A Newsmaker in Pacemaker !കരുണാകരന്റെ കാറിൽ ഉണ്ടായിരുന്നതെന്ത്?|പിണറായിയുടെ കാൽ തല്ലിയൊടിച്ചതാര്?

Share News

ഫ്രാൻസിസ് സാറിനെ ഓർക്കുമ്പോൾ എനിക്ക് ലീഡർ കെ കരുണാകരനേയും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനേയും ഓർമ വരുന്നു.

പത്തു പതിന്നാല് വർഷം മുൻപാണ്.

തൃശൂർ റിപ്പോർട്ടർ ആയിരുന്ന എനിക്കൊരു വിളി വന്നു

എടോ തൂവലേ തന്റെ സേവനം ആഴ്ചപ്പതിപ്പിനൊന്ന് വേണമല്ലോ അടുത്ത രണ്ടാഴ്ചത്തെ കവർ സ്റ്റോറികൾ തന്റെ വക .

അപ്പുറത്ത് മനോരമ വീക്ക്ലി എഡിറ്റർ ഇൻ ചാർജ് ഫ്രാൻസിസ് സാറാണ് .

സംഗതിയും സബ്ജക്ടും പിടി കിട്ടാതെ അമ്പരന്ന എന്നോട് സാർ പറഞ്ഞു. താൻ പഴയ DGP ജോസഫ് തോമസിന്റെ ആത്മകഥ തയ്യാറാക്കുന്നതിനെക്കുറിച്ച് കുര്യാക്കോസ് സാർ (അന്നത്തെ തൃശൂർ ന്യൂസ് എഡിറ്ററും എന്റെ ഗുരുനാഥനും) പറഞ്ഞു.

പുസ്തകത്തിൽ പല ഞെട്ടിപ്പിക്കുന്ന രാഷ്ടീയ സംഭവങ്ങളും ഉണ്ടല്ലേ.

ഉണ്ട് സർ .

അപ്പോ ഓരോന്ന് കവർസ്റ്റോറി ആയി പോരട്ടെ!

മുൻ ഡിജിപിയും എയർപോർട്ട് വി.ജെ കുര്യന്റെ സഹോദരനുമായ ജോസഫ് തോമസിന്റെ അനുഭവത്തിൽ നിന്ന് 2 കവർസ്റ്റോറി ഞങ്ങൾ തിരഞ്ഞടുത്തു. ഒന്ന് മുഖ്യമന്ത്രി ആയിരിക്കെ ലീഡർ കാർ അപകടത്തിൽ പെട്ടതുമായി ബസപ്പെട്ട വിവാദം:

കാറിൽ ഒരു പെട്ടി നിറയെ പണവും മറ്റും ഉണ്ടായിരുന്നുവെന്നും മറ്റുമുള്ള ആരോപണങ്ങളുടെ നിജസ്ഥിതി ; നാടകീയത ഇവയൊക്കെ വിഷയം.

രണ്ടാമത്തേത് അടിയന്തിരാവസ്ഥക്കാലത്ത് അന്നത്തെ കമ്മ്യുണിസ്റ്റ് നേതാവ് പിണറായി വിജയനെ പൊലീസ് ക്രൂരമായി മർദിച്ച സംഭവം.

ആദ്യ ആഴ്ച ലീഡറുടെ കാർ അപകടം കവർസ്റ്റോറിയായി. രണ്ടാമത്തെ ആഴ്ചയിൽ പിണറായി വിഷയം തയ്യാറാക്കി അയച്ചു.

അപ്പോൾ സാർ പറഞ്ഞു. എടോ ലീഡർ ജീവിച്ചിരിപ്പില്ല പക്ഷേ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി തിരുവനന്തപുരത്ത് എകെജി സെന്ററിൽ ഉണ്ടല്ലോ. വിളിച്ചൊരു പ്രതികരണം എടുക്കണം.

അതുവേണോ സാർ?

വേണം.. താൻ വിളിക്കെടോ .

അന്ന് ഇന്നത്തേക്കാൾ ഗൗരവക്കാരനാണ് പിണറായി .

ഞാൻ എകെജി സെന്ററിലെ നമ്പറിൽ വിളിച്ചു. ഫോൺ സെക്രട്ടറിക്ക് (പിണറായി വിജയന് ]കണക്ട് ചെയ്തു.

ഞാൻ പ്രതികരണം ചോദിച്ചു.

ഓ അതിൽ ഇനിയൊന്നും പറയാനില്ല… എന്നു മറുപടി. ഫോൺ വയ്ക്കാൻ ധൃതി.

പാർട്ടി ആരോപിക്കുന്നതുപോലെ അന്നത്തെ മർദ്ദനത്തിൽ പങ്കൊന്നുമില്ല എന്നാണല്ലോ ജോസഫ് തോമസ് പറയുന്നത് എന്നു ഞാൻ ചോദിച്ചു.

‘അത് അയാള് തന്നെ ചെയ്തതാ …. അപ്പോ ശരി….’

ഫോൺ കട്ടായി.

ഞാൻ ഫ്രാൻസിസ് സാറിനെ വിളിച്ചു. കാര്യമായൊന്നും പിണറായി പ്രതികരിച്ചില്ല എന്നു പറഞ്ഞു.

പറഞ്ഞത് അതേപടി എഴുതിക്കോ ഒരു വാചകമെങ്കിൽ അതിനു വിലയുണ്ടല്ലോ എന്നായി സാർ.

പിറ്റേ ആഴ്ച മനോരമ വാരികയുടെ കവർ പേജിൽ ആ തലക്കെട്ട് :

‘പിണറായിയുടെ കാൽ

തല്ലിയൊടിച്ചത് ആര്?

ജോസഫ് തോമസ് സാറിന്റെ വിളി പിന്നാലെ വന്നു

എടോ. ഇനി കവർസ്റ്റോറി ഏടാകൂടം വേണ്ടാ….

‘അപ്പോ എം വി രാഘവന്റെ നേരെ തോക്ക് ചൂണ്ടിയ സംഭവം കൊടുക്കണ്ടേ, എന്നായി ഞാൻ

വേണ്ടെന്നു പറഞ്ഞാൽ വേണ്ട എന്നു പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു.

പിന്നീട് കുര്യാക്കോസ് സാർ പറഞ്ഞു.

പാർട്ടിക്കാർ ആരൊക്കെയോ ജോസഫ് തോമസ് സാറിനെ വിളിച്ച് നന്നായി ‘ സ്നേഹിച്ചു ‘ അത്രേ…

ഈ സംഭവങ്ങൾ ഉദാഹരണം പറത്തെന്നേയുള്ളു.

ഒരു വാർത്ത എങ്ങനെ കൂടുതൽ വായനക്കാരിലെത്തിക്കണം എന്ന് അറിയാവുന്ന മികവുറ്റ പത്രാധിപർ ആയിരുന്നു ഫ്രാൻസിസ് സാർ . കയ്യിലെ വരയെന്ന കല വാർത്തയിലും കൊണ്ടു വന്നയാൾ.

എന്റെ അടുത്ത സുഹൃത്തും വഴി കാട്ടിയും.

പേസ്മേക്കറിൽ മിടിക്കുന്ന ഹൃദയവുമായാണ് പത്രത്തിലും വാരികയിലും വായനക്കാരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന വാർത്തകൾ അദേഹംപതിറ്റാണ്ടുകളോളം കൈകാര്യം ചെയ്തത്.

പത്രപ്രവർത്തന അനുഭവം വിവരിക്കുന്ന ആത്മകഥ പൂർത്തീകരിക്കാതെയാണ് ആ പോക്ക് . (ഞാൻ അന്ന് എഴുതിയ DGPയുടെ ആത്മകഥയും വെളിച്ചം കണ്ടില്ല).

ചില അർധവിരാമങ്ങൾ കൂടി ബാക്കി വയ്ക്കുന്നതാണല്ലോ ജീവിതം, ഫ്രാൻസിസ് സാറിനെപ്പോലെ ….

ആദരാഞ്ജലികൾ

RIP

Rest In Pace(maker) 🙏

ആദരാഞ്ജലികൾ

nammude-naadu-logo
Share News