ഈ ചിന്തയിൽ തന്നെ അബദ്ധങ്ങൾ ഇല്ലേ ? ഒരു ലക്ഷമാണോ ഒരു കോടിയാണോ സ്ത്രീധനം എന്നതാണോ വിഷയം ? |അടിസ്ഥാന പ്രശ്നത്തെ ഗൗരവമായി കാണാതെ ഇത്തരം ഉപരിപ്ലവമായ പ്രഖ്യാപനങ്ങൾ നടത്തുന്നത് സർക്കാരിന് ഇക്കാര്യത്തിൽ തെറ്റായ കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ്

Share News

ഈ ചിന്തയിൽ തന്നെ അബദ്ധങ്ങൾ ഇല്ലേ ? ഒരു ലക്ഷമാണോ ഒരു കോടിയാണോ സ്ത്രീധനം എന്നതാണോ വിഷയം ? ബന്ദ് നിരോധിച്ചപ്പോൾ വാക്ക് ഹർത്താൽ എന്നാക്കിയത് പോലെ സ്ത്രീധനം എന്ന വാക്കിന് പകരം സമ്മാനം എന്നായാൽ പ്രശ്നം തീരുമോ ? പെൺകുട്ടി ഈ ഒരു ലക്ഷം രൂപയും പത്ത് പവൻ സ്വർണവും സമ്മാനമായി ഏറ്റുവാങ്ങി സ്വന്തം വീടിന്റെ പടിയിറങ്ങി പോകാനാണ് അവിടെ ജനിച്ചിട്ടുള്ളത് എന്നാണോ സർക്കാർ നയം ? അപ്പോൾ ആ വീട്ടിൽ ഇനി തുടർന്ന് താമസിക്കേണ്ടത് മകളല്ല , മകനാണ് എന്ന് സർക്കാർ തീരുമാനിച്ചോ ?

അടിസ്ഥാന പ്രശ്നത്തെ ഗൗരവമായി കാണാതെ ഇത്തരം ഉപരിപ്ലവമായ പ്രഖ്യാപനങ്ങൾ നടത്തുന്നത് സർക്കാരിന് ഇക്കാര്യത്തിൽ തെറ്റായ കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ് , വ്യക്തത ഇല്ലാത്തത് കൊണ്ടാണ്, അത് തിരുത്തപ്പെണം .

മകനും മകൾക്കും ഒരു വീട്ടിൽ തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടാകാൻ വേണ്ടിയാണ് നാമും സർക്കാരും ശ്രമിക്കേണ്ടത് . ഓരോ കുടുംബാംഗത്തിന്റെയും ആരോഗ്യം , വിദ്യാഭ്യാസം , വരുമാനം , സ്വത്ത് , ബാധ്യതകൾ , വാർദ്ധക്യകാലസംരക്ഷണം, പിന്തുടർച്ചാവകാശം എന്നീ കാര്യങ്ങൾ വീടിനുള്ളിൽ ചർച്ച ചെയ്ത് അതിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ഉള്ള സജീവപങ്കാളിത്തത്തിൽ മകനും മകൾക്കും ഒരു വീട്ടിൽ തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടായാൽ മാത്രമേ സ്ത്രീധനം എന്ന ദുരന്തം ഇവിടെ നിന്ന് പോകൂ . അല്ലാതെ പേര് സമ്മാനം എന്നാക്കി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടു ഒരു കാര്യവും ഇല്ല .

യാതൊരു മുൻപരിചയവും ഇല്ലാത്ത ഒരു വ്യക്തിയുടെ, ഒരു സ്‌ത്രീയുടെ കയ്യിലും തോളത്തും പിടിച്ചുവലിച്ച് തനിക്കിഷ്ടമുള്ള ഫോട്ടോ എടുക്കാൻ , പെണ്ണ് ആർക്കും കൈകാര്യം ചെയ്യാവുന്ന വെറും ഒരു property ആണെന്ന് , ചിന്തിക്കുന്ന നിയമവിദ്യാർത്ഥി ഈ കാലത്തും ഉണ്ടെന്നു നാം മനസ്സിലാക്കണം. ആ male chauvinist കണ്ണിലൂടെ സ്ത്രീധന വിഷയത്തെ കാണുമ്പോൾ ഒരു ലക്ഷം രൂപയും പത്ത് പവൻ സ്വർണവും സമ്മാനമായി ഏറ്റുവാങ്ങി പോകേണ്ട ഒരു പെണ്ണിന് ഇനി ഇത്ര ഇടിയും ഇത്ര അടിയും ഇത്ര ചവിട്ടും വരെ ഏറ്റുവാങ്ങാവുന്നതാണ് എന്ന നിയമവും ഏതെങ്കിലും മണ്ടൻ ഗവണ്മെന്റ് സെക്രെട്ടറി എഴുതി കൊണ്ട് വന്നേക്കാം .

അഡ്വ ലിറ്റോ പാലത്തിങ്കൽ .

Share News