മനസ്സിന് മറയില്ല|ശരിയായ മാനസികാരോഗ്യം വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്.

Share News

ഡോ സെമിച്ചൻ ജോസഫ്

കവികളും കാല്പനികരും കലാകാരൻമാരും എല്ലാം മനസ്സിനെ നമുക്ക് പിടിതരാത്ത മാന്ത്രിക കൂടായും മറയില്ലാത്ത സ്നേഹ കടലായും ഒക്കെ വർണ്ണിക്കുന്നതിൽ പിശുക്ക് കാണിച്ചിട്ടില്ല.സങ്കീർണമെങ്കിലും സുന്ദരമായ ഒരു സംവിധാനമാണ്‌ മനുഷ്യ മനസ്സ്‌. മനസിന്‍റെ പ്രശ്നങ്ങൾക്ക് ശരീരത്തിന്‍റെ പ്രശ്നങ്ങളോളം നാം പ്രാധാന്യം കൊടുക്കാറില്ല.

ശാരീരികമായ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ശരിയായ മാനസികാരോഗ്യം കൂടിയേതീരു. മനുഷ്യ മനസ്സു അതി സങ്കീർണ്ണമായാ ഒരു പ്രതിഭാസമായാണ് വിലയിരുത്തപ്പെടുന്നത്. അതിൽ അതിൽ മിന്നി മറയുന്ന ഭാവനക്കോ, ചിന്തക്കോ പകരം വെക്കാൻ മനുഷ്യൻ കണ്ടുപിടിച്ച ഒരു ഉപകരണവും മതിയായെന്നുവരില്ല .സങ്കീർണമായ വൈകാരികതയും അർത്ഥ തലങ്ങളുമാണ് മനസ്സിനുള്ളത് . അങ്ങനെയുള്ള മനസ്സിന്റെ പരിചരണവും, സംരക്ഷണവും ആത്മീയ ഭൗതികതലങ്ങളെ ചൂഴ്ന്ന് നിൽക്കുന്ന അനവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ജീവിതത്തിന്റെ പരുപരുത്ത യാഥാർധ്യങ്ങൾ ചിലപ്പോഴെങ്കിലും മനസ്സിന്റെ താളം തെറ്റിക്കുന്നതായി കാണാം. ഈ താളപ്പിഴകൾ പരിഹരിക്കുന്നതിനോ, ലഘൂകരിക്കുന്നതിനോ സഹായകമായ പ്രതിവിധികളെ കുറിച്ചുള്ള അറിവില്ലായ്മ പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കുന്നു. ഇത് ലോകത്ത് മാനസിക രോഗികളുടെ എണ്ണം കൂടാൻ കാരണമാവുന്നുവെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.

“മാനസികാരോഗ്യം ഒരു സാർവത്രിക മനുഷ്യാവകാശം “

മാനസികാരോഗ്യം എല്ലാ മനുഷ്യരുടെയും അടിസ്ഥാന അവകാശമാണ്. എല്ലാവർക്കും, ആരായാലും എവിടെയായിരുന്നാലും, മാനസികാരോഗ്യത്തിന്റെ ഉയർന്ന നിലവാരം കൈവരിക്കാൻ അവകാശമുണ്ട്. മാനസികമായാ അപകടങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടാനുള്ള അവകാശം, ഗുണമേന്മയുള്ള പരിചരണത്തിനുള്ള അവകാശം, സാമൂഹ്യ ജീവിതത്തിലുള്ള തുല്ല്യ പങ്കാളിത്തത്തിനുള്ള അവകാശം എന്നിവ സവിശേഷമായി പരിഗണിക്കേണ്ടതുണ്ട്.
മാനസിക രോഗമുള്ള നിരവധി ആളുകൾക്ക് അർഹമായ ചികിത്സ യഥാസമയത്ത് ലഭിക്കുന്നില്ല. ഒപ്പം അവരുടെ കുടുബാംഗങ്ങളും പരിചരിക്കുന്നവരും ഏറെ വിവേചനവും അപമാനവും അനുഭവിക്കുന്നു. മാനസിക പ്രയാസമുള്ളവരുടെ ശരിയായതും തുടർച്ചയായതുമായ പരിചരണത്തിലേക്കാണ് ഇവ വിരൽചൂണ്ടുന്നത്. ഒരുപക്ഷെ ശരിയായ ചികിത്സകൾ തുടക്കത്തിൽ തന്നെ നൽകിയാൽ മിക്കവാറും അസുഖങ്ങൾ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. കൂടാതെ ശാരീരിക രോഗങ്ങൾ പിടിപ്പെട്ടവരിൽ പലരും മാനസിക രോഗങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നു. കോവിഡ് മഹാമാരിമൂലം സമ്പന്ന രാജ്യങ്ങളിൽ പോലും മാനസികാരോഗ്യ രംഗത്ത് വലിയ വിടവ് സൃഷ്ടിച്ചിട്ടുണ്ട്

ചില കണക്കുകൾ

ശരിയായ മാനസികാരോഗ്യം വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. ആഗോളതലത്തിൽ എട്ടിൽ ഒരാൾ മാനസികാരോഗ്യ സാഹചര്യങ്ങളുമായി ജീവിക്കുന്നു എന്നാണ് കണക്കു , അത് അവരുടെ ശാരീരിക ആരോഗ്യം, ക്ഷേമം, സാമൂഹ്യ ഇടപെടലുകൾ , ഉപജീവനമാർഗ്ഗം എന്നിവയെ ബാധിക്കുന്നു. കൗമാരക്കാരിലും യുവാക്കളിലും വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്ങ്ങൾ നമ്മൾ കൂടുതൽ ഗൗരവത്തോടെ ചർച്ചചെയ്യേണ്ടിയിരിയ്ക്കുന്നു. നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന പല രോഗങ്ങളുടെയും അടിസ്ഥാന കാരണം മാനസിക പ്രതിസന്ധികൾ ആണ് എന്നതാണ് വസ്‌തുത. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 35 കോടി ആളുകൾക്ക് വിഷാദരോഗം ബാധിച്ചിട്ടുണ്ട്. കേരളത്തിൽ
പതിനെട്ടു വയസിനു മുകളിൽ ഉള്ളവരിൽ 12.43% പേർക്ക് മാനസികാരോഗ്യ പ്രശ്നമുണ്ട്.പതിനെട്ടു വയസിനു മുകളിൽ ഉള്ളവരിൽ വിഷാദരോഗം ബാധിച്ചിരിക്കുന്നത് 5 % പേർക്കാണ്.(ഏകദേശം പതിനേഴ് ലക്ഷം പേർ)
ഞെട്ടിപ്പിക്കുന്ന ഈ കണക്കു നമ്മുടെ മാനസികാരോഗ്യത്തിന്റെ പ്രധാന്യവും പ്രസക്തിയും വിളിച്ചോതുന്നതാണ്.

മാനസികാരോഗ്യത്തിന്റെ പ്രധാന്യത്തെ കുറിച്ച് മനസിലാക്കാനും മാനസിക രോഗങ്ങളെ കുറിച്ച് ബോധവത്കരണം നല്‍കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വർഷവും ഒക്ടോബർ 10 ലോക മനസ്സികാരോഗ്യദിനമായി ആചരിച്ചു വരുന്നു.
മാനസികമായ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഡോക്ടറെ സമീപിക്കുന്നതിലുള്ള ഒരു ബുദ്ധിമുട്ട് പലരിലും നിലനില്‍ക്കുന്നുണ്ട്. ഡോക്ടറെ സമീപിക്കുന്നത് നാണക്കേടായും മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് ചിന്തിക്കും ഗുളികകള്‍ കഴിച്ചാല്‍ പിന്നെയും പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നും മറ്റുമായിരിക്കും. ഇതെല്ലാം മാറ്റിയെടുക്കുന്നതും ഈ ഒരു ദിനാചാരണത്തിന്റെ ലക്ഷ്യമാണ്‌. ഒരു ദിനാചരണം എന്നതിനപ്പുറം ബോധ്യങ്ങളിലേക്കും തീരുമാനങ്ങളിലേക്കും നയിക്കാൻ ഈ ദിവസം നമ്മെ സഹായിക്കട്ടെ.

(സാമൂഹ്യ പ്രവർത്തകനും സ്മാർട്ട് ഇന്ത്യ ഫൌണ്ടേഷൻ എന്ന സന്നദ്ധ സന്നദ്ധ സംഘടനയുടെ സഹ സഥാപകനുമാണ് ലേഖകൻ )

Share News