വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കേണ്ട 12 ഇന കർമ്മ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്.

Share News

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഊർജിതമാക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് അവലോകന യോഗം ചേർന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കേണ്ട 12 ഇന കർമ്മ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്.

ഓടകളും കനാലുകളും ശുചീകരിക്കുക, ഓടകളിലെ മാലിന്യ നിക്ഷേപം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക, കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, പോലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കൊച്ചി കോർപ്പറേഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ സമയബന്ധിതമായി പൂർത്തിയാക്കുക, പ്രധാന കനാലുകളും ഓടകളും ശുചീകരിക്കുന്നതിന് മേൽനോട്ടം വഹിക്കുക, എം.ജി. റോഡിൽ നിന്ന് കായലിലേക്ക് ലിങ്ക് കനാൽ നിർമ്മിക്കുന്നതിന് നിർദ്ദേശം സമർപ്പിക്കുക തുടങ്ങിയവയാണ് മൈനർ ഇറിഗേഷൻ വകുപ്പിനു നൽകിയിരിക്കുന്ന നിർദ്ദേശം.

മുല്ലശേരി കനാലിൽ നിന്ന് സപ്ലൈ ലൈനുകൾ നീക്കാനും ലിങ്ക് കനാൽ പദ്ധതി നിർദ്ദേശം സമർപ്പിക്കാനും വാട്ടർ അതോറിറ്റിയോടും നിർദ്ദേശിച്ചു. പി ആൻഡ് ടി കോളനിവാസികളുടെ പുനരധിവാസം ജിസിഡിഎ ഏകോപിപ്പിക്കണം.

കേരള മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) നിർമ്മിച്ച റോഡുകളുടെയും ഓടകളുടെയും പരിശോധനയും കെ.എം.ആർ.എൽ ഉടൻ പൂർത്തിയാക്കി പിഴവുകൾ പരിഹരിക്കണം. ഇതേ നിർദ്ദേശം കൊച്ചി സിറ്റി സ്മാർട്ട് മിഷൻ ലിമിറ്റഡിനും (സി എസ് എം എൽ) നൽകിയിട്ടുണ്ട്.

കൽവെർട്ടുകൾ നിർമ്മിക്കാനും റെയിൽവേയുടെ ഓടകൾ വൃത്തിയാക്കാനും റെയിൽവേയ്ക്ക് നിർദേശം നൽകി.നഗരപരിധിയിലെ റോഡുകളിൽ പട്രോളിംഗ് ശക്തമാക്കാനും പൊതുമുതലുകളുടെ സംരക്ഷണം ഉറപ്പാക്കാനും പോലീസ് നടപടി സ്വീകരിക്കണം. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കണയന്നൂർ തഹസിൽദാർ നടപടി സ്വീകരിക്കണം.

റോഡ്, ഓട നിർമ്മാണം പരിശോധിക്കാനും പിഴവുകൾ കണ്ടെത്തി പരിഹരിക്കാനും ഡ്രെയ്നേജ് ഇൻലെറ്റുകൾ നവീകരിക്കാനും പൊതുമരാമത്ത് റോഡ്സ് വിഭാഗം നടപടിയെടുക്കണം. പ്രധാന കനാലുകളുടെയും ഓടകളുടെയും ശുചീകരണത്തിനും ലിങ്ക് കനാൽ നിർമ്മാണത്തിനാവശ്യമായ സഹായം നൽകാനും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗ നടപടി സ്വീകരിക്കണം.പൊതു സ്ഥലങ്ങളിലും ഓടകളിലും മാലിന്യ നിക്ഷേപം തടയുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ ക്യാംപെയ്നുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തണം.

ഹോട്ടലുകളിലെ മാലിന്യക്കുഴലുകൾ ഓടകളിലേക്ക് സ്ഥാപിക്കുന്നത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും യോഗത്തിൽ നിർദേശിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൾ ഖാദർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ, മൈനർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബാജി ചന്ദ്രൻ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയർ യോഗത്തിൽ പങ്കെടുത്തു

Share News