വാക്കിന്റെ വഴിയിൽ ഞാൻ തിരികെ പിച്ച വയ്ക്കുമ്പോൾ നന്ദി നിനക്കാണ്…എനിക്ക് വേണ്ടി നീയാണ് സ്വപ്നം കാണുന്നത്.

Share News

ജീവിതത്തിന്റെ മഞ്ഞുകാലമായിരുന്നു കോവിഡ് കാലം. നിഷ്ക്രിയത്തത്തിന്റെ പുതപ്പിനുള്ളിൽ ശീതനിദ്ര പൂണ്ടു കിടന്ന വർഷങ്ങളിൽ എഴുത്തിനെ ഭയന്നു. വായന വിരസമായി. ദിനങ്ങൾ പാഴ്നിലങ്ങളായി…

പ്രവാഹം മുറിഞ്ഞ വരപ്രസാദത്തിന്റെ തീരത്ത് ഇലകൾ കൊഴിഞ്ഞ ഒരൊറ്റമരച്ചില്ലയിൽ ഞാനെന്റെ കിന്നരം തൂക്കിയിട്ടു...

എഴുതാൻ എന്നോട് ആരും ആവശ്യപ്പെടല്ലേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. എഴുത്ത് ചോദിക്കാനാണെന്ന് പേടിച്ച്‌ ഫോണെടുക്കാൻ മടിച്ചു. അത്രമേൽ അശക്തനായി, വാക്കില്ലാതെ നിസ്സഹായനായി…

ആത്മവിശ്വാസം പകരുന്ന, ചിലപ്പോഴെങ്കിലും അമിത ആത്മവിശ്വാസം എന്ന് ഞാൻ കലഹിച്ചിരുന്നത്ര ആത്മവിശ്വാസം പകരുന്ന വാക്കുകൾ കൊണ്ട് നീയാണെന്നെ ഉണർത്തിയത്. ഞാൻ എന്നിൽ വിശ്വസിച്ചതിനേക്കാൾ നീ എന്നിൽ വിശ്വസിച്ചു.

കടലിലേക്ക് ചായുന്ന സൂര്യന്റെ തളർന്ന രേണുക്കൾ പടർന്ന തീരത്തിരുന്ന് വെയിൽനാളങ്ങളെ സ്വപ്നം കാണാൻ നീ പ്രേരിപ്പിക്കുന്നു…

വാക്കിന്റെ വഴിയിൽ ഞാൻ തിരികെ പിച്ച വയ്ക്കുമ്പോൾ നന്ദി നിനക്കാണ്…

എനിക്ക് വേണ്ടി നീയാണ് സ്വപ്നം കാണുന്നത്. എവിടെയോ എന്നോ ഞാൻ കെടുത്തി കളഞ്ഞ കിനാവുകൾ നീ വീണ്ടും തെളിയിച്ചു.

എന്റേതിനേക്കാൾ ഇത് നിന്റെ സ്വപ്നമാണ്. വിദൂരതയിലേക്ക് മിഴികൾ നീട്ടുവാൻ നീയാണല്ലോ എന്നെ നിരന്തരം പ്രചോദിപ്പിച്ഛു കൊണ്ടിരിക്കുന്നത്.

അത് കൊണ്ട്, ഇത് നിനക്കാണ്.

പുതിയ അതിരുകൾ തേടുമ്പോൾ എന്റെ വാക്കിന്റെ സമർപ്പണം.

എന്നിൽ വിശ്വസിക്കാൻ എന്നെ പഠിപ്പിച്ച നിനക്ക്…

Abhilash Fraizer

Share News