
കാട്ടിലെ മൃഗങ്ങളെ കാട്ടിൽ തന്നെ നിർത്തണം. അവയുടെ എണ്ണം പെരുകുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കണം. വന്യമൃഗങ്ങൾ കാട്ടിൽ മതി, നാട്ടിൽ വേണ്ട.
ആല്പൈൻ പർവ്വതനിരകളുടെ താഴ് വാരത്താണു ഞാൻ താമസിക്കുന്നത്. മാൻ, മുയൽ, മുതലായ അക്രമകാരികളല്ലാത്ത മൃഗങ്ങളാണു ഇവിടുത്തെ കാടുകളിൽ പ്രധാനമായും ഉള്ളത്. കാട്ടുപന്നികളും ഉണ്ട്. ഇവയെ എല്ലാം തന്നെ വേട്ട ചെയ്യാൻ അനുവാദവുമുണ്ട്. വേട്ടക്കാർക്ക് ലൈസൻസ് ഉണ്ടാകണമെന്നു മാത്രം.

വേനൽക്കാലം തുടങ്ങിയാൽ കന്നുകാലികളെ ആല്പൈൻ പർവ്വതനിരകളിലുള്ള പുൽമേടുകളിൽ മേയാൻ വിടുക എന്നത് ഇവിടങ്ങളിലെ ഒരു പ്രധാന പരിപാടിയാണു. അതുകൊണ്ട് തന്നെ ഇവിടുത്തെ കാടുകളിൽ അപൂർവ്വമായി ഉണ്ടായിരുന്ന ചെന്നായ്ക്കളെ ഇവർ വേട്ട ചെയ്തു നിയന്ത്രിച്ചു നിർത്തിയിരുന്നു. എന്നാൽ അടുത്ത നാളുകളിലായി ഇവയുടെ എണ്ണം കൂടി. മേയാൻ വിടുന്ന കന്നുകാലികളിൽ ചിലതിനെയൊക്കെ അവ കൊന്നു ഭക്ഷിക്കാനും തുടങ്ങി. ചെന്നായ്ക്കളുടെ എണ്ണം നിയന്ത്രിക്കണമെന്നും അവ പുൽമേടുകളിലേക്ക് വരുന്നത് തടയണമെന്നും ഇവിടുത്തെ കർഷകർ ആവശ്യപ്പെടുന്നുണ്ട്. ഈ ഫോട്ടോയിൽ കാണുന്നതുപോലെ “പുൽമേടുകൾ ഞങ്ങളുടെ കന്നുകാലികൾക്ക്, ചെന്നായ്ക്കൾക്ക് കാട്” എന്ന് എഴുതിയ പോസ്റ്ററുകൾ ഇവിടങ്ങളിൽ കാണാം.
എന്നാൽ കർഷകരുമായി യാതൊരു ബന്ധവുമില്ലാത്ത ചിലർ ചെന്നായ സ്നേഹികളായി മാറിയിരിക്കുകയാണു. ചെന്നായ്ക്കളുടെ എണ്ണം ഇപ്പോഴും ഇവിടെ കുറവാണെന്നും അതിനാൽ അവയെ വേട്ടയാടുവാൻ അനുവാദം കൊടുക്കരുതെന്നുമാണു അവരുടെ വാദം. അല്ലെങ്കിലും സ്വന്തമായി ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവർക്ക് ആരെ വേണമെങ്കിലും സ്നേഹിക്കാമല്ലൊ!
നമ്മുടെ നാട്ടിലെ അവസ്ഥയുമായി ഇതിനു സാമ്യമുണ്ടെന്ന് തോന്നുന്നത് കൊണ്ടാണു ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്. കാട്ടിലെ മൃഗങ്ങളെ കാട്ടിൽ തന്നെ നിർത്തണം. അവയുടെ എണ്ണം പെരുകുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കണം. വന്യമൃഗങ്ങൾ കാട്ടിൽ മതി, നാട്ടിൽ വേണ്ട.
അതുപോലെ തന്നെ അപകടകരമായ ഒരു സംഗതി ആണു തെരുവുനായ്ക്കൾ. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ എന്നു പറഞ്ഞ് ലക്ഷക്കണക്കിനു രൂപ ചിലവഴിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും അവ കൂടിവരുന്നതല്ലാതെ കുറയുന്നതായി തോന്നുന്നില്ല. തെരുവുകൾ മനുഷ്യനു സഞ്ചരിക്കാൻ വേണ്ടി ഉള്ളതാണു. കൊച്ചുകുട്ടികളെ പോലും ആക്രമിക്കുന്ന തെരുവുനായ്ക്കളെ തെരുവിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുക ആണു വേണ്ടത്.
പക്ഷെ ഇതൊക്കെ ആരോട് പറയാൻ? ചുറ്റുമതിലും ഗേറ്റും ഉള്ള വീടിന്റെ സുരക്ഷിതത്വത്തിൽ നിന്നിറങ്ങിയാൽ കാറിൽ മാത്രം സഞ്ചരിക്കുന്നവർക്ക് തെരുവിൽ പട്ടികൾ പെറ്റുകൂട്ടിയാൽ എന്തു പ്രശ്നം? കാട്ടിലെ മൃഗങ്ങൾ നാട്ടിലിറങ്ങിയാൽ ഒന്നും നഷ്ടപ്പെടാനില്ലാത്തവർക്ക് അവ കൃഷി നശിപ്പിച്ചാലോ മനുഷ്യനെ ചവിട്ടിക്കൊന്നാലൊ കടിച്ചു കീറിയാലോ എന്തു പ്രശ്നം?

Bibin Madathil