
കോവിഡ് കാലത്തെ വെളിച്ചമായൊരു അപ്പനും മകനും.
കൊല്ലം : അപ്പനോടൊപ്പം മകൻ പ്രവർത്തിക്കുക എന്നുള്ളത് പുതുമയൊന്നുമല്ല.രാഷ്ട്രീയത്തിൽ, ബിസിനസ്സിൽ, കലയിൽ, കാരുണ്യത്തിൽ എല്ലായിടത്തും അപ്പനോടൊപ്പം കൈകോർത്തു മക്കൾ പ്രവർത്തിക്കുമ്പോൾ കോവിഡിനെതിരെ ഒരുമിച്ചുപോരുതി സമൂഹത്തിനു മാതൃകയാകുകയാണ് ജോർജ് എഫ് സേവ്യർ വലിയവീടും മകൻ എഫ്രോൺ ജോർജ് വലിയവീടും.

കൊല്ലം ജില്ലയിലെ ട്രാക്ക് അഥവാ ട്രോമാകെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം എന്ന സംഘടനയുടെ സെക്രട്ടറി ആണ് ജോർജ് എഫ് സേവ്യർ വലിയവീട്. അതോടൊപ്പം കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന ആനിമേറ്റർ, ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി,ബി എം ബി നാഷണൽ കോർഡിനേറ്റർ, റേഡിയോ ബെൻസിഗർ അവതാരകൻ, മോട്ടിവേഷണൽ ട്രെയിനർ, എഴുത്തുകാരൻ, കവി സാമൂഹ്യ,സാംസ്കാരിക,കാരുണ്യമേഖലയിലെ ബഹുമുഖ പ്രതിഭ ഇങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം.
ഭാര്യ ജോസ്ഫിൻ ജോർജ് വലിയവീടും, മകൾ ഇമ്‌നാ ജോർജ് വലിയവീടും അറിയപ്പെടുന്ന ഗസൽ ഗായകരാണ്. ജോർജിന്റെ അഞ്ചു മക്കളിൽ മൂത്തയാളാണ് എഫ്രോൺ ജോർജ് വലിയവീട്. ഫാത്തിമ കോളേജിലെ അവസാന വർഷ ബി സി എ വിദ്യാർത്ഥി.
പ്രളയകാലത്ത് ട്രാക്ക് ടീം ശുചീകരണ ദൗത്യവുമായി ചെങ്ങന്നൂർ മേഖലകളിൽ പോയപ്പോഴാണ് എഫ്രോൺ പിതാവിനൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പോയിത്തുടങ്ങിയത്. ആ വർഷം അപ്പനും മകനും പ്രളദുരിതാശ്വാസ അവാർഡുകളും കരസ്ഥമാക്കി.

ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഐ എ എസിന്റെ നിർദേശമനുസരിച്ച് മാർച്ച് പതിനഞ്ചിന് ട്രാക്ക് കൊല്ലം ജില്ലാ ഭരണകൂടത്തോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ മുതൽ എഫ്രോൺ അപ്പനോടൊപ്പം പ്രവർത്തനത്തിൽ കൈകോർക്കുന്നു. റെയിൽവേ സ്റ്റേഷനുകളായിരുന്നു എഫ്രോണിന്റെ പ്രവർത്തനമേഖല. കൂട്ടുകാരായ ബാബ്‌സി ജെ റിബേയ്റോ, അമൽ, യൊഹാൻ എന്നീ സുഹൃത്തുക്കളെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേക്ക് എഫ്രോൺ കൂട്ടിക്കൊണ്ടുവന്നു.ബാബ്‌സിയും, അമലും ഇപ്പോഴും ആക്റ്റീവായിത്തന്നെ ട്രാക്കിനൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുന്നു.

ഓൺലൈൻ ക്‌ളാസും ജിമ്മും ഒഴിച്ചുള്ള സമയങ്ങളിൽ കോവിഡ് പ്രതിരോധവുമായി പിതാവിനോപ്പം പ്രവർത്തനനിരതനാണ് എഫ്രോൺ ജോർജ് വലിയവീട് . കോവിഡ് ആണ്, വീട്ടിൽ കുട്ടികളുണ്ട്, ഇളയകുട്ടി രണ്ടാം ക്ലാസിലാണ് എന്നൊക്കെപ്പറഞ്ഞു അനേകർ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുമ്പോഴും സഹജീവികൾക്കുവേണ്ടി ജീവൻ അർപ്പിച്ചവൻ പകർന്നു തന്ന വിശ്വാസം കോവിഡിനെതിരെ ഒരുമിച്ചു പോരാടാൻ പ്രേരകമാകുന്നുവെന്നാണ് അപ്പന്റെയും മകന്റെയും ഏറ്റു പറച്ചിൽ. അതിന് ശക്തമായ പിന്തുണയുമായി കുടുംബവും പ്രാർത്ഥനയുമായി അവരെ ശക്തിപ്പെടുത്തി കൂടെത്തന്നെയുണ്ട്.

ജോർജ് എഫ് സേവ്യർ വലിയവീടും മകൻ എഫ്രോൺ ജോർജ് വലിയവീടും പ്രളയ ദുരന്ത നിവാരണ മേഖലയിലെ പ്രവർത്തന മികവിന് മുൻ കൊല്ലം മേയർ അഡ്വ. വി. രാജേന്ദ്രബാബുവിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു.


സാജു സണ്ണി