ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ജനങ്ങളോടുള്ള വെല്ലുവിളി: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള വനംവകുപ്പ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ഭീതിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ബഫര്‍സോണ്‍ മാപ്പില്‍ ബഫര്‍സോണില്‍ വരുന്ന മേഖലകള്‍ തിരിച്ചറിയുന്നതിനുള്ള ലാന്‍ഡ്മാര്‍ക്കുകള്‍ വ്യക്തമല്ല. അതുപോലെതന്നെ ഡിജിറ്റല്‍ പ്രാവീണ്യം ഇല്ലാത്തവരുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് ഉപഗ്രഹ സര്‍വേ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നത് അപ്രായോഗികവുമാണ്. പുഴകള്‍, റോഡുകള്‍, പ്രാദേശിക സ്ഥലപ്പേരുകള്‍ എന്നിവ മാപ്പില്‍ വ്യക്തമായി രേഖപ്പെടുത്താത്തതും പ്രദേശങ്ങളുടെ പേരുകള്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതും ജനങ്ങളില്‍ ആശങ്കയുളവാക്കുന്നു . ആകാശക്കാഴ്ച്ചയില്‍ തിരിച്ചറിയാനാവാത്ത കെട്ടിടങ്ങളും കുടിലുകളും മാപ്പിലില്ല. അതായത് തങ്ങളുടെ വീടും സ്വത്തും ബഫര്‍സോണ്‍ പരിധിക്കകത്തോ പുറത്തോ എന്നറിയുന്നതിനുപോലുമുള്ള സാധാരണക്കാരുടെ അവകാശം നിര്‍ദാക്ഷിണ്യം നിഷേധിച്ചിരിക്കുന്നത് മനുഷ്യത്വരഹിതമാണ്.
ഇക്കാലമത്രയും പരിസ്ഥിതിലോല മേഖലകള്‍ വില്ലേജുകളുടെ അടിസ്ഥാനത്തില്‍ സൂചിപ്പിച്ചിരുന്നത് പഞ്ചായത്തടിസ്ഥാനത്തിലാക്കിയതിലും അപകടമുണ്ട്. 115 പഞ്ചായത്തുകളിലെ 300 ല്‍ അധികം വില്ലേജുകളിലെ ജനത്തെ ബാധിക്കുന്ന പ്രശ്‌നത്തെ നിസ്സാരവത്കരിച്ച് പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനാണ് ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കുന്നത്. വീടുകളും വാണിജ്യ സ്ഥാപനങ്ങളും ഒരേ രീതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നതും ദുരൂഹമാണ്.
സുപ്രീം കോടതി വിധിക്കെതിരെ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബഫര്‍സോണ്‍ ഒഴിവാക്കി വിധി സമ്പാദിച്ചിട്ടും കേരളത്തിന് നാളിതുവരെ സുപ്രീം കോടതിയെ സംസ്ഥാനത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തി അനുകൂലവിധി നേടാനായിട്ടില്ലെന്നുള്ളതും ഖേദകരമാണ്. സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് പ്രദേശം നിലവില്‍ വനമായിരുന്നിട്ടും വനവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണം. വ്യക്തതയില്ലാത്ത ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി സമര്‍പ്പിക്കുവാന്‍ സാധാരണ ജനങ്ങള്‍ക്കാവില്ലെന്നുള്ള സാമാന്യ യുക്തി വനം വകുപ്പിനും സര്‍ക്കാരിനുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തേണ്ടതുണ്ട്. ആവശ്യമായ പ്രാദേശിക പഠനം നടത്തി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് ഫിസിക്കല്‍ മാര്‍ക്കിംഗ് നടത്തുകയും അതിര്‍ത്തി അടയാളങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ് ബഫര്‍സോണ്‍ പരിധിയെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തതയുണ്ടാകുന്നത്. പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള 8 ദിവസ സമയപരിധി നീട്ടി നിശ്ചയിക്കണമെന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണത്തിന് വനംവകുപ്പ് തയ്യാറാകണമെന്നും മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു.