സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട….|പുതിയ നമ്പരുകൾ എടുക്കുമ്പോഴും പഴയ നമ്പറുകൾ ഒഴിവാക്കുമ്പോഴും ഓർമ്മിക്കുക.

Share News

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട….

ഒരു പരിചയക്കാരന് ഇന്നലെ ഒരബദ്ധം പറ്റി. അദ്ദേഹത്തിന്റെ സഹപ്രവർത്തകന് ഫോൺപേ വഴി 6000 രൂപ ട്രാൻസ്ഫർ ചെയ്ത് കൊടുത്തത് ആൾക്ക് കിട്ടിയില്ല. സംഭവിച്ചത് ഇതാണ്, പുതുതായെടുത്ത ഒരു നമ്പറിലേക്കാണ് ഫോൺപേ ചെയ്തത്. ആ നമ്പർ മറ്റാരോ ഉപയോഗിച്ചിരുന്നത് കട്ടായി പോയിട്ട് റീ ഇഷ്യൂ ചെയ്തതാണ്. പ്രസ്തുത നമ്പർ മുൻ ഉടമയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നിട്ടുണ്ടാവണം. UPI വഴി അയച്ച പണം തിരികെ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല.

ചില മണിക്കൂറുകൾക്ക് ശേഷം എനിക്ക് ഒരബദ്ധം പറ്റി. മറ്റൊന്നുമല്ല, എറണാകുളത്തുള്ള മാധ്യമപ്രവർത്തകനായ ഒരു സുഹൃത്തിനെ വിളിച്ചപ്പോൾ ഫോൺ എടുത്തത് കോഴിക്കോടുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം എടുത്ത പുതിയ കണക്ഷനാണ്. ഇതിനകം അമ്പത് റോങ്ങ് കോളുകൾ എങ്കിലും തനിക്ക് വന്നുകഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ധാരാളം കോളുകൾ വരും, പറ്റുമെങ്കിൽ ഈ നമ്പർ മാറ്റി മറ്റൊന്ന് എടുക്കുന്നതാവും ബുദ്ധി എന്ന് ഞാൻ പറഞ്ഞു.

പുതിയ നമ്പരുകൾ എടുക്കുമ്പോഴും പഴയ നമ്പറുകൾ ഒഴിവാക്കുമ്പോഴും വളരെയേറെ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അബദ്ധങ്ങൾ പറ്റും എന്ന് ഓർമ്മിക്കുക. ഫേസ്‌ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാകാം, ഫോൺപേ, ഗൂഗിൾപേ തുടങ്ങിയ UPI അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാകാം, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാകാം…. ഒരുപക്ഷെ വല്ല ക്രിമിനലുകളും ഉപയോഗിച്ചിട്ട് ഉപേക്ഷിച്ചവയായിരിക്കാം….

കഴിവതും പുതിയ സീരീസ് നമ്പർ എന്ന് ഉറപ്പുവരുത്തി എടുക്കുക. നമ്പർ ട്രൂകോളറിൽ ചെക്ക് ചെയ്ത് മറ്റാരുടെയും പേര് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുക. സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി മാത്രം ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകൾ ഒരു നിർദ്ദിഷ്ട സമയത്തിനപ്പുറം റീചാർജ് ചെയ്യാതെ വയ്ക്കാതിരിക്കുക. ഇത്രയും ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കാം.

യഥാർത്ഥത്തിൽ സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ ഒരു പോളിസി കൊണ്ടുവരികയാണ് പ്രധാന ആവശ്യം. എല്ലാവിധ അക്കൗണ്ടുകളും ഡീ ആക്ടിവേറ്റ് ചെയ്തിട്ട് മാത്രമേ മൊബൈൽ നമ്പറുകൾ റീഇഷ്യൂ ചെയ്യപ്പെടാൻ പാടുള്ളൂ എന്ന നിബന്ധന വച്ചാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ കുറയും. റീചാർജ് ചെയ്യാത്തപക്ഷം അക്കൗണ്ട് കട്ടാകുന്ന സമയപരിധി ഒരു വർഷമെങ്കിലും ആക്കി ഉയർത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. അങ്ങനെയെങ്കിൽ വളരെ പെട്ടെന്ന് മൊബൈൽ നമ്പർ റീഇഷ്യു ചെയ്യപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റം വരും.

Share News