നാലുവർഷത്തെ ഇടുക്കി ജീവിതത്തിനിടയിൽ അത്ഭുതപ്പെടുത്തിയ ലേഖകനായിരുന്നു ചെറുതോണിയിലെ ബാബുക്കുട്ടൻ.
ബാബുക്കുട്ടന് പ്രണാമം
നാലുവർഷത്തെ ഇടുക്കി ജീവിതത്തിനിടയിൽ അത്ഭുതപ്പെടുത്തിയ ലേഖകനായിരുന്നു ചെറുതോണിയിലെ ബാബുക്കുട്ടൻ.
ആ ചെറു നാട്ടിൽനിന്നുപോലും നിരന്തരം എക്സ്ക്ളൂസീവുകൾ സംഘടിപ്പിക്കും. ഏറെയും മനുഷ്യപ്പറ്റുള്ള വാർത്തകൾ.
ആളുകളുടെ സങ്കടം കണ്ടാൽ ബാബുക്കുട്ടന് അതിലേറെ സങ്കടം വരും. അതുമുഴുവൻ വാർത്തയിലുണ്ടാവും. അതൊന്നും വെട്ടിപ്പോകരുതെന്ന് നിർബന്ധമുണ്ട്. അഡ്വാൻസായി വിളിക്കും. “സാറേ… അവരുടെ വീടൊന്നു കാണണം. ചോർന്നൊലിക്കുകയാണ്. മുഴുപ്പട്ടിണിയാണ്. എഴുന്നേറ്റു നടക്കാൻപോലും കഴിയാത്ത അവരെങ്ങനെ ജോലിക്കു പോകും… ” അയയ്ക്കാൻ പോകുന്ന വാർത്തയെക്കുറിച്ച് വിശദീകരിക്കും. വാർത്ത നന്നായി വരണമെന്ന ആഗ്രഹത്തിനു പിന്നിലെ പ്രധാന കാരണം അതൊന്നുമല്ല. നന്നായി വന്നാലേ അവർക്കെന്തെങ്കിലും സഹായം കിട്ടൂ… ആ ദൈന്യത മുഴുവൻ വരികളിലുണ്ടാകും. എഡിറ്റു ചെയ്ചാൻ കഴിയാത്തവിധം സങ്കടമുണ്ടാക്കുന്ന വിവരണം. ഇത്തരം ഒട്ടേറെ മനുഷ്യപ്പറ്റുള്ള കഥകൾ ബാബുക്കുട്ടൻ പുറത്തുകൊണ്ടുവന്നു. എത്രയോ പേർക്ക് ഈ മനുഷ്യനിലൂടെ സഹായമെത്തി. അതറിയുന്നതു മാത്രമായിരുന്നു ബാബുക്കുട്ടന്റെ സന്തോഷം.
ഇതിനിടെ സ്വന്തം സങ്കടങ്ങളൊന്നും ആരോടും പറയാൻ മെനക്കെട്ടുമില്ല.
ചെറുതോണിയുടെ ഉള്ളറകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് ബാബുക്കുട്ടനാണ്. മഞ്ഞുമൂടിയ യാത്രകൾ. ഇടുക്കി അണക്കെട്ടിനെ അടുത്തറിഞ്ഞത് ബാബുക്കുട്ടനിലൂടെയാണ്. ഒപ്പം കുടിയേറ്റ പ്രദേശങ്ങളുടെ തനതുരുചികളുള്ള കൊച്ചു കടകൾ പറഞ്ഞുതന്നു.
വാർത്തകൾ വലിയ ആവേശമായിരുന്നു ഈ മനുഷ്യന്. ഇടുക്കി മെഡിക്കൽ കോളേജിനു വേണ്ടി എഴുതിയ വാർത്തകൾക്ക് കണക്കില്ല. ഒരു വാർത്തയും ഇടയ്ക്കു വിട്ടുകളയില്ല. അതിന്റെ അവസാനം വരെ പോകും. ആരെയെങ്കിലും വെറുപ്പിക്കുമോ അപ്രീതിക്കു പാത്രമാകുമോ എന്ന പേടിയൊന്നുമില്ല.
രോഗത്തിന് കീമോ ചെയ്യുന്നതിന്റെ ഇടവേളയിൽപ്പോലും വാർത്ത അയച്ചിരുന്നത്രെ. അതാണ് ഞാനറിയുന്ന ബാബുക്കുട്ടൻ. ഇനിയും എത്രയോപേർക്ക് ഈ മനുഷ്യനിലൂടെ സഹായമെത്തേണ്ടതായിരുന്നു.
പക്ഷേ വാർത്തയുടെ ഒഴുക്കിന് പൊടുന്നനെ ഫുൾസ്റ്റോപ്പ് വീണിരിക്കുന്നു. തിരക്കിട്ടു നടക്കുന്നതാണ് ശീലം. പോയപ്പോഴും അതേ തിരക്കുകാണിച്ചു.
എന്നാലും എന്തൊരു പോക്കായിപ്പോയി സഹോദരാ…
Joseph Mathew Bureau Chief, Mathrubhumi, Alappuzha