റബറും റംബൂട്ടാനുമൊക്കെ വരുന്നതിനുമുമ്പ് നമ്മുടെ പറമ്പുകളിലെ പതിവ് കാഴ്ചയായിരുന്നു കശുമാവ് . |കിളിർത്തു വരുന്ന കശുവണ്ടി അടർത്തി തിന്നാൽ . അതിന്റെ സ്വാദ് ഒന്ന് വേറെയാണ് .

Share News

കശുവണ്ടി സീസൺ കഴിഞ്ഞു മഴ പെയ്തു ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ കശുമാവിൻ ചോട്ടിൽ നോക്കി നടക്കും കുട്ടികൾ . കിളിർത്തു വരുന്ന കശുവണ്ടി അടർത്തി തിന്നാൽ . അതിന്റെ സ്വാദ് ഒന്ന് വേറെയാണ് . അത് വറത്തു അരച്ച തീയലു വച്ചാൽ സൂപ്പർ കറിയും ആണ് കേട്ടോ ! ഇപ്പോ കാണാനേ ഇല്ല കശുമാവും കിളിർത്ത അണ്ടിയും .

”റബറും റംബൂട്ടാനുമൊക്കെ വരുന്നതിനുമുമ്പ് നമ്മുടെ പറമ്പുകളിലെ പതിവ് കാഴ്ചയായിരുന്നു കശുമാവ് . പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു കശുമാവെങ്കിലും ഇല്ലാത്ത പുരയിടം അന്ന് വിരളം. അതിൽ നിന്ന് കിട്ടുന്ന കശുവണ്ടി വലിയ വരുമാനമാർഗം കൂടിയായിരുന്നു അന്നത്തെ കുടുംബങ്ങൾക്ക് . ദാരിദ്ര്യം കൊടികുത്തിവാണിരുന്ന ആ കാലത്തു അയൽവീട്ടിലെ പറമ്പുകളിൽ വീണുകിടക്കുന്ന കശുവണ്ടി പാവപ്പെട്ട കുട്ടികൾ എടുത്തുകൊണ്ടുപോയി കടയിൽ കൊടുത്തു പട്ടാണി കടല വാങ്ങി സ്വാദോടെ കഴിക്കുന്നതും നിറം മങ്ങാത്ത ഓർമ്മയാണ് .( അയൽപക്കസൗഹൃദം ശക്തമായിരുന്ന ആ കാലത്ത് പറമ്പ് നിറയെ നടപ്പുവഴികളുണ്ടായിരുന്നു. അതിലൂടെ നടക്കുന്നതിനും അർക്കും വിലക്കുണ്ടായിരുന്നില്ല .. പോകുന്ന വഴി പറമ്പിൽ കാണുന്ന ഒന്നുരണ്ടു കശുവണ്ടിയോ ഒരു തേങ്ങയോ മാങ്ങാപ്പഴമോ ഒക്കെ കുട്ടികൾ എടുക്കുന്നതും കഴിക്കുന്നതും പ്രോത്സാഹിപ്പിച്ചിരുന്നു ആ വീട്ടുകാർ . ചിലപ്പോഴൊക്കെ വീട്ടുകാർ തന്നെ തേങ്ങയോ മാങ്ങയോ ചക്കയോ ഒക്കെ അയലത്തെ പാവങ്ങൾക്ക് എടുത്തു കൊടുത്തു അയൽപക്കസ്നേഹം ശക്തിപ്പെടുത്തിയിരുന്നു .)

കശുവണ്ടി പെറുക്കി സൂക്ഷിക്കുന്ന കുട്ടികൾക്കും കിട്ടും ചെറിയ ഒരു തുക പ്രതിഫലം . അളവിനനുസരിച്ചാകും പ്രതിഫലം . അതുകൊണ്ടുതന്നെ വീട്ടിലെ അംഗങ്ങൾ മത്സരിച്ചാകും കശുവണ്ടി പെറുക്കിക്കൂട്ടുക . രാവിലെ എണീറ്റാൽ മിക്കപ്പോഴും ആദ്യത്തെ ജോലി അതാകും. അതും ചെരുപ്പില്ലാതെ നഗ്നപാദനായാകും പറമ്പ് മുഴുവൻ ചുറ്റിക്കറങ്ങുക. ആരുടെയും കാലു നൊന്തിരുന്നില്ല. കാലിൽ കുറ്റിയോ കല്ലോ കൊണ്ട് മുറിഞ്ഞാൽ ഉടനെ ആശുപത്രിയിലേക്ക് ഓടുന്ന പതിവും ഇല്ലായിരുന്നു . കമ്യുണിസ്റ്റ് പച്ചയുടെ തളിരോ അല്പം കാപ്പിപ്പൊടിയോ മുറിവിൽ വച്ചിട്ട് പഴന്തുണി കീറി ഒറ്റ കെട്ടാണ് . ഏഴാം ദിവസം മുറിവ് പമ്പ കടക്കും. മാതാപിതാക്കൾക്ക് അതിലൊന്നും ഉത്കണ്ഠയോ വേവലാതിയോ ഒട്ടുമേ ഇല്ലായിരുന്നു താനും ( ഇന്നിപ്പോൾ ചിന്തിക്കാനാവുമോ ചെരുപ്പില്ലാതെ കുട്ടികളെ മാതാപിതാക്കൾ പുറത്തിറക്കുന്നതും മുറിവുണ്ടായാൽ കാപ്പിപ്പൊടി വച്ച് കെട്ടുന്നതും ? )അണ്ണാൻ ചപ്പാത്ത, കേടില്ലാത്ത , അധികം പഴുത്തുപോകാത്ത നല്ല കശുമാമ്പഴം കടിച്ചു ഊമ്പി കഴിക്കാനും ഉഗ്രൻ. ചവർപ്പുകലർന്ന മധുരമാണ്. വേറിട്ടൊരു സ്വാദ്‌ . എത്ര കഴിച്ചാലും വയറിനു പ്രശ്നമില്ലായിരുന്നു . എത്ര കഴിക്കുന്നതിനും മാതാപിതാക്കളുടെ വിലക്കും ഉണ്ടായിരുന്നില്ല. ( തിരിച്ചുകടിക്കാത്ത എന്തും കഴിച്ചുവന്ന കുട്ടികളായായിരുന്നല്ലോ അന്നത്തേത് .)

അന്നത്തെ പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളും കുട്ടികൾ ആഘോഷമാക്കിയിരുന്നത് കശുവണ്ടിയിൽ നിന്നും മറ്റും കിട്ടുന്ന തുച്ഛമായി കാശു കൊണ്ടായിരുന്നു. ബലൂൺ , തോക്ക് , ഫിലിം പെട്ടി , റിബൺ, വള, പാവ, ഐസ് സ്റ്റിക്ക് , ഓറഞ്ച് , മലബാർ മിട്ടായി, ഉഴുന്നാട വള്ളി .. അങ്ങനെ അങ്ങനെ കുട്ടികൾ സമ്പാദിക്കുന്ന കാശുകൊണ്ട് ഇഷ്ടമുള്ളതെന്തും വാങ്ങാൻ പറ്റുന്ന ഒരേ ഒരു ദിനം ഈ പെരുന്നാൾ അഥവാ ഉത്സവദിനമായിരുന്നു. ( പെരുന്നാൾ അഥവാ ഉത്സവം വരാൻ കണ്ണിൽ എന്ന ഒഴിച്ച് നോക്കിയിരുന്ന ഒരുകാലം. തിരുനാൾ കർമ്മങ്ങളെക്കാൾ കുട്ടികൾക്ക് പ്രധാനം വച്ചുവാണിഭ കടകളിലൂടെയുള്ള ചുറ്റികറക്കമായിരുന്നു .)

കശുവണ്ടി സീസൺ കഴിഞ്ഞു മഴ പെയ്തു ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ കശുമാവിൻ ചോട്ടിൽ നോക്കി നടക്കും കുട്ടികൾ . കിളിർത്തു വരുന്ന കശുവണ്ടി അടർത്തി തിന്നാൽ . അതിന്റെ സ്വാദ് ഒന്ന് വേറെയാണ് . അത് വറത്തു അരച്ച തീയലു വച്ചാൽ സൂപ്പർ കറിയും ആണ് കേട്ടോ ! ഇപ്പോ കാണാനേ ഇല്ല കശുമാവും കിളിർത്ത അണ്ടിയും . ” –

Ignatius O M (Ignatius Kalayanthani)

Share News