
” ലോകത്ത് എവിടെയായാലും മലയാളി നന്നായി അദ്ധ്വാനിക്കും. പക്ഷെ കേരളത്തിൽ തിരിച്ചെത്തിയാൽ അതിനൊരു സാധ്യതയുമില്ല. ഇവിടെ മേലനങ്ങി ജോലി ചെയ്യാൻ മലയാളി ഒരുക്കമല്ല.|സി. രാധാകൃഷ്ണൻ
” ലോകത്ത് എവിടെയായാലും മലയാളി നന്നായി അദ്ധ്വാനിക്കും. പക്ഷെ കേരളത്തിൽ തിരിച്ചെത്തിയാൽ അതിനൊരു സാധ്യതയുമില്ല. ഇവിടെ മേലനങ്ങി ജോലി ചെയ്യാൻ മലയാളി ഒരുക്കമല്ല. വയലിലിറങ്ങി ഒരു വെണ്ട നടാൻ തയ്യാറല്ല. കൈക്കോട്ടും മറ്റും എടുക്കുന്നത് ആരെയെങ്കിലും കുത്തിക്കൊല്ലാനല്ലാതെ പണിയെടുക്കാൻ ഉപയോഗിക്കില്ല. ഇങ്ങനെ ഒരു ജനസമൂഹം ലോകത്ത് മറ്റൊരിടത്തും കാണില്ല. ” – മലയാളികളെ കുറിച്ച്, കേരളീയ സമൂഹത്തെ കുറിച്ച് ഈ വിശേഷണങ്ങൾ കേൾക്കാനിടയായത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരിൽ ഒരാളായ സി. രാധാകൃഷ്ണനിൽ നിന്നാണ്. കൊച്ചിയിൽ ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ചിട്ടുള്ള മലയാള ഭാഷ വാരാചരണത്തിന്റെ മൂന്നാം ദിനത്തിൽ നോവൽ സാഹിത്യത്തിന്റെ പുതുവഴികൾ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തവെയായിരുന്നു ഇതുൾപ്പടെ മലയാളി സമൂഹത്തെ കുറിച്ചും ഭാഷയെക്കുറിച്ചുമൊക്കെ ഏറെ ശ്രദ്ധേയവും തികച്ചും സത്യസന്ധവുമായ ചില നിരീക്ഷണങ്ങളുണ്ടായത്. അതിന്റെ ഒരു ഘട്ടത്തിലായിരുന്നു തുടക്കത്തിലെ നിരീക്ഷണം കേട്ടത്.
എന്തുകൊണ്ട് പണിയെടുക്കാൻ മലയാളി മടിക്കുന്നു എന്നതിന്റെ കാരണവും പ്രിയ എഴുത്തുകാരൻ വ്യക്തമാക്കി. അതിന്റെ തുടക്കം ജാതിയിലായിരുന്നു. ജാതി വന്നതുകൊണ്ടാണ് നാട്ടിൽ പണിയെടുക്കാൻ മലയാളി പിന്നോട്ടായത്. പണിയെടുക്കാതായത്. മുറുക്കിത്തുപ്പി വരാന്തയിൽ ചാരുകസേരയിൽ ശയിക്കുന്നതല്ലാതെ മേൽജാതിക്കാർ പണിയെടുത്തിരുന്നില്ല. വയൽക്കരയിൽ നിന്ന് പണിയെടുക്കാൻ കല്പിക്കുന്ന കാര്യസ്ഥന്മാർക്കും ആ പതിവില്ല. ജാതിവ്യവസ്ഥയിൽ പണിയെടുക്കുന്നവന്റെ സ്ഥാനം സമൂഹത്തിന്റെ ഏറ്റവും താഴ്ത്തട്ടിലാണ്.
ഒരു മലയാളി വായ് തുറന്ന് സംസാരിക്കാൻ തുടങ്ങിയാൽ അറിയാം അയാളുടെ ജാതി ഏതെന്ന്. ജാതി വെളിപ്പെടും എന്നതുകൊണ്ട് മിക്കവാറും മലയാളി വായ് തുറക്കാതെ കഴിയും. ചോദ്യങ്ങൾക്ക് യാ യാ എന്ന് പറഞ്ഞുകൊണ്ടിരിക്കും… ‘
അത്ഭുതകരമായ ഒരുപകരണമാണ് മലയാളഭാഷ എന്ന് വിലയിരുത്തിക്കൊണ്ടായിരുന്നു നോവൽ സാഹിത്യത്തിന്റെ പുതുവഴികൾ എന്ന വിഷയത്തിൽ സി. രാധാകൃഷ്ണൻ സംസാരിച്ചുതുടങ്ങിയത്. ഭൂമിയിൽ ഉണ്ടായിട്ടുള്ള എല്ലാ മനുഷ്യവംശങ്ങളുടെയും സങ്കരം മലയാളിയിൽ ഉണ്ടെന്നാണ് നരവംശശാസ്ത്രം നിരീക്ഷിച്ചിട്ടുള്ളത്. ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലെയും ഒരു വാക്കെങ്കിലും മലയാളത്തിലുണ്ട്. മലയാളം 51 അക്ഷരവും പഠിക്കാൻ കഴിഞ്ഞാൽ ലോകത്തെ ഏത് ഭാഷയും ഉച്ചരിക്കാൻ കഴിയും. മൂന്നു മാസം കൊണ്ട് ഏത് ഭാഷയും സംസാരിക്കാൻ മലയാളി ഇന്ന് പഠിക്കുന്നുണ്ട്. അതേസമയം കേരളത്തിൽ വരുന്ന ഏത് വിദേശിക്കും മലയാളത്തിൽ ഇത് സാധിക്കില്ല. ഇതൊക്ക നമ്മുടെ സാഹിത്യത്തിലും കാണാം.
ലോകത്ത് എവിടെ ഏത് സംസ്കൃതി ഉണ്ടായിട്ടുണ്ടോ അതെല്ലാം കടൽ കടന്ന് ആദ്യം എത്തിയത് ഇവിടെയാണ്. ലോകത്തെ എല്ലാ ഭാഷകളുടെയും ഉച്ചാരണവും സംസ്കാരവും മലയാളത്തിനുണ്ട്. വിദേശത്തു നിന്ന് ഒരുപാടാളുകൾ കൊണ്ടുവന്ന വാക്കുകളും സംസ്കാരവും നാം നമ്മുടേതാക്കി മാറ്റിയിട്ടുണ്ട്. ജൂത, ക്രൈസ്തവ, ഇസ്ലാം തുടങ്ങി എല്ലാ മതങ്ങളും തുടക്കത്തിലെ ഇവിടെ എത്തി. പുതുകാലത്ത് നാം വിഭാഗീയതയിലേക്ക് കൂടുതൽ ആഴത്തിൽ പോകുന്നതുകൊണ്ട് ഈ സത്യം നമ്മുടെ കുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല.
കേരളീയ സമൂഹം മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറുള്ളവരാണ്. ലോകത്ത് ജിജ്ഞാസയുള്ളവർ കൂടുതൽ കേരളീയരിലാണ്. അതുകൊണ്ട് തന്നെ വായനയ്ക്കുവേണ്ടി, പുസ്തകങ്ങൾക്കുവേണ്ടി വരുമാനത്തിൽ ഏറ്റവും കൂടുതൽ തുക നീക്കിവയ്ക്കുന്നവരും മലയാളികളാണ്. കേരളത്തിൽ ഏത് ഉൾനാട്ടിൽ പോയി പേൾ എസ്. ബക്ക് ആരാണെന്ന് ചോദിച്ചാൽ അതിന് ശരിയായ ഉത്തരം ലഭിച്ചിരിക്കും.
നോവൽ മറ്റെല്ലാ സാഹിത്യ വഴികളെയും ഇല്ലാതാക്കിയിരിക്കുന്നു എന്ന് സി. രാധാകൃഷ്ണൻ നിരീക്ഷിച്ചു. കവിത ഇപ്പോൾ കവിതയുമല്ല, ഗദ്യവുമല്ല. നോവൽ ചെറുകഥയും ചെറുകഥ നോവലുമായിരിക്കുന്നു. ഏത് സാഹിത്യരൂപവും കുത്തി നിറയ്ക്കാവുന്ന ഒന്നായി നോവൽ മാറിയിരിക്കുന്നു. ഇനി നോവലേയുള്ളൂ എന്ന അവസ്ഥയാണ് വന്നുചേർന്നിട്ടുള്ളത്. നല്ല സാഹിത്യമില്ല നല്ല നോവലേയുള്ളൂ എന്ന് ഭാവിയിൽ പറയേണ്ടിവരും.
സാഹിത്യത്തിന്റെ പഴയ വഴി മുതൽ എല്ലാ സാഹിത്യവും പച്ചക്കള്ളമാണ്. മുത്തശ്ശിമാർ പറഞ്ഞിരുന്ന മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ കഥ മുതൽ എല്ലാം അതാണ്. ഇതിനു പകരം സാഹിത്യത്തെ അക്ഷരാർത്ഥത്തിൽ എടുത്താൽ അത് വലിയ അപകടമാണ്. ഇത് ശരിയല്ല എന്ന് മനസ്സ് പറയുമ്പോൾ ഇത് ശരിയാണെന്ന് പറഞ്ഞ് അനുസരിക്കാനുള്ള മനുഷ്യന്റെ വൈകാരികതയാണ് ഇന്ന് ലോകത്തെ എല്ലാ കുഴപ്പങ്ങൾക്കും കാരണം.

Joy Peter