മൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത

Share News

മൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത! മലയോര, വനയോര മേഖലകളിൽ ആന, കടുവ, പുലി, കാട്ടുപന്നി… അല്ലാത്ത സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾ…

കഴിഞ്ഞ മെയ് വരെയുള്ള അഞ്ചു മാസങ്ങൾക്കിടയിൽ മാത്രം തെരുവ് നായ്ക്കളുടെ കടിയേറ്റ മലയാളികൾ ഒന്നരലക്ഷത്തിലേറെ… പേവിഷബാധയേറ്റ് മരിച്ചവർ പതിനേഴ് – അതിൽ മിക്കവരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ!

വന്യമൃഗ ഭീഷണി കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ പെട്ടെന്നൊരു സുപ്രഭാതം മുതൽ (ഇലക്ഷൻ അടുക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഒരു വാദമുണ്ട്) ജനങ്ങൾക്കുവേണ്ടി കേന്ദ്ര സർക്കാരിനോട് ശക്തിയുക്തം വാദിക്കുന്ന സംസ്ഥാന സർക്കാർ “ജനങ്ങളുടെ സുരക്ഷിതത്വം മുൻനിർത്തി” സ്വന്തമായി നിയമനിർമ്മാണം നടത്താനൊരുങ്ങുന്നു എന്നൊക്കെയാണ് റിപ്പോർട്ടുകൾ. അതവിടെ നിൽക്കട്ടെ…

കേരളത്തിൽ പരക്കം പാഞ്ഞു നടക്കുന്ന അസംഖ്യം തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ഒരു കേന്ദ്രത്തിന്റെയും അനുമതിയുടെ ആവശ്യമില്ലല്ലോ സർക്കാരേ? മുമ്പ് പലപ്പോഴായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ അൽപ്പമൊന്നു മനസുവച്ചാൽ മാത്രം പോരെ? പക്ഷിപ്പനിയുടെയും ആഫ്രിക്കൻ പന്നിപ്പനിയുടെയും പേരിൽ പതിനായിരക്കണക്കിന് വളർത്തുമൃഗങ്ങളെ കൊന്നൊടുക്കാൻ മടികാണിക്കാത്ത സർക്കാർ പേവിഷബാധയുടെ ഭീഷണി പരിഗണിച്ചെങ്കിലും തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ എന്തിനാണ് മടികാണിക്കുന്നത്?

ഇന്ന് പുറത്തുവന്ന കണക്കുകളനുസരിച്ച് ദിവസം ശരാശരി ആയിരത്തൊരുനൂറു പേരെ കേരളത്തിൽ തെരുവ് നായ്ക്കൾ ആക്രമിച്ച് പരിക്കേൽപ്പിക്കുന്നുണ്ട്. കഷ്ടിച്ച് രക്ഷപെടുന്നവരുടെ എണ്ണം ഇതിലും എത്രയോ ഇരട്ടി വരും! ഏറെക്കുറെ ആഴ്ചയിൽ ഒരാൾ പേ വിഷബാധയേറ്റ് മരിക്കുന്നു. വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്ന മനുഷ്യരേക്കാൾ കുറവല്ല പേവിഷബാധയേറ്റ് മരിക്കുന്നവർ! ഭാവിയിൽ പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നേക്കാം…

തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെടുന്നതിൽ വലിയൊരു ശതമാനം കൊച്ചു കുട്ടികളാണെന്ന വസ്തുത മറക്കരുത്. ഇക്കാലയളവിൽ വാക്സിൻ എടുത്തിട്ടും പേവിഷം ബാധിച്ചു മരിച്ച ചില കുഞ്ഞുങ്ങളുടെ മുഖങ്ങൾ ആരും മറന്നിട്ടുണ്ടാകാനിടയില്ല.

ലോകത്തിന് മുന്നിൽ കേരളജനതയുടെ ശിരസ്സ് കുനിഞ്ഞുപോകുന്ന മറ്റൊരു നാണംകെട്ട കണക്കുകൂടിയാണ് ഇത്. സർക്കാരിന്റെ കുറ്റകരമായ അലംഭാവത്തിനും സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്കും ഒന്നാന്തരം ഉദാഹരണം. രാഷ്ട്രീയ തൊഴിലാളികൾ എന്ന നിലയിൽ നിങ്ങളുടെ പതിവ് വാചക കസർത്തുകളും അവകാശവാദങ്ങളും തുടരട്ടെ, പക്ഷെ, പാവപ്പെട്ട ജനങ്ങളുടെ സുരക്ഷിതത്വവിഷയത്തിൽ ഒരൽപ്പം പരിഗണനയെങ്കിലും പ്രതീക്ഷിക്കാൻ ജനങ്ങൾക്ക് അവകാശമില്ലേ?

NB: കേരളത്തിലെ തെരുവ് നായ്ക്കൾ മരുന്ന് കമ്പനികൾക്ക് ഈ അഞ്ചുമാസ കാലം നൽകിയ മഹത്തായ സംഭാവന 6 ലക്ഷം ഡോസ് റാബിസ് വാക്സിന്റെ വിൽപ്പന. ഇന്ന് ലോകത്തിൽ ജനസംഖ്യാനുപാതികമായി ഏറ്റവുമധികം റാബിസ് വാക്സിൻ വിൽപ്പന നടക്കുന്നതും വാക്സിൻ കമ്പനികൾക്ക് സുസ്ഥിരമായ ഒരു മാർക്കറ്റ് ഉറപ്പു നൽകുന്നതുമായ ഭൂപ്രദേശമാണ് നമ്പർ വൺ കേരളം. വാക്സിൻ വിൽപ്പനയുടെ ലാഭവിഹിതം ഏതെങ്കിലും പോക്കറ്റുകളിൽ എത്തുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

– വിനോദ് നെല്ലയ്ക്കൽ

Share News