ജനങ്ങളുടെകണ്ണീരും കഷ്ടപ്പാടുംഭരണകൂടങ്ങൾക്ക്കളിതമാശകളോ?

Share News

ഒരു ഭരണകൂടം, ജനങ്ങളുടെ ദൈനംദിനജീവിതം എങ്ങനെ ക്ലേശകരമല്ലാതാക്കാമെന്നു ചിന്തിക്കുന്നിടത്താണ് ജനാധിപത്യത്തിന്റെ പൂക്കാലം ആരംഭിക്കുക.

നിർഭാഗ്യവശാൽ, കാലം തെറ്റിപൂത്ത മാമ്പൂക്കൾപോലും കരിഞ്ഞുവീഴുന്ന അതിഗുരുതരമായ വരൾച്ച രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കുകയാണിപ്പോൾ. രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങളോട് പ്രത്യ ക്ഷമായി പ്രതികരിക്കാതിരിക്കുകയെന്ന തന്ത്രമാണ് കേന്ദ്രത്തിലുള്ള എൻ.ഡി.എ. സർക്കാർ ഇപ്പോൾ പയറ്റുന്നത്. ജനങ്ങളുടെ ഓർമ്മശക്തി തീരെ കുറവായതിനാൽ, തങ്ങൾ ഇപ്പോൾ കൈ ക്കൊള്ളുന്ന ജനവിരുദ്ധ നടപടികൾ പാർലിമെന്റ് തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും പ്രചാരണപ്പുതപ്പുകളിട്ടു മൂടാമെന്ന് അവർ കരുതുന്നുണ്ടാവാം.

കോവിഡ് മഹാമാരി ലോകമാകെയുള്ള ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് ചിന്തിക്കുന്ന ഭരണകൂടമല്ല ഇന്ന് ഇന്ത്യയിലുള്ളത്. പകരം എങ്ങനെയും ജനങ്ങളിൽ നിന്ന് പരോക്ഷനികുതി പിരിവിലൂടെ പണം ഈടാക്കി ഭരണം പൊടിപൊടിക്കാമെന്ന് മാത്രമാണ് അവരുടെ ചിന്ത. അതുകൊണ്ട്, കീശയിൽ നാല് കാശില്ലാത്ത പൊതുജനത്തെ അവർ ഉപേക്ഷിക്കുന്നു. പകരം കോടികൾ കൈവശമുള്ള കുത്തകകളുമായി ഭരണകർത്താക്കൾ കൈകോർക്കുന്നു. ഈ നയത്തിനെതിരെ മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയും മൂളിയും പ്രതികരിക്കുന്നുണ്ടാകാം. എന്നാൽ സമൂഹമാധ്യമങ്ങൾ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികളെക്കുറിച്ച് വ്യാപകമായ പ്രചാരണത്തിനിറങ്ങുന്നു.

ആ ജനകീയ പ്രചാരണങ്ങളെ ഭരണകൂടങ്ങൾ വെറുക്കുന്നത് സ്വാഭാവികം മാത്രം.കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു വീട്ടമ്മയാണെന്ന കാര്യം കൂടി മറന്നുകൊണ്ടാണ് പാചകവാതകത്തിന്റെ വില എണ്ണ ക്കമ്പനികൾ റോക്കറ്റ് വേഗത്തിൽ കൂട്ടുന്നത് നിസ്സംഗതയോടെ നോ ക്കി നിൽക്കുന്നത്. സത്യം പറയാമല്ലൊ, പാചകവാതക വില വർദ്ധനയ്ക്കെതിരെ ‘കാണാൻചേലുള്ള’ ഒരു ട്രോളുപോലും സമൂഹമാധ്യമങ്ങളിൽ കണ്ടില്ല. ചിലപ്പോൾ ജീവിതദുരിതങ്ങൾക്കു നടുവിൽ ജനങ്ങൾ ചിരിക്കാൻ മറന്നു തുടങ്ങിയിരിക്കാം.

കുടുംബബജറ്റുകൾ താളം തെറ്റുമ്പോൾ, അത്തരം ദുരിതങ്ങൾ മറികടക്കാൻ കടമെടുത്തോളൂ എന്നാണ് കേന്ദ്ര സർക്കാർ നമ്മോടു പറയുന്നത്. കാരണം മൊത്തം റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും വിഴുങ്ങുന്നത് സർക്കാരിന്റെ ഭരണച്ചെലവുകളാണെന്ന് കണക്കുകളിലുണ്ട്. കേന്ദ്ര സർക്കാരിന്റെ പൊതുവിപണിയിൽ നിന്നുള്ള കടമെടുപ്പ് പോലും പ്രതിസന്ധിയിലാണ്. ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കടപ്പത്രങ്ങൾ ഇനിയും വിറ്റു തീർന്നിട്ടില്ല.

കൊറോണയുടെ നാളുകളിൽ ഭരണകൂടങ്ങൾ പണം ചെലവഴിക്കുന്ന മുൻഗണനാമേഖലകളിൽ പിഴവ് വന്നിരിക്കാമെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ പറയുന്നുണ്ട്. കോവിഡ് കാലത്ത് 36,000 കോടിയുടെ ആയുധങ്ങളാണ് ഇന്ത്യ വാങ്ങിച്ചുകൂട്ടിയത്. മറ്റൊരു വികസ്വര രാജ്യവും ഇതുപോലൊരു ആയുധകച്ചവടം ഈ നാളുകളിൽ നടത്തിയിട്ടില്ല.കോവിഡ് സെസ് ഇന്ധനവിലകളിൽ ഏർപ്പെടുത്തി ആ തീവെട്ടിക്കൊള്ള ഒറ്റയ്ക്ക് നടത്തിയാലെന്താണെന്ന് കേന്ദ്ര സർക്കാർ ചി ന്തിച്ചു തുടങ്ങിയിട്ടുണ്ട്.

സെസ് പിരിവ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നല്കേണ്ടതില്ലെന്ന് അവർ കണക്കുകൂട്ടുന്നു. അങ്ങനെ വന്നാൽ, സംസ്ഥാനങ്ങളും ഇന്ധനവിലയിൽ ഏതെങ്കിലും പേരു പറഞ്ഞ് ഒരു നികുതി ചുമത്തിയേക്കാം. എന്തായാലും ഇന്ധന, പാചക വാതക വിലകൾ ഇന്നത്തെ നിലയിൽ തന്നെ മിന്നൽ വേഗത്തിൽ കുതിച്ചുകയറുക തന്നെ ചെയ്യുമെന്നു മാത്രം.യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോൾ മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുതലാണ്.

ഇന്ത്യയിലെ സ്ഥിതി അതല്ല. നമ്മുടെ ജനസംഖ്യയുടെ ശരാശരി വയസ്സ് 29 മാത്രമാണ്. എന്നിട്ടും, നമ്മുടെ യുവതീ യുവാക്കളെ രാഷ്ട്ര നിർമ്മാണത്തിനായി അണിയിച്ചൊരുക്കുന്നതിൽ നാം ഏറെ പിന്നിലാണ്. കടമെടുപ്പിലൂടെയാകട്ടെ, രാജ്യത്തെ ഓരോ 29 വയസ്സുള്ളയാൾക്കും അവരുടെ സന്തതികൾക്കുമായി വലിയൊരു കടബാധ്യത ഭരണകൂടം ഒരുക്കുവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഇന്ത്യയുടെ ജി.ഡി.പി.-നികുതി അന്തരം അഞ്ച് ശതമാനം കടന്നിരിക്കുന്നുവെന്ന മുന്നറിയിപ്പ് നല്കിയിട്ടു ള്ളത്.

ജനങ്ങൾ ബജറ്റിലെ കമ്മിയും പെരുകുന്ന പൊതുകടവും അത്രയേറെ ഗൗരവത്തോടെ കാണുന്നുണ്ടോ? ഇക്കാര്യത്തിലുള്ള ബോധവൽക്കരണത്തിൽ പ്രതിപക്ഷം പോലും വേണ്ടത്ര ഊർ ജ്ജസ്വലത കാണിക്കുന്നില്ല.ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുവാനും, ഭര ണകർത്താക്കളെ സമ്മർദ്ദത്തിലാക്കുവാനും പോന്ന രാഷ്ട്രീയബ ലം ഇന്ന് ദേശീയതലത്തിൽ പ്രതിപക്ഷത്തിനില്ല. മാത്രമല്ല ദേശീയ തലത്തിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്സിൽ നിന്നുതന്നെ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഒരു ബി ടീമിനെ രൂപീകരിക്കാൻ അമിത്ഷാ ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഭരിക്കുന്നവർ രാഷ്ട്രീയ നേട്ടങ്ങൾ പിൻവാതിലിലൂടെ നേടിയെടുക്കുകയാണിപ്പോൾ. ജനങ്ങളെ, വോട്ടർമാരെ ഇലക്ഷൻ കാലത്തുമാത്രം അവർ സോപ്പിടുന്നു. ആ മായാജാലത്തിൽ ജാതി പ്രീണനം പ്രധാനഇനമായി അവതരിപ്പിക്കുന്നു. ജനാധിപത്യം ഇത്രയേറെ ഭീഷണി നേരിട്ട ഒരു സാഹചര്യം അടിയ ന്തിരാവസ്ഥക്കാലത്തേ ഉണ്ടായിട്ടുള്ളൂ.വരുംതലമുറകൾക്ക് ജീവിക്കാനുള്ള ഭൂമികയത്രയും നശിപ്പിച്ച്, പ്രകൃതിയുടെ വരദാനങ്ങൾ കൊള്ളയടിച്ച് ഭരണകൂടങ്ങൾ നടത്തുന്ന ഹിംസയുടെ യാത്രകൾ അവസാനിപ്പിക്കുവാൻ ആരാണ് മുന്നി ട്ടിറങ്ങുക?

വരുംതലമുറകളുടെ തോളിൽ കടബാധ്യതകൾ കെട്ടിവച്ച്, ഭരണീയർ നടത്തുന്ന ജനങ്ങളെ മറന്നുള്ള കുമ്മാട്ടിക്കളികൾക്ക് ആരാണ് അറുതി വരുത്തുക?നാം ജീവിക്കുന്ന ലോകത്തെ അത്യാർത്തി നിറഞ്ഞ സർവവിധ അധിനിവേശങ്ങളിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള യുവത ആദർ ശംകെട്ട രാഷ്ട്രീയ ദാസ്യങ്ങളുടെ പാളയങ്ങളിലാണ്. യാഥാർത്ഥ്യങ്ങൾ ഇനിയും തിരിച്ചറിയാത്ത സാംസ്‌കാരിക നായകർ ‘ഭൂമിക്ക് ചരമഗീതം’ പാടി അനങ്ങാപ്പാറനയം സ്വീകരിക്കുന്നു. ആവാസ വ്യവസ്ഥയിലെ നാം ‘ഇരിക്കുന്ന കമ്പുകൾ’ വെട്ടിവീഴ്ത്തുമ്പോൾ, കുട്ടിക്കുരങ്ങന്മാരെപ്പോലെ ശേ ഷിച്ച ഹരിതാവശിഷ്ടങ്ങളിൽ അർമാദിച്ചു നിൽക്കുകയല്ല ഈ തലമുറ ചെയ്യേണ്ടത്. പകരം, ഭൂമിയുടെ ഹരിതശിഖരങ്ങളെ അറുത്തു മാറ്റാൻ വരുന്നവരെ ഏകമനസ്സോടെ ചെറുക്കുവാനുള്ള ഉപാസനകളിൽ മുഴുകി അത്തരം അത്യാർത്തിയുടെ സിംഹാസനങ്ങൾ പിഴുതെറിയുവാനുള്ള ആത്മീയശക്തി നേടാൻ നമ്മുടെ യുവതയ്ക്ക് കഴിയണം. അതുമാത്രമാണ്, ഈ എഴുപതാം വയസ്സിലും അക്ഷര തപസ്സിലൂടെ ഉള്ളം ജ്വലിപ്പിക്കുവാൻ പരിശ്രമിക്കുന്ന എന്റെ പ്രാർത്ഥന.

ആൻ്റണി ചടയംമുറി

Share News