മാറുന്ന ലോകവും മാറേണ്ടുന്ന വിദ്യാഭ്യാസവും

Share News

കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നിലവാരം കുറഞ്ഞത് കൊണ്ട് ചെറുപ്പക്കാർ കൂട്ടത്തോടെ നാട് വിടുന്നു എന്ന കാര്യം ഇപ്പോൾ ചർച്ചാ വിഷയം ആണല്ലോ. ഇതിനെ ബ്രെയിൻ ഡ്രെയിൻ എന്ന് ചിലരും, ഡിസ്ട്രെസ്സ് മൈഗ്രേഷൻ എന്ന് മറ്റു ചിലരും, ഇതും കൂടാതെ വേറെ പല പേരിലും ഈ പ്രതിഭാസത്തെ അവതരിപ്പിക്കുന്നുണ്ട്, മറ്റു ചിലർ ഇത് സ്വാഭാവികമായ, എല്ലാ നാടുകളിലും നടക്കുന്ന സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഇവ എല്ലാം ശരി ആണെങ്കിലും പൂർണ്ണമല്ല എന്നതാണ് എന്റെ പക്ഷം. മാത്രമല്ല, ഇത് ഒരു പുതിയ സ്ഥിതിവിശേഷം അല്ല താനും.

എന്താണ് “ബ്രെയിൻ ഡ്രേൻ”? ഒരു നാട്ടിൽ നിന്നും ബുദ്ധി വൈഭവമുള്ളവർ മറ്റു നാടുകളിലേക്ക് പലായനം ചെയ്യുന്ന ഒരു രീതിയെ ആണ് ബ്രെയിൻ ഡ്രേൻ എന്ന് പറയുന്നത്. ഉദാഹരണത്തിന് IIT കളിലും, മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലും പഠിക്കുന്നവരിൽ ചിലർ വിദേശ നാടുകളിൽ ഉപരിപഠനത്തിനും, തൊഴിലിനുമായി പോകുമ്പോൾ, അവരുടെ ബുദ്ധിയുടെ ഗുണം ആ നാടുകൾക്കാണ് ലഭിക്കുന്നത്, ഇന്ത്യക്കല്ല. ഇന്ത്യ മൊത്തമായി എടുത്താൽ സ്ഥിതി ഇതാണെങ്കിലും, സംസ്ഥാനങ്ങൾ ഒന്നൊന്നയായ് എടുത്താൽ ഇന്ത്യക്കുള്ളിലും ഈ പലായനം കാണാം. ചില സംസ്ഥാനങ്ങളിലെ മിടുക്കർ മറ്റു ചില സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു, അവിടെ സ്ഥിരവാസമാക്കുന്നു. ഇത് വർഷങ്ങൾ, ദശാബ്ദങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുമ്പോൾ, പല തുള്ളി പെരുവെള്ളം എന്ന് പറഞ്ഞത് പോലെ ഒരു സംസ്ഥാനത്തു പ്രതിശീര്‍ഷ “ബുദ്ധി” സിദ്ധി ഒരു നല്ല തോതിൽ കുറയുകയും, ഇതേ അളവിൽ മറ്റിടങ്ങളിൽ കൂടുന്നു എന്നും കാണാം.

കേരളത്തിൽ നിന്നും ബ്രെയിൻ ഡ്രേൻ ആവുന്നുണ്ട്. പക്ഷെ അത് മാത്രമല്ല, ഇവിടെ സംഭവിക്കുന്നത്. കേരളത്തിൽ സംഭവിക്കുന്ന പ്രതിഭാസം പൂർണമായ ഒരു കോംപീറ്റൻസി ഡൈല്യൂഷൻ (നൈപുണ്യ ശോഷണം) ആണ്. ഇതിൽ ബ്രെയിൻ ഡ്രെയിൻ ഉണ്ട്, ഡിസ്ട്രെസ്സ് മൈഗ്രേഷൻ ഉണ്ട്, തൊഴിൽ തേടിയുള്ള കുടിയേറ്റം ഉണ്ട്, സ്വാഭാവികമായ മറ്റു കുടിയേറ്റങ്ങൾ, എല്ലാം ഉണ്ട്, അതും കൂടാതെ നൈപുണ്യാടിസ്ഥിതമല്ലാത്ത ഒരു കുടിയേറ്റ പ്രക്രിയയും ഇങ്ങോട്ടേക്കു നടക്കുന്നുണ്ട്. ഇവ എല്ലാം കൂടി നമ്മുടെ ശരാശരി നൈപുണ്യത്തെ നാളു തോറും പിന്നോട്ട് വലിക്കുകയാണ്.

ചുരുക്കി പറഞ്ഞാൽ വർഷാ വര്ഷങ്ങളായി അതിജീവനത്തിനു വേണ്ടി നൈപുണ്യമുള്ളവർ കേരളത്തിന് പുറത്തേക്കു പോയിക്കൊണ്ടിരിക്കുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസവും, ജീവിത സാഹചര്യങ്ങളും തേടി വിദേശത്തു പോവുന്ന വിദ്യാർത്ഥികളെ തടയുക അല്ല ഇതിനൊരു പരിഹാരം. വര്ഷങ്ങളായി നടക്കുന്ന ഈ നൈപുണ്യ ശോഷണം മാറ്റണമെങ്കിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തണം, കഴിവുള്ളവരെ നാട്ടിൽ തന്നെ നിർത്താൻ തൊഴിൽ, വ്യവസായ സാഹചര്യം ഒരുക്കണം. മാത്രമല്ല, പുറത്തു പോയവരിൽ തിരികെ വരാൻ താൽപര്യമുള്ളവരെ കൊണ്ടുവന്നു താക്കോൽ സ്ഥാനങ്ങളിൽ നിയമിച്ചു, നഷ്ടപ്പെട്ട് പോയ പാണ്ഡിത്യവും ചുറുചുറുക്കും തിരികെ വരുത്തണം.

നമ്മുടെ നാട്ടിലെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റി ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വന്ന സംഭവം ഇവിടെ പറയാം. വർഷങ്ങൾക്കുമുമ്പ്, ഞങ്ങളുടെ മകൻ ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോൾ, ഏതൊരു മാതാപിതാക്കളെയും പോലെ, കുട്ടികളുടെ ബുദ്ധിവികാസത്തിന് ഉതകുന്ന കളിപ്പാട്ടങ്ങൾ വാങ്ങികൊടുക്കുകയും അതുപയോഗിച്ചു കളിക്കാൻ ഞങ്ങൾ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ആ കളിപ്പാട്ടങ്ങളുപയോഗിച്ചു കളിക്കുന്നതിനേക്കാൾ അവനിഷ്ടം ആ കളിപ്പാട്ടങ്ങൾ വന്ന പെട്ടികൾ വച്ച് കളിക്കുന്നതായിരുന്നു. ഇതു ശ്രദ്ധിക്കുന്ന മുതിർന്നവർ അന്നവനെ തിരുത്തി, പുതിയ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാൻ അവനെ നിർബന്ധിച്ചു, അതിനായി ആ കളിപ്പാട്ടങ്ങളുടെ ചലനങ്ങൾ, ലൈറ്റുകൾ, ശബ്ദങ്ങൾ എന്നിവയിൽ അവനെ ആകൃഷ്ടനാക്കാൻ ശ്രമിച്ചു. പക്ഷെ സാധ്യമായ ഏറ്റവും അടുത്ത അവസരത്തിൽ, ആ വിലയേറിയ കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ച് അവന്റെ സ്വന്തം തട്ടിക്കൂട്ട് കളിപ്പാട്ടങ്ങളിലേക്ക് അവൻ തിരിച്ചുപോകുമായിരുന്നു. മാത്രമല്ല, അവസരം കിട്ടുമ്പോളൊക്കെ അടുക്കളയിൽ നുഴഞ്ഞുകയറി, അവനെക്കൊണ്ട് ആവുന്ന അലമാരകൾ തുറന്ന്, അവിടെയുള്ള, പാത്രങ്ങളും തവികളും വലിച്ചിട്ട് അവ തട്ടിയും മുട്ടിയും കളിക്കുന്നതായിരുന്നു അവന്റെ പ്രധാന വിനോദം.

അനിയന്ത്രിതമായി ചിന്തിക്കാനും, സ്വയം കണ്ടുപിടുത്തങ്ങൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള കഴിവിൽ നിന്ന് അവനെ പിന്തിരിപ്പിച്ച്, മുതിർന്നവരാൽ മുൻകൂട്ടി നിർവചിക്കപ്പെട്ട, മറ്റാരോ കണ്ടു പിടിച്ച രീതികളുമായി പൊരുത്തപ്പെടാൻ ഞങ്ങൾ അവനെ കണ്ടിഷൻ ചെയ്യുകയായിരുന്നില്ലേ? അവനു വാങ്ങി കൊടുത്ത “ബേബി ഐൻ‌സ്റ്റൈൻ” കളിപ്പാട്ടങ്ങൾ അവനെ ഭാവിയിൽ ഐൻ‌സ്റ്റൈനെപ്പോലെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നില്ല, മറിച്ച് സമൂഹം മുൻകൂട്ടി നിശ്ചയിച്ച സ്റ്റീരിയോടൈപ്പുകളുമായി പൊരുത്തപ്പെടാൻ അവനെ മാറ്റിയെടുക്കുകയായിരുന്നു. സ്വതന്ത്രമായി ചിന്തിച്ചിരുന്ന അവനെ, ഞങ്ങൾ നമ്മുടെ മുൻവിധികൾക്കനുസരിച്ചുള്ള വിധേയത്വമുള്ള അനുവര്‍ത്തിയാക്കി മാറ്റുകയായിരുന്നു. ഇതു തന്നെയല്ലെ നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ രീതി?.

“ലോകം കൂടുതൽ സങ്കീർണ്ണമാകുമ്പോൾ, അതിന്റെ വെല്ലുവിളികളെ നേരിടാൻ നാം കൂടുതൽ സർഗ്ഗാത്മകത പുലർത്തേണ്ടതുണ്ട്'” എന്ന് തന്റെ ഔട്ട് ഓഫ് ഔർ മൈൻഡ്സ് എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ബ്രിട്ടീഷ് എഴുത്തുകാരനും പ്രഭാഷകനും, വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്‌ട്ര ഉപദേഷ്ടാവുമായ സർ കെൻ റോബിൻസൺ നിരീക്ഷിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം സർഗ്ഗാത്മകതയെക്കാൾ അനുസരണത്തിനും, അനുവർത്തിക്കുമാണ് ഊന്നൽ കൊടുത്തിരുന്നത്. നിർമ്മാണത്തിലും, സർക്കാരിലും, കോർപ്പറേറ്റ് പരിതസ്ഥിതിയിലും തൊഴിൽ ചെയ്യാനും, വ്യാവസായിക സമ്പദ്‌വ്യവസ്ഥയിൽ പതിറ്റാണ്ടുകൾ ജോലി നിലനിർത്താനും ഈ രണ്ട് കഴിവുകൾ പ്രധാനമായിരുന്നു. കാലം മാറി, വിജയത്തെക്കുറിച്ചുള്ള നിർവചനം ആധുനിക സമൂഹത്തിൽ മാറിയെങ്കിലും, വിദ്യാഭ്യാസ സമ്പ്രദായം അതിനനുസരിച്ച് രീതികളോ, ലക്ഷ്യങ്ങളോ നവീകരിച്ചിട്ടില്ല.

ഇരുപതാം നൂറ്റാണ്ടിലെ വ്യാവസായിക സമ്പദ്‌വ്യവസ്ഥയെ മറികടന്ന് നമ്മൾ ഇന്ന് സാങ്കേതികവിദ്യയിലൂന്നിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലൂടെ മുന്നേറുകയാണ്. ഇവിടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ജോലികൾ, പ്രക്രിയകൾ, രീതികൾ, ചിന്തകൾ, ജീവിതരീതികൾ, സംരംഭങ്ങൾ, സാമ്പത്തിക മേഖലകൾ, ബിസിനസ് മോഡലുകൾ, സാമൂഹിക മാതൃകകൾ എന്നിവ നവീകരിക്കപ്പെടുകയും, പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യൻ നിർമിക്കുന്ന യന്ത്രങ്ങൾക്ക് മനുഷ്യനെപ്പോലെ ചിന്തിക്കാൻ കഴിയുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലെ നൂതന വിദ്യാഭ്യാസവും അത്യന്താപേക്ഷിതമാണ്. ഇന്ന് ജനിക്കുന്ന ഒരു കുട്ടി 2040-ൽ പ്രായപൂർത്തിയാകുമ്പോൾ, ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന, ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഒരു തൊഴിലിൽ ആവും മിക്കവാറും പ്രവേശിക്കുക. ഭാവിയിലെ ആ ലോകത്ത് അതിജീവനം മാത്രമല്ല, ആ ലോകത്തെ രൂപപ്പെടുത്താനും, അഭിവൃദ്ധിപ്പെടുത്താനും, എന്തൊക്കെ അറിവും കഴിവുകളും മനോഭാവങ്ങളും മൂല്യങ്ങളുമാണ് നമ്മുടെ കുട്ടികൾക്ക് പ്രധാനം?

“ഒരു കുട്ടിയെ നിങ്ങളുടെ അറിവിനനുസരിച്ചുള്ള പഠനത്തിൽ മാത്രം പരിമിതപ്പെടുത്തരുത്, കാരണം അവൻ മറ്റൊരു കാലത്താണ് ജനിച്ചത്” എന്ന് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഇന്നും വളരെ പ്രസക്തമാണ്. ഭാവിയിൽ ആവശ്യമുള്ള ആ അറിവുകൾ, കഴിവുകൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് എങ്ങിനെ ഫലപ്രദമായി വികസിപ്പിക്കാൻ കഴിയും?. വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് സമൂഹത്തിന്റെയും, വ്യവസായങ്ങളുടെയും, വാണിജ്യങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്. ക്ലാസ് മുറിക്ക് പുറത്ത് പാഠം വിജയകരമായി ഉപയോഗിക്കാൻ ഒരു വിദ്യാർത്ഥിക്ക് കഴിയുമ്പോൾ അധ്യാപനം ഫലപ്രദമാകും. ഇത് നേരിടാൻ, അധ്യാപകർ, വിദ്യാർത്ഥികൾ, വ്യവസായം, സമൂഹം എന്നിവയുടെ പങ്ക് രൂപാന്തരപ്പെടേണ്ടതുണ്ട്.

ഇന്നത്തെ കുട്ടികളാണ് ഭാവിയിലെ നേതാക്കൾ. അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അവരിൽ ആരോഗ്യകരമായ ചിന്തകൾ വളർത്തിയെടുക്കാനും, വൈജ്ഞാനിക കഴിവുകൾ വികസിപ്പിക്കാനും, അസ്ഥിരവും, അനിശ്ചിതവും, സങ്കീർണ്ണവും, അവ്യക്തവുമായ ലോകത്ത് (VUCA world) വിജയിക്കാനും ആവശ്യമായ കഴിവുകൾ നൽകണതാവണം. വിഷയ ജ്ഞാനത്തിനു പുറമെ വിദ്യാർത്ഥികളിൽ ജിജ്ഞാസ, ഭാവന, പ്രതിരോധശേഷി, സ്വയം നിയന്ത്രണം എന്നിവയും വികസിപ്പിക്കേണ്ടതുണ്ട്. ഭാവിയിൽ അവർ പരാജയത്തെയും, തിരസ്കരണത്തെയും നേരിടുകയും, പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയും വേണം. പ്രവാസജീവിതം സർവ്വ സാധാരണമായ ഈ കാലത്ത്, ഏത് നാട്ടിലും, ഏത് സാഹചര്യത്തിലും, ഏതു സംസ്കാരത്തിലും, ഏതു തൊഴിലിലും അവർ വിജയിക്കാൻ പ്രാപ്തരാവണം. മറ്റുള്ളവരുടെ ആശയങ്ങളെയും കാഴ്ചപ്പാടുകളെയും മൂല്യങ്ങളെയും അവർ ബഹുമാനിക്കുകയും വിലമതിക്കുകയും വേണം. ഒരു നല്ല തൊഴിലോ, ഉയർന്ന വരുമാനമോ നേടുന്നതിനും മുകളിലായിരിക്കണം അവരുടെ പ്രചോദനം. അവർ അവരുടെ സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും, സമൂഹത്തിന്റെയും, അവർ ജീവിയ്ക്കുന്ന ലോകത്തിനെക്കുറിച്ചും കരുതലുള്ളവരാകേണ്ടവരാണ്. ഇതിലേക്കായി അവരുടെ വിദ്യാഭ്യാസം ചിന്താശേഷി, വ്യക്തിപര പെരുമാറ്റ വൈദഗ്ധ്യം, സമകാലീന വിവരങ്ങൾ, മാധ്യമ, സാങ്കേതിക വൈദഗ്ധ്യം, ജീവിത വൈദഗ്ധ്യം, തൊഴിൽ വൈദഗ്ധ്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ളതായിരിക്കണം. പാഠ്യ വിഷയം മാത്രം കാണാതെ പഠിക്കുന്നതിന് ഇനിയുള്ള കാലം ഒരു പ്രസക്തിയുമില്ല.

വിദ്യാർത്ഥികൾ വിഷയ ജ്ഞാനവും, നൈപുണ്യവും ഒരുപോലെ നേടണം. പക്ഷേ നിർഭാഗ്യവശാൽ നമ്മൾ വിഷയ അധ്യയനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നൈപുണ്യ വികസനാം അവഗണിക്കുകയും ചെയ്യുന്നു. ആരെ വേണമെങ്കിലും നമുക്ക് അക്ഷരമാല പഠിപ്പിക്കാം, വേണെമെങ്കിൽ അവർക്ക് ഒരു നിഘണ്ടു നൽകാം, അതിലെ എല്ലാ വാക്കുകളും പഠിക്കാൻ അവരെ പ്രേരിപ്പിക്കാം, പക്ഷെ ഒരു വാചകം നിർമ്മിക്കാനും, അതുപയോഗിച്ച് സംഭാഷണം നടത്താനും ഒരു സന്ദേശം നൽകാനും സാധിക്കുന്നത് നൈപുണ്യ പരിശീലനമാണ്. നൈപുണ്യത്തിനുള്ള അടിസ്ഥാനം വിദ്യാഭ്യാസമാണെങ്കിലും, നൈപുണ്യത്തിൽ യഥാർത്ഥ വൈദഗ്ദ്ധ്യം ഉണ്ടാകുന്നത് ഒരു കാര്യം മനസിലാക്കുന്നതിൽ നിന്നും, അതിലുള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള പരിശീലനത്തിൽ നിന്നുമാണ്. ഈ രീതിയിലുള്ള പഠനം പ്രൈമറി സ്കൂൾ മുതൽ, ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടുന്നതിൽ മാത്രം ചുരുക്കാതെ, വളരെ ചെറുപ്പം മുതലേ വീട്ടിൽ നിന്ന് തുടങ്ങി, പിന്നീട് ജോലി സ്ഥലത്തും, പുറത്തും തുടരണം. ഒരു ജോലിയിലേക്കുള്ള പ്രവേശനം വിജയത്തിനുള്ള ഉറപ്പല്ല. തൊഴിലിൽ നല്ല രീതിയിലുള്ള പ്രകടനത്തിന് മാറുന്ന സാഹചര്യത്തിനനുസരിച്ചുള്ള കഴിവുകൾ ആവശ്യമാണ്. ചുറ്റിക ഒരു ഉപകരണം മാത്രമാണ്. നാം അതിനെ എങ്ങനെയാണ് അതിന്റെ ഉപയോഗത്തിലേക്ക് വിവർത്തനം ചെയ്യുന്നത്, അതുപോലെ തന്നെ വിദ്യാഭ്യാസത്തെ ഉപയോഗത്തിന് യോഗ്യമായ ഒരു വൈദഗ്ധ്യത്തിലേക്ക് എങ്ങനെ വിവർത്തനം ചെയ്യാം എന്നതിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

സാങ്കേതികവിദ്യയുടെ വികസനവും, എല്ലാ മേഖലകളിലുമുള്ള അതിന്റെ സമന്വയവും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ അടിമുടി മാറ്റികൊണ്ടിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ ഉദ്‌ഗ്രഥനം നമ്മൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതികളെ കാര്യമായ രീതിയിൽ തന്നെ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ, വിദ്യാഭ്യാസ സോഫ്‌റ്റ്‌വെയർ, കൊളാബോറേറ്റിവ് ലേർണിംഗ്, ജനറേറ്റീവ് എഐ , വിആർ, എആർ പോലെയുള്ള സാങ്കേതികവിദ്യകൾ ഈ രീതിയിൽ വിപ്ലവം സൃഷ്ടിക്കുന്ന നിരവധി ടൂളുകളുടെയും സാങ്കേതികവിദ്യകളുടെയും ഏതാനും ഉദാഹരണങ്ങളാണ്. സാങ്കേതികവിദ്യ പുരോഗമിക്കുന്നതൊപ്പം ഇന്നത്തെ വിദ്യാർത്ഥികൾ എന്നത്തേക്കാളും കൂടുതൽ അറിവുള്ളവരും പക്വതയുള്ളവരുമാണ്. അവർ ലോകമെമ്പാടുമുള്ള ആളുകളെ ഓൺലൈനിൽ കണ്ടുമുട്ടുന്നു, അവർക്ക് അവരുടെ സ്വന്തം വീട് വിട്ടുപോകാതെ തന്നെ ഭൂമിയുടെ മറുവശത്ത് എളുപ്പത്തിൽ ചങ്ങാതിമാരെ ഉണ്ടാക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാനും ഓൺലൈനിൽ പര്യവേക്ഷണം നടത്താനുമുള്ള അവസരം വിദ്യാലയങ്ങളും, രക്ഷിതാക്കളും നൽകുന്നുണ്ട്, ഇത് അതിരുകളില്ലാത്ത പഠനാനുഭവം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നു. ഉദാഹരണമായി, ഇന്ന് സോഫ്റ്റ്‌വെയർ കോഡ് ചെയ്യാൻ പഠിക്കുന്നവരിൽ എഴുപത് ശതമാനവും ഓൺലൈനിൽ പഠിക്കുന്നു. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ പുസ്തകങ്ങളിൽ നിന്ന് കോഡിംഗ് പഠിച്ചിരിക്കാം, എന്നാൽ നമ്മുടെ ചെറുപ്പക്കാർ അത് ഓൺലൈനിൽ പഠിക്കുന്നു. സാങ്കേതികവിദ്യകൾ നിരന്തരമായി വികസിച്ചുകൊണ്ടേയിരിക്കുകയും കൂടുതൽ വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിനാൽ, അവ വിദ്യാഭ്യാസത്തിന്റെ ഭാവിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. പല നാടുകളിലും ഹോം സ്കൂളിംഗ് പരീക്ഷിക്കുന്നുണ്ട്. ഇക്കാരണങ്ങൾ ഒക്കെ കൊണ്ട്, വിദ്യാലയങ്ങൾ ഭാവിയിൽ പൂർണ്ണമായും അപ്രത്യക്ഷമാകാനുള്ള സാധ്യത പോലും വേൾഡ് ഇക്കണോമിക് ഫോറം ഉയർത്തിക്കാട്ടുന്നുണ്ട്.

ഇന്നത്തെ അധ്യാപകർ വിദ്യാർത്ഥികളുടെ പഠനത്തിന് മാത്രമുള്ള സഹായികളായി ചുരുങ്ങാതെ, അവരുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും, ചിന്താരീതികൾ വികസിപ്പിക്കുന്നതിനും, വിശ്വ പൗരത്വ മൂല്യങ്ങൾ വളർത്തുന്നതിനും, വിമർശനാത്മക ചിന്തയ്ക്കും, സർഗ്ഗാത്മകതയ്ക്കും, ഒപ്പം സുസ്ഥിരമായ പഠനത്തിനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തമുള്ളവരാകണം. മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, വിദ്യാർത്ഥികൾ കൂടുതൽ സാങ്കേതിക ജ്ഞാനമുള്ളവരും, നിഷ്‌ക്കര്‍ഷയുള്ളവരും, ആത്മവിശ്വാസമുള്ളവരും, വിദ്യാഭ്യാസത്തിന്റെ ഉപഭോക്താക്കളെന്ന നിലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമായതിനാൽ നമ്മുടെ അധ്യാപകർ സംരംഭകത്വവും, സഹകരണവും, സർഗ്ഗാത്മകവും നൂതന ചിന്താഗതിയുള്ളവരുമായിരിക്കണം. വിദ്യാർത്ഥികളുടെ വിജയം അധ്യാപകരുടെ കൂടെ വിജയമാവണം.

“പഠിപ്പിക്കുന്നവൻ അധ്യാപന പ്രവർത്തനത്തിലൂടെയും, പഠിക്കുന്നവൻ പഠന പ്രവർത്തനത്തിലൂടെയും പഠിപ്പിക്കുന്നു” എന്ന് ബ്രസീലിയൻ പണ്ഡിതനായ പൗലോ ഫ്രെയർ, പെഡഗോഗി ഓഫ് ഫ്രീഡം എന്ന തന്റെ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പരമ്പരാഗതവിദ്യാഭ്യാസ രീതികൾ ഓൺലൈൻ രീതിയുമായി വളരെ വ്യത്യസ്തമാണ് എന്നതാണ് കോവിഡ് മഹാമാരിക്ക് തുടർന്നുള്ള ലോക്ക്ഡൗൺ നമ്മെ പഠിപ്പിച്ചത്. ക്ലാസ്സ്‌റൂം പഠനരീതികൾ വിദൂര പഠന അന്തരീക്ഷത്തിലേക്ക് വിവർത്തനം ചെയ്യരുത്. ഏത് തരം ഡിജിറ്റൽ ചാനൽ ഉപയോഗിച്ചാലും (റേഡിയോ, ടിവി, മൊബൈൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മുതലായവ) അധ്യാപകർ അവരുടെ രീതികൾ അതിന് അനുസൃതമാക്കി, എല്ലാ വീടുകളും ഒരു ക്ലാസ്റൂമായി മാറ്റി വിദ്യാർത്ഥികളുമായി ഫലപ്രദമായി ഇടപഴകാൻ സാഹചര്യം സൃഷ്ഠിക്കുകയും വേണമായിരുന്നു. പലപ്പോഴും പലയിടത്തും ഇത് പഠനത്തെ പിന്തുണയ്ക്കുന്ന അന്തരീക്ഷം ഇല്ലാതെ തന്നെ അവർക്ക് ചെയ്യേണ്ടി വന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ, നല്ലതിലേക്കുള്ള മാറ്റത്തിന് അധ്യാപകരിൽ നിന്ന് തന്നെ പ്രതിരോധവും, പ്രതിഷേധവും ഉണ്ടാകുന്നു. ഇത് പ്രധാനമായും അവരുടെ സ്വന്തം പരിമിതികളോടുള്ള ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ഇതു മാറ്റാൻ, അധ്യാപകർ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ പകർന്നു നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, സാധ്യമായ ഇടങ്ങളിൽ സ്വയം വിജ്ഞാനം നേടാൻ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ, ഫീൽഡ് ലേണിംഗ്, പാരമ്പര്യേതര പഠനം എന്നിവ അദ്ധ്യാപനത്തിനുള്ള രീതികളിൽ ഉൾപ്പെടുത്തുക.

പ്രാക്ടീസ് മേയ്ക്സ് പെർഫെക്റ്റ് എന്നാണെങ്കിലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിഷയ പഠനത്തിലും വളരെ കുറച്ച് മാത്രം സാമൂഹ്യ പ്രസക്തമായ പ്രായോഗിക അനുഭവത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അവർക്ക് ഫീൽഡ് വർക്ക്, ഇന്റേൺഷിപ്പ്, ക്ലാസ് ഇല്ലാത്ത സമയത്തെ ജോലി തുടങ്ങിയവ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ഇത് നമ്മുടെ കുട്ടികൾ ബിരുദം നേടി ലോകത്തെ അഭിമുഖീകരിക്കുമ്പോൾ, മറ്റ് നാടുകളിലുള്ള അവരുടെ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ അവർക്ക് വലിയ പോരായ്മയാണ്. മിക്ക കാമ്പസുകളും പാഠ്യേതര പ്രവർത്തനങ്ങളെയോ, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളെയോ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ ചിന്താഗതി നമ്മുടെ കുട്ടികൾക്ക് മികച്ച നേതൃത്വ വികസന അവസരങ്ങൾ ഇല്ലാതാക്കുകയാണ്. അവർ ഒരു സമൂഹത്തിന്റെ ഭാഗമാണെന്നും അവർക്ക് സമൂഹത്തോട് ബാധ്യതകൾ ഉണ്ടെന്നും മനസ്സിലാകുന്ന രീതിയിൽ കമ്മ്യൂണിറ്റി ഓറിയന്റഡ് സേവനങ്ങൾ അവർക്ക് ശീലമാക്കണം.

ഓഡന്റസ് ഫോർച്യുന യുവാട് അല്ലെങ്കിൽ ഭാഗ്യം ധൈര്യശാലികളെ സഹായിക്കുന്നു എന്നാണല്ലോ പഴമൊഴി. പരാജയത്തെ നമ്മൾ ഭയപ്പെടുന്നതിന് പകരം അവയെ പഠിക്കാനും, മെച്ചപ്പെടാനുമുള്ള ഒരു ഉപാധിയായി കാണണം. എന്നാൽ നമ്മുടെ സമൂഹം, നമ്മുടെ പഠന രീതികൾ പരാജയങ്ങൾ ഒഴിവാക്കാൻ വേണ്ടി നമ്മെ നേരത്തെ തന്നെ ശീലിപ്പിക്കുന്നു. അതുകൊണ്ട് ചിന്തയിലും, പ്രവർത്തിയിലും നമ്മൾ വളരെ പരിമിതികളും, പ്രശ്നപരിഹാരത്തോടുള്ള സമീപനത്തിൽ വളരെ യാഥാസ്ഥിതികരും ആയിത്തീരുന്നു. താഴെ വീഴുമെന്ന് പേടിച്ചരണ്ട ഒരു കുട്ടി ഒരിക്കലും എഴുനേറ്റ് നടക്കാൻ പഠിക്കില്ല. ഓരോ വീഴ്ചയും കുട്ടി പഠിക്കുന്ന പാഠങ്ങളാണ്, ഈ പാഠങ്ങളാണ് ആ കുട്ടിയെ പിന്നീട് എഴുനേറ്റ് ഓടാനായി പഠിപ്പിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം രൂപകൽപ്പന ചെയ്തിരിക്കുന്നത് വിദ്യാർത്ഥികളെ പരീക്ഷകൾക്ക് സജ്ജമാക്കാനും, അവയിൽ പരാജയപ്പെടാതെ പ്രകടനം നടത്താനുമാണ്. ഇത് അവരുടെ ചിന്തയുടെയും പരീക്ഷണത്തിന്റെയും പര്യവേക്ഷണത്തിന്റെയും സാധ്യതകൾ പരിമിതപ്പെടുത്തുന്നു. ഇടുങ്ങിയ ചിന്തയിൽ നിന്ന് നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും ഒരിക്കലും ഉണ്ടാകില്ല.

പാഠപുസ്തകത്തെ മാത്രം മുൻനിർത്തിയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനല്ല, വിശാലമായ ചിന്താരീതികൾക്കും, തൊഴിലിലുള്ള നൈപുണ്യത്തിനുമാണ് വ്യവസായ, വാണിജ്യ സേവന മേഖലകൾ ഊന്നൽ നൽകുന്നത്. ചില സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തവർക്ക് സാങ്കേതിക തൊഴിലുകളിൽ നിയമനം നടത്തി തുടങ്ങി. ജനറൽ മോട്ടോഴ്‌സ്, ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ആക്‌സെഞ്ചർ, ഇവൈ, പെൻഗ്വിൻ റാൻഡം ഹൗസ്, ഐബിഎം, എന്നീ ആഗോള ഭീമന്മാർ അവയിൽ ചിലതാണ്.

ആധുനിക ലോകത്ത് വിജയിക്കാൻ ആവശ്യമായ കഴിവുകൾ നൽകുകയും, ആ കഴിവുകൾ പ്രാവർത്തികമാക്കാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യുന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസം. ക്ലാസ്സ് റൂമിന് പുറത്തു നിന്നു തന്നെ പ്രസക്തമായ വിഷയങ്ങളും, വിവരങ്ങളും അവർക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ, അവ കണ്ടുപിടിച്ചു മനസ്സിലാക്കുന്നതിലും, പങ്കിടുന്നതിലും, മികച്ച രീതികളിൽ പ്രായോഗീകമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കേണ്ടത്. വിമർശനാത്മകമായും, ക്രിയാത്മകമായും ചിന്തിക്കാനും, മറ്റുള്ളവരുമായി സഹകരിക്കാനും, ആശയവിനിമയം നടത്താനുമുള്ള കഴിവ് വിദ്യാർത്ഥികളെ അവരുടെ ഭാവിയിലെ വിജയത്തിനായി സജ്ജമാക്കും, സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.

ഇങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങളിൽ മാറ്റം വരുത്തി, രാഷ്ട്രീയ അതിപ്രസരത്തിൽ നിന്നും വിദ്യാലയങ്ങളെയും, വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും മോചിപ്പിച്ചാൽ വിദ്യാർത്ഥികളുടെ കുടിയേറ്റം നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാം. തൊഴിൽ സാചര്യങ്ങളും, സംരംഭ, നിക്ഷേപ സൗഹൃദ സാഹചര്യങ്ങളും കൂടി ആയാൽ നൈപുണ്യ പലായനം നമുക്ക് നല്ല തോതിൽ തന്നെ തടയാനും കഴിയും.

Share News