിരന്തരം സൃഷ്ടിക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം

Share News