കേരളത്തിൻ്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ പുതിയൊരു പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്.
കേരളത്തിൻ്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ പുതിയൊരു പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്. പ്രതിവർഷം 82 മില്യൺ യൂണിറ്റ് ഉത്പാദനശേഷിയുള്ള മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണം ഇന്ന് ഉദ്ഘാടനം ചെയ്യുന്നു. അതോടൊപ്പം പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി സ്ഥാപിച്ച വ്യാപാര സമുച്ചയവും കൈമാറുന്നു.
കേരളത്തിൻ്റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ മനോഹരമായ ഉദാഹരണമാണ് മാങ്കുളം പദ്ധതി. 80.13 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയുടെ നിര്‍മ്മാണത്തിനായി വേണ്ടത്. ഇതിൽ 11.9 ഹെക്ടര്‍ വനഭൂമിയും 15.16 ഹെക്ടര്‍ നദീതടവുമാണ്. പദ്ധതിയ്ക്ക് ആവശ്യമായ 52.94 ഹെക്ടര്‍ സ്വകാര്യ ഭൂമിയിൽ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ശേഷിച്ചത് ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. 140 വ്യക്തികളിൽ നിന്നും 61 കോടി രൂപയ്ക്കാണ് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുത്തത്.
പദ്ധതി നടപ്പാക്കുന്നത് മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരസ്ഥാപന ഉടമകളെയും തൊഴിൽ നഷ്ടപ്പെടുന്നവരെയും പുനരധവസിപ്പിക്കുന്നതിനായാണ് 714.56 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വ്യാപാര സമുച്ചയം 2 കോടി രൂപ മുതൽ മുടക്കിൽ നിര്‍മ്മിച്ചിരിക്കുന്നത്.
പദ്ധതിയുടെ നിര്‍മ്മാണത്തിനു വേണ്ട 3.439 ഹെക്ടര്‍ സ്ഥലം കുറത്തിക്കുടി ആദിവാസി സെറ്റിൽമെൻ്റിൽ നിന്നാണ് ഏറ്റെടുത്തത്. ആറ് ആദിവാസി കുടുംബങ്ങളുടെ ഭൂമിയും ഭവനവുമാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുത്തിട്ടുള്ളത്. നാലു പേരുടെ ഭൂമി ഭാഗികമായി ഏറ്റെടുത്തിട്ടുണ്ട്. ഭാഗികമായി സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് മികച്ച നഷ്ടപരിഹാരം നൽകുകയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക സ്ഥലം കണ്ടെത്തി അവിടെ വീടുവെച്ച് നൽകുകയും ചെയ്തു.
ഇതുകൂടാതെ, പദ്ധതിക്കു വേണ്ടി ഭൂമി നൽകിയവരിൽ മാങ്കുളം പഞ്ചായത്തിൽ മറ്റു ഭൂമികള്‍ കൈവശമില്ലാത്തവരും വാര്‍ഷിക വരുമാനം 75,000 രൂപയിൽ താഴെയുള്ളവരുമായവര്‍ക്ക് ഇടുക്കി ജില്ലയിൽ തന്നെ ആനച്ചാലിൽ 3 സെന്‍റ് ഭൂമി വീതം നൽകാനും സാധിച്ചു. വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹകരിക്കുന്ന എല്ലാവരെയും ചേര്‍ത്തുപിടിച്ചാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് എന്നതിന്‍റെ വലിയ ദൃഷ്ടാന്തമാണീ പദ്ധതി. സ്ഥലം വിട്ടുനൽകിയ ആദിവാസി സമൂഹത്തിൽപ്പെട്ടവർക്കും മറ്റു പ്രദേശവാസികൾക്കും വ്യാപാരികൾക്കും അഭിനന്ദനങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയൻ