വയോജനങ്ങൾക്ക് വീട്ടിലുള്ളവരെ പ്രചോദിപ്പിക്കുന്ന സാന്നിധ്യമാകാം. മൂഡ് കളയും ആളുകൾ ആകേണ്ട.

Three minutes read..

വീട്ടിലുള്ള ആരുടെയെങ്കിലും മനസ്സ് കലങ്ങി നിൽക്കുമ്പോൾ പ്രചോദനമേകി ഒരു തെളിമ വരുത്താൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമല്ലേ? ആത്മ വിശ്വാസവും സ്വയം മതിപ്പും ചോർന്ന് നിൽക്കുന്ന വേളയിൽ ഉൾക്കരുത്തിനെ

ഉണർത്താൻ പോന്ന സാന്നിദ്ധ്യമാകാൻ മുതിർന്ന പൗരന് കഴിഞ്ഞാൽ ഹോം സ്വീറ്റാകും. ഉഷാറാകും.

ഇവരോട് മിണ്ടിയാൽ ഉള്ള മൂഡ് കളയുമെന്ന്

ഇള മുറക്കാർക്ക് ഒരു മുൻവിധിയുണ്ട്. വാർധക്യത്തിൽ ആളുകൾ നെഗറ്റിവാകുമെന്നാണല്ലോ ഒരു ധാരണ. ഇതൊക്കെ പൊളിച്ചെഴുതണം.അനുഭവ ജ്ഞാനം ആയുധമാക്കി ഉത്തേജിപ്പിക്കണം. പ്രചോദനാത്മകമായ നിലപാടാണ് സ്റ്റൈലെന്ന് സ്ഥാപിച്ചെടുക്കണം.ചൊല്ലിലും ശരീര ഭാഷയിലുമൊക്കെ ആ സ്റ്റൈൽ നിഴലിക്കണം.

ക്ഷമയോടെ കേൾക്കാൻ തയ്യാറാകണം.കുറ്റപ്പെടുത്തരുത്.ആത്മവിശ്വാസത്തിന്റെ വെളിച്ചം കയറാനുതകുന്ന ഉത്തരങ്ങളിലേക്കെത്തുന്ന ചോദ്യങ്ങൾ ചോദിക്കാം. സ്വയം പഴിക്കലിൽ നിന്നും പരിഹാരങ്ങളെ കുറിച്ച് ചിന്തിക്കുന്ന മനോ നിലയിലേക്ക് പിള്ളേരെ നയിക്കണം. പണ്ട്‌ പ്രശ്നങ്ങൾ നേരിട്ടപ്പോൾ നന്നായി കൈകാര്യം ചെയ്ത കാര്യങ്ങൾ ഓർമ്മിപ്പിച്ച്, ഇപ്പോഴും കഴിയുമെന്ന ധൈര്യം നല്‍കുക. ദോഷങ്ങളിലൂന്നിയുള്ള വർത്തമാനം പ്രചോദനാത്മകമാകില്ല. അതിനായി ഗുണങ്ങളിലൂന്നിയുള്ള പോസിറ്റിവ് ഇടപെടലുകൾ എപ്പോഴും വേണം.

മുന്നേറാനുള്ള മികച്ച വഴികളെ കണ്ടെത്താനാണ് ഉത്തേജനം നൽകേണ്ടത്. ഫലത്തെ കുറിച്ചുള്ള അതിര് വിട്ടുള്ള പറച്ചിൽ ചിലപ്പോൾ ആധിയെ ഉണർത്തിയേക്കാം. ചെയ്യാൻ കഴിയുന്നത് കൃത്യമായിമനസ്സിലാക്കി അതിനായി മാത്രം പ്രചോദനം നൽകണം.എല്ലാം ശരിയാകുമെന്ന മട്ടിലുള്ള പൊള്ളയായ വാക്കുകൾ ഒഴിവാക്കണം. സമ്മര്‍ദ്ദം ഉണ്ടാക്കുന്ന വൈകാരിക തന്ത്രങ്ങളും പാടില്ല.ഉപദേശ നാവുകളും വേണ്ട.

നേട്ടം എത്ര ചെറുതായാലും പിശുക്കില്ലാതെ പ്രോത്സാഹിപ്പിക്കാം.ഇത്രയേ എത്തിയൊള്ളോയെന്നല്ല, ഇത്രയും എത്തിയല്ലോയെന്നാകണം മൊഴികൾ.വീണ്ടും കുതിക്കാൻ പോന്ന കരുത്ത് അപ്പോഴാണ് ഉണ്ടാകുന്നത്.എവിടെയും എത്താതിരിക്കുമ്പോൾ മനസ്സ് ചത്ത് പോകാത്ത വിധത്തിൽ കൈകാര്യം ചെയ്യുകയും വേണം. മക്കളെയും, മക്കളുടെ മക്കളെയും സ്വന്തം ശക്തി തിരിച്ചറിയാൻ ഇങ്ങനെയൊക്കെ ശീലിപ്പിക്കുമ്പോഴാണ് സ്വയം പ്രചോദിപ്പിക്കുന്ന മോട്ടിവേഷൻ തത്വങ്ങൾ അവരുടെ വ്യക്തിത്വത്തിൽ അലിഞ്ഞു ചേരുന്നത്.

ജീവിതത്തിലെ നിമിഷങ്ങളിൽ നിന്ന് കളിയും ചിരിയും കാര്യവുമൊക്കെ ചേർത്ത് അതിനുള്ള പാഠങ്ങൾ തുന്നി ചേർക്കാൻ മുതിർന്നവർക്കല്ലേ നന്നായി കഴിയൂ?

(മനോരമ ദിന പത്രത്തിൽ)

ഡോ.സി ജെ ജോൺ